Friday, September 11, 2009

മതിയാക്കരുതോ രക്തദാഹം

രാജ്യത്ത് ക്രമസമാധാനപാലനത്തില്‍ ഏറ്റവും മികച്ച നേട്ടം കൈവരിച്ച സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തത് സിപിഐ എമ്മുമായോ എല്‍ഡിഎഫുമായോ ഏതെങ്കിലും ബന്ധമുള്ളവരല്ല. ഇന്ത്യാ ടുഡേ നടത്തിയ സര്‍വെയുടെയും പഠനത്തിന്റെയും ഫലമാണ് ആ അംഗീകാരം. അതിന് ആധാരമാക്കിയതാകട്ടെ, 2007-08ലെ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളാണ്. കേന്ദ്ര ഗവമെന്റിന്റെ കണക്കുകളും വിലയിരുത്തലും പരിശോധിച്ചുകൊണ്ടാണ് കേരളത്തിന് അംഗീകാരം നല്‍കിയത് എന്നര്‍ഥം. സിപിഐ എമ്മിനെതിരെ കടുത്ത നിലപാടുകളെടുക്കുന്ന പ്രസിദ്ധീകരണം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗംകൂടിയായ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെ വിളിച്ച് ആദരിക്കാന്‍ തയ്യാറാകുന്നുണ്ടെങ്കില്‍, കേരളത്തിലെ ക്രമസമാധാനപാലനം ആര്‍ക്കും നിഷേധിക്കാനാവാത്ത മേന്മ പുലര്‍ത്തുന്നു എന്ന അര്‍ഥവുമുണ്ടതിന്. ഇന്ന് കേരളത്തിലെ പ്രതിപക്ഷവും ഏതാനും മാധ്യമങ്ങളും ആഭ്യന്തര വകുപ്പിനെതിരെ നടത്തുന്ന കടന്നാക്രമണം എത്രമാത്രം കാപട്യപൂര്‍ണമാണെന്ന് തെളിയിക്കാന്‍ ഇന്ത്യ ടുഡേയുടെ ഈ അംഗീകാരംതന്നെ ധാരാളം.

രാജ്യത്തെ ഇടതുപക്ഷത്തിന്റെ നായകസ്ഥാനത്തുള്ള; മൂന്നു സംസ്ഥാന ഗവമെന്റുകളെ നയിക്കുന്ന; ആഗോളവല്‍ക്കരണത്തിനും സാമ്രാജ്യത്വ അടിമത്തത്തിനുമെതിരായ കരുത്തന്‍ പ്രതിരോധമുയര്‍ത്തുന്ന സിപിഐ എമ്മിനെ ആക്രമിക്കാനുള്ള അനേകം ആയുധങ്ങളിലൊന്നാണ് കേരളത്തിലെ ആഭ്യന്തരവകുപ്പിനും അതിന്റെ മന്ത്രി കോടിയേരി ബാലകൃഷ്ണനുമെതിരായ കുപ്രചാരണങ്ങള്‍. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സ്വഭാവഹത്യ നടത്താന്‍ അരുതാത്ത വഴികളിലൂടെ സഞ്ചരിച്ച് തളര്‍ന്നവര്‍തന്നെയാണ് ഇതിനുപിന്നിലും.

മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസ് കേരളത്തിലെ പൊലീസ് അതിവേഗം അന്വേഷിച്ച് കുറ്റവാളികളെ പിടികൂടിയ ഒന്നാണ്. പതിറ്റാണ്ടുകള്‍ മുമ്പുനടന്ന ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പിനെ ഇന്നുവരെ പിടിക്കാനാകാത്ത നാടാണിത്. ചേകന്നൂര്‍ മൌലവി വധക്കേസ് ഇന്നുവരെ എങ്ങുമെത്തിയിട്ടില്ല. കെ കരുണാകരന്‍, വയലാര്‍ രവി, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ആഭ്യന്തരവകുപ്പ് ഭരിച്ചപ്പോള്‍ നടന്ന എണ്ണമറ്റ കൊലപാതകങ്ങളും ഇതര കുറ്റകൃത്യങ്ങളും ഇന്നും തെളിയിക്കപ്പെടാതെ കിടക്കുന്നുണ്ട്; കുറ്റവാളികള്‍ നിര്‍ബാധം വിഹരിക്കുന്നുണ്ട്. അത്തരം കേസുകളുടെ ഗണത്തിലേക്ക് തള്ളിവിടാതെ അതിവേഗം അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്നതാണ് ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ആരോപണമാക്കിയിരിക്കുന്നത്. പോള്‍ ജോര്‍ജിനെ കുത്തിയ പ്രതി കാരി സതീശന്‍ കുറ്റം സമ്മതിച്ചത് മാധ്യമങ്ങള്‍ക്ക് ദഹിക്കുന്നില്ല. അയാളുടെ ബന്ധുക്കളും വക്കീലന്മാരും പ്രതിയെ ന്യായീകരിച്ച് നിരത്തുന്ന വാദങ്ങള്‍ മാധ്യമങ്ങളുടെ പ്രധാന വാര്‍ത്തയായി അനുദിനം മാറുന്നു. പ്രതികള്‍ക്കുവേണ്ടി നിര്‍ലജ്ജം വിടുവേലചെയ്യുന്ന അപമാനകരമായ മാധ്യമപ്രവര്‍ത്തനമാണ് അരങ്ങേറുന്നത്.

പോള്‍ ജോര്‍ജിന്റെ സഹചാരികളായിരുന്ന രണ്ട് ഗുണ്ടകള്‍ രക്ഷപ്പെട്ടതിനെ ചുറ്റിപ്പറ്റിയുള്ള അനേകം കഥകളിറക്കുകയും അതിലൂടെ മറ്റുചില ദുസ്സൂചനകള്‍ പ്രക്ഷേപണം ചെയ്യുകയുമായിരുന്നു മാധ്യമങ്ങള്‍. പൊലീസിനെ വെട്ടിച്ച് കേരളം വിട്ട ഗുണ്ടകള്‍ ഗത്യന്തരമില്ലാതെ ഇപ്പോള്‍ കീഴടങ്ങിയിരിക്കുന്നു. അവരെ പൊലീസ് സംരക്ഷിക്കുകയായിരുന്നെന്ന കള്ളക്കഥ പൊളിഞ്ഞിരിക്കുന്നു. കേരള പൊലീസ് അതീവ ജാഗ്രതയോടെ എടുത്ത നടപടികളുടെയും രാജ്യവ്യാപകമായി നടത്തിയ അന്വേഷണത്തിന്റെയും ഫലമായിത്തന്നെയാണ് പ്രതികള്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതരായത്. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ പ്രതികളെ മാധ്യമങ്ങള്‍ക്കുമുന്നില്‍ നിരത്തിനിര്‍ത്തി മാധ്യമ വിചാരണയ്ക്ക് സൌകര്യം ചെയ്തുകൊടുക്കാത്തതിന്റെ കെറുവുമാത്രമാണ് അവശേഷിക്കുന്നത്. രണ്ട് ഗുണ്ടകളെ അവരുടെ പൂര്‍വകാല ബന്ധങ്ങളിലെ ചില അംശങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രത്യേക രാഷ്ട്രീയക്കാരായി ചിത്രീകരിക്കുകയും അതിന്റെ തുടര്‍ച്ചയായി അവര്‍ സംരക്ഷിക്കപ്പെടുകയാണെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലാതായിരിക്കുന്നു. 'പുത്രന്‍'പാലം, 'ഹോം'പ്രകാശ് എന്നിങ്ങനെയുള്ള നിന്ദ്യമായ അധിക്ഷേപം ചൊരിയാന്‍ മാന്യതയുടെ മുഖാവരണമിട്ട ഞങ്ങളുടെ ഒരു സഹജീവി തയ്യാറായിക്കണ്ടു. കോടിയേരിയെ മാത്രമല്ല, കുടുംബാംഗങ്ങളെയും വലിച്ചിഴയ്ക്കാനുള്ള ശ്രമമാണുണ്ടായത്.

ഏറ്റവുമൊടുവില്‍ രണ്ട് ഗുണ്ടകളും പിടിയിലായതോടെ, പുതിയ കഥ പിറന്നു. പോള്‍ വധക്കേസന്വേഷണം ഏതാണ്ട് പൂര്‍ത്തിയായെന്നും ഇനി അത് കോടതിയിലെത്തുകയേ വേണ്ടൂ എന്നും ഉറപ്പായപ്പോള്‍, പ്രത്യേക രീതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ 'മുകളില്‍'നിന്ന് പൊലീസിന് നിര്‍ദേശം നല്‍കി എന്ന വാര്‍ത്തയാണ് ഏതാനും ചാനലുകളും പത്രങ്ങളും ഒരേ അച്ചില്‍ വാര്‍ത്ത് പുറത്തുവിട്ടത്. അതായത്, പൊലീസ് സമര്‍പ്പിക്കുന്ന കുറ്റപത്രം വസ്തുതാ വിരുദ്ധമാകുമെന്ന മുന്‍കൂര്‍ പ്രഖ്യാപനം. മുകളില്‍നിന്ന് നിര്‍ദേശം നല്‍കി എന്നത് വാര്‍ത്തയാകുമോ? ഏതു മുകളില്‍നിന്ന്, ആര്, ആര്‍ക്ക് നിര്‍ദേശം നല്‍കി എന്നു പറയാനുള്ള സാമാന്യ മര്യാദ ഈ മാധ്യമങ്ങള്‍ കാണിക്കേണ്ടതല്ലേ? സ്വന്തം മനോവ്യാപാരത്തിനും സ്വകക്ഷിയുടെ മനോരോഗത്തിനുമടിപ്പെട്ട് വേട്ടനായ്ക്കളുടെ വേഷത്തില്‍ കുരച്ചുചാടുന്ന ഈ മാധ്യമ സംസ്കാരം പ്രോത്സാഹിക്കപ്പെടേണ്ടതാണോ?

പിണറായി വിജയനെ പ്രതിയാക്കി സിബിഐയെക്കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കുന്നിടംവരെ എത്തിയ രാഷ്ട്രീയ-മാധ്യമ ഗൂഢാലോചനയുടെ വൃത്തികെട്ട വശങ്ങള്‍ പരസ്യമാണിന്ന്. പിണറായിക്കെതിരെ കെട്ടിപ്പൊക്കിയ കഥകള്‍ ദയനീയമായി തകര്‍ന്നു മണ്ണടിയുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെനാളുകളായി കേരളം കാണുന്നത്. ഏറ്റവുമൊടുവില്‍, തനിക്കുള്ള മൌലിക അവകാശമുപയോഗിച്ച് കോടതിയില്‍ കേസ് വാദിക്കാനാവശ്യമായ രേഖകള്‍ പിണറായി വാങ്ങിയതിനെ മോഷണമായി ചിത്രീകരിച്ച അമ്പരപ്പിക്കുന്ന നെറികേടുപോലുമുണ്ടായി. സംസ്ഥാന സര്‍ക്കാരില്‍നിന്നും ഗവര്‍ണറുടെ ഓഫീസില്‍നിന്നും നിശ്ചിത ഫീസൊടുക്കി, വിവരാവകാശ നിയമപ്രകാരമാണ് രേഖകള്‍ പിണറായി വാങ്ങിയത് എന്ന് നിസ്സംശയം തെളിഞ്ഞിട്ടും വിവാദ രോഗികള്‍ പുതിയ തുരപ്പന്‍ വാദങ്ങളുമായി കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷത്തെ മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മാര്‍ക്സിസ്റ്റ് വിരോധം തലയ്ക്കുപിടിച്ചാല്‍ സമനില തെറ്റുമെന്ന് തെളിയിക്കുകകൂടിയാണ് അവര്‍. അത്തരക്കാര്‍ക്ക് വൈരനിര്യാതനം, സംഹാരം എന്നിവയില്‍ കുറഞ്ഞ അജന്‍ഡയില്ല. അതിനായി ഏതു ഗട്ടറിലും വീഴാന്‍ മടിയുമില്ല. അവര്‍ക്ക് സേവപിടിക്കാന്‍ മാധ്യമക്കുപ്പായക്കാര്‍ ഇറങ്ങിയതില്‍, മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്നവരെന്ന നിലയില്‍ ഞങ്ങളും തലകുനിക്കട്ടെ. ആരുടെയൊക്കെയോ രാഷ്ട്രീയ ദുര്‍മോഹങ്ങള്‍ സാധിച്ചുകൊടുക്കാന്‍ ചെന്നായ്ക്കളെപ്പോലെ സിപിഐ എമ്മിനുമേല്‍ ചാടിവീഴുകയും രക്തദാഹത്തോടെ നാവുനീട്ടുകയും ചെയ്യുന്ന മാന്യ സഹജീവികളോട് ഒരഭ്യര്‍ഥന മാത്രം-

നിങ്ങളുടെ കുടിലതകള്‍ ജനങ്ങള്‍ക്കുമുന്നില്‍ വിവസ്ത്രമായ ഈ ഘട്ടത്തിലെങ്കിലും മതിയാക്കരുതോ ഈ രക്തദാഹം?

ദേശാഭിമാനി മുഖപ്രസംഗം 12 സെപ്തംബര്‍ 2009

1 comment:

  1. രാജ്യത്ത് ക്രമസമാധാനപാലനത്തില്‍ ഏറ്റവും മികച്ച നേട്ടം കൈവരിച്ച സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തത് സിപിഐ എമ്മുമായോ എല്‍ഡിഎഫുമായോ ഏതെങ്കിലും ബന്ധമുള്ളവരല്ല. ഇന്ത്യാ ടുഡേ നടത്തിയ സര്‍വെയുടെയും പഠനത്തിന്റെയും ഫലമാണ് ആ അംഗീകാരം. അതിന് ആധാരമാക്കിയതാകട്ടെ, 2007-08ലെ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളാണ്. കേന്ദ്ര ഗവമെന്റിന്റെ കണക്കുകളും വിലയിരുത്തലും പരിശോധിച്ചുകൊണ്ടാണ് കേരളത്തിന് അംഗീകാരം നല്‍കിയത് എന്നര്‍ഥം. സിപിഐ എമ്മിനെതിരെ കടുത്ത നിലപാടുകളെടുക്കുന്ന പ്രസിദ്ധീകരണം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗംകൂടിയായ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെ വിളിച്ച് ആദരിക്കാന്‍ തയ്യാറാകുന്നുണ്ടെങ്കില്‍, കേരളത്തിലെ ക്രമസമാധാനപാലനം ആര്‍ക്കും നിഷേധിക്കാനാവാത്ത മേന്മ പുലര്‍ത്തുന്നു എന്ന അര്‍ഥവുമുണ്ടതിന്. ഇന്ന് കേരളത്തിലെ പ്രതിപക്ഷവും ഏതാനും മാധ്യമങ്ങളും ആഭ്യന്തര വകുപ്പിനെതിരെ നടത്തുന്ന കടന്നാക്രമണം എത്രമാത്രം കാപട്യപൂര്‍ണമാണെന്ന് തെളിയിക്കാന്‍ ഇന്ത്യ ടുഡേയുടെ ഈ അംഗീകാരംതന്നെ ധാരാളം.

    ReplyDelete