Saturday, September 5, 2009

അരാഷ്ട്രീയവാദ രാഷ്ട്രീയം

അരാഷ്ട്രീയവാദ രാഷ്ട്രീയം അരങ്ങു തകര്‍ക്കുമ്പോള്‍, അത് തിരിച്ചറിയാനും ചെറുക്കാനും ജനങ്ങള്‍ തയ്യാറാകുന്നില്ലെങ്കില്‍ നാടിന്റെ പുരോഗതിയെത്തന്നെ അത് സാരമായി ബാധിക്കും. ജാതി - മത - തീവ്രവാദ സംഘടനകളുമായിപ്പോലും കൈകോര്‍ക്കുന്ന 'അരാഷ്ട്രീയവാദികള്‍'ക്ക് വേദി ഒരുക്കുന്നത് സാമ്രാജ്യത്വവിധേയത്വമുള്ള കോണ്‍ഗ്രസ് രാഷ്ട്രീയ നേതൃത്വമാണ്. പല വേഷത്തിലുള്ള ഇവരുടെ വിളയാട്ടം കഴിഞ്ഞ തെരഞ്ഞെടുപ്പിലും കണ്ടു.

പണ്ട് 'ജനയുഗം' വാരികയില്‍ പത്രാധിപരായിരുന്ന കാമ്പിശേരി കരുണാകരന്‍ 'കല്‍ക്കി' എന്ന തൂലികാനാമത്തില്‍ ഒരു പംക്തി കൈകാര്യം ചെയ്തിരുന്നു. പ്രതിഭാശാലിയായ കാമ്പിശേരി നര്‍മ്മം വിതറുന്ന രണ്ടു കഥാപാത്രങ്ങളെ ഈ പംക്തിയില്‍ അവതരിപ്പിച്ചിരുന്നു. 'കൂനന്തറ പരമുവും പൂനാ കേശവനും'. ക്ഷേത്രോല്‍സവപറമ്പുകളിലും മറ്റും പരമുവും കേശവനും സാന്നിദ്ധ്യം അറിയിക്കുന്നു!

ഇരുവരും ഒരുമിച്ചായിരിക്കും പൂരപ്പറമ്പിലെത്തുക. ക്ഷേത്ര ഭാരവാഹികളെ കണ്ട് 'ഉച്ചഭാഷിണി'യിലൂടെ അറിയിപ്പ് നല്‍കും. "കൂനന്തറ പരമു ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കില്‍ സ്റ്റേജിനു പിന്നിലെത്തണം. പൂനാകേശവന്‍ കാത്തുനില്‍ക്കുന്നു'' അടുത്ത ഉല്‍സവപ്പറമ്പിലും ഇതാവര്‍ത്തിക്കും. "പൂനാ കേശവന്‍ ഇവിടെ ഉണ്ടെങ്കില്‍ ചുറ്റമ്പലത്തിന് തെക്കുഭാഗത്ത് തെരുവിലെത്തണമെന്ന് കൂനന്തറ പരമു ആവശ്യപ്പെടുന്നു''.

ഓരോ ഉല്‍സവപ്പറമ്പിലും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ഈ വായ്മൊഴി കോലാഹലം ആവര്‍ത്തിച്ചു കേള്‍ക്കുമ്പോള്‍ ശ്രോതാക്കള്‍ക്ക് സംശയം. ഈ വില്ലന്മാരെ ഒന്നു കാണാനെന്താണ് മാര്‍ഗ്ഗം? അവര്‍ കണ്ണിലെണ്ണയൊഴിച്ചെന്ന മട്ടില്‍ കാത്തിരുന്ന് പരമുവിനെയും കേശവനെയും പിടികൂടും. ഇതുകൊണ്ടൊന്നും ഇരുവര്‍ക്കും കൂസലുണ്ടാകില്ല. അവര്‍ ഒരു തെരുവില്‍നിന്ന് മറ്റൊരിടത്തേക്ക്! എങ്ങനെയും പേരിലൂടെ പ്രശസ്തി നേടുക. നാണംകെട്ടാലും (കു) പ്രസിദ്ധിക്കായുള്ള തേരോട്ടം. തെരുവിലൂടെ ആടിതിമിര്‍ത്ത് സായൂജ്യമടയുക എന്നതായിരുന്നു അവരുടെ ലോകം.

ഈ തലമുറയിലെ പരമു - കേശവന്മാര്‍ ആടിതിമിര്‍ക്കുന്നത് മാധ്യമങ്ങളിലൂടെയാണ്. അരാഷ്ട്രീയവാദ രാഷ്ട്രീയം കയ്യാളുന്നവര്‍ മുമ്പൊക്കെ തെരുവോരങ്ങളില്‍ വിരല്‍മടക്കിയാല്‍ കിട്ടുന്ന സംഖ്യാബലത്തില്‍ ചര്‍ച്ച നടത്തുന്നത് പതിവു കാഴ്ചയായിരുന്നു. ഇത് ഗ്രാമങ്ങളിലല്ല; നഗരങ്ങളില്‍! തേക്കിന്‍കാട് മൈതാനത്തും മാനാഞ്ചിറയിലും പുത്തരിക്കണ്ടത്തും സ്റ്റേഡിയം ഗ്രൌണ്ടിലും ബോട്ടുജെട്ടിയിലും ചിന്നക്കടയിലും ഒക്കെ നെടുങ്കന്‍ പ്രസംഗം കേട്ട് എത്തുന്നവര്‍ക്ക് ചുരുക്കം ചിലരുടെ കൂട്ടത്തെയാണ് ദര്‍ശിക്കാനാവുക!

പക്ഷേ, പിറ്റേന്ന് നാലും അഞ്ചും കോളം തലക്കെട്ട് പിടിച്ചെടുക്കുന്ന വാര്‍ത്തയും ചിത്രങ്ങളുമായി അത് ജനങ്ങളിലെത്തുന്നു. അരാഷ്ട്രീയവാദം എന്നതിന് ഒരു ഭേദഗതിയുണ്ട്; 'മാര്‍ക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയം' പറയുന്നതും ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതും 'നിഷ്പക്ഷ രാഷ്ട്രീയ'ത്തിന്റെ ദര്‍ശനമാണ്. സിപിഐ എമ്മും അതിന്റെ നേതൃനിരയിലുള്ളവരും പ്രവര്‍ത്തകരും രാജ്യത്തിന്റെയും ജനങ്ങളുടെയും ശത്രുക്കളാണെന്ന വ്യാഖ്യാനത്തോടെയുള്ള പ്രചാരണത്തിന് ഏതറ്റംവരെയും അവര്‍ പോകും. ഇവിടെയാണ് അരാഷ്ട്രീയവാദ രാഷ്ട്രീയത്തിന്റെ ഉള്ളറകള്‍ മറനീക്കപ്പെടുന്നത്.

മലയാളത്തിലെ ചില പ്രധാന ചാനലുകളില്‍ നിറഞ്ഞുനില്‍ക്കുന്നവരുടെ മുഖംമിനുക്കാന്‍ ചില വിശേഷണങ്ങള്‍ ചാര്‍ത്തിക്കൊടുക്കാറുണ്ട്. "മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍, ഇടതുപക്ഷ ചിന്തകന്‍, (വലതുപക്ഷ ചിന്തകന്റെ റോള്‍ കാണുന്നില്ല;) ചരിത്ര പണ്ഡിതന്‍'' - ഇങ്ങനെയുള്ള 'അവതാര' പുരുഷന്മാരെ ഇതേ വിശേഷണത്തോടെ കേരളീയര്‍ കാണുന്നത് ഒരു പതിറ്റാണ്ടിനിടെയാണ്.

വടക്കേ ഇന്ത്യയില്‍ പത്രപ്രവര്‍ത്തനം കഴിഞ്ഞ് തലസ്ഥാനത്ത് ചേക്കേറിയ അരാഷ്ട്രീയവാദ മാധ്യമപ്രവര്‍ത്തകന്‍ സിപിഐ എമ്മിനെയും എല്‍ഡിഎഫിനെയും കടന്നാക്രമിക്കുക എന്ന റോളിലാണ് പലപ്പോഴും. ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ്, മനോരമ ചാനലുകളില്‍ രാഷ്ട്രീയ നിരീക്ഷകരായി വരുന്നവര്‍ സിപിഐ എമ്മില്‍നിന്ന് പുറത്തായവരോ, എന്നും ഇടതുപക്ഷത്തെ വെല്ലുവിളിക്കുന്ന ലേഖനമെഴുത്തുകാരോ, പ്രഭാഷകരോ ആണ്. ഇവരുടെ അരികുപറ്റി കോണ്‍ഗ്രസിന്റെയും യുഡിഎഫിലെ ഈര്‍ക്കില്‍ പാര്‍ടികളുടെയും നേതാക്കളും. ഇടതുപക്ഷ പാര്‍ടികളുടെ എംഎല്‍എമാരോ നേതാക്കളോ കൂടി പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുംവിധം പ്രതികരണമുണ്ടായാല്‍ ഭഗത്ചന്ദ്രശേഖരന്മാരുടെ മൂക്ക് വിറയ്ക്കും; "സമയ പരിമിതി; അവിടെ കട്ട്''.

ഇനിയുമുണ്ട് മറ്റൊരു കൂട്ടര്‍: പരസ്പര സഹായ അവാര്‍ഡുദാന (കടലാസ്) സംഘടനകള്‍. ഒരു സംഘടനയുടെ ഭാരവാഹിക്ക് അവാര്‍ഡ് നല്‍കുന്ന നിര്‍ണ്ണയ കമ്മിറ്റി ഭാരവാഹികളുണ്ടാകും. ഇതേ വിധിദാതാക്കള്‍ക്ക് മറ്റൊരു സംഘടനയുടെ അവാര്‍ഡ് ഉറപ്പ്. പിന്നെ കുറെ വിവാദങ്ങള്‍. അവിടെയും പരസ്പരം പുറം ചൊറിയുന്ന ചര്‍ച്ചകള്‍; ചാനലിലേക്കും പത്രങ്ങളിലേക്കും. ഇത്തരക്കാരെ 'ഹൃദയമില്ലാത്തവരുടെ വേദി' എന്നാണ് പണ്ട് മഹാകവി വൈലോപ്പിള്ളി വിശേഷിപ്പിച്ചത്. 'രാഷ്ട്രീയക്കാര്‍ എന്ന് അടച്ച് ആക്ഷേപിക്കുന്ന ഈ അരാഷ്ട്രീയ വാദക്കാരുടെ യഥാര്‍ത്ഥ രാഷ്ട്രീയ നിറം പുറത്താകുന്നത് തെരഞ്ഞെടുപ്പ് കാലത്താണ്. രണ്ടു പതിറ്റാണ്ടോളമായി സിപിഐ എമ്മിന്റെ സമ്മേളന കാലഘട്ടങ്ങളിലും ഇവര്‍ ഏറെ താല്‍പര്യം കാണിക്കാറുണ്ട്.

സിപിഐ എമ്മിന്റെ സംഘടനാ ചട്ടങ്ങളോ പാര്‍ടി ഭരണഘടന അനുശാസിക്കുന്ന നടപടിക്രമങ്ങളോ അറിയാതെ ഇരുട്ടില്‍ തപ്പുന്ന 'രാഷ്ട്രീയ നിരീക്ഷകര്‍' ഉണ്ട്. കേരളത്തിലെ സംഘടനാ പ്രശ്നങ്ങളില്‍ പിബി യോഗം ചര്‍ച്ച ചെയ്തു രൂപപ്പെടുത്തിയ വിഷയങ്ങളും തുടര്‍ന്നുള്ള സംഘടനാ നടപടികളും കേന്ദ്രക്കമ്മിറ്റി യോഗത്തിന്റെ പരിഗണനയ്ക്കുവെച്ച് പിരിഞ്ഞു. കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസിനും ഇനി നടക്കാനിരിക്കുന്ന പാര്‍ടി കോണ്‍ഗ്രസിനുമിടയില്‍ ഇത്തരം സംഘടനാ പ്രശ്നങ്ങളും, പിബി, സിസി നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയെ സംബന്ധിച്ചും ചര്‍ച്ച ചെയ്തു തീരുമാനത്തിലെത്താന്‍ അധികാരമുള്ളത് കേന്ദ്രകമ്മിറ്റിക്കു മാത്രമാണ്. അങ്ങനെ കേന്ദ്രകമ്മിറ്റി കൂടാന്‍ ഒരാഴ്ച അവധിവെച്ച് പിബി യോഗം അവസാനിച്ചപ്പോള്‍ മലയാള മനോരമയും മാതൃഭൂമിയും ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ 'പിബിയില്‍ ഭിന്നത' എന്ന് മുഖ്യ വാര്‍ത്ത നല്‍കി.

ഇങ്ങനെ നല്‍കിയ തെറ്റായ വിവരങ്ങള്‍ വെട്ടിവിഴുങ്ങുന്നവര്‍ ചാനല്‍ ചര്‍ച്ചയില്‍ പിബിയിലെ അംഗങ്ങളെ പല ചേരിയിലാക്കി. പിബി യോഗത്തില്‍ അധ്യക്ഷനായിരുന്ന എം കെ പാന്ഥെ തിരുവനന്തപുരത്ത് വന്നപ്പോള്‍ മാധ്യമങ്ങളിലെ കള്ളവാര്‍ത്തകളും യാഥാര്‍ത്ഥ്യങ്ങളും, മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. എന്നിട്ടും 'വീണിടം വിദ്യ'യാക്കുന്ന ചാനല്‍ ചര്‍ച്ചക്കാരും മനോരമയും ജൂലൈ 12ന് കേന്ദ്രകമ്മിറ്റി യോഗ തീരുമാനം വരുംവരെ അക്ഷമരായി നിലയുറപ്പിച്ചു. അവരുടെ പൂച്ച് എന്തെന്ന് പിന്നീടുള്ള ചാനല്‍ ചര്‍ച്ചകളിലും പത്രത്താളുകളിലും വ്യക്തമായി. വി എസിനെ പിബിയില്‍നിന്ന് ഒഴിവാക്കിയതു കൊണ്ടുമാത്രം അവര്‍ തൃപ്തരല്ല; കേന്ദ്രകമ്മിറ്റിയില്‍ തുടരുന്നതില്‍ എന്തോ വിഷമം ഉള്ളതുപോലെ മുന്‍കാല അച്ചടക്ക നടപടികളുടെ പുറം വായന! പിണറായി വിജയനെക്കൂടി മാറ്റി നിര്‍ത്തേണ്ടതായിരുന്നു!. "കേന്ദ്രകമ്മിറ്റി തീരുമാനം അംഗീകരിക്കുന്നു'' എന്ന് വി എസ് പറഞ്ഞത് ഇക്കൂട്ടര്‍ക്ക് വാര്‍ത്തയല്ല; അതേക്കുറിച്ച്, ചര്‍ച്ചയും വേണ്ട.

ഇത്തരം വാര്‍ത്താവതാരകരെയും, 'രാഷ്ട്രീയ നിരീക്ഷകരെ'യും നോക്കി ഒരിക്കല്‍ പിണറായി വിജയന്‍ പറഞ്ഞു. "നിങ്ങള്‍ക്ക് ഈ പാര്‍ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല'' എന്ന്. ഇതും വിവാദത്തിനുള്ള ചര്‍ച്ചയാക്കുന്നതില്‍ ഇന്ത്യാവിഷനിലെ 'വാരാന്ത' അവലോകനക്കാരന്‍വരെയുണ്ടായി. സ്വാതന്ത്ര്യസമരകാലം മുതല്‍ ഇത്തരം ഞായറാഴ്ച വക്കീലന്മാരെ ഏറെ കണ്ടിട്ടുള്ളത് തിരുവിതാംകൂറിലാണ്. ദിവാനെയും രാജാവിനെയും അമ്മമഹാറാണിയെയും പുകഴ്ത്തുന്ന മംഗളപത്ര സമര്‍പ്പണ പ്രമേയം അംഗീകരിച്ച് പിരിയുന്ന വക്കീലന്മാരും 'കൊട്ടാരം പാട്ടു'കാരും അന്നും ഉണ്ടായിരുന്നു. ഇപ്പോള്‍ സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും 'നിയമിക്കുന്ന'വരുടെ ശിങ്കിടികളെപ്പോലും പുകഴ്ത്തുന്നവരുടെ രാഷ്ട്രീയ സദാചാരവും 'മൂല്യാധിഷ്ഠിത' തത്വചിന്തയും കേള്‍ക്കാന്‍ കേരളീയര്‍ക്ക് ഈ ചാനലുകളും അച്ചടി മാധ്യമങ്ങളും അല്ലാതെ എന്താണൊരു മാര്‍ഗം?

അരാഷ്ട്രീയവാദ രാഷ്ട്രീയക്കാരുടെ മറ്റൊരു കളരി ആരാധനാലയങ്ങളാണ്. ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന നാട്ടിന്‍പുറങ്ങളിലെ 'കുര്യാലകള്‍'പോലും വന്‍ ക്ഷേത്രങ്ങളാക്കി, യജ്ഞവേദികളൊരുക്കുന്നതില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ഗൂഢതന്ത്രങ്ങളുണ്ട്. ഇടവേളകള്‍ ഒഴികെ ഒരിക്കലും അവസാനിക്കാത്ത സപ്താഹ യജ്ഞങ്ങളും അര്‍ച്ചനകളും നിയന്ത്രിക്കുന്നവരില്‍ പലരില്‍ സംഘപരിവാര്‍ വക്താക്കളാണ്. 'വിശ്വഹിന്ദുവും വിശാലഹിന്ദു'വും ഇവിടെ മാറിമാറി മാറ്റുരയ്ക്കുന്നു. യജ്ഞാചാര്യനെ നിശ്ചയിച്ചയക്കുന്നതുപോലും സംഘപരിവാറുകാരാണ്. ഇവിടെ ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുകയാണ്. ഇത്തരം ആരാധനാലയങ്ങളുടെ ഭാരവാഹികളാകുന്നവരില്‍ പലരും അതിവേഗം ധനാഢ്യരാകുന്നു!

യജ്ഞാചാരന്മാരുടെ മണിസൌധങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ഉയരുന്നു...

പണ്ടൊക്കെ വര്‍ഷങ്ങള്‍ ഇടവിട്ട് ലക്ഷാര്‍ച്ചനയും ദശലക്ഷാര്‍ച്ചനയും കോടിയര്‍ച്ചനയും ഒക്കെയായിരുന്നു.

ഇപ്പോള്‍ സപ്താഹയജ്ഞം സര്‍വ്വവ്യാപകം. യജ്ഞാചാര്യന്റെ സൌകര്യാര്‍ത്ഥം മുഹൂര്‍ത്തങ്ങള്‍ മാറിമറിയും! മാസത്തില്‍ ഒരാഴ്ചത്തെ വിശ്രമം ബാക്കിയാക്കി മൂന്നുവീതം സപ്താഹയജ്ഞം നടത്തുന്നവരുണ്ട്. ഇവിടെ 15,000 രൂപ മുതല്‍ 30,000 രൂപവരെയാണ് യജ്ഞാചാര്യന്റെ നിരക്ക്. ക്ഷേത്രഭാരവാഹികള്‍ നല്‍കുന്ന ഈ തുകയ്ക്കു പുറമെ ഭക്തരുടെ ദക്ഷിണ വേറെയും. വര്‍ഷം പത്തുലക്ഷത്തിലേറെ വരുമാനം കൊയ്യുന്ന യജ്ഞാചാര്യന്റെ പ്രഭാഷണകലയില്‍ മയങ്ങുന്നവരേറെ! കൂട്ടായി വന്നെത്തുന്ന ഭാഗവത പാരായണക്കാരന്റെ ആലാപനശൈലിയിലുമുണ്ട് ആകര്‍ഷകത! ഇഷ്ടദേവീ - ദേവന്മാരുടെ തിരുവിളയാടലിന്റെ നിയന്ത്രണം ഈ യജ്ഞാചാര്യന്മാരിലാണെന്നാണ് വ്യാഖ്യാനം.

യജ്ഞം തുടങ്ങിയാല്‍ പിന്നെ നാലുകിലോമീറ്റര്‍ ചുറ്റളവില്‍ കോളാമ്പി മൈക്കിലൂടെയുള്ള കോലാഹലം. കുട്ടികള്‍ക്ക് പഠിക്കാനാകുന്നില്ല. ഗൃഹപാഠം ചെയ്യാനാവാതെ വിഷമിക്കുന്നത് പാവപ്പെട്ടവരുടെ മക്കളാണ്. ട്യൂഷന്‍ സെന്ററില്‍ പോകാന്‍ അവര്‍ക്കാകില്ലല്ലോ? നാട്ടിന്‍പുറങ്ങളിലെ വിദ്യാലയങ്ങളെ മാത്രം ആശ്രയിക്കുന്നവര്‍ക്ക് ബോഡിങ്ങിനെക്കുറിച്ച് സ്വപ്നം കാണാനുമാകില്ല. ഇവിടെ അജ്ഞരും നിരക്ഷരരുമായ ഒരു തലമുറയെ സൃഷ്ടിക്കുകയാണ് 'ഉച്ചഭാഷിണി യജ്ഞ'ത്തിലൂടെ. കോടതിനിരോധനവും, ശബ്ദമലിനീകരണം തടയാനുള്ള നിയമങ്ങളും ഇവിടെ വഴിമാറും. ഇതിനോട് പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താന്‍ അരാഷ്ട്രീയവാദക്കാരും, സംഘപരിവാറും കൈകോര്‍ക്കും. അജ്ഞരുടെ തലമുറയെ ഇവര്‍ ഇഷ്ടപ്പെടുന്നു. വിശ്വാസത്തിന്റെ മറവില്‍. യഥാര്‍ത്ഥ വിശ്വാസികളും ഇവിടെ ചൂഷണം ചെയ്യപ്പെടുകയാണ്.

പി വി പങ്കജാക്ഷന്‍ ചിന്ത

1 comment:

  1. പണ്ട് 'ജനയുഗം' വാരികയില്‍ പത്രാധിപരായിരുന്ന കാമ്പിശേരി കരുണാകരന്‍ 'കല്‍ക്കി' എന്ന തൂലികാനാമത്തില്‍ ഒരു പംക്തി കൈകാര്യം ചെയ്തിരുന്നു. പ്രതിഭാശാലിയായ കാമ്പിശേരി നര്‍മ്മം വിതറുന്ന രണ്ടു കഥാപാത്രങ്ങളെ ഈ പംക്തിയില്‍ അവതരിപ്പിച്ചിരുന്നു. 'കൂനന്തറ പരമുവും പൂനാ കേശവനും'. ക്ഷേത്രോല്‍സവപറമ്പുകളിലും മറ്റും പരമുവും കേശവനും സാന്നിദ്ധ്യം അറിയിക്കുന്നു!

    ഇരുവരും ഒരുമിച്ചായിരിക്കും പൂരപ്പറമ്പിലെത്തുക. ക്ഷേത്ര ഭാരവാഹികളെ കണ്ട് 'ഉച്ചഭാഷിണി'യിലൂടെ അറിയിപ്പ് നല്‍കും. "കൂനന്തറ പരമു ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കില്‍ സ്റ്റേജിനു പിന്നിലെത്തണം. പൂനാകേശവന്‍ കാത്തുനില്‍ക്കുന്നു'' അടുത്ത ഉല്‍സവപ്പറമ്പിലും ഇതാവര്‍ത്തിക്കും. "പൂനാ കേശവന്‍ ഇവിടെ ഉണ്ടെങ്കില്‍ ചുറ്റമ്പലത്തിന് തെക്കുഭാഗത്ത് തെരുവിലെത്തണമെന്ന് കൂനന്തറ പരമു ആവശ്യപ്പെടുന്നു''.

    ഓരോ ഉല്‍സവപ്പറമ്പിലും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ഈ വായ്മൊഴി കോലാഹലം ആവര്‍ത്തിച്ചു കേള്‍ക്കുമ്പോള്‍ ശ്രോതാക്കള്‍ക്ക് സംശയം. ഈ വില്ലന്മാരെ ഒന്നു കാണാനെന്താണ് മാര്‍ഗ്ഗം? അവര്‍ കണ്ണിലെണ്ണയൊഴിച്ചെന്ന മട്ടില്‍ കാത്തിരുന്ന് പരമുവിനെയും കേശവനെയും പിടികൂടും. ഇതുകൊണ്ടൊന്നും ഇരുവര്‍ക്കും കൂസലുണ്ടാകില്ല. അവര്‍ ഒരു തെരുവില്‍നിന്ന് മറ്റൊരിടത്തേക്ക്! എങ്ങനെയും പേരിലൂടെ പ്രശസ്തി നേടുക. നാണംകെട്ടാലും (കു) പ്രസിദ്ധിക്കായുള്ള തേരോട്ടം. തെരുവിലൂടെ ആടിതിമിര്‍ത്ത് സായൂജ്യമടയുക എന്നതായിരുന്നു അവരുടെ ലോകം.

    ReplyDelete