1972 സെപ്തംബര്‍ ഇരുപത്തിമൂന്നിനാണ് തൃശൂരില്‍ സ: അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിയായത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും പാര്‍ടി നയിച്ച ഐക്യമുന്നണിയുടെ കവീനറുമായിരുന്നു മാര്‍ക്സിസ്റ്റ് വിരുദ്ധ ശക്തികളുടെ കൊലക്കത്തിക്ക് ഇരയാകുമ്പോള്‍ അഴീക്കോടന്‍. ജനങ്ങളെ അടുത്തറിഞ്ഞ സംഘാടകനും എതിര്‍പ്പുകളെ നെഞ്ചുവിരിച്ച് നേരിട്ട ധീരനും പരിപക്വമായി പ്രശ്നങ്ങളെ സമീപിച്ച നേതാവുമായിരുന്നു അദ്ദേഹം. ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ചാണ് ചെറുപ്പത്തില്‍ത്തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. സ: പി കൃഷ്ണപിള്ളയില്‍നിന്നാണ് വര്‍ഗരാഷ്ട്രീയത്തിന്റെ പാഠങ്ങള്‍ സ്വാംശീകരിച്ചത്. 1946ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കണ്ണൂര്‍ ടൌണ്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഴീക്കോടന്‍ 1956ല്‍ ജില്ലാ സെക്രട്ടറിയായി. 1959ല്‍ സംസ്ഥാന കേന്ദ്രത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. 1964ല്‍ സിപിഐ എം രൂപീകരണഘട്ടത്തില്‍ അസാധാരണമായ സംഘാടനവൈഭവമാണ് സഖാവില്‍ പ്രകടമായത്. രാഷ്ട്രീയ ജീര്‍ണതകള്‍ക്കെതിരെ സന്ധിയില്ലാത്ത നിലപാടായിരുന്നു അഴീക്കോടന്റേത്. സൌമ്യമായ പെരുമാറ്റത്തോടൊപ്പം അനീതിക്കും അക്രമത്തിനുമെതിരായ കാര്‍ക്കശ്യവും അഴീക്കോടന്റെ സവിശേഷതയായിരുന്നു. ഐക്യമുന്നണി ഭരണത്തിലിരിക്കുമ്പോഴും സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങള്‍ ബന്ധപ്പെട്ട വേദികളില്‍ ശക്തമായി ഉന്നയിക്കാനും പരിഹാരം കാണാനും സഖാവ് നിലകൊണ്ടു. വികസനത്തെക്കുറിച്ചും നാടിന്റെ പൊതുവായ പുരോഗതിയെക്കുറിച്ചും ക്രിയാത്മകമായി ചിന്തിക്കുകയും പ്രായോഗിക നടപടികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നതില്‍ അനന്യമായ താല്‍പ്പര്യമാണ് അദ്ദേഹം കാട്ടിയത്.
കമ്യൂണിസ്റ്റ് വിരുദ്ധരുടെ കടുത്ത ആക്രമണത്തിന് അഴീക്കോടന്‍ ഇരയായി. ഒട്ടനവധി ദുരാരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉന്നയിക്കാന്‍ രാഷ്ട്രീയശത്രുക്കള്‍ക്ക് മടിയുണ്ടായില്ല. അഴീക്കോടന്റെ തിളക്കമേറിയ പൊതുജീവിതത്തില്‍ മങ്ങലേല്‍പ്പിക്കാനായിരുന്നു ബോധപൂര്‍വം നടത്തിയ കുപ്രചാരണങ്ങള്‍. പാര്‍ടി ശത്രുക്കള്‍ ആ വിലപ്പെട്ട ജീവന്‍ അപഹരിച്ചപ്പോഴും രക്തസാക്ഷിത്വം വരിച്ച അഴീക്കോടന്റെ കുടുംബത്തിന് സ്വന്തമായൊരു വീടുപോലും ഇല്ലെന്ന യാഥാര്‍ഥ്യം വെളിയില്‍ വന്നിട്ടും നേരത്തെ ഉയര്‍ത്തിയ ദുരാരോപണങ്ങള്‍ തെറ്റായിപ്പോയെന്ന് തുറന്നുപറയാന്‍ പ്രചാരണം നടത്തിയ മാധ്യമങ്ങളോ രാഷ്ട്രീയ എതിരാളികളോ തയ്യാറായില്ല.
സിപിഐ എം നേതാവായ അഴീക്കോടനെ ഇകഴ്ത്തിക്കാണിക്കുന്നതിലൂടെ പാര്‍ടിയുടെ യശസ്സ് തകരുമെന്ന ദിവാസ്വപ്നമായിരുന്നു പാര്‍ടിശത്രുക്കളുടേത്. ഇങ്ങനെ നിരവധി ആക്രമണങ്ങള്‍ പാര്‍ടിക്കും പാര്‍ടി നേതാക്കള്‍ക്കുമെതിരെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. പാര്‍ടിയുടെ രൂപീകരണഘട്ടത്തില്‍ത്തന്നെ നിരവധി ഗൂഢാലോചനക്കേസുകള്‍ പാര്‍ടി നേതാക്കള്‍ക്കെതിരെ ചുമത്തപ്പെടുകയുണ്ടായി. മീറത്ത് ഗൂഢാലോചനക്കേസ് തൊട്ട് ബ്രിട്ടീഷുകാരുടെ കാലത്ത് ഇത്തരത്തിലുള്ള ഭരണകൂട ഇടപെടലുകള്‍ നടക്കുകയുണ്ടായി. പാര്‍ടിതന്നെ ജനവിരുദ്ധമാണെന്നും കമ്യൂണിസ്റ്റുകാര്‍ ഭീകരന്മാരാണെന്നും ചിത്രീകരിച്ച് പ്രചണ്ഡമായ പ്രചാരമാണ് അരങ്ങേറിയത്. കമ്യൂണിസ്റ്റുകാരെ ഭരണകൂടവും നാടുവാഴി ഗുണ്ടകളും വേട്ടയാടി. അത്തരം ആക്രമണങ്ങളെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകാന്‍ പാര്‍ടിക്ക് കഴിഞ്ഞിട്ടുണ്ട്. പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്ര രാഷ്ട്രീയ നിലപാടുകളിലൂടെ ജനമനസ്സില്‍ ആണ്ടിറങ്ങിയതുകൊണ്ട്; ജനങ്ങള്‍ കണ്ണിലെ കൃഷ്ണമണിപോലെ പാര്‍ടിയെ സംരക്ഷിച്ചതുകൊണ്ടാണ് ഇത്തരമൊരു വളര്‍ച്ച ഉണ്ടായത്.
ജനകീയ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കുന്ന സിപിഐ എമ്മിനെ തകര്‍ക്കുക എന്നത് സാമ്രാജ്യത്വശക്തികളുടെയും കുത്തകകളുടെയും പ്രധാന ലക്ഷ്യമാണ്. അതിനുവേണ്ടി എല്ലാ ആയുധങ്ങളും വര്‍ത്തമാനകാലത്തും പ്രയോഗിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനൊപ്പംതന്നെ ഇടത് തീവ്രവാദപരമായ സമീപനം സ്വീകരിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുക എന്ന നയവും സജീവമായി നിലനില്‍ക്കുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഇടത് തീവ്രവാദം ശക്തിപ്പെട്ടുവന്ന എഴുപതുകളില്‍ ഇവരെ പിന്തുണയ്ക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ വ്യഗ്രത കാണിച്ചിരുന്നു. ഇതിന് കാരണം അതിന്റെ വളര്‍ച്ചയിലൂടെ വിപ്ലവപ്രസ്ഥാനത്തെ ദുര്‍ബലമാക്കാന്‍ കഴിയുമെന്ന കാഴ്ചപ്പാടായിരുന്നു. വര്‍ത്തമാനകാലത്ത് അത്തരം ശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ലെനിന്‍ സൂചിപ്പിച്ചതുപോലെ ഇടത്-വലത് വ്യതിയാനങ്ങള്‍ ഇരട്ടപെറ്റ സന്തതികളാണ്. അവ സംഘടിത തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ തകര്‍ക്കും. വലതുപക്ഷ വ്യതിയാനം വിപ്ളവസത്തയെ ചോര്‍ത്തിക്കളയുമ്പോള്‍ ഇടത് വ്യതിയാനം ജനങ്ങളില്‍നിന്ന് പ്രസ്ഥാനത്തെ അകറ്റുന്നു. രണ്ടും ഫലത്തില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിനെ തടയുന്നു. വ്യതിയാനങ്ങള്‍ക്കെതിരായ സമരം ഏറെ പ്രധാനമാണ്. ഇടതു തീവ്രവാദികളാണ് വലതുപക്ഷ ശക്തികളുടെ സഹായത്തോടെ അഴീക്കോടനെപ്പോലുള്ള ഉജ്വലനായ വിപ്ളവകാരിയെ കൊലപ്പെടുത്തിയത് എന്ന വസ്തുതയും ഓര്‍ക്കേണ്ടതുണ്ട്. ഇടതു തീവ്രവാദം വലതുപക്ഷത്തിന്റെ കൈയിലെ ആയുധമാണ് എന്നതിന്റെ തെളിവുകൂടിയാണ് ഇത്.
ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമാണ് പശ്ചിമബംഗാള്‍. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി ഇടതുപക്ഷത്തെ തകര്‍ക്കാന്‍ വലതുപക്ഷ ശക്തികള്‍ അവിടെ പരിശ്രമിക്കുകയാണ്. എന്നാല്‍, അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകാന്‍ പ്രസ്ഥാനത്തിനായി. ഇപ്പോള്‍ നക്സലൈറ്റുകളുമായി ചേര്‍ന്ന് വലതുപക്ഷശക്തികള്‍ ഇടതുപക്ഷ പ്രസ്ഥാനത്തെ ആക്രമിക്കുന്നു. പാര്‍ടിപ്രവര്‍ത്തകരെ വീടുകളില്‍ പോയി തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നു. ഇവര്‍ക്കു വേണ്ട ഒത്താശ ചെയ്യുകയാണ് ബംഗാളിലെ വലതുപക്ഷ ശക്തികളും മാധ്യമങ്ങളിലെ ഒരു വലിയ വിഭാഗവും. 1970കളില്‍ നടന്നതുപോലുള്ള ആക്രമണ പരമ്പരകളിലേക്കാണ് വലതുപക്ഷ ശക്തികള്‍ ഇടതു തീവ്രവാദവുമായി ചേര്‍ന്ന് ബംഗാളിനെ നയിക്കുന്നത്. ഇത്തരം കൂട്ടുകെട്ടുകളെ തുറന്നുകാട്ടുന്നതിന് കൂടുതല്‍ ജാഗ്രത്തായി ഇടപെടാനാവണം. തീവ്രവാദത്തിന്റെ ഭവിഷ്യത്തുകളെ ജനങ്ങളില്‍ വിശദീകരിക്കേണ്ടുന്നതിനും ശ്രദ്ധിക്കേണ്ടതുണ്ട്.
ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ആസിയന്‍ കരാര്‍ കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് ഒടിക്കുന്നതാണ്. കേരളത്തിന്റെ കാര്‍ഷികമേഖല മാത്രമല്ല, മത്സ്യബന്ധനം ഉള്‍പ്പെടെയുള്ള അനുബന്ധ മേഖലകളും തകരും. എന്നാല്‍, ആസിയന്‍ കരാറിനെതിരെ വ്യാപകമായ പ്രതിഷേധം ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടും അവയൊന്നും കാണാതിരിക്കുക എന്ന സമീപനമാണ് പൊതുവില്‍ കേരളത്തിലെ മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന കാര്യം ഇന്ത്യയാകെ അംഗീകരിച്ചിട്ടുള്ളതതാണ്. അതിന് സംസ്ഥാന സര്‍ക്കാരിനുള്ള അവാര്‍ഡ് നല്‍കിയത് കേന്ദ്രമന്ത്രി പ്രണബ്‌കുമാര്‍ മുഖര്‍ജിയാണ്. ആ യാഥാര്‍ഥ്യം കാണാതെ കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നിരിക്കുന്നു എന്നുള്ള വലതുപക്ഷ കള്ളപ്രചാരവേലകളുടെ മെഗഫോണ്‍ ആവാനാണ് ബഹുഭൂരിപക്ഷം മാധ്യമങ്ങളും പരിശ്രമിച്ചത്. മാധ്യമങ്ങളുടെ ഇത്തരം നിലപാടുകള്‍ക്കെതിരായി പ്രകടിപ്പിച്ച ആശങ്കകള്‍ കൂടുതല്‍ ശരിയായിത്തീരുന്നു എന്ന് സൂചിപ്പിക്കുന്ന വാര്‍ത്തകളും അടുത്തദിവസങ്ങളിലായി പുറത്തുവന്നിട്ടുണ്ട്. അത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്.
അയല്‍രാജ്യമായ ചൈനയുമായി ശത്രുത വളര്‍ത്താനും യുദ്ധഭീതി സൃഷ്ടിക്കുന്നതിനുമുള്ള പ്രവര്‍ത്തനമാണ് ബോധപൂര്‍വം സംഘടിപ്പിച്ചത്. ഇത്തരം തെറ്റായ പ്രചാരണങ്ങളില്‍നിന്ന് പിന്മാറാന്‍ സൈനികമേധാവി ജനറല്‍ ദീപക് കപൂറും ദേശീയ സുരക്ഷാ ഉപദേശകന്‍ എം കെ നാരായണനുംവരെ ഇടപെടേണ്ടിവന്നിരിക്കുന്നു. ഇന്ത്യയുടെയും ചൈനയുടെയും വിദേശമന്ത്രാലയങ്ങളും ഐടിബിപിയും ഇല്ലെന്ന് പ്രഖ്യാപിച്ച വാര്‍ത്തകള്‍ വീണ്ടും വീണ്ടും സൃഷ്ടിച്ച് ചൈനാവിരുദ്ധ പ്രചാരണം സംഘടിപ്പിക്കാനാണ് പരിശ്രമിക്കുന്നത്. കോര്‍പറേറ്റുകളുടെ ഇത്തരം പ്രചാരണങ്ങള്‍ക്ക് അമേരിക്കന്‍ താല്‍പ്പര്യം സംരക്ഷിക്കാനുള്ള വ്യഗ്രതയാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
ജനകീയ പ്രശ്നങ്ങളും സംഭവങ്ങളുടെ യാഥാര്‍ഥ്യങ്ങളും ജനങ്ങളില്‍ എത്തിക്കുന്നതിനാണ് മാധ്യമങ്ങള്‍ പരിശ്രമിക്കേണ്ടത്. അതിനു പകരം അജന്‍ഡകള്‍ നിര്‍മിച്ച് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ജനങ്ങളുടെ കാഴ്ചപ്പാടിനെ മാറ്റിയെടുക്കാനുള്ള മാധ്യമ ഇടപെടലുകള്‍ക്കെതിരെ രാജ്യസ്നേഹികളുടെ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരേണ്ടതുണ്ട്. മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് അവകാശമുണ്ടാവണം എന്നത് ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പ്പിനുതന്നെ അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് മാധ്യമസ്വാതന്ത്ര്യത്തിനായി സിപിഐ എം നിലകൊള്ളുന്നത്. ജനതാല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി ജനങ്ങളുടെ ബോധമണ്ഡലത്തെ മാറ്റിയെടുക്കാനുള്ള ഇടപെടലുകളെ തുറന്നുകാട്ടുക എന്നതും ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. മാധ്യമ സ്വാതന്ത്ര്യത്തെ സംരക്ഷിച്ചും കുപ്രചാരണങ്ങളെ തുറന്നുകാട്ടിയും ജനാധിപത്യസമൂഹത്തെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഇടപെടലുകളാണ് വര്‍ത്തമാനകാലത്ത് അത്യന്താപേക്ഷിതമായിട്ടുള്ളത്.
അത്തരം ഇടപെടലുകള്‍ക്ക് പാവപ്പെട്ടവര്‍ക്കുവേണ്ടി എന്നും പ്രവര്‍ത്തിച്ച സ: അഴീക്കോടന്‍ രാഘവന്റെ സ്മരണകള്‍ നമുക്ക് കരുത്ത് പകരും.
പിണറായി വിജയന്‍ ദേശാഭിമാനി 23 സെപ്തംബര്‍ 2009

ReplyDelete