Friday, September 11, 2009

വ്യാപാരമേ ഹനനമാം...

നിയമസഭാ സാമാജികനായും പ്രതിപക്ഷനേതാവായും മന്ത്രിയായും മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ച സുദീര്‍ഘമായ അനുഭവസമ്പത്തുള്ള ആളാണ് ഉമ്മന്‍ചാണ്ടി. അരനൂറ്റാണ്ടായി നിയമസഭാംഗമായ പരിണതപ്രജ്ഞനാണ് മുന്‍ നിയമമന്ത്രികൂടിയായ കെ എം മാണി. അറിവും അനുഭവവുമുള്ളവര്‍ പറയുന്ന അഭിപ്രായങ്ങള്‍ക്ക് അതിന്റെ നിലവാരവും വേണം. നിയമനിര്‍മാണപ്രക്രിയയില്‍ പതിറ്റാണ്ടുകളോളം പാരമ്പര്യമുള്ള ഒരാള്‍ സംസാരിക്കുമ്പോള്‍, പറയുന്ന ആള്‍ക്ക് അതേക്കുറിച്ച് സാമാന്യ വിവരമുണ്ടെന്ന് കേള്‍ക്കുന്നവര്‍ക്കു തോന്നണം. ലാവ്ലിന്‍ കേസില്‍ ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതിക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിന് പിണറായി വിജയന് രേഖകള്‍ നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഉമ്മന്‍ചാണ്ടിയും മാണിയും ഉയര്‍ത്തിയ വാദമുഖങ്ങളാണ് ഈ കുറിപ്പിനു കാരണം.

ഉമ്മന്‍ചാണ്ടി പറയുന്നു-‘"ഇങ്ങനെ പോയാല്‍ ഏതൊരു കുറ്റവാളിക്കും തനിക്കെതിരെയുള്ള കേസിനെ തകര്‍ക്കാനുള്ള രേഖകള്‍ നല്‍കേണ്ടിവരും. ഒരു തെറ്റായ കീഴ്വഴക്കമാണിത്.''

ലാവ്ലിന്‍ കേസില്‍ ഗവര്‍ണര്‍ കൈക്കൊണ്ട നിയമവിരുദ്ധ നടപടിക്കെതിരെ പ്രതികരണങ്ങളുയര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളും മാര്‍ക്സിസ്റ്റ് വിരുദ്ധമാധ്യമങ്ങളും പറഞ്ഞത്-കേസിനെ കോടതിയില്‍ നേരിട്ട് അഗ്നിശുദ്ധി വരുത്തി പിണറായി പുറത്തുവരണമെന്നാണ്. നീതിനിര്‍വഹണ സംവിധാനത്തിന്റെ അടിത്തറ പാകിയിരിക്കുന്നത് പ്രധാനമായും രണ്ടു തത്വങ്ങളിലാണ്.

ഒന്ന് - nemo judex in parte sua (സ്വന്തം കേസില്‍ ഒരാള്‍ ന്യായാധിപനാകരുത്)

രണ്ട്- audi alteram partem (എതിര്‍ഭാഗത്തെയും കേള്‍ക്കുക)

എത്ര ഗുരുതരമായ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ആളിനാണെങ്കിലും തന്റെ പേരില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള കുറ്റാരോപണങ്ങളുടെ (charge) ഒരു പകര്‍പ്പ് സൌജന്യമായി നല്‍കിയിരിക്കണം, കുറ്റകൃത്യങ്ങളുടെ വിവരണം വായിച്ചുകേള്‍പ്പിച്ച് താന്‍ കുറ്റം ചെയ്തുവോ ഇല്ലയോ എന്ന പ്രതിയുടെ അഭിപ്രായം രേഖപ്പെടുത്തണം, സ്വന്തമായി അഭിഭാഷകനെ വയ്ക്കാന്‍ കഴിയാത്ത പ്രതിക്ക് കോടതി തന്നെ നിയമസഹായം ഏര്‍പ്പാടാക്കണം, പ്രോസിക്യൂഷന്‍ തെളിവുകള്‍ കഴിഞ്ഞാല്‍ സാക്ഷിമൊഴികൊണ്ട് വെളിവായ കാര്യങ്ങള്‍ പ്രതിയെ വായിച്ചുകേള്‍പ്പിച്ച് അതു ശരിയോ തെറ്റോ എന്ന് രേഖപ്പെടുത്തണം, അതിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷനെതിരെ തന്റെ ഭാഗം തെളിവുകള്‍ (defence evidence) ഹാജരാക്കാന്‍ പ്രതിക്ക് അവസരം നല്‍കണം. കേസുമായി ബന്ധപ്പെട്ട് കോടതിവഴി ലഭ്യമാക്കേണ്ട ഏതെങ്കിലും രേഖയുണ്ടെങ്കില്‍ അതിന് കോടതി നടപടികള്‍ കൈക്കൊള്ളുകയും വേണം.
ഇങ്ങനെ പ്രോസിക്യൂഷനും പ്രതിഭാഗത്തിനും തുല്യപരിഗണന നല്‍കുന്ന ഒന്നാണ് നീതിനിര്‍വഹണ സംവിധാനം. എതിര്‍കക്ഷിക്ക് അപ്രാപ്യമായ ഒരു രേഖയും വിചാരണ വേളയില്‍ കോടതി പരിഗണിക്കില്ല. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് നല്‍കുന്ന അതേ അവസരം നിരപരാധിത്വം തെളിയിക്കാന്‍ പ്രതിക്കും നല്‍കുന്നു എന്നു സാരം. ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് പിണറായി ആവശ്യപ്പെട്ട രേഖകള്‍ ഏതൊരു ഇന്ത്യന്‍ പൌരനും ലഭിക്കാവുന്നവയാണ്.

ലാവ്ലിന്‍ കേസിലെ പ്രോസിക്യൂഷന്‍ അനുമതി എന്നത് പൂര്‍ത്തിയാക്കപ്പെട്ട ഒരു നടപടിയാണ്. അതിനെ സംബന്ധിക്കുന്ന രേഖകള്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നതുമാണ്. ഉമ്മന്‍ചാണ്ടിയുടെയും അഭിപ്രായമനുസരിച്ചാണെങ്കില്‍ ഇനിമേല്‍ കോടതികളില്‍ വിചാരണവേളയില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പോ കുറ്റപത്രം തയ്യാറാക്കുന്നതിന് പ്രോസിക്യൂഷന്‍ അവലംബിച്ച രേഖകളോ പ്രതികള്‍ക്ക് നല്‍കാന്‍ പാടില്ല. മാര്‍ക്സിസ്റ്റ് വിരുദ്ധജ്വരം ബാധിച്ച ഇവര്‍ ജനാധിപത്യവ്യവസ്ഥയിലാണ് തങ്ങള്‍ നില്‍ക്കുന്നതെന്നുപോലും മറന്നുപോകുന്നു.

ലാവ്ലിന്‍ കേസ് പ്രസക്തമായ രേഖകളുയര്‍ത്തി കോടതിയില്‍ നേരിടുന്നതിനെ ഭയക്കുന്നവരുടെ ശബ്ദമാണ് പുറത്തുവരുന്നത്. രേഖകളുടെ ലഭ്യതയെയും നടപടിക്രമങ്ങളെയും കുറിച്ച് നന്നായി അറിയാവുന്ന ഉമ്മന്‍ചാണ്ടിയുടെയും അഭിഭാഷകന്‍കൂടിയായ കെ എം മാണിയുടെയും വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മവരുന്നത് ഒരു കവിവചനമാണ്-വ്യാപാരമേ ഹനനമാം മലവേടനുണ്ടോ, വ്യാപന്നമായ് കഴുകനെന്നു കപോതമെന്നും.

അഡ്വ. ആനാവൂര്‍ വേലായുധന്‍ നായര്‍

1 comment:

  1. നിയമസഭാ സാമാജികനായും പ്രതിപക്ഷനേതാവായും മന്ത്രിയായും മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ച സുദീര്‍ഘമായ അനുഭവസമ്പത്തുള്ള ആളാണ് ഉമ്മന്‍ചാണ്ടി. അരനൂറ്റാണ്ടായി നിയമസഭാംഗമായ പരിണതപ്രജ്ഞനാണ് മുന്‍ നിയമമന്ത്രികൂടിയായ കെ എം മാണി. അറിവും അനുഭവവുമുള്ളവര്‍ പറയുന്ന അഭിപ്രായങ്ങള്‍ക്ക് അതിന്റെ നിലവാരവും വേണം. നിയമനിര്‍മാണപ്രക്രിയയില്‍ പതിറ്റാണ്ടുകളോളം പാരമ്പര്യമുള്ള ഒരാള്‍ സംസാരിക്കുമ്പോള്‍, പറയുന്ന ആള്‍ക്ക് അതേക്കുറിച്ച് സാമാന്യ വിവരമുണ്ടെന്ന് കേള്‍ക്കുന്നവര്‍ക്കു തോന്നണം. ലാവ്ലിന്‍ കേസില്‍ ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതിക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിന് പിണറായി വിജയന് രേഖകള്‍ നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഉമ്മന്‍ചാണ്ടിയും മാണിയും ഉയര്‍ത്തിയ വാദമുഖങ്ങളാണ് ഈ കുറിപ്പിനു കാരണം.

    ReplyDelete