Wednesday, September 16, 2009

ഉത്തരവാദിത്വബോധമില്ലാത്ത പ്രതിപക്ഷം

ബൂര്‍ഷ്വാ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെ പ്രധാന മേന്മകളില്‍ ഒന്നായി പരിഗണിക്കപ്പെടുന്നത് അതിലെ പ്രതിപക്ഷത്തിന്റെ സാന്നിധ്യമാണ്. ഗവണ്‍മെന്റിന്റെ തെറ്റായ നടപടികളെ വിമര്‍ശിക്കുന്നതിനും അവയ്ക്ക് തടയിടുന്നതിനും നിയമസഭയിലെ പ്രതിപക്ഷ സാന്നിധ്യം സഹായകമായിത്തീരുന്നുവെന്നതാണ് അതിന്നടിസ്ഥാനം. ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ഭരണകക്ഷി ജനാധിപത്യത്തെ അവഗണിക്കുന്നത് തടയാനും ഗവണ്‍മെന്റിനു പറ്റുന്ന വീഴ്ചകളെ തുറന്നു കാണിക്കാനും തിരുത്താനും പ്രതിപക്ഷത്തിന് കടമയുണ്ട്. തങ്ങളുടെ വീഴ്ചകളും തെറ്റുകളും ഭരണപക്ഷം മനസ്സിലാക്കുന്നത് പലപ്പോഴും പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തില്‍നിന്നാണ് താനും. ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു മറ്റെന്തൊക്കെ തിരക്കുകളുണ്ടായിരുന്നാലും, പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് എ കെ ജി പ്രസംഗിക്കുന്ന ദിവസങ്ങളില്‍ സഭയില്‍ ഹാജരായി ആ പ്രസംഗം സശ്രദ്ധം കേള്‍ക്കുമായിരുന്നുവത്രെ. കേരള നിയമസഭയില്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഇ എം എസ് ചെയ്തിട്ടുള്ള പ്രസംഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ചരിത്ര പ്രധാനങ്ങളാണ്. പ്രതിപക്ഷത്തിന്റെ നയപ്രഖ്യാപന പ്രസംഗങ്ങളായ അവ, ഭരണകക്ഷിക്ക് നേര്‍വഴി കാട്ടിക്കൊടുക്കുന്ന രാഷ്ട്രീയ പക്വതയുടെ നിദര്‍ശനങ്ങളായിരുന്നു.

എന്നാല്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ പ്രതിപക്ഷത്തിന് അനിവാര്യമായുള്ള ഈ റോള്‍ അംഗീകരിക്കാനോ അത് ഫലപ്രദമായി ഉപയോഗപ്പെടുത്താനോ തയ്യാറില്ലാത്തവരാണ് കേരള അസംബ്ളിയിലെ ഇന്നത്തെ പ്രതിപക്ഷം. നിയമനിര്‍മാണസഭയില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലുകളുടെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്ത്, തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനോ ബില്ലില്‍ പോരായ്മകള്‍ വല്ലതുമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാനോ തിരുത്തിക്കാനോ ഒന്നിനും അവര്‍ക്ക് സമയമില്ല; സന്മനസ്സുമില്ല; ഉത്തരവാദിത്വബോധവുമില്ല. നിയമസഭയില്‍ വരുന്നത് ബഹളംവെയ്ക്കാനും സഭ തടസ്സപ്പെടുത്താനും ഇറങ്ങിപ്പോകാനും ആണെന്നാണ് അവരുടെ വിശ്വാസം. കഴിഞ്ഞ തവണ നിയമസഭാ സമ്മേളനം ചേര്‍ന്നപ്പോള്‍ നിസ്സാര കാരണം പറഞ്ഞ് അവര്‍ ഇറങ്ങിപ്പോകാത്ത ദിവസങ്ങളുണ്ടായിട്ടില്ല. ഇത്തവണ സഭ ചേര്‍ന്നപ്പോഴും അവര്‍ പതിവ് പരിപാടി ആവര്‍ത്തിച്ചു.

അസാധാരണമായ സന്ദര്‍ഭങ്ങളില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നതിന് പ്രയോഗിക്കാവുന്ന ഒരു നടപടിയായിട്ടേ ഇറങ്ങിപ്പോക്ക് അംഗീകരിക്കപ്പെട്ടിട്ടുള്ളൂ. മറ്റ് നടപടികള്‍ ഫലപ്രദമായില്ലെങ്കില്‍ അവസാനഘട്ടത്തില്‍ പ്രയോഗിക്കാവുന്ന ഒരു നടപടി. എന്നാല്‍ മൂന്നര കൊല്ലം മുമ്പ് ഭരണം നഷ്ടപ്പെട്ടതിന്റെ കൊതിക്കെറുവുമായി നടക്കുന്ന യുഡിഎഫ് എംഎല്‍എമാര്‍ ബഹളംവെച്ച് ഇറങ്ങിപ്പോകാന്‍വേണ്ടിയാണ് നിയമസഭയിലേക്ക് വരുന്നതെന്ന് തോന്നുന്നു. ആര്‍ക്കും ബോധ്യപ്പെടാത്ത കാരണം പൊക്കിപ്പിടിച്ച് സഭ അലങ്കോലപ്പെടുത്തുക, സഭാ നടപടികള്‍ തടസ്സപ്പെടുത്തുക, നടുത്തളത്തിലിറങ്ങി ബഹളംവെയ്ക്കുക എന്നതൊക്കെ സ്ഥിരം പരിപാടിയാക്കിയ പ്രതിപക്ഷം, ഈ മൂന്നര കൊല്ലക്കാലത്ത് ഏതെങ്കിലും വിഷയത്തില്‍, ഏതെങ്കിലും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തതിന്റെയോ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചതിന്റെയോ ഒരൊറ്റ ഉദാഹരണംപോലും ചൂണ്ടിക്കാണിക്കാന്‍, യുഡിഎഫിനെ വെള്ളപൂശി താങ്ങിനിര്‍ത്തുന്ന മാധ്യമപ്പടക്കുപോലും കഴിയില്ല. കേരള നിയമസഭയില്‍ ഇക്കാലയളവില്‍ ഉയര്‍ന്നുവന്ന പ്രധാന പ്രശ്നങ്ങളിലൊന്നും തന്നെ വ്യക്തമായ അഭിപ്രായമോ നിലപാടോ നിര്‍ദ്ദേശങ്ങളോ പ്രതിപക്ഷത്തിനുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. കനത്ത ബത്തയും വാങ്ങി, ജനാധിപത്യത്തെ പരിഹാസ്യമാക്കുന്ന ഈ സ്ഥിതിവിശേഷം കണ്ടിട്ടാവണം, മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരന്‍, ഇവിടെ പ്രതിപക്ഷമില്ലെന്നും പ്രതിപക്ഷം ഫലപ്രദമല്ലെന്നും പലപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരുന്നത്.

ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കുമ്പോള്‍, അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ ഒരു ഇറങ്ങിപ്പോക്കു നടത്തിയാല്‍, നിയമസഭാ നടത്തിപ്പിന്റെ ഓരോ നിമിഷത്തിനും ചെലവാക്കുന്ന ലക്ഷങ്ങളുടെ കണക്ക് എടുത്തുകാണിച്ച് അതിനെ അപലപിക്കാറുള്ള മാധ്യമങ്ങള്‍, യുഡിഎഫിന്റെ ഉത്തരവാദിത്വശൂന്യമായ ഈ കോപ്രായങ്ങളെ മഹത്വവല്‍ക്കരിക്കുകയാണ് എന്നതാണ് അല്‍ഭുതം! ജനങ്ങളെ വിഡ്ഢികളാക്കുന്ന യുഡിഎഫിന്റെ ഈ പൊറാട്ടുനാടകത്തിന് അവര്‍ക്ക് ജനങ്ങളോട് ഒടുവില്‍ ഉത്തരം പറയേണ്ടിവരും.

ചിന്ത മുഖപ്രസംഗം 18 സെപ്തംബര്‍ 2009 ലക്കം

4 comments:

  1. ബൂര്‍ഷ്വാ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെ പ്രധാന മേന്മകളില്‍ ഒന്നായി പരിഗണിക്കപ്പെടുന്നത് അതിലെ പ്രതിപക്ഷത്തിന്റെ സാന്നിധ്യമാണ്. ഗവണ്‍മെന്റിന്റെ തെറ്റായ നടപടികളെ വിമര്‍ശിക്കുന്നതിനും അവയ്ക്ക് തടയിടുന്നതിനും നിയമസഭയിലെ പ്രതിപക്ഷ സാന്നിധ്യം സഹായകമായിത്തീരുന്നുവെന്നതാണ് അതിന്നടിസ്ഥാനം. ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ഭരണകക്ഷി ജനാധിപത്യത്തെ അവഗണിക്കുന്നത് തടയാനും ഗവണ്‍മെന്റിനു പറ്റുന്ന വീഴ്ചകളെ തുറന്നു കാണിക്കാനും തിരുത്താനും പ്രതിപക്ഷത്തിന് കടമയുണ്ട്. തങ്ങളുടെ വീഴ്ചകളും തെറ്റുകളും ഭരണപക്ഷം മനസ്സിലാക്കുന്നത് പലപ്പോഴും പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തില്‍നിന്നാണ് താനും. ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു മറ്റെന്തൊക്കെ തിരക്കുകളുണ്ടായിരുന്നാലും, പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് എ കെ ജി പ്രസംഗിക്കുന്ന ദിവസങ്ങളില്‍ സഭയില്‍ ഹാജരായി ആ പ്രസംഗം സശ്രദ്ധം കേള്‍ക്കുമായിരുന്നുവത്രെ. കേരള നിയമസഭയില്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഇ എം എസ് ചെയ്തിട്ടുള്ള പ്രസംഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ചരിത്ര പ്രധാനങ്ങളാണ്. പ്രതിപക്ഷത്തിന്റെ നയപ്രഖ്യാപന പ്രസംഗങ്ങളായ അവ, ഭരണകക്ഷിക്ക് നേര്‍വഴി കാട്ടിക്കൊടുക്കുന്ന രാഷ്ട്രീയ പക്വതയുടെ നിദര്‍ശനങ്ങളായിരുന്നു.

    ReplyDelete
  2. അനാവശ്യ ഇറങ്ങി പോക്കുകള്‍ക്ക് ഇടതു പക്ഷവും ഒട്ടും മോശമല്ല.

    പ്രതിപക്ഷ ആഘോഷം...

    ReplyDelete
  3. wow...wow... LDF never boycotted assembly :)

    before posting such nonsense, please take a look at your party too..

    of course it is a national waste when the assembly members boycott the session... probably this should be consider as a criminal activity and they should be punished ( without looking at their party name )

    ReplyDelete
  4. Wow !. LDF never Boycotted the Assembley & Never ever called for a Hartal & Bandh. And you guys talk about Political Maturity !. Ha Ha .. Good Joke.

    ReplyDelete