Wednesday, September 9, 2009

സ. ചടയന്റെ സ്‌മരണ

കേരളത്തിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന സ. ചടയന്‍ ഗോവിന്ദന്‍ നമ്മെ വിട്ടുപിരിഞ്ഞത് 1998ല്‍ ഇതേദിവസമാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരവേയാണ് സഖാവിന്റെ വേര്‍പാടുണ്ടായത്. എല്ലാവിധ വ്യതിയാനങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി പാര്‍ടിയെയും വര്‍ഗപ്രസ്ഥാനങ്ങളെയും മുന്നോട്ട് നയിക്കുന്നതിനാണ് സ. ചടയന്‍ ജീവിതത്തിലുടനീളം പരിശ്രമിച്ചത്. നാടിനും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിനും അപരിഹാര്യമായ നഷ്ടം സൃഷ്ടിക്കുന്നതായിരുന്നു ആ വിയോഗം. സഖാവ് കാട്ടിത്തന്ന മാതൃക പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകുന്നതിന് പ്രസ്ഥാനത്തിന് അതുല്യമായ കരുത്ത് നല്‍കുന്നതാണ്. സ. ചടയന്റെ വിലാപയാത്രയില്‍ പങ്കെടുത്ത ജനസാമാന്യം അദ്ദേഹത്തെ എത്രമാത്രം ആദരവോടെയും സ്നേഹത്തോടെയുമാണ് കേരളം കണ്ടത് എന്നതിന് തെളിവായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ കമ്പില്‍തെരുവില്‍ നെയ്ത്തുതൊഴിലാളി കുടുംബത്തില്‍ ജനിച്ച ചടയന്‍ പട്ടിണിക്കാരന്റെ മോചനത്തിന് ഏകമാര്‍ഗം കമ്യൂണിസമാണെന്നും വര്‍ഗബോധവും പോരാട്ടവുമാണെന്നും തിരിച്ചറിഞ്ഞ് കൌമാരപ്രായത്തില്‍ത്തന്നെ വിപ്ളവപ്രവര്‍ത്തനത്തിലേക്ക് ധീരമായി ചുവടുവച്ചു. വളരെ ചെറുപ്പത്തില്‍, പാര്‍ടിനേതാക്കളെ ഒളിവില്‍ പാര്‍പ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ മുഴുകി ആരംഭിച്ച പൊതുപ്രവര്‍ത്തനം പടിപടിയായി, കേരളത്തിലെ വിപ്ളവപ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തേക്കാണ് ചടയനെ എത്തിച്ചത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ. കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ ഉപജീവനത്തിനായി നെയ്ത്തുപണിയിലേര്‍പ്പെട്ടു. സ്വയംതൊഴിലെടുത്തുകൊണ്ടുതന്നെ, പഴയ ചിറയ്ക്കല്‍ താലൂക്കില്‍ നെയ്ത്തുതൊഴിലാളികളുടെ പ്രസ്ഥാനം സംഘടിപ്പിച്ചു. അതിലൂടെ രാഷ്ട്രീയപ്രവര്‍ത്തകനായ അദ്ദേഹം സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോഴും നെയ്ത്തുതൊഴിലാളികളുടെ സംഘടനയില്‍ തുടര്‍ന്നു. സംസ്ഥാന കൈത്തറി കൌസില്‍ പ്രസിഡന്റായി മരണംവരെ പ്രവര്‍ത്തിച്ചു.

ശാന്തമായി പെരുമാറുകയും പ്രശ്നങ്ങളെ അവധാനതയോടെയും പക്വതയോടെയും സമീപിക്കുകയും ചെയ്ത ചടയന്‍, പ്രസ്ഥാനം ആക്രമിക്കപ്പെടുന്ന ഘട്ടത്തിലെല്ലാം വിട്ടുവീഴ്ചയില്ലാത്ത പോരാളിയായി മാറി. പൊലീസ്-ഗുണ്ടാ തേര്‍വാഴ്ചയ്ക്കെതിരെ സുധീരമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്നതില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. 1948ല്‍ കമ്പില്‍ അങ്ങാടിയില്‍ വളന്റിയര്‍മാരെ സംഘടിപ്പിച്ച് ഗുണ്ടകളെ നേരിടാന്‍ പാര്‍ടി തീരുമാനിച്ചപ്പോള്‍ ചടയന്‍ അതിന്റെ മുന്‍നിരയിലാണുണ്ടായത്. 1970കളില്‍ മിച്ചഭൂമി സമരത്തിന്റെ ഭാഗമായി പൊലീസ് ഗുണ്ടാമര്‍ദനമുണ്ടായപ്പോള്‍ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കി. ചേലേരിയിലെ ജന്മി അനന്തന്‍ നമ്പ്യാര്‍ പൂഴ്ത്തിവച്ച നെല്ല് പിടിച്ചെടുത്ത് പാവങ്ങള്‍ക്ക് വിതരണംചെയ്ത വളന്റിയര്‍മാരുടെ കൂട്ടത്തില്‍ ചടയനുമുണ്ടായിരുന്നു. അതിന്റെ പേരില്‍ കൊടുങ്കാട്ടില്‍ ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞു. പിന്നീട് അറസ്റ്റിലായ ചടയനെ എംഎസ്പിക്കാര്‍ പൈശാചികമായി മര്‍ദിച്ചു. മറ്റൊരു ഘട്ടത്തില്‍ ചടയന്റെ കൊച്ചുവീട് എംഎസ്പിയും ഗുണ്ടകളും ചേര്‍ന്ന് നശിപ്പിച്ചു. ഗത്യന്തരമില്ലാതെ വീരാജ്‌പേട്ടയിലേക്ക് നാടുവിട്ട് അവിടെ മൂന്നുമാസത്തോളം ഉരുട്ടുകട്ട നിര്‍മാണത്തൊഴിലാളിയായി. അടിയന്തരാവസ്ഥക്കാലത്തടക്കം ദീര്‍ഘകാലം ഒളിവിലും 20 മാസം ജയിലിലും കഴിയേണ്ടിവന്നു.

1948ല്‍ പാര്‍ടി സെല്ലില്‍ അംഗമായ ചടയന്‍ നാലുകൊല്ലത്തിനകംതന്നെ പ്രാദേശിക നേതൃനിരയിലേക്കുയര്‍ന്നു. 1952ല്‍ ഇരിക്കൂര്‍ ഫര്‍ക്കാ കമ്മിറ്റി അംഗമായി അല്‍പ്പകാലം മുഴുവന്‍സമയ പ്രവര്‍ത്തനം, വീണ്ടുമൊരിടവേളയില്‍ നെയ്ത്തുപണി എന്ന നിലയിലായിരുന്നു. 1962ല്‍ ഇരിക്കൂര്‍ ഫര്‍ക്കാ സെക്രട്ടറി, 1964ല്‍ സിപിഐ എം നിലവില്‍ വന്നപ്പോള്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ചടയന്‍ 1979ല്‍ പാര്‍ടിയുടെ ജില്ലാ സെക്രട്ടറിയായി. 1985ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും 1996 മെയ് മുതല്‍ മരണംവരെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇടക്കാലത്ത് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിക്കുകയുണ്ടായി. സംഘടനാപരമായി പാര്‍ടി കടുത്ത വെല്ലുവിളി നേരിട്ട ഘട്ടത്തിലാണ് ചടയന്‍ കണ്ണൂര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചത്. നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, എംഎല്‍എ എന്നീ നിലകളിലും മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്.

ഇടപെടുന്ന വിഷയങ്ങള്‍ ഗാഢമായി പഠിക്കുക, വസ്തുതകളുടെ പിന്‍ബലത്തില്‍മാത്രം അഭിപ്രായം പറയുക, നീതിനിഷ്ഠമായി പ്രശ്നങ്ങളെ സമീപിക്കുക- ഇതെല്ലാം ചടയന്റെ നിഷ്ഠകളായിരുന്നു. അനഭിലഷണീയ പ്രവണതകളോടും തെറ്റുകളോടും കര്‍ക്കശമായി പ്രതികരിച്ച അദ്ദേഹം അവയ്ക്കടിപ്പെട്ടുപോകുന്ന സഖാക്കളെ തിരുത്താനും മുന്‍കൈയെടുത്തു.

വിലക്കയറ്റത്തിന്റെയും വരള്‍ച്ചയുടെയും ദൂഷ്യഫലങ്ങള്‍ രാജ്യത്തെ ജനങ്ങളെ പൊറുതിമുട്ടിക്കുകയും യുപിഎ സര്‍ക്കാരിന്റെ ദുര്‍നയങ്ങള്‍ക്കെതിരെ പ്രതിഷേധം അലയടിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഇത്തവണ ചടയന്റെ സ്മരണ പുതുക്കുന്നത്. സാമ്രാജ്യദാസ്യത്തിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് ഇന്ന് രാജ്യം. ഇന്ത്യക്ക് സ്വന്തമായി പ്രതിരോധ രഹസ്യങ്ങളില്ലെന്നും രാജ്യത്തിന്റെ സുപ്രധാന ആയുധപ്പുരകള്‍പോലും അമേരിക്കന്‍ പരിശോധനയ്ക്കായി തുറന്നുകൊടുക്കേണ്ടതുമാണെന്ന സ്ഥിതി, സാമ്രാജ്യത്വത്തിന്റെ നീരാളിക്കൈകള്‍ നമ്മുടെ നാടിനെ എത്രമാത്രം വലിഞ്ഞുമുറുക്കിയിരിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. കര്‍ഷക ആത്മഹത്യകളും വിശപ്പടക്കാന്‍ കര്‍ഷകന് സ്വന്തം ഭാര്യയെ വില്‍ക്കേണ്ടിവരുന്നതുള്‍പ്പെടെയുള്ള ദുരിതചിത്രമാണ് നമുക്കു മുന്നിലുള്ളത്. ജനങ്ങള്‍ കണ്ണീരുകുടിക്കുമ്പോള്‍ യുപിഎ സര്‍ക്കാര്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ ശക്തമായി നടപ്പാക്കുന്നു. വിരലിലെണ്ണാവുന്ന ശതകോടീശ്വരന്മാര്‍ക്കായി ജനകോടികള്‍ക്കുമേല്‍ കഷ്ടപ്പാടുകള്‍ അടിച്ചേല്‍പ്പിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റുതുലയ്ക്കുന്നു. പ്രകൃതി വിഭവങ്ങള്‍ മൂലധനശക്തികളുടെ കൊള്ളയ്ക്കായി തുറന്നുകൊടുക്കുന്നു. ഇന്ത്യയുടെ പ്രതിരോധ രംഗത്ത് പ്രത്യക്ഷമായ അമേരിക്കന്‍ ഇടപെടല്‍ അനുവദിക്കുകയാണ്. കാര്‍ഷികമേഖലയ്ക്ക് മരണമണി മുഴക്കുന്ന ആസിയന്‍ സ്വതന്ത്ര വ്യാപാര കരാറില്‍, രാജ്യത്തെ കര്‍ഷക ജനസാമാന്യത്തിന്റെ എല്ലാ എതിര്‍പ്പും മറികടന്നാണ് യുപിഎ സര്‍ക്കാര്‍ ഒപ്പിട്ടത്. നാണ്യവിളകള്‍ക്ക് പ്രാധാന്യമുള്ള കേരളത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന ഉടമ്പടിയാണത്. ആസിയന്‍ രാജ്യങ്ങളില്‍ ചിലതിലെയും ഇന്ത്യയിലെയും ഏതാനും കോര്‍പറേറ്റുകളാണ് ഈ കരാറിന്റെ യഥാര്‍ഥ ഉപഭോക്താക്കള്‍. കരാര്‍ അതിവേഗം നടപ്പാക്കാനുള്ള മുന്‍കൈയെടുത്തത് ഈ കോര്‍പറേറ്റുകളാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. മലേഷ്യയിലെ പാമോയില്‍ ലോബിയുടെ ചരടുവലിയും തെളിഞ്ഞിട്ടുള്ളതാണ്. കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ക്കായി കേരളത്തിന്റെ കാര്‍ഷികമേഖലയെ ബലികഴിക്കുകയാണ് ഈ കരാറിലൂടെ യുപിഎ സര്‍ക്കാര്‍. കേരളത്തിന്റെ സാധാരണ ജനജീവിതത്തെപ്പോലും ഈ കരാര്‍ ബാധിക്കും. ലോക വ്യാപാര സംഘടനയുടെ ദോഹവട്ട ചര്‍ച്ച പുനരാരംഭിക്കാന്‍ എടുത്ത തീരുമാനം ഈ സ്ഥിതിയെ കൂടുതല്‍ വഷളാക്കുന്നതിലേക്കാണ് നയിക്കുക.

യുഡിഎഫിലെ പ്രധാന കക്ഷിയായ കേരള കോഗ്രസ് മാണി വിഭാഗമുള്‍പ്പെടെ ആസിയന്‍ കരാരിനെതിരെ മുന്നോട്ടുവന്നിട്ടുണ്ട്. കൂടെ നില്‍ക്കുന്നവരെപ്പോലും ബോധ്യപ്പെടുത്താനാകാത്ത കരാറിനെ ന്യായീകരിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് കോഗ്രസ് നേതാക്കള്‍. കര്‍ഷകരും മത്സ്യത്തൊഴിലാളികളുമുള്‍പ്പെടെ ആസിയന്‍ കരാറിന്റെ ദൂഷ്യഫലങ്ങള്‍ മനസ്സിലാക്കി പ്രക്ഷോഭരംഗത്തുവരികയാണ്. ഇടതുപക്ഷം ഉയര്‍ത്തിയ പ്രതിഷേധ ശബ്ദം, ഇന്നലെവരെ ഇടതുപക്ഷത്തിനെതിരെ നിന്നവര്‍പോലും ഏറ്റെടുക്കുന്നു. ഇപ്പോള്‍ത്തന്നെ കേരളത്തിലെ കര്‍ഷകര്‍ പ്രതിസന്ധികള്‍ക്കു നടുവിലാണ്. യുഡിഎഫ് ഭരണകാലത്ത് കര്‍ഷക ആത്മഹത്യകളുടെ നാട് എന്ന വിശേഷണമാണ് കേരളത്തിനുണ്ടായിരുന്നതെങ്കില്‍, എല്‍ഡിഎഫ് അധികാരമേറ്റയുടനെ എടുത്ത നടപടിയിലൂടെ അനല്‍പ്പമായ ആശ്വാസമാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. എന്നാല്‍, തലതിരിഞ്ഞ ഇറക്കുമതിനയവും കാര്‍ഷികമേഖലയോടുള്ള കേന്ദ്ര അവഗണനയും നിമിത്തം കര്‍ഷകരുടെ പ്രയാസങ്ങള്‍ അകന്നില്ല. നാളികേരത്തിന് ഇപ്പോള്‍ തുച്ഛമായ വിലയാണ് ലഭിക്കുന്നത്. ഇറക്കുമതിചെയ്തെത്തുന്ന ഭക്ഷ്യ എണ്ണകള്‍ വെളിച്ചെണ്ണയുടെ വിപണി തകര്‍ക്കുന്നു. പുതിയ വ്യാപാരക്കരാറുകളുടെ മറവില്‍ ഭക്ഷ്യഎണ്ണകള്‍ വന്‍തോതില്‍ വരുന്നതോടെ നമ്മുടെ നാളികേരം പാഴ്വസ്തുവാകും. ഇത്തരം അപകടം മനസ്സിലാക്കിയാണ് വിവിധ കര്‍ഷക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുള്ളത്.

കേന്ദ്ര യുപിഎ സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം നടപ്പാക്കുന്ന ആഗോളവല്‍ക്കരണ നയസമീപനങ്ങളുടെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ഇടതുപക്ഷ ബദല്‍ ഉയര്‍ത്താനുള്ള ഇടപെടലാണ് സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിനു ബദലായി അവയെ സംരക്ഷിക്കുന്നു; ലാഭത്തിലേക്കുയര്‍ത്തുന്നു. സാമൂഹ്യ സുരക്ഷാപദ്ധതികളില്‍നിന്ന് പിന്മാറുന്നതിനു പകരം പുതിയ വിഭാഗങ്ങള്‍ക്ക് ക്ഷേമപദ്ധതി ഏര്‍പ്പെടുത്തുന്നു, നിലവിലുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുള്ള ഇടപെടല്‍ കേരളത്തെ മാതൃകാപരമായ സ്ഥാനത്തേക്കാണുയര്‍ത്തിയത്. സംസ്ഥാനസര്‍ക്കാരിന്റെ ഇത്തരം നേട്ടം ജനങ്ങളില്‍ ഉയര്‍ത്തുന്ന വമ്പിച്ച മതിപ്പിനെ വഴിതിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ഇടതുപക്ഷത്തിന്റെ ശത്രുക്കളുടേത്. സമീപ നാളുകളില്‍ അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദങ്ങളില്‍ അത് തെളിഞ്ഞുകാണാം. അത്തരം കുപ്രചാരണങ്ങളെയും കടന്നാക്രമണങ്ങളെയും ചെറുത്തുതോല്‍പ്പിച്ച് സംസ്ഥാനസര്‍ക്കാരിന്റെയും അതിനെ നയിക്കുന്ന സിപിഐ എമ്മിന്റെയും കരുത്ത് വര്‍ധിപ്പിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനരംഗത്താണ് ഇന്ന് സംസ്ഥാനത്തെ സിപിഐ എം പ്രവര്‍ത്തകരാകെ. ജനപക്ഷത്തുനിന്നുകൊണ്ട് പാര്‍ടിയെടുക്കുന്ന നിലപാടുകള്‍ക്കും അതിന്റെ ഭാഗമായുള്ള ജനകീയ പോരാട്ടങ്ങള്‍ക്കും സ. ചടയന്റെ ഓര്‍മ കരുത്തു പകരും.

കേരളത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന ആസിയന്‍ കരാറിനെതിരായ മഹാമുന്നേറ്റമായി ഒക്ടോബര്‍ രണ്ടിന്റെ മനുഷ്യച്ചങ്ങലയെ മാറ്റാനുള്ള പ്രവര്‍ത്തനത്തില്‍ കരുത്തോടെ മുഴുകുക എന്ന കടമയാണ് ഇക്കുറി ചടയനെ സ്മരിച്ചുകൊണ്ട് കേരളത്തിലെ പാര്‍ടി പ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടത്.

പിണറായി വിജയന്‍

1 comment:

  1. കേരളത്തിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന സ. ചടയന്‍ ഗോവിന്ദന്‍ നമ്മെ വിട്ടുപിരിഞ്ഞത് 1998ല്‍ ഇതേദിവസമാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരവേയാണ് സഖാവിന്റെ വേര്‍പാടുണ്ടായത്. എല്ലാവിധ വ്യതിയാനങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി പാര്‍ടിയെയും വര്‍ഗപ്രസ്ഥാനങ്ങളെയും മുന്നോട്ട് നയിക്കുന്നതിനാണ് സ. ചടയന്‍ ജീവിതത്തിലുടനീളം പരിശ്രമിച്ചത്. നാടിനും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിനും അപരിഹാര്യമായ നഷ്ടം സൃഷ്ടിക്കുന്നതായിരുന്നു ആ വിയോഗം.

    ReplyDelete