പോള്‍ ജോര്‍ജ് വധക്കേസ് മാധ്യമങ്ങള്‍ വിചാരണ ചെയ്യുന്നതിന്റെ അനൌചിത്യവും അപകടവും കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് മലയാളത്തില്‍ ഇറങ്ങിയ മിക്ക പത്രങ്ങളും റിപ്പോര്‍ട്ടുചെയ്തുകണ്ടില്ല. ആ കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതിയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ രാഷ്ട്രീയവിഷമുണ്ടെന്ന കോടതിയുടെ പരാമര്‍ശവും മുഖ്യധാരാ മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞു. പകരം കോടതി പൊലീസിനെ വിമര്‍ശിച്ച ഭാഗം മാത്രമാണ് അവരുടെ വാര്‍ത്തകളില്‍ സ്ഥാനംനേടിയത്. എസ്എന്‍സി ലാവ്ലിന്‍ കേസില്‍ ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതിയുടെ ഭരണഘടന-നിയമസാധുത ചോദ്യംചെയ്ത് പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ റിട്ട് ഫയല്‍ചെയ്തപ്പോള്‍ അതില്‍ അടക്കംചെയ്ത രേഖകള്‍ എങ്ങനെ കിട്ടി എന്ന നിരര്‍ഥകമായ വിവാദം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഇതേ മാധ്യമങ്ങള്‍ ശ്രമിച്ചത്. എല്ലാ രേഖകളും നിയമാനുസൃതം ലഭിച്ചതാണെന്നും തന്റെ ഭാഗം കോടതിയില്‍ സമര്‍ഥിക്കാന്‍ അനിവാര്യമായ രേഖകള്‍തന്നെയാണ് പിണറായി വാങ്ങിയതെന്നും അത് അദ്ദേഹത്തിന്റെ അവകാശമാണെന്നും വ്യക്തമാക്കപ്പെട്ടിട്ടും സംശയത്തിന്റെ പുകമറ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് മാധ്യമങ്ങള്‍. ഇങ്ങനെ, ഇല്ലാത്തതിനെ ഉണ്ടെന്നുവരുത്തിയും ഉള്ളതിനെ കണ്ടില്ലെന്നു നടിച്ചുമുള്ള കാപട്യപൂര്‍ണമായ മാധ്യമപ്രവര്‍ത്തനം വളര്‍ന്നുവലുതാകുന്നതിന്റെ കൃത്യമായ മറ്റൊരുദാഹരണമാണ് പശ്ചിമ ബംഗാളില്‍നിന്നുള്ള വാര്‍ത്തകള്‍ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത സെന്‍സര്‍ഷിപ്പ്.
മാവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും സിപിഐ എം പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണ് അവിടെ. കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 14 സിപിഐ എം പ്രവര്‍ത്തകരാണ്. ബുധനാഴ്ച ബാങ്കുറ ജില്ലയില്‍ മൂന്നുപേരെ കൊന്നു. അതില്‍ ഒരാള്‍ സിപിഐ എം ലോക്കല്‍ സെക്രട്ടറിയും അധ്യാപക സംഘടനാ നേതാവുമാണ്. ഇത്തരം വാര്‍ത്തകള്‍ മാത്രമല്ല, പശ്ചിമ ബംഗാളില്‍ എന്തു സംഭവിക്കുന്നു എന്നതിന്റെ ചെറുസൂചനകള്‍പോലും മൂടിവയ്ക്കാനാണ് മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രമം.
പശ്ചിമ മിഡ്നാപുര്‍ ജില്ലയില്‍മാത്രം മൂന്നു ദിവസത്തിനിടെ മരിച്ചത് അഞ്ചുപേരാണ്. ഒരു സംഘം മാവോയിസ്റ്റുകള്‍ വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുപോയാണ് മൂന്നുപേരെ വെടിവച്ചു കൊന്നത്. ലാല്‍ഗഡില്‍ 50 കമ്പനി സുരക്ഷാ സൈന്യം താവളമടിച്ചിട്ടുണ്ടെങ്കിലും നിരോധിക്കപ്പെട്ട മാവോയിസ്റ്റുകള്‍ കൊലപാതകപരമ്പര അഴിച്ചുവിടുകയാണ്. ലാല്‍ഗഡിനടുത്ത കലൈചന്ദിലാണ് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമിച്ചത്. അതിന്റെ തുടര്‍ച്ചയായി 2008 നവംബറിനുശേഷം മാവോയിസ്റ്റുകളും അവരുടെ പിന്തുണയുള്ള 'പൊലീസ് അതിക്രമവിരുദ്ധ ജനകീയ സമിതി' (പിസിപിഎ)ക്കാരും ചേര്‍ന്ന് അന്‍പതിലേറെ പേരെയാണ് കൊന്നൊടുക്കിയത്. ഇതില്‍ ഏറെയും സിപിഐ എം നേതാക്കന്മാരും പ്രവര്‍ത്തകരുമാണ്. ലാല്‍ഗഡിലെ സ്ഥിതിയില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധി ആശങ്ക രേഖപ്പെടുത്തിക്കണ്ടു. കൂടുതല്‍ കേന്ദ്രസേനയെ അയക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുമുണ്ട്.
എന്നാല്‍, അവിടെ കേന്ദ്രസേന തങ്ങളുടെ ഉത്തരവാദിത്തം യഥാവിധി നിര്‍വഹിക്കുന്നുണ്ടോ എന്ന പരിശോധന അനിവാര്യമായിരിക്കുന്നു. മിക്കവാറും എല്ലാദിവസവും മാവോയിസ്റ്റുകള്‍ ആളുകളെ കൊല്ലുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്യുകയാണെന്നും മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്യുകയോ അവരെ ആ പ്രദേശത്തുനിന്ന് തുരത്തിയോടിക്കുകയോ ചെയ്യുന്നതില്‍ വേണ്ടത്ര വിജയിക്കാനായിട്ടില്ല എന്നും കേന്ദ്രസേനയുടെ പ്രവര്‍ത്തനം വിലയിരുത്തി സംസ്ഥാന ആഭ്യന്തരസെക്രട്ടറി പറഞ്ഞിട്ടുണ്ട്.
പരസ്യമായ ആക്രമണങ്ങള്‍; കൊലപാതകങ്ങള്‍; പിടിച്ചുപറി-സായുധരായ മാവോയിസ്റ്റുകള്‍ ഭീകരഭരണം നടത്തുകയാണ് ആ പ്രദേശത്ത്. അതിന് കേന്ദ്ര ഭരണകക്ഷികളുടെ പിന്തുണയുണ്ട് എന്ന് പകല്‍പോലെ വ്യക്തമായിരിക്കുന്നു. സിപിഐ എം എന്ന രാഷ്ട്രീയ പാര്‍ടിയുടെ പ്രവര്‍ത്തനം അനുവദിക്കില്ല എന്ന വാശിയോടെ ഭീകര പ്രവര്‍ത്തകര്‍ അഴിഞ്ഞാടുമ്പോള്‍, മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ കണ്ണിലൂടെ അതിനെ വീക്ഷിക്കുകയും ന്യായീകരിക്കുകയും ചെയ്യുകയാണ് കേന്ദ്ര ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്. സോണിയ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസും അതില്‍ പങ്കാളിയാകുന്നു. കോണ്‍ഗ്രസുകാരാണ് കഴിഞ്ഞ ദിവസം രണ്ട് സിപിഐ എം പ്രവര്‍ത്തകരെ വധിച്ചത്.
നന്ദിഗ്രാമില്‍ ആട്ടിയോടിക്കപ്പെട്ട ഗ്രാമീണര്‍ സിപിഐ എമ്മിന്റെ കൊടിയുമേന്തി സ്വന്തം മണ്ണിലേക്ക് തിരികെ വന്നപ്പോഴുണ്ടായ ഏറ്റുമുട്ടലിനെ മാര്‍ക്സിസ്റ്റ് അക്രമമായി രാജ്യം മുഴുവന്‍ കൊട്ടിഘോഷിച്ചവര്‍, ഇപ്പോള്‍ സിപിഐ എമ്മുമായി വിദൂര ബന്ധമുള്ളവര്‍പോലും ആ കാരണത്താല്‍ ക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍; കൊല്ലപ്പെടുമ്പോള്‍; മൌനികളാകുന്നു. സിപിഐ എം പ്രവര്‍ത്തകരുടെ വീടും പാര്‍ടി ഓഫീസുകളും പരസ്യമായി തച്ചുതകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നത് ആഘോഷിക്കാനുള്ള വാര്‍ത്തയാണവര്‍ക്ക്. അത്തരം സംഭവങ്ങളിലെ ജനാധിപത്യ രാഹിത്യമോ നിയമ നിഷേധമോ അവരെ അലട്ടുന്നില്ല.
ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷനേതാവ് പാര്‍ഥാചാറ്റര്‍ജിയും കേന്ദ്ര കപ്പല്‍ ഗതാഗത സഹമന്ത്രി മുകുള്‍റോയിയും കേന്ദ്ര ഗ്രാമവികസന സഹമന്ത്രി ശിശിര്‍ അധികാരിയും ഉള്‍പ്പെടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ജൂലൈ 28ന് ലാല്‍ഗഡ് സന്ദര്‍ശിച്ച്, അവിടെനിന്ന് കേന്ദ്രസേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട വിചിത്രസംഭവംപോലും മാധ്യമ വിമര്‍ശത്തിന് വിധേയമായില്ല. എത്രയുംപെട്ടെന്ന് കേന്ദ്രസേനയെ പിന്‍വലിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപടി ത്വരിതപ്പെടുത്തണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം ഈയിടെ ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിനെതിരായ ഭീഷണി ഒളിപ്പിച്ച വാക്കുകളായിരുന്നു അത്. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനാണ് മമത ബാനര്‍ജി നിരന്തരം ആവശ്യപ്പെടുന്നത്. ആ ആവശ്യം സാക്ഷാല്‍ക്കരിക്കാനാണ് കൊലപാതക പരമ്പരയ്ക്ക് നേതൃത്വം നല്‍കുന്നത്.
കൊല്ലപ്പെടുന്നത് സിപിഐ എമ്മുകാരാകുമ്പോള്‍ ആ വിവരം ജനങ്ങള്‍ അറിയരുത് എന്ന നിലപാടിലാണ് നമ്മുടെ മാധ്യമ സമൂഹം. പശ്ചിമ ബംഗാളില്‍ നടക്കുന്ന മനുഷ്യക്കുരുതിക്കെതിരെ; അതിന് പ്രോത്സാഹനം നല്‍കുന്ന കേന്ദ്ര ഭരണാധികാരികള്‍ക്കെതിരെ; കാപട്യത്തിനെതിരെ; പൈശാചികത്വം ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കുന്ന മാധ്യമ കാപട്യത്തിനെതിരെ ശക്തമായ ജനവികാരം ഉയരേണ്ടതുണ്ട്. അധികാരത്തിലേറാനായി ജനാധിപത്യക്കശാപ്പിനും നരഹത്യക്കും ഒരുമ്പെടുന്നവരെ ഒറ്റപ്പെടുത്തി എതിര്‍ക്കേണ്ടതുമുണ്ട്.
ദേശാഭിമാനി മുഖപ്രസംഗം 11 സെപ്തംബര്‍ 2009

ReplyDelete