Tuesday, September 29, 2009

ലോകക്രമത്തിലെ പുതിയ പ്രവണതകള്‍

ഏകലോകക്രമത്തിന്റെ വക്താക്കള്‍ ബഹുധ്രുവതയെ അംഗീകരിക്കാന്‍ നിര്‍ബന്ധിതമാകുന്നതിന്റെ സൂചനയാണ് ജി 20 ഉച്ചകോടി നല്‍കുന്നത്. ഇതുവരെയും സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടെ തീരുമാനമെടുക്കുന്നതില്‍ ലോകത്തിനു നേതൃത്വം നല്‍കിയിരുന്നത് ജി എട്ട് ഉച്ചകോടിയായിരുന്നു. നേരത്തെ ഇത് ജി ഏഴായിരുന്നു. സോവിയറ്റ് യുണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യയെക്കൂടി ഉള്‍പ്പെടുത്തിയപ്പോഴാണ് എട്ടംഗ കൂട്ടായ്മയായി വികസിച്ചത്. ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയനിധിയുടെയും തീരുമാനങ്ങളെ സ്വാധീനിച്ചിരുന്നത് വന്‍കിട രാജ്യങ്ങളായിരുന്നു. അതിന് അനുസൃതമായാണ് അവയുടെ ഘടനയും രൂപവും സൃഷ്ടിച്ചിരുന്നത്. രാഷ്ട്രീയ കാര്യങ്ങളിലും നയതന്ത്ര കാര്യങ്ങളിലും തീരുമാനമെടുക്കുന്ന ഐക്യരാഷ്ട്ര സംഘടനയും സാമ്രാജ്യത്വ രാജ്യങ്ങളുടെ പാവയായാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനവും പ്രസക്തമായിരുന്നു. പ്രധാന രാജ്യങ്ങള്‍ക്ക് നല്‍കുന്ന വീറ്റോ അധികാരം പിന്‍വലിക്കണമെന്നും ജനാധിപത്യപരമായി ഈ സ്ഥാപനം പ്രവര്‍ത്തിക്കണമെന്നും വികസ്വരരാജ്യങ്ങള്‍ തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ട്. ഐഎംഎഫും ലോകബാങ്കും പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതിനൊന്നും ചെവികൊടുക്കാതെ തങ്ങളുടെ മേധാവിത്വം തുടരുകയാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സംഘം ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിയിരിക്കുന്നു.

അമേരിക്കയെയും ലോകത്തെയും പിടിച്ചുലച്ച സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിനു കൈകാലിട്ടടിക്കുകയാണ് വികസിത രാജ്യങ്ങള്‍. വലിയ തോതില്‍ പൊതുപണം ഒഴുക്കി നടത്തിയ ജാമ്യമെടുക്കല്‍ പ്രക്രിയ വഴി ജീവവായു സംഘടിപ്പിച്ചു നില്‍ക്കുന്ന സമ്പദ്ഘടനകള്‍ക്ക് പഴയതുപോലെ നിലപാട് എടുക്കുന്നതിനു ശക്തിയില്ല. പ്രതിസന്ധിയില്‍പ്പെട്ട് ഉഴലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന ചൈനയിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിയുന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമായിരുന്നതുകൊണ്ട് വലിയ തോതില്‍ പ്രതിസന്ധി നേരിടേണ്ടിവരാത്ത ഇന്ത്യന്‍ ധനസ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും ശ്രദ്ധേയമാണ്. ഇത്തരം രാജ്യങ്ങളുടെ അഭിപ്രായംകൂടി കേള്‍ക്കാതെ തീരുമാനങ്ങള്‍ എടുക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍ അപക്വമാണെന്ന് ലോകം അംഗീകരിച്ചിരിക്കുന്നു. ചൈനയും ഇന്ത്യയും ബ്രസീലും ഉള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങള്‍ പറയുന്നതുകൂടി കേട്ടുമാത്രമേ ഇനി പ്രധാന സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുകയുള്ളൂ. ഐഎംഎഫിന്റെ ഓഹരിയിലും വോട്ടവകാശത്തിലും മാറ്റം വരുത്താന്‍ ജി 20 ഉച്ചകോടി തയ്യാറായത് സ്വാഗതാര്‍ഹമാണ്. ഏഴുശതമാനം വോട്ടെങ്കിലും വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്ഘടനകള്‍ക്ക് കൈമാറണമെന്നും അതുവഴി അവരുടെ വോട്ടവകാശം 51 ശതമാനത്തിലേക്ക് ഉയര്‍ത്തണമെന്നുമായിരുന്നു ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അത്രയും മാറ്റം വരുത്തുന്നതിന് സമ്പന്നരാജ്യങ്ങള്‍ തയ്യാറായില്ല. അഞ്ചുശതമാനം വോട്ടവകാശത്തില്‍ മാറ്റം വരുത്തിയെങ്കിലും 51ശതമാനം തങ്ങളുടെ നിയന്ത്രണത്തില്‍ത്തന്നെ നിലനിര്‍ത്താന്‍ സമ്പന്ന രാജ്യങ്ങള്‍ക്ക് കഴിഞ്ഞു. ലോകബാങ്കിന്റെ ഘടനയിലും മൂന്നുശതമാനം വോട്ടവകാശത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇത്രയെങ്കിലും ചെയ്യാന്‍ നിര്‍ബന്ധിതമായത് മാറ്റത്തിന്റെ സൂചനയാണ്. പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിനായുള്ള ഉത്തേജകപാക്കേജുകള്‍ പെട്ടെന്ന് പിന്‍വലിക്കേണ്ടതില്ലെന്നും ഉച്ചകോടി തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെടലിന്റെ പ്രസക്തിയിലേക്കാണ് പൊതുവെ പിന്തുണ ലഭിച്ചത്. എന്നാല്‍, ഇത്തരം സാമ്പത്തിക സഹായങ്ങള്‍ ഉയര്‍ന്ന എക്സിക്യൂട്ടിവുകളുടെ ശമ്പളത്തിനും മറ്റു ആനുകൂല്യങ്ങള്‍ക്കുമായി തിരിച്ചുവിടുന്നതിനെതിരെയും ചര്‍ച്ച ഉയര്‍ന്നുവന്നിരുന്നു.

പുതിയ തീരുമാനങ്ങള്‍ സാമ്രാജ്യത്വരാജ്യങ്ങളും മൂന്നാംലോകരാജ്യങ്ങളും തമ്മിലുള്ള വൈരുധ്യം പുതിയ ദിശയിലേക്ക് വികസിക്കുന്നതിന്റെ സൂചനയാണെന്നാണ് പൊതുവെ കരുതുന്നത്. എന്നാല്‍, രാജ്യങ്ങള്‍ക്ക് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള പരമാധികാരത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന സംശയം ഉയര്‍ന്നത് കാണാതിരുന്നുകൂടാ. തീരുമാനങ്ങള്‍ എടുക്കുന്നതിന് സഹായകരമായ അഭിപ്രായങ്ങളുടെ പങ്കുവയ്ക്കലുകള്‍ പരിഗണനാര്‍ഹമാണെങ്കിലും അത് ഒരു രാജ്യത്തിന്റെമേലും ഒന്നും അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയിലാകരുത്. എണ്ണയുടെ കാര്യത്തില്‍ ഉച്ചകോടിയുടെ ചര്‍ച്ചകള്‍ രാജ്യത്തിന്റെ പൊതുതാല്‍പ്പര്യത്തിന് എതിരാണ്. ഡീസലിനും മണ്ണെണ്ണയ്ക്കും മറ്റും നല്‍കുന്ന സബ്സിഡി കൂടുതല്‍ ഉപഭോഗത്തിലേക്ക് നയിക്കുന്നെന്നും അത് ആഗോളതാപനത്തെ പ്രതികൂലമായി ബാധിക്കുന്നെന്നുമാണ് ഉച്ചകോടിയുടെ നിഗമനം.

ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ സാധാരണക്കാര്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായിക്കുകയാണ് സബ്സിഡികള്‍ ചെയ്യുന്നത്. ലോക എണ്ണശേഖരത്തിന്റെ മേല്‍ കടന്നാക്രമണങ്ങളിലൂടെ നിയന്ത്രണം പിടിച്ചെടുത്ത അമേരിക്കയിലേതിനേക്കാളും ഉയര്‍ന്ന വില പെട്രോളിനു നല്‍കാന്‍ നിര്‍ബന്ധിതമായ രാജ്യമാണ് ഇന്ത്യ. അമേരിക്കപോലുള്ള രാജ്യങ്ങളില്‍ പൊതുഗതാഗതം പരിമിതമായതിനാല്‍ ഇത്തരം രാജ്യങ്ങളില്‍ എണ്ണയുടെ ഉപഭോഗം ഏറെ അധികമാണ്. ഒരാള്‍മാത്രം സഞ്ചരിക്കുന്ന കാറുകളാണ് അമേരിക്കയില്‍ അധികവും. ആഗോളതാപനത്തിനു ഏറ്റവുമധികം സംഭാവന നല്‍കുന്ന രാജ്യമാണ് അമേരിക്ക. ഇത്തരം കാര്യങ്ങള്‍ മറച്ചുവച്ച് വികസ്വരാജ്യങ്ങളുടെമേല്‍ പുതിയ നിബന്ധനകളും തീരുമാനങ്ങളും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇത്തരം കാര്യങ്ങളിലും ജനാധിപത്യപരവും ശാസ്ത്രീയവുമായി തീരുമാനങ്ങള്‍ എടുക്കുന്നതിനു കഴിയണം. തൊണ്ണൂറുകള്‍ക്ക് ശേഷം രൂപംകൊണ്ട പുതിയ ലോകസാഹചര്യം അതുപോലെ തുടരുന്നതിനു കഴിയാത്ത പുതിയ സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. രണ്ടാംലോകമഹായുദ്ധവും അതിനുശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമാണ് അമേരിക്കയെ ലോകനേതൃത്വത്തിലേക്ക് പ്രതിഷ്ഠിച്ചത്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി അമേരിക്കന്‍ മേധാവിത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. തങ്ങളുടെ ആധിപത്യം അംഗീകരിക്കുന്നതുവരെയുള്ള ഏത് ഒത്തുതീര്‍പ്പുകള്‍ക്കും ആ രാജ്യം തയ്യാറാണെന്നാണ് പുതിയ കാര്യങ്ങള്‍ കാണിക്കുന്നത്. അതില്‍നിന്ന് എത്രമാത്രം വൈരുധ്യങ്ങള്‍ ശക്തിപ്പെട്ട് മുന്നോട്ടുപോകുമെന്നതായിരിക്കും പുതിയ ചരിത്രഗതിയെ നിര്‍ണയിക്കുന്നത്.

ദേശാഭിമാനി മുഖപ്രസംഗം 29 സെപ്തംബര്‍ 2009

1 comment:

  1. ഏകലോകക്രമത്തിന്റെ വക്താക്കള്‍ ബഹുധ്രുവതയെ അംഗീകരിക്കാന്‍ നിര്‍ബന്ധിതമാകുന്നതിന്റെ സൂചനയാണ് ജി 20 ഉച്ചകോടി നല്‍കുന്നത്. ഇതുവരെയും സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടെ തീരുമാനമെടുക്കുന്നതില്‍ ലോകത്തിനു നേതൃത്വം നല്‍കിയിരുന്നത് ജി എട്ട് ഉച്ചകോടിയായിരുന്നു. നേരത്തെ ഇത് ജി ഏഴായിരുന്നു. സോവിയറ്റ് യുണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യയെക്കൂടി ഉള്‍പ്പെടുത്തിയപ്പോഴാണ് എട്ടംഗ കൂട്ടായ്മയായി വികസിച്ചത്. ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയനിധിയുടെയും തീരുമാനങ്ങളെ സ്വാധീനിച്ചിരുന്നത് വന്‍കിട രാജ്യങ്ങളായിരുന്നു. അതിന് അനുസൃതമായാണ് അവയുടെ ഘടനയും രൂപവും സൃഷ്ടിച്ചിരുന്നത്. രാഷ്ട്രീയ കാര്യങ്ങളിലും നയതന്ത്ര കാര്യങ്ങളിലും തീരുമാനമെടുക്കുന്ന ഐക്യരാഷ്ട്ര സംഘടനയും സാമ്രാജ്യത്വ രാജ്യങ്ങളുടെ പാവയായാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനവും പ്രസക്തമായിരുന്നു.

    ReplyDelete