കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നത് ജനകീയ സമരങ്ങളുടെയും ജനകീയപ്രസ്ഥാനങ്ങളുടെയും സജീവമായ ഇടപെടലിന്റെ ഭാഗമായാണ്. ഇന്ത്യയാകെ എടുത്താല്‍, കേരളത്തിലെ സഹകരണപ്രസ്ഥാനം കൂടുതല്‍ വിപുലവും സജീവവുമാണ്. ബ്ളേഡ് കമ്പനിക്കാരുടെയും ഹുണ്ടിക പലിശക്കാരുടെയും കഴുത്തറുപ്പന്‍ സമീപനങ്ങളില്‍നിന്നും ജനങ്ങളെ രക്ഷിച്ച് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മൂലധനം ഒരുക്കുന്നതില്‍ അതുല്യമായ പങ്കുവഹിച്ച സഹകരണ പ്രസ്ഥാനം ജനജീവിതത്തിന്റെ നാനാതലങ്ങളിലും ഇടപെടുന്ന ഒന്നായി ഉയര്‍ന്നിരിക്കുന്നു. ആഗോളവല്‍ക്കരണ നയങ്ങളുടെ പരിമിതികള്‍ക്കകത്തുനിന്ന് ബദല്‍ മുന്നോട്ടുവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ആഗോളവല്‍ക്കരണ നയങ്ങള്‍ വിവിധ മേഖലയില്‍ കടന്നുവരുന്നതിനെ പ്രതിരോധിക്കുകയും ജനങ്ങള്‍ക്ക് ആശ്വാസകരമായ ബദല്‍നയങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുക എന്ന ദ്വിമുഖ കര്‍ത്തവ്യം നിറവേറ്റുന്നതില്‍ സഹകരണ പ്രസ്ഥാനത്തിന്റെ ശക്തമായ പിന്തുണയാണ് സര്‍ക്കാരിന് ലഭിക്കുന്നത്. സര്‍ക്കാരിന്റെ ഈ പൊതുസമീപനങ്ങളില്‍നിന്ന് വ്യത്യസ്തമല്ല സഹകരണ മേഖലയിലെയും ഇടപെടല്‍. ക്രെഡിറ്റ് സംഘങ്ങള്‍ക്കു പുറമെ സ്വകാര്യ ആശുപത്രികളുടെ കഴുത്തറുപ്പന്‍ ചെലവുകളില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ആരംഭിച്ച സഹകരണ ആശുപത്രികള്‍, ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇടപെടല്‍, കസ്യൂമര്‍ സംഘങ്ങള്‍, റബര്‍ കര്‍ഷകര്‍ വിലക്കുറവുമൂലം പ്രയാസമനുഭവിച്ചപ്പോള്‍ തുടങ്ങിയ റബ്കോ-ഇങ്ങനെ എടുത്തുപറയാവുന്ന ഒട്ടേറെ കാര്യങ്ങള്‍ സഹകരണ പ്രസ്ഥാനത്തിന്റെ സംഭാവനയായി കേരളത്തിനു ലഭിച്ചിട്ടുണ്ട്.
പൊതുവിപണിയില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തി ജനങ്ങളെ രഷിക്കുക എന്ന കര്‍ത്തവ്യം ഫലപ്രദമായി നിറവേറ്റിയതാണ് ഇത്തവണ സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രനേട്ടമായി തിളങ്ങുന്നത്. ഈ ഓണം-റമദാന്‍ കാലത്ത് സംസ്ഥാനത്തെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സഹകരണ വകുപ്പ് നടത്തിയ ഇടപെടല്‍ സമാനതകളില്ലാത്തതാണ്.
ആഗസ്ത് ഒന്നു മുതല്‍ സെപ്തംബര്‍ 20 വരെ നീളുന്ന വിലക്കയറ്റവിരുദ്ധ ഓണം-റമദാന്‍ വിപണികളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നത് ഈ ഇടപെടലിന്റെ മഹത്തായ വിജയത്തിന് തെളിവാകുന്നു. ഓണ വില്‍പ്പന അവസാനിച്ച ഘട്ടത്തിലെ വിറ്റുവരവ് 107 കോടിയാണ്. 43 കോടിയുടെ ആശ്വാസം ജനങ്ങള്‍ക്ക് നല്‍കുകയുംചെയ്തു. പൊതുവിപണിയില്‍നിന്ന് 20 മുതല്‍ 61 ശതമാനംവരെ വില കുറച്ച് നിത്യോപയോഗ സാധനങ്ങള്‍ വിതരണംചെയ്ത സഹകരണ വകുപ്പ് ഓണക്കാലത്തെ പതിവു വിലക്കയറ്റത്തിന്റെ എല്ലാ സാധ്യതകളും ഇല്ലാതാക്കി. തൊഴിലില്ലായ്മ രൂക്ഷമായ ഇക്കാലത്ത് ഏഴായിരം പേര്‍ക്ക് താല്‍ക്കാലികമായി തൊഴില്‍ നല്‍കാന്‍ കഴിഞ്ഞെന്നതും ചെറിയ കാര്യമല്ല. അഴിമതി തടയാന്‍ ശക്തമായ മുന്‍കരുതലും സ്വീകരിച്ചു. കുറ്റമറ്റ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തി നൂറിലധികം കേസ് പിടികൂടി. സൂക്ഷ്മമായ പരിശോധനകളില്‍ കണ്ടെത്താനായത് 0.2 ശതമാനം ക്രമക്കേടു മാത്രമാണെന്നത് സഹകരണമേഖലയുടെ സുതാര്യതയ്ക്ക് തെളിവായി.
ആഗസ്ത് ഒന്നുമുതല്‍ 10 വരെ എല്ലാ ജില്ലാ കേന്ദ്രത്തിലും വിലക്കയറ്റവിരുദ്ധ വിപണനമേള, ആഗസ്ത് 11 മുതല്‍ സെപ്തംബര്‍ ഒന്നുവരെ 5000 സഹകരണ ഓണവിപണി, ആഗസ്ത് 23 മുതല്‍ സെപ്തംബര്‍ ഒന്നുവരെ ഓണത്തിനു തൊട്ടുമുമ്പുള്ള 10 ദിവസം 140 നിയോജകമണ്ഡല ആസ്ഥാനങ്ങളിലും വിപുലമായ ഓണംവിപണനമേള, ആഗസ്ത് 20 മുതല്‍ സെപ്തംബര്‍ 20 വരെ റമദാന്‍വിപണി എന്നിങ്ങനെ നാലു ഘട്ടമാണ് സഹകരണവകുപ്പ് ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍, ജില്ലാകേന്ദ്രങ്ങളിലെ വിലക്കയറ്റ വിരുദ്ധ വിപണികളിലെ ജനത്തിരക്കിനെത്തുടര്‍ന്ന് ഓണംവരെ നീട്ടാന്‍ മന്ത്രി ജി സുധാകരന്‍ നിര്‍ദേശം നല്‍കി. മുന്തിയ ഇനം ജയ ഉള്‍പ്പെടെ നാലിനം അരി 14 രൂപയ്ക്കും പച്ചരി 13.50നും വിതരണം ചെയ്തത് അരിവിപണിയിലെ ശക്തമായ ഇടപെടലായി. രാജ്യമെങ്ങും അരിവില കുതിക്കുമ്പോഴും നമ്മുടെ പൊതുവിപണിയില്‍ വിലയിടിവിന് ഇത് വഴിവച്ചു.
25 ഇനം നിത്യോപയോഗസാധനമാണ് ജില്ലാ ആസ്ഥാനങ്ങളിലെ വിലക്കയറ്റവിരുദ്ധ വിപണനമേളയില്‍ ഉണ്ടായിരുന്നത്. കസ്യൂമര്‍ ഫെഡിന്റെ 90 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ്, 1000 നീതിസ്റോര്‍, 3500ല്‍ കൂടുതല്‍ സഹകരണ വിപണനകേന്ദ്രം എന്നിങ്ങനെ 5000 വില്‍പ്പന കേന്ദ്രമാണ് രണ്ടാംഘട്ടത്തിലെ ഓണവിപണിയില്‍ ആസൂത്രണം ചെയ്തിരുന്നത്. 5152 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചു. 25 ഇനം സുപ്രധാന നിത്യോപയോഗസാധനങ്ങള്‍ക്കു പുറമെ ഓണത്തിനു തൊട്ടുമുമ്പുള്ള പത്തു ദിവസം സേമിയ, പാലട, അരിഅട, ഉരുളക്കിഴങ്ങ്, ചുവന്നുള്ളി, സവാള, ഏത്തക്കായ എന്നിവ ഇവിടെ ലഭ്യമാക്കി. ഓണത്തിനു തൊട്ടുമുമ്പുള്ള പത്തു ദിവസം നിയോജകമണ്ഡല ആസ്ഥാനങ്ങളില്‍ സംഘടിപ്പിച്ച വിപുലമായ ഓണം വിപണനമേളയില്‍ ഓണവിഭവങ്ങള്‍ ഉള്‍പ്പെടെ 32 ഇനം നിത്യോപയോഗസാധനങ്ങള്‍ വിതരണം ചെയ്തു. ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ക്കായിരുന്നു ഇതിന്റെ ചുമതല.
രണ്ടായിരം റമദാന്‍ വിപണനകേന്ദ്രങ്ങള്‍ തുടങ്ങാനായിരുന്നു ആദ്യ തീരുമാനം. ജനങ്ങള്‍ക്ക് കഴിയുന്നത്ര ആശ്വാസം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ അത് 2500ല്‍ അധികമാക്കി. എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത. 37 ഇനങ്ങള്‍ സബ്സിഡി നിരക്കില്‍ ഇവിടെ വില്‍ക്കുന്നു. റമദാന്‍ വിപണിയില്‍ ബിരിയാണി അരി (കൈമ), ബിരിയാണി അരി (കോല), ഡാല്‍ഡ, ആട്ട, മൈദ, റവ, കാരയ്ക്ക, പച്ചരിപ്പൊടി, തേയില, മല്ലിപ്പൊടി, മുളക്പൊടി, മഞ്ഞള്‍പ്പൊടി എന്നിവകൂടി സബ്സിഡി നിരക്കില്‍ വിതരണംചെയ്യും. കഴിഞ്ഞവര്‍ഷം 1500 കേന്ദ്രം തുറന്ന സ്ഥാനത്താണ് ഇക്കുറി 2500ല്‍ അധികം റമദാന്‍ ചന്ത തുറക്കുന്നത്. റെക്കോഡ് നേട്ടങ്ങളാണിതൊക്കെ. സിവില്‍ സപ്ളൈസ് വകുപ്പിലൂടെ ജനങ്ങള്‍ക്ക് പരമാവധി വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണംചെയ്യാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ സഹകരണ മേഖലയുടെ പങ്കാളിത്തംകൊണ്ടാണ് പൂര്‍ണതയിലെത്തുന്നത്. അസാധ്യമെന്നു കരുതുന്ന കാര്യങ്ങള്‍ സാധ്യമാക്കിയിരിക്കയാണ് സഹകരണവകുപ്പ്. അതിനു നേതൃത്വം നല്‍കിയ മന്ത്രിയും സഹപ്രവര്‍ത്തകരും സഹകാരികളും അളവറ്റ അഭിനന്ദനം അര്‍ഹിക്കുന്നു.
ഓണത്തിന് 12 കോടിയുടെ വില്‍പ്പന; കുടുംബശ്രീ സൂപ്പര്‍ഹിറ്റ്
ഓണക്കാലത്ത് 12 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ വിജയഗാഥ. 14 ജില്ലയില്‍ 1014 ഓണച്ചന്തവഴിയാണ് കുടുംബശ്രീ റെക്കോഡ് നേട്ടമുണ്ടാക്കിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 10 കോടി രൂപയുടെ വര്‍ധനയുണ്ടായി. 2.27 കോടിയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റ് എറണാകുളം ജില്ലയാണ് ഒന്നാമത്. ഒന്നരക്കോടി വിറ്റുവരവുള്ള ആലപ്പുഴക്ക് രണ്ടാംസ്ഥാനവും. കഴിഞ്ഞ ഓണത്തിന് 387 ചന്തകളിലായി രണ്ടേമുക്കാല്‍ കോടിയുടെ ഉല്‍പന്നങ്ങളാണ് കുടുംബശ്രീ വിറ്റത്. ഇക്കുറി ഓണ വില്‍പ്പന ലക്ഷ്യമിട്ടുള്ള മുന്നൊരുക്കവും സര്‍ക്കാരിന്റെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയം സഹായവും കുടുംബശ്രീക്ക് പ്രോത്സാഹനമായി. ഓരോ പ്രദേശത്തിന്റെയും തനിമയാര്‍ന്ന ഉല്‍പ്പന്നം കമ്പോളത്തിലെത്തിച്ച് ഉല്‍പ്പന്നശ്രേണി വൈവിധ്യമുള്ളതാക്കാന്‍ ഇക്കുറി അയല്‍ക്കൂട്ടങ്ങള്‍ക്കായി. സംസ്ഥാനത്ത് 65,000 അയല്‍ക്കൂട്ട സംരംഭകര്‍ ഓണ വിപണിയില്‍ നേരിട്ടും അല്ലാതെയും ഇടപെട്ടെന്ന് സിഡിഎസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എന്‍ ജഗജീവന്‍ പറഞ്ഞു.
വാഴക്കുല, പഴവര്‍ഗം, പച്ചക്കറി ഇനങ്ങള്‍ എന്നിവയില്‍നിന്നാണ് വരുമാനത്തിന്റെ 25 ശതമാനവും നേടിയത്. കാസര്‍കോട് 'പറങ്കി നട്സ്' എന്ന ബ്രാന്‍ഡില്‍ കശുവണ്ടി വിറ്റപ്പോള്‍ 'ജാം' എന്ന പേരില്‍ പ്രാതലിനുള്ള അഞ്ചിനം ധാന്യപ്പൊടികളുടെ കിറ്റ് 59 രൂപയ്ക്ക് മലപ്പുറത്തെ അയല്‍ക്കൂട്ടങ്ങള്‍ കമ്പോളത്തിലെത്തിച്ചു. കിണ്ണത്തപ്പം പോലുള്ള പലഹാരങ്ങളും കൈത്തറി വസ്ത്രവുമായിരുന്നു കണ്ണൂരിന്റെ പ്രധാന ഇനം. മുളയില്‍ നിര്‍മിച്ച കരകൌശലവസ്തുക്കളും ഫര്‍ണിച്ചറും ചക്ക വിഭവങ്ങളുമായിരുന്നു വയനാട് ജില്ലയുടേത്. ഹോം മെയ്ഡ് ചോക്ളേറ്റിനും സ്ക്വാഷുകള്‍ക്കും തൃശൂരില്‍ നല്ല മാര്‍ക്കറ്റുണ്ടായി. താമരവളയം ഉള്‍പ്പെടെ 34 ഇനം കൊണ്ടാട്ടങ്ങള്‍ പാലക്കാടിന്റെ തനത് ഉല്‍പ്പന്നമായി. കോട്ടയത്ത് പനങ്കള്ളില്‍നിന്നുണ്ടാക്കുന്ന പനംപാനിയും ഇടുക്കിയില്‍ മറയൂര്‍ ശര്‍ക്കര, തേന്‍, മൂന്നാര്‍ സ്ട്രോബറി എന്നിവയും പത്തനംതിട്ടയില്‍ സവിശേഷ കുടമ്പുളി, തേന്‍ എന്നിവയും ആകര്‍ഷണമായി. മാരാരി അച്ചാറും പച്ചക്കറിയുമായിരുന്നു ആലപ്പുഴയുടെ പ്രധാന ഇനങ്ങള്‍. കൊല്ലത്ത് 'താലം' ബ്രാന്‍ഡിലുള്ള ധാന്യപ്പൊടികള്‍ക്കൊപ്പം തഴപ്പായ ഉല്‍പ്പന്നങ്ങളും ഉപഭോക്താക്കളെ ആകര്‍ഷിച്ചു. ബ്രഹ്മി കുറുക്ക്, ചക്കവരട്ടിയത്, പലഹാരങ്ങള്‍ എന്നിവ തിരുവനന്തപുരത്തിന്റെ വിഭവങ്ങളായെത്തി. അച്ചാറുകള്‍, സ്ക്വാഷുകള്‍, പലഹാരങ്ങള്‍, കയള്‍ ഉല്‍പന്നങ്ങള്‍, അരി എന്നിവയായിരുന്നു എറണാകുളം ജില്ല വിറ്റത്. വിവിധ കാരണങ്ങളാല്‍ രംഗംവിട്ട അയല്‍ക്കൂട്ട യൂണിറ്റുകള്‍ ഓണവിപണിയുടെ ഉണര്‍വോടെ മടങ്ങിയെത്തി. ജില്ലാപഞ്ചായത്ത്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ സാമ്പത്തിക പിന്തുണ നല്‍കിയതും ഉല്‍പ്പന്നങ്ങള്‍ക്ക് വിപുലമായ മാര്‍ക്കറ്റിങ് സംവിധാനം ഒരുക്കിയതുമാണ് നേട്ടത്തിന് കാരണം. മൂന്നുവര്‍ഷംമുമ്പ് സിഡിഎസ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികളെടുത്തത്.
കടപ്പാട്: ദേശാഭിമാനി ദിനപ്പത്രം 06 സെപ്തംബര്‍ 2009
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നത് ജനകീയ സമരങ്ങളുടെയും ജനകീയപ്രസ്ഥാനങ്ങളുടെയും സജീവമായ ഇടപെടലിന്റെ ഭാഗമായാണ്. ഇന്ത്യയാകെ എടുത്താല്‍, കേരളത്തിലെ സഹകരണപ്രസ്ഥാനം കൂടുതല്‍ വിപുലവും സജീവവുമാണ്. ബ്ളേഡ് കമ്പനിക്കാരുടെയും ഹുണ്ടിക പലിശക്കാരുടെയും കഴുത്തറുപ്പന്‍ സമീപനങ്ങളില്‍നിന്നും ജനങ്ങളെ രക്ഷിച്ച് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മൂലധനം ഒരുക്കുന്നതില്‍ അതുല്യമായ പങ്കുവഹിച്ച സഹകരണ പ്രസ്ഥാനം ജനജീവിതത്തിന്റെ നാനാതലങ്ങളിലും ഇടപെടുന്ന ഒന്നായി ഉയര്‍ന്നിരിക്കുന്നു.
ReplyDelete