Friday, September 4, 2009

വിദ്യാഭ്യാസത്തിലെ നവലിബറല്‍ അജണ്ടയ്ക്കെതിരെ

രണ്ടാം യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ച വിദ്യാഭ്യാസത്തിനായുള്ള നിര്‍ദ്ദിഷ്ട അജണ്ട ചര്‍ച്ചചെയ്യുന്നതിനുവേണ്ടി 2009 ആഗസ്റ്റ് 8ന് സഫ്ദര്‍ഹഷ്മി സ്മാരക ട്രസ്റ്റ് (സഹ്മത്) ഏകദിന സെമിനാര്‍ നടത്തി. പാര്‍ലമെന്റില്‍ പ്രസിഡന്റ് നടത്തിയ പ്രസംഗത്തിന്റെയും മാനവവിഭവ വികസന വകുപ്പുമന്ത്രി കപില്‍ സിബല്‍ മുന്നോട്ടുവെച്ച 100 ദിവസത്തെ അജണ്ടയുടെയും പശ്ചാത്തലത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കപ്പെട്ടത്. കപില്‍ സിബല്‍ അവതരിപ്പിച്ച അജണ്ടയില്‍ യശ്പാല്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കല്‍, ദേശീയ വിജ്ഞാനകമ്മീഷന്‍ നിര്‍ദ്ദേശിച്ചതുപോലെ വിദ്യാഭ്യാസമേഖല നിയന്ത്രണരഹിതമാക്കല്‍, ഏകീകൃതമായ ഒരൊറ്റ പരീക്ഷാ സമ്പ്രദായത്തിന്റെയും ക്ളാസ് പരീക്ഷകള്‍ നിര്‍ബന്ധിതമല്ലാതാക്കുന്നതിന്റെയും അടിസ്ഥാനത്തിലുള്ള പരിഷ്കാരങ്ങള്‍, വിദ്യാഭ്യാസ അവകാശനിയമം പാസാക്കല്‍ എന്നിവയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വിചക്ഷണന്മാരുടെയും ജനാധിപത്യ പ്രസ്ഥാനത്തില്‍നിന്നുള്ള ആക്ടിവിസ്റ്റുകളുടെയും ഉല്‍ക്കണ്ഠകള്‍ക്ക് പരിഹാരം കാണാതെയാണ് വിദ്യാഭ്യാസ അവകാശനിയമം ഇപ്പോള്‍ പാസാക്കിയത്. സര്‍ക്കാരിന്റെ ഈ പ്രഖ്യാപനങ്ങളുടെ പശ്ചാത്തലത്തില്‍ ഈ അജണ്ടയുടെ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് ജാഗ്രതയോടെ നിരീക്ഷിക്കാനും പ്രവര്‍ത്തിക്കാനുമായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്നും വ്യത്യസ്ത സ്ഥാപനങ്ങളില്‍നിന്നുമുള്ള പ്രശസ്ത പണ്ഡിതന്മാരെയും ആക്ടിവിസ്റ്റുകളെയും വിദ്യാഭ്യാസ വിചക്ഷണന്മാരെയും സെമിനാര്‍ ഒന്നിച്ചുകൊണ്ടുവന്നു. ഡല്‍ഹിയിലും ഡല്‍ഹിക്കുപുറത്തുമുള്ള സര്‍വകലാശാലകളുടെയും നിരവധി ബഹുജനസംഘടനകളുടെയും പ്രതിനിധികള്‍ സെമിനാറില്‍ സന്നിഹിതരായി. യുപിഎ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളും അവര്‍ കൈക്കൊണ്ട നടപടികളും വിദ്യാഭ്യാസത്തെ വിപണിക്ക് കീഴ്പ്പെടുത്തുന്നതിനുള്ളതാണെന്നും ന്യായയുക്തവും സമഭാവനയോടുകൂടിയതും ജനാധിപത്യപരവുമായ വ്യവസ്ഥിതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കഴിഞ്ഞ കാലങ്ങളെക്കാള്‍ ഏറെ ദുഷ്കരമാക്കുന്നതാണെന്നും സെമിനാറില്‍ പങ്കെടുത്തവര്‍ പൊതുധാരണയില്‍ എത്തി.

ഈ മേഖലയെ സംബന്ധിച്ച പൊതുവായ ഒരു വിഹഗവീക്ഷണം

സ്കൂള്‍ വിദ്യാഭ്യാസവുമായും ഉന്നത വിദ്യാഭ്യാസവുമായും ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ആവശ്യമായ പൊതുവായ വിഷയങ്ങളിലേക്ക് വെളിച്ചംവീശുന്നതായിരുന്നു കോണ്‍ഫറന്‍സിന്റെ ആദ്യസെഷന്‍. പ്രൊഫസര്‍ പ്രഭാത് പട്നായിക്കിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന സമ്മേളനത്തില്‍ പ്രൊഫസര്‍ മുച്കുന്ദ് ദുബെ, പ്രൊഫസര്‍ യശ്പാല്‍, പ്രൊഫസര്‍ സോയ ഹസ്സന്‍, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും രാജ്യസഭാംഗവുമായ സീതാറാം യെച്ചൂരി എന്നിവര്‍ സംസാരിച്ചു.

സംവാദത്തിന് തുടക്കംകുറിച്ചുകൊണ്ട്, മുച്കുന്ദ് ദുബെ സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നാല് പ്രധാന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി. അതില്‍ ആദ്യത്തേത് എല്ലാപേരെയും ഉള്‍ക്കൊള്ളുന്ന ഒരു സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം പ്രദാനം ചെയ്യേണ്ടതിന്റെ ആവശ്യകതയും അത് ലഭ്യമാകുന്നതിന്റെ പ്രശ്നവുമാണ്. ഇതിനുപുറമെ, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിന്റെയും സ്കൂളുകള്‍ക്കുവേണ്ട മാനദണ്ഡങ്ങളുടെയും വിഷയമാണ് രണ്ടാമത്തേത്. മൂന്നാമത്തെ വിഷയം സ്കൂള്‍ വിദ്യാഭ്യാസത്തിനുവേണ്ട ധനാഗമമാര്‍ഗ്ഗങ്ങളും സ്കൂള്‍ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കേന്ദ്രഫണ്ട് വര്‍ദ്ധിപ്പിക്കുന്നതും സംബന്ധിച്ചതാണ്. വിദ്യാഭ്യാസ അവകാശനിയമം ഇക്കാര്യത്തെ സംബന്ധിച്ച് മൌനംപാലിക്കുകയാണ്; അതിനോട് അനുബന്ധിച്ച് ചേര്‍ത്തിട്ടുള്ള ധനകാര്യ മെമ്മോറാണ്ഡം തികച്ചും ഒഴുക്കന്‍മട്ടിലുള്ളതുമാണ്. അവസാനമായി, സ്കൂള്‍ വിദ്യാഭ്യാസത്തെ സമഗ്രമായ രീതിയില്‍ കാണേണ്ടത് ആവശ്യമാണ്. വിദ്യാഭ്യാസ സംവിധാനത്തിന്റെ മറ്റു ഭാഗങ്ങളോടൊപ്പംതന്നെ പ്രീ പ്രൈമറി വിദ്യാഭ്യാസത്തെയും സംയോജിപ്പിക്കേണ്ടതാണ്. ഇപ്പോള്‍, ഈ തലത്തിലുള്ള കുട്ടികളെ വിദ്യാഭ്യാസ സംവിധാനത്തിന്റെ പൊതുധാരയില്‍നിന്നും ഒഴിവാക്കിയിരിക്കുകയാണ്. കുട്ടികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഐസിഡിഎസ് മാത്രമേയുള്ളൂ. ഈ നാല് വൈകല്യങ്ങളും സ്വാഭാവികമായും സംവിധാനത്തെയാകെ ബാധിച്ചവയാണ്. ഗുണപരവും ഗണപരവും ധാര്‍മ്മികവുമായ ലക്ഷ്യങ്ങള്‍ കൈവരിക്കണമെങ്കില്‍ ഈ വൈകല്യങ്ങള്‍ക്ക് പരിഹാരം കാണണം. എന്നാല്‍ യുപിഎയുടെ ഇപ്പോഴത്തെ നയങ്ങള്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉതകുന്നതല്ല.

ഈ സെഷനില്‍ രണ്ടാമത് സംസാരിച്ച പ്രൊഫസര്‍ യശ്പാല്‍, ഉന്നത വിദ്യാഭ്യാസത്തിന്റെ മുഖ്യ പ്രശ്നങ്ങളിലേക്ക് വെളിച്ചംവീശി. യശ്പാല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സംഗ്രഹം അദ്ദേഹം അവതരിപ്പിച്ചു. വിജ്ഞാനത്തിന്റെ ശകലീകരണത്തിന്റെ (fragmentation) പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. അറിവ് ഉല്‍പാദനത്തിനും നിര്‍മ്മിതി (generation) ക്കുമുള്ള കേന്ദ്രമാണ് സര്‍വ്വകലാശാലകള്‍ എന്ന ആശയം അദ്ദേഹം ആവര്‍ത്തിച്ച് പ്രസ്താവിച്ചു. വിദ്യാഭ്യാസത്തെ വിപണിയുടെ ആവശ്യങ്ങള്‍ക്ക് കീഴ്പ്പെടുത്താന്‍ പാടില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. സര്‍വ്വകലാശാലകള്‍ക്ക് സ്വയംഭരണം പ്രദാനംചെയ്താല്‍ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാകു എന്നും അദ്ദേഹം വ്യക്തമാക്കി. ഈ ലക്ഷ്യം കൈവരിക്കണമെന്നുണ്ടെങ്കില്‍, ഉന്നത വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്നതിന് നിയമപരമായ ഒരൊറ്റ അധികാരകേന്ദ്രം ആവശ്യമാണ്. അതുകൊണ്ട് ഈ ലക്ഷ്യം നേടുന്നതിനായി ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള ഒരു സ്റ്റാറ്റ്യൂട്ടറി കമ്മിഷന്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടുവെച്ചു.

ഈ സെഷനില്‍ മൂന്നാമത്തെ പ്രഭാഷണം നടത്തിയ പ്രൊഫസര്‍ സോയ ഹസ്സന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ളിങ്ങള്‍ക്ക് വിദ്യാഭ്യാസ ലഭ്യത പ്രദാനംചെയ്യാനുള്ള തന്ത്രങ്ങളെക്കുറിച്ച് അവലോകനംചെയ്തു. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ച് അക്കാദമിക ലോകം വളരെ അപൂര്‍വമായി മാത്രമേ പരിഗണിച്ചിട്ടുള്ളൂവെന്നും പശ്ചാത്തല സൌകര്യങ്ങളുടെയും എല്ലാപേരെയും ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതിയുടെയും അഭാവമാണ് ആ വിഭാഗം വിദ്യാഭ്യാസപരമായി പിന്നിലായിപ്പോയതിന് കാരണമെന്നും അവര്‍ പറഞ്ഞു. ഇതുകാരണം, ന്യൂനപക്ഷങ്ങള്‍, വിശിഷ്യാ മുസ്ളിങ്ങള്‍ വിദ്യാഭ്യാസത്തിന് സ്വകാര്യ ന്യൂനപക്ഷ സ്ഥാപനങ്ങളെ കൂടുതലായി ആശ്രയിക്കുന്നു. ഈ വിഭാഗത്തിന്റെ സ്വത്വം ഈ സ്വകാര്യ സ്ഥാപനങ്ങളെ ചുറ്റിപ്പറ്റി കരുപ്പിടിപ്പിക്കപ്പെട്ടതായതിനാല്‍ ന്യൂനപക്ഷങ്ങള്‍ മതനിരപേക്ഷതയില്‍നിന്നും അകലുന്നതിന് ഇടവരുത്തി. ന്യൂനപക്ഷ സമുദായങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കത്തക്കവിധം സര്‍ക്കാര്‍ സ്വന്തം വിദ്യാഭ്യാസ പരിപാടിയുടെ പരിധിയും ഗുണനിലവാരവും ഉയര്‍ത്തിയാല്‍ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാനാവു.

ഈ സെഷനില്‍ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍ സീതാറാം യെച്ചൂരി പറഞ്ഞത്, വിദ്യാഭ്യാസം സാര്‍വത്രികവല്‍ക്കരിക്കുകയും വിപുലീകരിക്കുകയും ചെയ്തെങ്കില്‍ മാത്രമേ ഗുണത്തിന്റെയും ഗണത്തിന്റെയും നീതിയുടെയും പല പ്രശ്നങ്ങളും പരിഹരിക്കപ്പെടൂ എന്നാണ്. സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള വിദ്യാഭ്യാസത്തിന്റെ വിപുലീകരണത്തിലൂടെയും വിദ്യാഭ്യാസരംഗത്തെ മൂലധനത്തിനും സ്വകാര്യമേഖലയ്ക്കും കര്‍ക്കശമായ സാമൂഹിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലൂടെയും മാത്രമേ ഇത് സാധ്യമാകൂ. പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളുടെയും (ഭാഷാപരവും മതപരവും) അസംരക്ഷിത വിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ പരിഗണിക്കപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്ക് അദ്ദേഹം ശ്രദ്ധക്ഷണിച്ചു. ഇത് നടപ്പാക്കണമെന്നുണ്ടെങ്കില്‍ സാമൂഹിക നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കപ്പെടണം. വിദേശ സര്‍വ്വകലാശാലാ വിദ്യാഭ്യാസബില്ലിനെയും എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം പ്രദാനംചെയ്യുന്നതിനുള്ള ധനപരമായ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെമേല്‍ കെട്ടിവെയ്ക്കുന്നതിനെയും എതിര്‍ക്കേണ്ടതിന്റെ ആവശ്യകതയിലേക്കും അദ്ദേഹം വിരല്‍ചൂണ്ടി.

ഈ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ഈ സെഷനിലെ ചര്‍ച്ചകള്‍ ഉപസംഹരിച്ച പ്രൊഫസര്‍ പ്രഭാത് പട്നായിക് പ്രസ്താവിച്ചത്, സര്‍വ്വകലാശാലകള്‍ ധൈഷണികമായ ഏര്‍പ്പാടിന്റെ നിലവാരം വര്‍ദ്ധിപ്പിക്കണമെന്നതിനോട് താന്‍ യോജിക്കുമ്പോള്‍തന്നെ, വിദ്യാഭ്യാസത്തെ വിപണിക്ക് കീഴ്പ്പെടുത്തുന്നതിന് നിര്‍ബന്ധിതമാക്കുന്ന നയങ്ങളുള്ള ഒരു നവലിബറല്‍ പശ്ചാത്തലത്തില്‍ ഈ കടമ നിറവേറ്റുന്നത് അസാധ്യമാണെന്നാണ്. നവ ഉദാരവല്‍ക്കരണത്തിനെതിരായ പോരാട്ടത്തെ നീതിപൂര്‍വകവും സമദര്‍ശിയുമായ മികച്ച ഗുണനിലവാരമുള്ള സര്‍വ്വകലാശാലാ സംവിധാനത്തിനുവേണ്ടിയുള്ള പോരാട്ടവുമായി കൂട്ടിയിണക്കേണ്ടത് ആവശ്യമാണ്.

സ്കൂള്‍ വിദ്യാഭ്യാസം

സെമിനാറിന്റെ രണ്ടാമത്തെ സെഷന്‍ സ്കൂള്‍ വിദ്യാഭ്യാസത്തെ കേന്ദ്രീകരിച്ചതായിരുന്നു. അതില്‍ അധ്യക്ഷതവഹിച്ചത് പ്രൊഫസര്‍ അര്‍ജുന്‍ ദേവായിരുന്നു. ഈ സെഷനിലെ ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട്, പ്രൊഫസര്‍ ജയതിഘോഷ് പ്രസ്താവിച്ചത് വിദ്യാഭ്യാസ അവകാശനിയമം സ്വാഗതാര്‍ഹമായ ഒരു ചുവട് വയ്പായിരുന്നെങ്കിലും വിദ്യാഭ്യാസ ലഭ്യത വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യം നിറവേറ്റുന്നതിന് തടസ്സമായി അടിസ്ഥാനപരമായ മൂന്ന് പിശകുകള്‍ അതിലുണ്ടെന്നാണ്. വിദ്യാഭ്യാസ വിപുലീകരണത്തിന് സര്‍ക്കാര്‍ ഭാഗത്തുനിന്ന് എന്തെങ്കിലും നിശ്ചിത ധനപരമായ ബാധ്യത വിദ്യാഭ്യാസ അവകാശ നിയമം ഏറ്റെടുക്കുന്നില്ല എന്നതാണ് ഒന്നാമത്തെ പിശക്. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും പശ്ചാത്തല സൌകര്യങ്ങള്‍ക്കും വേണ്ട മാനദണ്ഡങ്ങള്‍ ഇത് മുന്നോട്ടുവെയ്ക്കുന്നില്ലെന്നതാണ് രണ്ടാമത്തെ പിശക്. പല നിലവാരത്തിലുള്ള (Multi grade) ബോധനരീതികള്‍ തടയുന്നതിനുള്ള വ്യവസ്ഥകള്‍ അതില്‍ ഇല്ല. മൂന്നാമതായി, വിവിധ പ്രദേശങ്ങളുടെയും വിഭാഗങ്ങളുടെയും (ഗോത്രവര്‍ഗങ്ങള്‍, പ്രവാസികള്‍, സ്ത്രീകള്‍) താല്‍പര്യങ്ങള്‍ ഈ നിയമം പരിഗണിച്ചിട്ടില്ല. ഇതിനുവേണ്ടി, സംവിധാനത്തില്‍ കുറച്ച് വഴക്ക (flexibility) ത്തിന്റെ ആവശ്യമുണ്ട്.

ചര്‍ച്ച മുന്നോട്ടു കൊണ്ടുപോയ അഭിഭാഷകനും സോഷ്യല്‍ ജൂറിസ്റ്റിന്റെ സ്ഥാപകനുമായ അശോക് അഗര്‍വാള്‍, സ്കൂള്‍ സംവിധാനത്തിനുള്ളില്‍ വിടവ് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കാവുന്ന നിയമത്തിലെ ചില സുപ്രധാന വശങ്ങള്‍ ചൂണ്ടിക്കാണിച്ചു. പ്രത്യേക മോഡല്‍ സ്കൂളുകള്‍ക്കായുള്ള വ്യവസ്ഥയും തലവരിപ്പണം സംബന്ധിച്ച നിര്‍വചനവും പ്രത്യേകിച്ചും ഈ നിയമത്തിലെ സംശയാസ്പദമായ കാര്യങ്ങളാണ്. ഇത് ദരിദ്രരും അസംരക്ഷിതരുമായ വിദ്യാര്‍ത്ഥികള്‍ക്കെതിരായ വിവേചനത്തിന് ഇടയാക്കും. നിയമത്തിലെ ഈ വ്യവസ്ഥകള്‍ ബഹുതല (multi layered) വിദ്യാഭ്യാസ സമ്പ്രദായത്തെ സ്ഥാപനവല്‍ക്കരിക്കുകയും അതിന് നിയമപ്രാബല്യം നല്‍കുകയും ചെയ്യും. എല്ലാ കുട്ടികള്‍ക്കും സ്വതന്ത്രവും തുല്യവുമായ അവസരങ്ങള്‍ പ്രദാനംചെയ്യുകയെന്ന ലക്ഷ്യത്തിന് കടകവിരുദ്ധവുമാണ് ഇത്. വിശേഷിച്ചും, വ്യതിരിക്തമായ കഴിവുകളുള്ള കുട്ടികളുടെ (differently abled children) ആവശ്യങ്ങള്‍ കണക്കിലെടുത്തുള്ളതല്ല ഈ നിയമം. ഈ പ്രശ്നങ്ങള്‍ കണക്കിലെടുക്കുന്നതില്‍ വീഴ്ചവരുത്തിയ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഭരണഘടനയില്‍ ഉറപ്പുനല്‍കിയിട്ടുള്ള നിര്‍ബന്ധിതവും സൌജന്യവുമായ വിദ്യാഭ്യാസം എന്ന ബാധ്യത നിറവേറ്റുന്നതില്‍, ഈ നിയമം അതിന്റെ ഇന്നത്തെ രൂപത്തില്‍, വെള്ളം ചേര്‍ക്കുകയാണ്. ഇപ്പോള്‍ നിയമത്തില്‍ 21ഉം 21 എ-ഉം വകുപ്പുകള്‍ ഒന്നിച്ചു കാണേണ്ടതും നിയമം ഭേദഗതി ചെയ്യുന്നതിനുവേണ്ടി പൊരുതേണ്ടതും പ്രധാന സംഗതിയായിരിക്കുന്നു.

അവസാനത്തെ രണ്ട് പ്രഭാഷകര്‍ രവികുമാറും (ജാമിയ മിലിയ ഇസ്ളാമിയ) രാജേന്ദ്രനും (സ്കൂള്‍ ടീച്ചേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) ആയിരുന്നു. ഇവര്‍ രണ്ടുപേരും നവലിബറല്‍ പശ്ചാത്തലത്തില്‍ ഈ സംവാദത്തെ സന്ദര്‍ഭവുമായി ബന്ധപ്പെടുത്തി പരിശോധിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാണിച്ചു. 100 ദിന അജണ്ട അനിവാര്യമായും നിയമപരമായ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അജണ്ടയാണെന്നും പൊതുവിദ്യാലയങ്ങള്‍ക്കായുള്ള പ്രചരണം വിപുലമാക്കേണ്ടതാണെന്നും അതിനാല്‍ ഈ സംവാദം സജീവമായി നിലനിര്‍ത്തേണ്ടതാണെന്നും രവികുമാര്‍ വിശദീകരിച്ചു. ഈ നിയമത്തില്‍ പ്രീപ്രൈമറി സ്കൂള്‍ വിദ്യാഭ്യാസത്തെക്കൂടി ഉള്‍പ്പെടുത്തേണ്ടതാണെന്ന് രാജേന്ദ്രന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഈ മേഖലയിലെ മുന്‍ഗണനകള്‍ക്ക് രൂപംനല്‍കുന്നതിനായി ഒരു ദേശീയ വിദ്യാഭ്യാസകമ്മീഷന്‍ വേണമെന്നും അദ്ദേഹം വാദിച്ചു. ഈ വിഷയങ്ങള്‍ ഒരു ബഹുജനക്യാമ്പയ്നാക്കി മാറ്റിയാല്‍ മാത്രമേ ഇവയെല്ലാം രാഷ്ട്രീയ വിഷയങ്ങളായി മാറൂ.

ഉന്നത വിദ്യാഭ്യാസം

സെമിനാറിന്റെ അവസാനസെഷന്‍ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചായിരുന്നു. അതില്‍ അധ്യക്ഷത വഹിച്ചത് പ്രൊഫസര്‍ സി പി ചന്ദ്രശേഖറായിരുന്നു. ദേശീയ വിജ്ഞാനകമ്മീഷന്റെയും ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ച യശ്പാല്‍ കമ്മിറ്റിയുടെയും ശുപാര്‍ശകളെക്കുറിച്ച് ഈ സെഷനില്‍ തീവ്രമായ ചര്‍ച്ച നടന്നു. സുധാംശുഭൂഷണ്‍ യശ്പാല്‍ കമ്മിറ്റിയുടെ ശുപാര്‍ശകളെ ദേശീയ വിജ്ഞാനകമ്മീഷന്‍ ശുപാര്‍ശകളുമായി താരതമ്യപ്പെടുത്തി. കാര്യക്ഷമതയുടെപേരില്‍ വിജ്ഞാനകമ്മീഷന്‍ വിദ്യാഭ്യാസത്തിന് മത്സരാധിഷ്ഠിതവും നിയന്ത്രണരഹിതവുമായ ഒരു പരിസരം നിര്‍ദ്ദേശിക്കുമ്പോള്‍ യശ്പാല്‍ കമ്മിറ്റി വിജ്ഞാന നിര്‍മ്മിതിക്കായി പല റഗുലേറ്ററി സംവിധാനങ്ങള്‍ക്കുപകരം എല്ലാത്തിനുംകൂടി ബാധകമായ ഒരു അധികാരകേന്ദ്രം സ്ഥാപിക്കുന്നതിനെ അനുകൂലിക്കുന്നു. യശ്പാല്‍ കമ്മറ്റി നവലിബറല്‍ പശ്ചാത്തലത്തെയും സര്‍ക്കാര്‍ ധനസഹായംചെയ്യുന്ന സര്‍വ്വകലാശാലകള്‍ എന്ന നിലവിലുള്ള സംവിധാനത്തിന്റെ സ്വഭാവത്തെയും പരിഗണിച്ചിട്ടില്ലെന്ന് സുധാംശു വാദിച്ചു. യശ്പാല്‍കമ്മിറ്റിയുടെ ഇടപെടലിനെ ധ്രുവ റെയ്ന സ്വാഗതംചെയ്തു. എന്നാല്‍ വിജ്ഞാനശകലീകരണത്തിന്റെ വിത്തുകള്‍ ചരിത്രപരമായി സൃഷ്ടിക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ശാസ്ത്രസാങ്കേതിക സംവിധാനത്തിലെ എസ്റ്റാബ്ളിഷ്മെന്റാണ് ഗവേഷണത്തെയും അധ്യാപനത്തെയും തമ്മില്‍ വേര്‍തിരിച്ചത്. യശ്പാല്‍കമ്മിറ്റിയുടെ ആദര്‍ശാത്മകമായ നിരീക്ഷണങ്ങളോട് അദ്ദേഹം യോജിച്ചു. അനുമാനങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും കാര്യത്തില്‍ അത് യാഥാര്‍ത്ഥ്യപൂര്‍ണമല്ലെന്നും അഭിപ്രായപ്പെട്ടു.

യുപിഎ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന നവലിബറല്‍ അജണ്ടയുടെ വെളിച്ചത്തില്‍ വിജേന്ദര്‍ ശര്‍മ യശ്പാല്‍ കമ്മിറ്റിയെ വിലയിരുത്തി. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനാണ് യുപിഎ സര്‍ക്കാര്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നത് സംബന്ധിച്ച യശ്പാല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ "വരികള്‍ക്കിടയിലൂടെ'' വായിച്ചാല്‍ ഈ നവലിബറല്‍ ഊന്നല്‍ വ്യക്തമാകും. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യയിലേക്ക് കടന്നുവരുന്നതിനെയും യശ്പാല്‍കമ്മിറ്റി പൂര്‍ണമായി എതിര്‍ക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യശ്പാല്‍ കമ്മിറ്റിയെ യാഥാര്‍ത്ഥ്യബോധത്തോടെ വിലയിരുത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിപണിയുടെ മേധാവിത്വം സുഗമമായി സ്ഥാപിക്കുന്നതിന് ലക്ഷ്യമാക്കിയതാണ് യശ്പാല്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ എന്ന് സൌമെന്‍ ചതോപാധ്യായ (ജെഎന്‍യു) വ്യക്തമാക്കി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിനുതന്നെ വിരുദ്ധമാണ് കമ്പോള യുക്തിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിദ്യാഭ്യാസത്തിലെ പ്രതിസന്ധി രൂക്ഷമാക്കാനേ കമ്പോളം ഉപകരിക്കൂ. അധ്യാപകരുടെ കരാര്‍വല്‍ക്കരണത്തിലേക്കാണ് രഘുറാം (ഐപി യൂണിവേഴ്സിറ്റി) സദസ്സിന്റെ ശ്രദ്ധക്ഷണിച്ചത്. വിദ്യാഭ്യാസ സംവിധാനത്തില്‍ വിദേശ, സ്വകാര്യ സര്‍വ്വകലാശാലകളുടെ സ്വാധീനം വര്‍ദ്ധിക്കുകയാണെങ്കില്‍ ഇത് ഇനിയും കൂടുന്നതിന് ഇടവരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. യുജിസിയും എഐസിടിഇയും അതുപോലുള്ള മറ്റു സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ രംഗത്ത് കടന്നുവരുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ തകര്‍ക്കുന്നതിന് അനുകൂലമാണ് ദേശീയ വിജ്ഞാനകമ്മീഷന്‍ എന്നാണ് ദിനേശ് അബ്രോള്‍ വാദിച്ചത്. വിപണി നിയന്ത്രണരഹിതമാക്കുകയെന്ന ശുപാര്‍ശയോടുള്ള എതിര്‍പ്പിനായിരിക്കണം നാം പ്രഥമ പരിഗണന നല്‍കേണ്ടത്. അതിനുംപുറമെ, വിദ്യാഭ്യാസ വിപണിയില്‍ സ്വകാര്യ ഇടപാടുകാരെ സജീവമാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ നിയമാനുസരണമുള്ള വിദ്യാഭ്യാസവിപണിക്കായിരിക്കും ഏറ്റവും വലിയ നഷ്ടം സംഭവിക്കുന്നത്. നവലിബറല്‍ വെല്ലുവിളികളെ ചെറുക്കുന്നതിന് വിപുലമായ ഒരു കൂട്ടായ്മ കെട്ടിപ്പടുക്കുന്നത് ആവശ്യമാകുന്നതാണ് ഈ ധാരണ. ഈ പോരാട്ടം വിജയപ്രദമാക്കണമെങ്കില്‍ നമ്മുടേതായ അജണ്ട അവതരിപ്പിക്കേണ്ടതും ആവശ്യമാണ്. ഇതിന് സാമൂഹിക നിയന്ത്രണം എന്ന ആശയത്തിന് നാം സമൂര്‍ത്തമായ അര്‍ത്ഥം നല്‍കുകയും സാധ്യമാകുന്നിടത്തെല്ലാം പരീക്ഷണാര്‍ത്ഥമുള്ള ബദലുകള്‍ നടപ്പാക്കുകയും വേണമെന്നും അദ്ദേഹം പ്രസ്താവിച്ചു.

അര്‍ച്ചനാ പ്രസാദ് ചിന്ത വാരിക

1 comment:

  1. ണ്ടാം യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ച വിദ്യാഭ്യാസത്തിനായുള്ള നിര്‍ദ്ദിഷ്ട അജണ്ട ചര്‍ച്ചചെയ്യുന്നതിനുവേണ്ടി 2009 ആഗസ്റ്റ് 8ന് സഫ്ദര്‍ഹഷ്മി സ്മാരക ട്രസ്റ്റ് (സഹ്മത്) ഏകദിന സെമിനാര്‍ നടത്തി. പാര്‍ലമെന്റില്‍ പ്രസിഡന്റ് നടത്തിയ പ്രസംഗത്തിന്റെയും മാനവവിഭവ വികസന വകുപ്പുമന്ത്രി കപില്‍ സിബല്‍ മുന്നോട്ടുവെച്ച 100 ദിവസത്തെ അജണ്ടയുടെയും പശ്ചാത്തലത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കപ്പെട്ടത്. കപില്‍ സിബല്‍ അവതരിപ്പിച്ച അജണ്ടയില്‍ യശ്പാല്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കല്‍, ദേശീയ വിജ്ഞാനകമ്മീഷന്‍ നിര്‍ദ്ദേശിച്ചതുപോലെ വിദ്യാഭ്യാസമേഖല നിയന്ത്രണരഹിതമാക്കല്‍, ഏകീകൃതമായ ഒരൊറ്റ പരീക്ഷാ സമ്പ്രദായത്തിന്റെയും ക്ളാസ് പരീക്ഷകള്‍ നിര്‍ബന്ധിതമല്ലാതാക്കുന്നതിന്റെയും അടിസ്ഥാനത്തിലുള്ള പരിഷ്കാരങ്ങള്‍, വിദ്യാഭ്യാസ അവകാശനിയമം പാസാക്കല്‍ എന്നിവയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വിചക്ഷണന്മാരുടെയും ജനാധിപത്യ പ്രസ്ഥാനത്തില്‍നിന്നുള്ള ആക്ടിവിസ്റ്റുകളുടെയും ഉല്‍ക്കണ്ഠകള്‍ക്ക് പരിഹാരം കാണാതെയാണ് വിദ്യാഭ്യാസ അവകാശനിയമം ഇപ്പോള്‍ പാസാക്കിയത്.

    ReplyDelete