മാധ്യമവിചാരം രണ്ടുവിധത്തിലാവാം. നിഷ്പക്ഷ മാധ്യമവിചാരവും നിഷ്പക്ഷമെന്ന് ഭൂരിപക്ഷം മാധ്യമങ്ങളെക്കൊണ്ടു പറയിക്കുന്ന മാധ്യമവിചാരവും. ആദ്യത്തേതു വിമര്‍ശനം നേടിത്തരുമെങ്കില്‍ രണ്ടാമത്തേതു വര്‍ധിച്ച പ്രതിച്ഛായ നേടിത്തരും. ഒരു കുഴപ്പമേയുള്ളു. സത്യത്തിലും മൂല്യത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നുമാത്രം. നിര്‍ഭാഗ്യവശാല്‍ ഡോ. സെബാസ്റ്റ്യന്‍പോള്‍(സത്യാന്വേഷണം തുടരട്ടെ’എന്ന മാതൃഭൂമി ലേഖനം) ഇപ്പോള്‍ രണ്ടാമത്തേതിന്റെ വക്താവായിരിക്കുന്നു. കേരളത്തില്‍ കള്ളവാര്‍ത്തകളുടെ പ്രളയം സൃഷ്ടിച്ച് സിപിഐഎമ്മിനെ അതില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളോടാണ് ”സത്യാന്വേഷണം തുടരട്ടെ’എന്ന് സെബാസ്റ്റ്യന്‍പോള്‍ ആശംസിക്കുന്നത്. പൊതുനിലപാടുകളില്‍നിന്ന് വേറിട്ടുനിന്നാല്‍ കിട്ടുന്ന ശ്രദ്ധയിലുള്ള കൌതുകമാവാം ഒരുപക്ഷേ, അദ്ദേഹത്തെ നയിക്കുന്നത്. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിനു കോഴ വാങ്ങിയ എം.പിമാരെ ശിക്ഷിച്ചതിനെക്കുറിച്ച് പൊതുവായ ഒരു നിലപാടുയര്‍ന്നപ്പോള്‍, പാര്‍ലമെന്റില്‍ അതിനൊപ്പംനിന്നെങ്കിലും പുറത്ത് ഭിന്നാഭിപ്രായം പറഞ്ഞിരുന്നല്ലോ അദ്ദേഹം. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്ന കാര്യം വന്നപ്പോഴും പൊതുനിലപാടില്‍നിന്നു വേറിട്ട അഭിപ്രായം അദ്ദേഹം പറഞ്ഞിരുന്നു. ഇടതുപക്ഷത്തുനിന്നുകൊണ്ടു വേറിട്ടൊരു അഭിപ്രായം പറഞ്ഞാല്‍ ഇന്നത്തെ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ അതിനൊരു പ്രത്യേക പ്രാധാന്യം നല്‍കും. അതില്‍ ഉണ്ടായ കൌതുകമാവാം ഇവിടെയും അദ്ദേഹത്തെ നയിച്ചത് എന്നു തോന്നുന്നു. മറിച്ച് എന്തെങ്കിലും ആവാതിരിക്കട്ടെ!
പിണറായി വിജയന്‍ എന്തുകൊണ്ട് മാധ്യമങ്ങളാല്‍ ആക്രമിക്കപ്പെടുന്നു എന്ന കാര്യം ആലോചിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. കണിച്ചുകുളങ്ങര കേസിലെ പ്രതികള്‍, തങ്ങള്‍ ഡല്‍ഹിയില്‍ സെബാസ്റ്റ്യന്‍പോള്‍ എംപിയുടെ വസതിയിലായിരുന്നു തങ്ങിയിരുന്നത് എന്ന് പറഞ്ഞത് അന്ന് ഈ മാധ്യമങ്ങളെല്ലാം എത്ര പ്രാധാന്യം നല്‍കിയാണ് പ്രസിദ്ധീകരിച്ചിരുന്നത് എന്നത് ഡോക്ടര്‍ക്ക് ഓര്‍മകാണും. അതു സത്യമായിരുന്നില്ല എന്നു ഡോക്ടര്‍ക്കറിയാം; മാധ്യമങ്ങള്‍ക്കറിയാം. ജനങ്ങള്‍ക്കുമറിയാം. അസത്യമാണത് എന്നറിഞ്ഞുകൊണ്ടുതന്നെ അമിതപ്രാധാന്യം നല്‍കി പത്രങ്ങള്‍ അതു പ്രസിദ്ധീകരിച്ചത് ഡോക്ടര്‍ സിപിഐ എമ്മിനെ പ്രതിനിധാനംചെയ്താണ് ലോക്സഭയില്‍ എത്തിയത് എന്നതുകൊണ്ടും അങ്ങനെ ഒരു ദുഷ്പ്രചാരണം വന്നാല്‍ സിപിഐ എം കരിപുരണ്ട് നിന്നുകൊള്ളും എന്നതുകൊണ്ടുമല്ലേ?
പ്രകാശ് കാരാട്ട് എന്തുകൊണ്ടാണ് ആക്രമിക്കപ്പെടാത്തത് എന്നതാണ് ഡോക്ടറുടെ അടുത്ത ചോദ്യം. പ്രകാശ് കാരാട്ട് തങ്ങളുടെ പ്രചാരണത്തിന്റെ പരിധിക്കുപുറത്താണ് എന്നത് ഈ മാധ്യമങ്ങള്‍ക്കറിയാം. എന്നിട്ടുപോലും പ്രകാശ് കാരാട്ടിനെ വെറുതെ വിട്ടില്ല മാധ്യമങ്ങള്‍. ഒരു വിശ്വാസ്യതയും ഇല്ലാത്തവരെ ഉദ്ധരിച്ചും ഊരുംപേരുമില്ലാത്ത പോസ്റ്ററുകള്‍ ടിവിയില്‍ എടുത്തുകാട്ടിയും ഒക്കെ എന്തെല്ലാം അപവാദപ്രചാരണങ്ങള്‍ നടന്നു. ദേശീയതലത്തില്‍ സിപിഐ എമ്മിന് ഉണ്ടായ തെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദി പ്രകാശ് കാരാട്ടാണെന്ന്; അദ്ദേഹത്തിനെതിരെ ബംഗാള്‍ഘടകം തിരിഞ്ഞെന്ന്; ലാവ്ലിനില്‍നിന്ന് പണം കിട്ടിയിട്ടുണ്ടെന്ന്; ഏതോ മുതലാളിയുടെ വീട്ടില്‍നിന്നു ഭക്ഷണം കഴിച്ചെന്ന്; പ്രകാശും സീതാറാമും ക്യാമ്പസ് റിക്രൂട്ടുകളാണെന്ന്-എന്തെല്ലാം പ്രചാരണങ്ങള്‍. ഇതൊക്കെ ഡോക്ടറുടെ ശ്രദ്ധയില്‍പെടാതെപോയത് എന്തുകൊണ്ട് എന്നറിയുന്നില്ല. ലാവ്ലിന്‍ കേസ് സംബന്ധിച്ച സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി നിലപാട് വ്യക്തമാക്കപ്പെട്ടതോടെയാണ് അന്തരിച്ച സുര്‍ജിത് മുതല്‍ പ്രകാശ്കാരാട്ടുവരെ ആക്രമിക്കപ്പെട്ടത് എന്നതും അത് ഈ മാധ്യമങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കൊത്തു നില്‍ക്കാന്‍ അവര്‍ തയ്യാറാവാതിരുന്നതുകൊണ്ടാണ് എന്നതും ആര്‍ക്കാണറിയാത്തത്? സമീപകാല ചരിത്രത്തില്‍ മാധ്യമങ്ങള്‍ ഏറ്റവും ഉത്തരവാദിത്ത രഹിതമായും ദുരുദ്ദേശ്യപരമായും പ്രവര്‍ത്തിച്ച ഘട്ടമാണിത് എന്ന സത്യം സെബാസ്റ്റ്യന്‍പോള്‍ എത്രയേറെ തമസ്കരിക്കാന്‍ ശ്രമിച്ചാലും വായനക്കാരന്റെയും പ്രേക്ഷകന്റെയും മനസ്സില്‍ തെളിഞ്ഞുനില്‍ക്കും.
ഇതാ ഉദാഹരണങ്ങള്‍:
1) ലാവ്ലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ കൊടുക്കാന്‍ മന്ത്രിസഭാരേഖകള്‍ ചോര്‍ത്തിയെന്ന് വാര്‍ത്ത കൊടുത്തു. ഇത് തെറ്റായിരുന്നെന്ന് തെളിഞ്ഞു. ഒരു മാധ്യമവും തിരുത്തിയില്ല.
2) ഗവര്‍ണറുടെ ഓഫീസ് കംപ്യൂട്ടറില്‍നിന്ന് ഔദ്യോഗികരേഖകള്‍ ചോര്‍ത്തിയതായി ആരോപിച്ചു. ഇതു വസ്തുതയല്ലെന്നു തെളിഞ്ഞു. ഒരു മാധ്യമവും ഖേദം പ്രകടിപ്പിച്ചില്ല.
3) പോള്‍ മുത്തൂറ്റിന്റെ കൂടെയുണ്ടായിരുന്ന ഓംപ്രകാശും രാജേഷും ദുബായിയിലെ ഹോട്ടലില്‍ സുരക്ഷിതരായി കഴിയുന്നുണ്ടെന്ന് വാര്‍ത്തകൊടുത്തു. അസത്യമായിരുന്നെന്ന് തെളിഞ്ഞു. ചാനല്‍ ഖേദം പ്രകടിപ്പിച്ചില്ല.
4) പോള്‍ വധക്കേസില്‍ കണ്ടെത്തിയ കത്തിയെക്കുറിച്ചുള്ള വാര്‍ത്ത പ്രതിയായ കാരി സതീശന്റെ അമ്മ നല്‍കിയ പരാതിയിലുണ്ടായിരുന്നതാണ്. അതു സ്വന്തം കണ്ടെത്തല്‍ എന്ന നിലയ്ക്കു ഒരുചാനല്‍ സംപ്രേഷണംചെയ്തു. പരാതിയിലുള്ളതാണെന്ന കാര്യം മറച്ചുവച്ചു.
ഈ നാലു കാര്യവും ശരിയോ എന്നാണ് സിപിഐ എം ചോദിച്ചത്. എന്നാല്‍, മാധ്യമങ്ങളാകട്ടെ, അപ്പോള്‍ അറിഞ്ഞുകൊണ്ടുതന്നെ ചെയ്ത തെറ്റുകളില്‍ ആദ്യത്തെ മൂന്നെണ്ണവും തമസ്കരിച്ച് കത്തിപ്രശ്നത്തില്‍ കേന്ദ്രീകരിച്ചു.
ഈ മാധ്യമങ്ങളുടെ പക്ഷംചേര്‍ന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍ പോലും കത്തിയില്‍ കേന്ദ്രീകരിച്ച് മാധ്യമങ്ങള്‍ക്കു ദിവ്യദൃഷ്ടിയുണ്ടോ എന്നു പിണറായി വിജയന്‍ ചോദിച്ചതിനെക്കുറിച്ച് പ്രതിപാദിക്കുന്നു. കൊല്ലക്കുടിയിലെ വാര്‍ത്താശേഖരണത്തിന് പ്രാധാന്യമുണ്ട്’എന്നു പറഞ്ഞ് ഏഷ്യാനെറ്റിന്റെ ഇടപെടലിനെ ശ്ളാഘിക്കുന്ന സെബാസ്റ്റ്യന്‍പോള്‍ ഓംപ്രകാശിന്റെ അച്ഛന്റെ അഭിമുഖം ആസൂത്രിതനാടകമായിരുന്നു എന്നതു തുറന്നുകാട്ടിയ പീപ്പിള്‍ ടിവിയെക്കുറിച്ച് പറയാന്‍ നല്ല വാക്കൊന്നും കാണുന്നില്ല. വിവരാവകാശ നിയമപ്രകാരമാണ് മന്ത്രിസഭാ രേഖകള്‍ ശേഖരിച്ചത് എന്നത് വ്യക്തമായ സാഹചര്യത്തില്‍ ലാവ്ലിന്‍ രേഖകള്‍ ചോര്‍ത്തിയെന്ന് എന്തിനു പ്രചരിപ്പിച്ചു എന്ന് നിഷ്പക്ഷനാണെങ്കില്‍ സെബാസ്റ്റ്യന്‍പോള്‍ ഈ മാധ്യമങ്ങളോട് ചോദിക്കേണ്ടതല്ലേ? ഇല്ലാത്ത പ്രതികള്‍ ദുബായില്‍ ഹോട്ടലിലുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കേസന്വേഷണത്തെ മറ്റൊരു വഴിക്കാക്കാന്‍ ഈ മാധ്യമങ്ങളെ പ്രേരിപ്പിച്ചത് എന്താണ് എന്ന് അന്വേഷിക്കേണ്ടതല്ലേ? പ്രതികള്‍ തിരോധാനംചെയ്യാത്തത് മാധ്യമങ്ങളുടെ ജാഗ്രതകൊണ്ടാണ് എന്ന് പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. ഇല്ലാക്കഥകള്‍കൊണ്ടാണോ ജാഗ്രത കെട്ടിപ്പടുക്കുന്നത്?
ഫലത്തില്‍, കള്ളക്കഥകള്‍ മെനയാനുള്ള ദുഃസ്വാതന്ത്ര്യത്തിനുള്ള പരിരക്ഷയാണ് സെബാസ്റ്റ്യന്‍പോള്‍ വാദത്തിലുള്ളത്. അതേസമയം, മെനഞ്ഞത് കള്ളക്കഥകളാണ് എന്നു തുറന്നുകാട്ടാനുള്ള പൌരന്റെ, പൊതുപ്രവര്‍ത്തകന്റെ സ്വാതന്ത്ര്യത്തെ വരികള്‍ക്കിടയിലൂടെ ആക്ഷേപിക്കുകയുംചെയ്യുന്നു. ലാവ്ലിന്‍ കേസില്‍ മന്ത്രിസഭാരേഖകളും ഗവര്‍ണറുടെ ഓഫീസിന്റെ കംപ്യൂട്ടറില്‍നിന്നുള്ള രേഖകളും ചോര്‍ത്തിയതായി ആക്ഷേപിക്കുമ്പോള്‍, ആ ആക്ഷേപത്തിനിരയാവുന്ന വ്യക്തി പ്രതിരോധിച്ചാല്‍ ഏതു മാധ്യമ സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള കൈയേറ്റം! അതേസമയം, ആ കള്ളക്കഥകള്‍ തുടര്‍ന്നും പ്രചരിപ്പിച്ചുകൊണ്ടേയിരിക്കാനും ജനങ്ങളെ അങ്ങനെ തെറ്റിദ്ധരിപ്പിച്ചുനിര്‍ത്താനും ഉള്ള നീക്കം മാധ്യമ സ്വാതന്ത്യം. ഇതാവുന്നു സെബാസ്റ്റ്യന്‍ പോളിന്റെ സ്വാതന്ത്ര്യത്തിന്റെ അര്‍ഥം.
മാധ്യമസ്വാതന്ത്ര്യത്തെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഹനിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാനാണ് മാതൃഭൂമിയിലെ 'കല്ലേറുകള്‍ക്കിടയിലെ മാധ്യമധര്‍മം' എന്ന ചര്‍ച്ച ശ്രമിക്കുന്നത്. എന്നാല്‍, മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നീക്കം ഉണ്ടായിട്ടുള്ളതും, ഉണ്ടായിക്കൊണ്ടിരിക്കുന്നതും കോണ്‍ഗ്രസില്‍നിന്നാണ്. അടിയന്തരാവസ്ഥയിലെ സെന്‍സര്‍ഷിപ്പു മുതല്‍ പത്രപ്രവര്‍ത്തകനെതിരെ കേസെടുക്കുമെന്ന കഴിഞ്ഞദിവസത്തെ കേന്ദ്ര വിദേശവകുപ്പിന്റെ നിലപാടുവരെ ഉദാഹരണങ്ങള്‍. അത്തരം ഗൌരവതരമായ വിഷയങ്ങളെ ലാഘവപ്പെടുത്താനേ കേരളത്തില്‍ മാധ്യമസ്വാന്ത്ര്യ കല്ലേറുകൊള്ളുന്നെന്ന വാദം ഉപകരിക്കൂ. അറിയിക്കാനുള്ള മാധ്യമപ്രവര്‍ത്തകന്റെ സ്വാതന്ത്ര്യത്തിനൊപ്പം വായനക്കാരന്റെ സത്യം അറിയാനുള്ള സ്വാതന്ത്ര്യത്തെക്കൂടി സെബാസ്റ്റ്യന്‍പോള്‍ പരിഗണിച്ചാല്‍ നന്നായിരുന്നു.
കേരളത്തിനു ഒരു ഇടതുപക്ഷ മനസ്സുണ്ട്. അതു തകര്‍ത്താലേ വലതുപക്ഷത്തിനു സമഗ്രാധിപത്യം സ്ഥാപിച്ചെടുക്കാനാവൂ. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് മാധ്യമരംഗത്തു നടക്കുന്നത്. ഇതു സെബാസ്റ്റ്യന്‍പോള്‍ അറിയാത്തതല്ല. എന്തു ചെയ്യും? ഉറങ്ങുന്നവരെ ഉണര്‍ത്താം; ഉറക്കം നടിക്കുന്നവരെയോ?
ഇതേപോലെ മാധ്യമങ്ങള്‍ അസത്യങ്ങളാല്‍ നിറഞ്ഞ വേളയിലാണ് അമേരിക്കയില്‍ വായനക്കാര്‍ സംഘടിച്ച് ഫെയര്‍ എന്ന പ്രസ്ഥാനം രൂപീകരിച്ചത്. ഓരോ കള്ളവാര്‍ത്തയും വരുമ്പോള്‍ രേഖകളും തെളിവുകളുമായി അവര്‍ സമൂഹത്തില്‍ ഇടപെട്ട് സത്യമെന്തെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി വാര്‍ത്തയിലെ കൃത്യത, ന്യായയുക്തത എന്നിവ ഉറപ്പിക്കാനുള്ള പ്രസ്ഥാനമാണ് ഫെയര്‍. അതിന്റെ ഇടപെടലോടെ ന്യൂയോര്‍ക്ക് ടൈംസും വാള്‍സ്ട്രീറ്റ് ജേര്‍ണലും ഒക്കെ വ്യാജവാര്‍ത്തകള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതമായി. ഫെയര്‍ കേരളത്തിലുണ്ടായാല്‍ വാര്‍ത്തകളേക്കാള്‍ കൂടുതല്‍ ഖേദങ്ങളുമായാവും മലയാള മാധ്യമങ്ങള്‍ക്കു പുറത്തിറങ്ങേണ്ടിവരിക.
പ്രഭാവര്‍മ ദേശാഭിമാനി 24 സെപ്തംബര്‍ 2009
മാധ്യമസ്വാതന്ത്ര്യത്തെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഹനിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാനാണ് മാതൃഭൂമിയിലെ 'കല്ലേറുകള്‍ക്കിടയിലെ മാധ്യമധര്‍മം' എന്ന ചര്‍ച്ച ശ്രമിക്കുന്നത്. എന്നാല്‍, മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നീക്കം ഉണ്ടായിട്ടുള്ളതും, ഉണ്ടായിക്കൊണ്ടിരിക്കുന്നതും കോണ്‍ഗ്രസില്‍നിന്നാണ്. അടിയന്തരാവസ്ഥയിലെ സെന്‍സര്‍ഷിപ്പു മുതല്‍ പത്രപ്രവര്‍ത്തകനെതിരെ കേസെടുക്കുമെന്ന കഴിഞ്ഞദിവസത്തെ കേന്ദ്ര വിദേശവകുപ്പിന്റെ നിലപാടുവരെ ഉദാഹരണങ്ങള്‍. അത്തരം ഗൌരവതരമായ വിഷയങ്ങളെ ലാഘവപ്പെടുത്താനേ കേരളത്തില്‍ മാധ്യമസ്വാന്ത്ര്യ കല്ലേറുകൊള്ളുന്നെന്ന വാദം ഉപകരിക്കൂ
ReplyDelete