Tuesday, September 8, 2009

ഒരു കൊലപാതകവും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും

യുവവ്യവസായിയായ മുത്തൂറ്റ് പോള്‍ എം ജോര്‍ജ്ജ് ആലപ്പുഴയ്ക്കുസമീപം ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പോലീസ് സംവിധാനത്തെയും ആഭ്യന്തര വകുപ്പിനെയും കടന്നാക്രമിക്കുവാന്‍ കള്ളക്കഥകളുടെ കുത്തൊഴുക്കു സൃഷ്ടിക്കുകയാണ് കേരളത്തിലെ മാധ്യമങ്ങള്‍. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ദുര്‍വ്യാഖ്യാനങ്ങളുംകൊണ്ട് ഇടതുപക്ഷത്തെയും അതിന്റെ മുന്നണി സര്‍ക്കാരിനെയും അധിക്ഷേപിക്കുന്ന ഒരു വലതുപക്ഷ-മാധ്യമ കൂട്ടുകെട്ട് അന്‍പതുകളുടെ അവസാനം മുതല്‍ തന്നെ ഇവിടെയുണ്ട്. കുപ്രസിദ്ധമായ വിമോചനസമരകാലത്ത് സെല്‍ഭരണത്തിന്റെയും കമ്യൂണിസ്റ്റ് അക്രമങ്ങളുടെയും നുണകളാണ് സൃഷ്ടിച്ചതെങ്കില്‍ ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ പേരില്‍പോലും നുണക്കഥകള്‍ മെനയുകയുമാണ് ചെയ്യുന്നത്. എന്നാല്‍ കൊല്ലപ്പെട്ട പോള്‍ മുത്തൂറ്റിന് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ചിലരുമായി ഇപ്പോള്‍ ആരോപിക്കപ്പെടുന്ന വിധത്തിലുള്ള അടുത്ത ബന്ധം എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ച് ഈ മാധ്യമങ്ങള്‍ യാതൊരു അന്വേഷണവും നടത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്.

പോള്‍ എം ജോര്‍ജ്ജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തെപ്പറ്റി അദ്ദേഹത്തിന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ നിഷ്പക്ഷമതികളായ മറ്റാരെങ്കിലുമോ ഇതുവരെ യാതൊരാക്ഷേപവും ഉന്നയിച്ചിട്ടില്ല. അന്വേഷണത്തെപ്പറ്റി അന്തിമവിധിയെഴുതാന്‍ തക്കവണ്ണം കേസിന്റെ മുഴുവന്‍ വശങ്ങളും പോലീസ് പരിശോധിച്ചു കഴിഞ്ഞിട്ടുമില്ല. പോള്‍ വധത്തെ സംബന്ധിച്ച് ഇതുവരെ പുറത്തുവന്നിട്ടുള്ള വസ്തുതകളെല്ലാം സൂക്ഷ്മമായ അന്വേഷണത്തിലൂടെ സംസ്ഥാന പോലീസ് പുറത്തുകൊണ്ടുവന്നിട്ടുള്ളതാണ്. ഉദാഹരണത്തിന് പോളിനോടൊപ്പം വാഹനത്തില്‍ ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരുടെ സാന്നിദ്ധ്യം. ഇങ്ങനെ പോലീസ് തന്നെ കണ്ടെത്തുകയും പരസ്യപ്പെടുത്തുകയും ചെയ്ത വിവരങ്ങളെ ചുറ്റിപ്പറ്റി കല്‍പിത കഥകള്‍ മെനഞ്ഞ് ഓരോ ദിവസവും വായനക്കാര്‍ക്ക് നല്‍കാനുള്ള വിഭവങ്ങളൊരുക്കുകയാണ് മാധ്യമങ്ങള്‍. ഇത്തരം കഥകള്‍ സാമാന്യബുദ്ധി ഉപയോഗിച്ച് പരിശോധിച്ചാല്‍ തന്നെ അവയിലെ പൊള്ളത്തരം ഏതു സാധാരണക്കാരനും മനസ്സിലാകും.

പോള്‍ കൊല്ലപ്പെട്ട സ്ഥലത്തുനിന്നും ഓം പ്രകാശും രാജേഷും രക്ഷപ്പെട്ട ഫോര്‍ഡ് എന്‍ഡവര്‍ കാര്‍ ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്ന് വിട്ടു നല്‍കിയെന്നും കാറിലുണ്ടായിരുന്ന ഗുണ്ടകളെ നേരത്തെ പോകാനനുവദിച്ചു എന്നുമായിരുന്നു മാധ്യമങ്ങള്‍ ആദ്യം പ്രചരിപ്പിച്ചത്. മലയാള മനോരമ ദിനപത്രം ആഗസ്ത് 31ന് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലും വാഹനം വിട്ടുകൊടുത്തു എന്ന നുണ ആവര്‍ത്തിക്കുന്നു. എന്നാല്‍ വസ്തുത എന്താണ്? ചവറ പോലീസ് സ്റ്റേഷനില്‍ ഈ ഫോര്‍ഡ് എന്‍ഡവര്‍ വാഹനം ഇപ്പോഴുമുണ്ട്. ഈ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ പുലര്‍ച്ചെ ചവറയില്‍ കണ്ടെത്തുകയായിരുന്നു. വാഹനം കൊണ്ടുപോകാനെത്തിയവര്‍ ഫോര്‍ഡ് വര്‍ക്ഷോപ്പില്‍ നിന്നാണെന്ന് പോലീസിനോടു പറയുകയും അവരെ വിശദമായി ചോദ്യം ചെയ്തശേഷം വിട്ടയക്കുകയുമായിരുന്നു. ഇവര്‍ ആരൊക്കെയാണെന്ന് പോലീസിന് അറിയാമെന്നതുകൊണ്ടുതന്നെ കേസന്വേഷണത്തിന്റെ ഏതു ഘട്ടത്തിലും ഇവരില്‍നിന്ന് വീണ്ടും വിവരങ്ങള്‍ ശേഖരിക്കാവുന്നതാണ്. വധക്കേസില്‍ ഇവര്‍ പ്രതികളല്ലെന്നോര്‍ക്കുക.

ഗുണ്ടകളായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നതാണ് മറ്റൊരു ഒളിയമ്പ്. നേരത്തെ സൂചിപ്പിച്ചതുപോലെ ഓംപ്രകാശിനെയും രാജേഷിനെയും കേസുമായി ബന്ധിപ്പിച്ചതുതന്നെ പോലീസാണ്. ഇവരെ സഹായിക്കാനായിരുന്നെങ്കില്‍ പോളിനോടൊപ്പം സഞ്ചരിച്ചിരുന്നത് ഈ ക്രിമിനലുകളാണെന്ന വസ്തുത മറച്ചുവയ്ക്കാമായിരുന്നല്ലോ. പുത്തന്‍പാലം രാജേഷ് ഗുണ്ടാനിയമപ്രകാരം അറസ്റ്റിലായി തടവിനുശേഷം പുറത്തുവന്നയാളാണ്. ഇതേത്തുടര്‍ന്ന് വീണ്ടും പോലീസ് ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയുംചെയ്തു. ഓംപ്രകാശിനെതിരെ ഗുണ്ടാനിയമപ്രകാരം വാറണ്ട് പുറപ്പെടുവിച്ചു. അതിനുശേഷം ഇയാള്‍ ഒളിവിലാണ്. ഇങ്ങനെ ഒളിവില്‍ പോകുന്ന സാമൂഹ്യവിരുദ്ധരുടെ സ്വത്ത് കണ്ടുകെട്ടാന്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം സാധിക്കും. ഈ സാധ്യത ഉപയോഗിക്കുന്നതിന് ജില്ലാ കലക്ടര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് അപേക്ഷ നല്‍കുകയും ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തുകഴിഞ്ഞു. ഓംപ്രകാശിന് സിപിഐ എം ബന്ധമുണ്ടെന്ന് ആരോപിക്കുന്നവര്‍ ബോധപൂര്‍വ്വം വിട്ടുകളഞ്ഞ ഒരു വസ്തുത ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. 2002ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഇയാള്‍ക്ക് പാസ്പോര്‍ട്ട് ലഭിച്ചതെന്നാണ് മന്ത്രി പറഞ്ഞത്. പാസ്പോര്‍ട്ട് ലഭിക്കുന്നതിന് മുന്നോടിയായി പോലീസ് പരിശോധന നടത്തും. ഈ പരിശോധനയില്‍ ക്രിമിനല്‍ കേസുകളുണ്ടെന്ന് വ്യക്തമായാല്‍ പാസ്പോര്‍ട്ടിനുള്ള അപേക്ഷ നിരസിക്കപ്പെടും. ഇവിടെ യുഡിഎഫ് ഭരണകാലത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഓം പ്രകാശിന് പാസ്പോര്‍ട്ട് ലഭിക്കാനും യഥേഷ്ടം വിദേശസഞ്ചാരം നടത്താനും തടസ്സമുണ്ടായില്ല. എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ ഇയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടിയെടുത്തു. ഇതില്‍ നിന്നു തന്നെ ഓംപ്രകാശ് ഏത് മുന്നണിയുടെ ആളാണെന്ന് വ്യക്തമാണല്ലോ.

മന്ത്രി പുത്രന്മാരുമായി ബന്ധപ്പെട്ടാണ് മാധ്യമങ്ങളുടെ മറ്റൊരു വ്യക്തിഹത്യാപരിശ്രമം. സംസ്ഥാനത്ത് ഏത് പ്രശ്നമുണ്ടായാലും അതില്‍ ഒരു മന്ത്രിബന്ധുബന്ധം കൂട്ടിച്ചേര്‍ത്തു പറയുക ഒരു ദുശ്ശീലം പോലെയായിട്ടുണ്ട്. കാടടച്ചു വെടിവയ്ക്കുന്ന ഒരു തന്ത്രമാണ് ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. മന്ത്രിസഭയിലെ ഒട്ടേറെ അംഗങ്ങള്‍ക്ക് പുത്രന്മാരുണ്ട്. അവരിലാരെന്ന് വ്യക്തമാക്കാതെ ആരോപണങ്ങളുന്നയിച്ചും എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ചില സൂചനകള്‍ നല്‍കിയും അതുവഴി ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. പൊതുജനമധ്യത്തില്‍ മന്ത്രിമാരെ താറടിച്ചുകാണിക്കുക എന്ന ലക്ഷ്യം നിറവേറികഴിഞ്ഞാല്‍ ആരോപണങ്ങളില്‍നിന്ന് നിശബ്ദമായി പിന്‍വാങ്ങുകയും ചെയ്യും. ഉദാഹരണമായി ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിന്റെ കഥ തന്നെ നോക്കുക. പ്രമാദമായ ഈ സാമ്പത്തിക തട്ടിപ്പു കേസില്‍ മന്ത്രിപുത്രന് പങ്കുണ്ടെന്നും അതിനാല്‍ പ്രതികള്‍ രക്ഷപ്പെടുമെന്നും നിക്ഷേപകര്‍ പെരുവഴിയിലാകുമെന്നുമൊക്കെയായിരുന്നല്ലോ പ്രചാരണം. എന്നാല്‍ ഈ കേസില്‍ സംഭവിച്ചതെന്താണെന്ന് ഇന്നേത് കൊച്ചുകുട്ടിക്കുമറിയാം. കേസിലെ പ്രധാന പ്രതികളെല്ലാം പിടിയിലായി. കേരള ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു സാമ്പത്തിക തട്ടിപ്പു നടത്തിയതിന് പ്രതികള്‍ ജാമ്യം ലഭിക്കാതെ മാസങ്ങളോളം തടവറയ്ക്കുള്ളിലാകുന്നത്. നിക്ഷേപകര്‍ക്ക് ലഭിക്കാനുള്ള പണം റിക്കവറി നടത്തി. ഇത് കോടതി വഴി തട്ടിപ്പിനിരയായവര്‍ക്ക് ലഭിക്കും. കാര്യങ്ങള്‍ ഇത്രത്തോളമായപ്പോള്‍ മാധ്യമങ്ങള്‍ക്ക് മന്ത്രി പുത്രനെപ്പറ്റി മിണ്ടാട്ടമില്ല. അങ്ങനെയിരിക്കുമ്പോഴാണ് പോള്‍ മുത്തൂറ്റിന്റെ കൊലപാതകം വീണു കിട്ടിയത്.

എന്തുകൊണ്ടാണ് ആഭ്യന്തരവകുപ്പിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് സാമൂഹ്യവിരുദ്ധരും വലതുപക്ഷ രാഷ്ട്രീയക്കാരും ചില മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്നുള്ള അവിശുദ്ധബന്ധം മറനീക്കുന്നത്. ചരിത്രത്തില്‍ ഒരിക്കലുമില്ലാത്ത വിധം മെച്ചപ്പെട്ട ഒരു പോലീസ് സംവിധാനമാണ് ഇന്ന് സംസ്ഥാനത്തുള്ളത്. മറ്റെല്ലാ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റുകളുടെയും പോലീസ് നയത്തിന്റെ കാലാനുസൃതമായി പരിഷ്കരിച്ച തുടര്‍ച്ചയാണ് ഈ ഗവണ്‍മെന്റിന്റേതും. എന്നാല്‍ പുതിയ കാലത്ത് രൂപപ്പെട്ടുവന്ന ആശയങ്ങളെ സ്വാംശീകരിച്ചും കൂടുതല്‍ സങ്കീര്‍ണമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പോലീസ് സേനയെ നവീകരിച്ചും മികച്ച പ്രവര്‍ത്തനമാണ് ആഭ്യന്തര വകുപ്പ് കാഴ്ചവയ്ക്കുന്നത്. വകുപ്പുമന്ത്രിയെന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രവര്‍ത്തനശൈലിയെയോ വ്യക്തിശുദ്ധിയെയോ കുറിച്ച് രാഷ്ട്രീയ ശത്രുക്കള്‍ക്കുപോലും ആക്ഷേപമില്ല. പോള്‍ മുത്തൂറ്റ് വധവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിനെ താറടിക്കുക എന്ന ലക്ഷ്യംവച്ച് ഇടതുപക്ഷത്തെ രാഷ്ട്രീയമായും കായികമായും ആക്രമിക്കുന്ന ബിജെപിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ജന്മഭൂമി ദിനപത്രത്തില്‍ കഴിഞ്ഞയാഴ്ച വന്ന ഒരു ലേഖനത്തില്‍പോലും പല മുന്‍ ആഭ്യന്തര മന്ത്രിമാര്‍ക്കും ഉള്ളതുപോലെയുള്ള വ്യക്തിപരമായ വീഴ്ചകള്‍ കോടിയേരി ബാലകൃഷ്ണനില്ല എന്നാണ് പറയുന്നത്. അപ്പോള്‍ പിന്നെ ഇപ്പോള്‍ നടത്തുന്ന മാധ്യമവേട്ടയാടലിനു പിന്നിലെ അജണ്ട എന്താണ്. ജനമൈത്രീ സുരക്ഷാ പദ്ധതി മുതല്‍ ആധുനികവല്‍ക്കരണം വരെയുള്ള പോലീസിലെ പരിഷ്കരണ നടപടികള്‍ സ്വാഭാവികമായും സൃഷ്ടിക്കുന്ന മികച്ച പ്രതിച്ഛായ തകര്‍ക്കുക. പോലീസ് സംവിധാനത്തെ യുഡിഎഫ് കാലത്തെപോലെ അധികാരികളുടെ ചട്ടുകവും മര്‍ദ്ദനോപകരണവുമായി നിലനിര്‍ത്തുക. ഇത് മുതലാളിത്തത്തിന്റെയും വലതുപക്ഷത്തിന്റെയും എക്കാലത്തെയും ആവശ്യമാണ്. ഫാസിസ്റ്റുകളുടെ രീതിയും ഇതില്‍നിന്ന് വ്യത്യസ്തമല്ല. ഒരു നുണ ആവര്‍ത്തിച്ച് പറഞ്ഞ് സത്യമാക്കി മാറ്റാമെന്ന തത്വം പ്രായോഗികമാക്കിയത് ഹിറ്റ്ലറുടെ പ്രചാരണമന്ത്രി ഗീബല്‍സാണെന്ന് നമുക്കറിയാം. ആധുനിക കാലത്ത് ആയിരക്കണക്കിന് ഗീബല്‍സുമാരെ ഉപയോഗിക്കാന്‍ വലതുപക്ഷ രാഷ്ട്രീയക്കാര്‍ക്ക് കഴിയുന്നു എന്നു മാത്രം.

പി വി അഖിലേഷ് ചിന്ത വാരിക

6 comments:

  1. യുവവ്യവസായിയായ മുത്തൂറ്റ് പോള്‍ എം ജോര്‍ജ്ജ് ആലപ്പുഴയ്ക്കുസമീപം ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പോലീസ് സംവിധാനത്തെയും ആഭ്യന്തര വകുപ്പിനെയും കടന്നാക്രമിക്കുവാന്‍ കള്ളക്കഥകളുടെ കുത്തൊഴുക്കു സൃഷ്ടിക്കുകയാണ് കേരളത്തിലെ മാധ്യമങ്ങള്‍. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ദുര്‍വ്യാഖ്യാനങ്ങളുംകൊണ്ട് ഇടതുപക്ഷത്തെയും അതിന്റെ മുന്നണി സര്‍ക്കാരിനെയും അധിക്ഷേപിക്കുന്ന ഒരു വലതുപക്ഷ-മാധ്യമ കൂട്ടുകെട്ട് അന്‍പതുകളുടെ അവസാനം മുതല്‍ തന്നെ ഇവിടെയുണ്ട്. കുപ്രസിദ്ധമായ വിമോചനസമരകാലത്ത് സെല്‍ഭരണത്തിന്റെയും കമ്യൂണിസ്റ്റ് അക്രമങ്ങളുടെയും നുണകളാണ് സൃഷ്ടിച്ചതെങ്കില്‍ ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ പേരില്‍പോലും നുണക്കഥകള്‍ മെനയുകയുമാണ് ചെയ്യുന്നത്. എന്നാല്‍ കൊല്ലപ്പെട്ട പോള്‍ മുത്തൂറ്റിന് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ചിലരുമായി ഇപ്പോള്‍ ആരോപിക്കപ്പെടുന്ന വിധത്തിലുള്ള അടുത്ത ബന്ധം എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ച് ഈ മാധ്യമങ്ങള്‍ യാതൊരു അന്വേഷണവും നടത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്.

    ReplyDelete
  2. പോലീസ് കത്തി പണിയാന്‍ ഓര്‍ഡര്‍ കൊടുത്തന്നോ പണിയിച്ചെന്നോ ഒക്കെ ബൂര്‍ഷ്വാ മാധ്യമങ്ങള്‍! ദേശാഭിമാനിയില്‍ വാര്‍ത്ത വരുന്നത് വരെ ഏതായാലും വിശ്വസിക്കാന്‍ പറ്റൂല!!

    ReplyDelete
  3. ബൈജുവിനു വിശ്വസിക്കാം. മിക്കവാറും ഏക് ദിന്‍ കാ സെന്‍സേഷണല്‍ വാര്‍ത്തയായേക്കും. എന്നാലും സാരമില്ല. അതുവരെ വിശ്വസിക്കാം.

    ReplyDelete
  4. ദിവസം ഒന്നു കഴിഞ്ഞു, ഒന്നും നടന്നിട്ടില്ല, നടന്നത് കൈരളിക്ക് കൊല്ലനെ ആര്‍ എസ്സ് എസ്സുകാരനാക്കി മാറ്റാന്‍ കഴിഞ്ഞു എന്നു മാത്രം. പിന്നെ ഓംപ്രകാശും രാജേഷും കീഴടങ്ങി, കള്ളന്‍ കപ്പലില്‍ തന്നെ അതോണ്ട് ഇനിയും നീണ്ടാല്‍ സര്‍ക്കാരിന്‍ നാണക്കേട് കൂടും എന്ന് കള്ളനു മനസ്സിലായെങ്കില്‍ കള്ളന്‍റെ നല്ല മനസ്സിനു മുന്നില്‍ നല്ല രണ്ട് നമസ്കാരം.

    ReplyDelete
  5. കൊല്ലപ്പണിക്കാരന്റെ അനിയന്‍ RSS ആണെന്നു വീരഭൂമി. ഹാവൂ ഈ ആസിയാനിലെ കാണാച്ചരടു കാലത്ത് ഇത്രയെനിക്ലും 'സത്യം' എഴുതിയല്ലോ.ഇപ്പൊ മാതൃഭൂമി ഓണ്‍ലൈന്‍ വായിച്ചാ ചൂടോടെ കാണാം. അല്ലെങ്കി ചിലപ്പോ മാഞ്ഞു പോകും.

    ReplyDelete
  6. ???കൊല്ലൻ പ്രസാദ് സിപി‌എം അനുഭാവിയല്ലേ? ഈ മാതൃഭൂമി വാർത്ത തെറ്റാണോ????

    അമ്പോ മാതൃഭൂമി വാര്‍ത്ത തെറ്റുമോ,

    എന്നാല്‍ ഉറപ്പായും ഒരു "അസത്യം" ആ വാര്‍ത്തയുടെ ഏറ്റവും ഒടുവില്‍ കാണാം
    അതിങ്ങനെ "കൊല്ലപ്പണിക്കാരന്റെ അനിയന്‍ RSS അനുഭാവി ആണ്."
    ഹാവൂ. ഈ ആസിയാനിലെ കാണാച്ചരടു കാലത്ത് ഇത്രയെനിക്ലും 'balanced സത്യം' എഴുതിയല്ലോ.

    ReplyDelete