തൊട്ടുകൂടായ്മയ്ക്കും തീണ്ടായ്മയ്ക്കുമെതിരായ പോരാട്ടം ഇന്നത്തെ കേരളം രൂപപ്പെട്ടതിന്റെ അടിസ്ഥാന ശിലകളിലൊന്നാണ്. സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ ധീരധീരം പോരാടിയവരാണ് ഏതൊരുകേരളീയന്റെയും ആത്മാഭിമാനം ജ്വലിപ്പിച്ച് കാലാതിവര്‍ത്തിയായി ആദരിക്കപ്പെടുന്നതും നെഞ്ചേറ്റപ്പെടുന്നതും. ശ്രീനാരായണനും ചട്ടമ്പി സ്വാമികളും അയ്യങ്കാളിയും വൈകുണ്ഠസ്വാമികളും ബ്രഹ്മാനന്ദ ശിവയോഗിയും വാഗ്‌ഭടാനന്ദനും വി ടിയും ഇ എം എസും എല്ലാമടങ്ങുന്ന ആ നേതൃശോഭയാണ് അനീതിയെയും അക്രമത്തെയും എതിര്‍ക്കാന്‍ കേരളീയന്റെ ഹൃദയത്തില്‍ എന്നെന്നും ഊര്‍ജം പകരുന്നത്. ജാതീയയുടെ പേരിലുള്ള ഉച്ചനീചത്വങ്ങള്‍ ചിന്തിക്കാന്‍പോലുമാകാത്ത സ്ഥിതിയിലാണിന്ന് കേരളീയനെങ്കില്‍, നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട് ആ വഴിയിലല്ല. തമിഴ് ഗ്രാമങ്ങളില്‍ ഇന്നും ദളിതന്‍ ആട്ടിയകറ്റപ്പെടുന്നു; മലം ചുമക്കാന്‍ വിധിക്കപ്പെടുന്നു; പന്തിയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നു; ചായക്കടകളിലും പള്ളിക്കൂടങ്ങളിലും വിവേചനത്തിനിരയാകുന്നു. ഒരു ഗ്രാമത്തെ വേര്‍തിരിച്ച്, ദളിതന് പ്രവേശനമില്ലാത്ത ഇടങ്ങള്‍ സൃഷ്ടിക്കാന്‍ മതില്‍ ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥ, ഇത് ഏതു യുഗമാണെന്ന ആശ്ചര്യമാണ് മലയാളിയില്‍ ഉണര്‍ത്തുകയെങ്കില്‍, തമിഴ്‌നാട്ടില്‍ അത് പച്ചയായ യാഥാര്‍ഥ്യമാണ്.
ആദിദ്രാവിഡ പ്രസ്ഥാനത്തിന്റെയും സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ക്കെതിരായ ഉശിരന്‍ പ്രക്ഷോഭങ്ങളുടെയും നാടായിരുന്ന തമിഴ്‌നാടിന് ആ പാരമ്പര്യം പിന്നീട് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. വൈദേശിക അടിമത്തത്തിനെതിരെ കവിതകൊണ്ട് പടയണി നയിച്ച ഭാരതിയാര്‍ ജനക്ഷേമത്തിനു പ്രതിബന്ധമായി നില്‍ക്കുന്ന കൊള്ളരുതായ്മകളെയെല്ലാം എതിര്‍ക്കാനാണ് തമിഴ് മക്കളെ പഠിപ്പിച്ചത്. ജാതിചിന്തയെ അപലപിച്ചും അന്ധവിശ്വാസങ്ങളെ എതിര്‍ത്തും ലിംഗഭേദത്തെ അധിക്ഷേപിച്ചുമുള്ള ഭാരതിയാര്‍ കവിതകളിലെ അഗ്നി തമിഴ്‌നാടിന്റെ പില്‍ക്കാല രാഷ്ട്രീയ പരിണാമങ്ങളില്‍ കൈമോശം വന്നു; ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്വത്വം അധികാര രാഷ്ട്രീയത്തിന്റെ ഗണിതങ്ങളിലേക്ക് വഴിമാറിയപ്പോള്‍ നാടുവാഴിത്തത്തിന്റെ ചങ്ങലക്കെട്ടുകളാണ് തമിഴ് ജനതയിലെ പട്ടിണിപ്പാവങ്ങളായ ഭൂരിപക്ഷത്തെയും വലിച്ചുമുറുക്കിയത്. മലം തലച്ചുമടായി കൊണ്ടുപോകുന്ന പ്രദേശങ്ങളും തിരുട്ടുഗ്രാമങ്ങളും അവിടെയുണ്ടാകുന്നത്, ഭൂപരിഷ്കരണത്തോടും ജനാധിപത്യ മൂല്യങ്ങളോടും പുറംതിരിഞ്ഞുനിന്ന് വികാരവേലിയേറ്റങ്ങളുടെയും വ്യക്ത്യാരാധനാ ഭ്രാന്തിന്റെയും വോട്ട് ബാങ്ക് അന്തരീക്ഷം സൃഷ്ടിക്കാന്‍ എന്നും പാടുപെട്ട ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ചെയ്തികളിലൂടെയാണ്. കേരളത്തിന്റെ നവോത്ഥാന-ദേശീയ പ്രസ്ഥാനങ്ങളുടെ പിന്മുറക്കാരായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയതും കാലികമായ കടമകള്‍ ഏറ്റെടുത്തതും ഇടതുപക്ഷമാണ്. അതേ ഉത്തരവാദിത്തം ഏറ്റെടുത്ത് തമിഴ്‌നാട്ടില്‍ സിപിഐ എം മുന്നേറുന്ന കാഴ്ചയാണ് സമീപനാളുകളിലേത്. അയിത്തത്തിനെതിരായ പ്രക്ഷോഭത്തിന്റെ നായകനായ സിപിഐ എമ്മിനുപിന്നില്‍ ആവേശത്തോടെ തമിഴ് ജനത അണിനിരക്കുന്നുണ്ട്. ആ കാഴ്ച തമിഴ് രാഷ്ട്രീയത്തിലെ പല പ്രബല ശക്തികളെയും അസ്വസ്ഥരാക്കുന്നുമുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന്റെ വിജയസാധ്യത തകര്‍ക്കാന്‍ തമിഴ്‌നാട്ടിലെ ഒരു മണ്ഡലത്തില്‍മാത്രം കേരളത്തിലെ ഇരുപതു മണ്ഡലത്തില്‍ എല്ലാവരുടെയും പ്രചാരണത്തിന് ചെലവാക്കിയതിനേക്കാള്‍ വലിയ തുകയാണ് ചെലവഴിച്ചത്-പണശക്തി അവിടെ ജയിച്ചു. അതേ മണ്ഡലത്തിലാണ് സിപിഐ എം നേതാവും മുനിസിപ്പല്‍ കൌസിലറുമായിരുന്ന വനിതയെ വെട്ടിക്കൊന്നത്. അധികാരം, പണം, ആയുധം എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങളിലൂടെ പുരോഗമനശക്തികളെ തച്ചുതകര്‍ക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍തന്നെ അയിത്തത്തിന്റെയും അനാചാരങ്ങളുടെയും സംരക്ഷകരുമാകുന്നു.
അനാചാരങ്ങളുടെ വിളനിലമായ ഉത്തപുരം ഗ്രാമം സന്ദര്‍ശിക്കാനെത്തിയ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തതും കേസെടുത്തതും അത്തരം ആക്രമണത്തിന്റെ മറ്റൊരു മുഖമാണ്. തിരുപ്പുറംകൊണ്‍ട്രം പൊലീസ് സ്റ്റേഷനില്‍ വൃന്ദയെയും സഹപ്രവര്‍ത്തകരെയും രണ്ട് മണിക്കൂറോളമാണ് തടഞ്ഞുവച്ചത്. എന്തുവന്നാലും ഉത്തപുരത്തേക്ക് പോകുമെന്ന കര്‍ശന നിലപാടിനെത്തുടര്‍ന്നാണ് വൃന്ദയെ പിന്നീട് മോചിപ്പിച്ചത്. കാര്‍ വഴിയില്‍ തടഞ്ഞായിരുന്നു അറസ്റ്റ്. ഉത്തപുരത്ത് പ്രസംഗിക്കാനും വൃന്ദയെ പൊലീസ് അനുവദിച്ചില്ല. ഉത്തപുരത്ത് ക്ഷേത്രപ്രവേശനത്തിന് ദളിത് വിഭാഗം നടത്തിയ പ്രക്ഷോഭത്തിനുനേരെ പൊലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചിരുന്നു. സവര്‍ണരുടെ പീഡനത്തിനെതിരെ അവിടെ രൂക്ഷമായ പ്രക്ഷോഭം നടക്കുകയാണ്. വൃന്ദ കാരാട്ടും മഹിളാ അസോസിയേഷന്‍ നേതാക്കളും എന്തെങ്കിലും കുഴപ്പമുണ്ടാക്കാനോ സ്വകാര്യ ആവശ്യത്തിനോ അല്ല, ഒരു ജനതയുടെ ഏറ്റവും ഗുരുതരമായ പ്രശ്നം നേരിട്ട് മനസ്സിലാക്കാനാണ് ഉത്തപുരത്തേക്ക് പോയതെന്നിരിക്കെ, ആ യാത്ര തടഞ്ഞ ഡിഎംകെ സര്‍ക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധം മാത്രമല്ല, അപരിഷ്കൃതവും ഭരണഘടനാ ലംഘനവുമാണ്. സാമൂഹ്യമായും സാമ്പത്തികമായും അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടും അവയ്ക്ക് വേണ്ടി പോരാടിക്കൊണ്ടും സാമൂഹ്യപ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിനുള്ള നേതൃത്വമാണ് വൃന്ദ കാരാട്ട് ഏറ്റെടുത്തത്. ദളിതരുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയും ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുമുള്ള പോരാട്ടങ്ങളുടെ മുന്‍ നിരയില്‍ത്തന്നെ പാര്‍ടി നില്‍ക്കണം എന്ന സിപിഐ എം പത്തൊന്‍പതാം കോണ്‍ഗ്രസ് തീരുമാനത്തിന്റെ ഭാഗമായാണത്.
ജാതീയമായ അസമത്വവും അനീതിയും ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് സിപിഐ എം നിലകൊള്ളുന്നത്. സങ്കുചിതമായ രാഷ്ട്രീയനേട്ടങ്ങള്‍ക്കുവേണ്ടി ജാതീയ സ്വത്വബോധത്തെ ചൂഷണം ചെയ്യുന്നതിനെ പാര്‍ടി എതിര്‍ക്കുന്നു. അത്തരം എതിര്‍പ്പുന്നയിച്ചുകൊണ്ടുള്ള പ്രക്ഷോഭ-പ്രചാരണ പരിപാടികളോടുള്ള അസഹ്യതയാണ് ഡിഎംകെ സര്‍ക്കാരില്‍ പ്രകടമായത്. എതിര്‍ത്തുതോല്‍പ്പിക്കപ്പെടേണ്ട സമീപനമാണത്. തമിഴ് നാട്ടില്‍ സിപിഐ എം ഏറ്റെടുത്ത ജാതീയതയ്ക്കെതിരായ പോരാട്ടത്തിന് പുതിയ വേഗം നല്‍കുന്ന ചവിട്ടുപടിയായി വൃന്ദ കാരാട്ടിന്റെ അറസ്റ്റിനെതിരെ ആ സംസ്ഥാനത്തുയര്‍ന്ന ജനവികാരം മാറും എന്ന് പ്രത്യാശിക്കുന്നു.
ദേശാഭിമാനി മുഖപ്രസംഗം 14 സെപ്തംബര്‍ 2009

ReplyDelete