Monday, September 14, 2009

ആരുടെ മാധ്യമസ്വാതന്ത്ര്യം?

മുത്തൂറ്റ് പോള്‍ ജോര്‍ജ് വധം പ്രത്യക്ഷത്തില്‍ ഒരു അരാഷ്ട്രീയ വിഷയമാണ്. പക്ഷേ, അതിനെ ഒരു രാഷ്ട്രീയവിഷയമാക്കി വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും മാറ്റി. രാഷ്ട്രീയമില്ലാത്ത ഒരു കൊലക്കേസിലെന്തിന് പാര്‍ടി സെക്രട്ടറി രണ്ടു പത്രസമ്മേളനം നടത്തിയെന്ന് രമേശ് ചെന്നിത്തലയാദികള്‍ സംശയം ഉന്നയിക്കുന്നു. മാധ്യമസ്വാതന്ത്ര്യം അപകടത്തില്‍ എന്ന മുറവിളിയുമായി നിയമസഭയില്‍ ഇറങ്ങിപ്പോക്ക് നടത്തുന്നു. ഇന്ദിര ഗാന്ധി, രാജീവ്ഗാന്ധി തുടങ്ങിയവരുടെ വധക്കേസിനേക്കാള്‍ വികാരാവേശത്തോടെയാണ് യുഡിഎഫ് പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും പോള്‍ ജോര്‍ജ് വധക്കേസ് ഏറ്റെടുത്തിരിക്കുന്നത്. പന്നിപ്പടക്കം പൊട്ടിച്ചിട്ട് എന്തിനാ ശബ്ദമുണ്ടാക്കുന്നത് എന്നു ചോദിക്കുംപോലെ അസംബന്ധമാണ്, കേവലം അരാഷ്ട്രീയമായ ഒരു വിഷയത്തെ രാഷ്ട്രീയകാര്യമാക്കി മാറ്റിയതിനുശേഷം അതിനോടെന്തിന് സിപിഐ എം നേതാക്കള്‍ നിരന്തരം പ്രതികരിക്കുന്നുവെന്ന സംശയം ഉയര്‍ത്തുന്നത്.

കേരളത്തിലെ അറിയപ്പെടുന്ന ഒരു ബിസിനസ് ഗ്രൂപ്പിന്റെ ഉടമയും സംശയകരമായ വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്ത ഒരാളാണ് ആഗസ്ത് 23ന് നടുറോഡില്‍ കൊല്ലപ്പെട്ട പോള്‍ ജോര്‍ജ്. ഈ കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ കേരള പൊലീസിന് 48 മണിക്കൂറിനുള്ളില്‍ കഴിഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികളില്‍ ഒട്ടുമിക്കപേരെയും ഇതിനകം നിയമത്തിനുമുന്നില്‍ പൊലീസ് കൊണ്ടുവന്നു. സാധാരണനിലയില്‍ വിവാദങ്ങള്‍ക്ക് വലിയ സാധ്യതയില്ലാത്ത ഒരു വിഷയമാണിത്. പൊലീസിന്റെ സ്തുത്യര്‍ഹമായ സേവനം അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് നിഷ്പക്ഷമതികള്‍ സമ്മതിക്കും. എന്നാല്‍, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, മനോരമ എന്നിവയുടെ നേതൃത്വത്തില്‍ ഒരു മാധ്യമ ക്വട്ടേഷന്‍സംഘം ഉയര്‍ന്നുവരികയും മലയാളികളുടെ മനസ്സ് തകര്‍ക്കാന്‍ ഒരു ഗുണ്ടാവിളയാട്ടം നടത്തുകയുമാണ്. കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിനും ആര്‍എസ്എസ് നയിക്കുന്ന ബിജെപിക്കും തുണയേകിയാണ് ഈ ഗുണ്ടാവിളയാട്ടം. മാധ്യമങ്ങളും വലതുപക്ഷവും പരസ്പര സഹായസംഘങ്ങളായി പ്രവര്‍ത്തിക്കുകയാണ്. ഇവര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെയും ആഭ്യന്തരമന്ത്രിയെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ മഹാസഖ്യമായി പടപ്പുറപ്പാട് നടത്തിയപ്പോള്‍ അതിനെതിരെ ധീരമായി പ്രതികരിക്കാന്‍ ഭരണനായകരും സിപിഐ എം നേതാക്കളും തയ്യാറായി. അതിന്റെ ഭാഗമായാണ് പോള്‍ ജോര്‍ജ് വധവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന രാഷ്ട്രീയവിവാദത്തില്‍ ഇടപെട്ടുകൊണ്ട് രണ്ട് വാര്‍ത്താസമ്മേളനം പിണറായി നടത്തിയത്. എല്‍ഡിഎഫ് സര്‍ക്കാരും കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഏതു വഴിപോക്കനും കൊട്ടാവുന്ന പെരുവഴിയിലെ ചെണ്ടയല്ല. ഈ പ്രസ്ഥാനത്തെയും സര്‍ക്കാരിനെയും അടിസ്ഥാനമില്ലാതെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനെ നേരിടാന്‍ ആളുണ്ട്. കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങളുടെ ശബ്ദമാണ് പിണറായിയിലൂടെ കേരളം കേട്ടത്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന് സോഷ്യലിസത്തിനും കമ്യൂണിസത്തിനും ഭാവിയില്ല, അത് അസ്തമിച്ചു, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടിയെ പിരിച്ചുവിടണം എന്ന് പ്രചരിപ്പിച്ച മനോരമ, മാതൃഭൂമി എന്നിവയുടെ കൂടാരത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ എത്തിയത് അപ്രതീക്ഷിതമായ രാഷ്ട്രീയമല്ല. ദൂരദര്‍ശന്‍മാത്രം ദൃശ്യമാധ്യമരംഗത്തുണ്ടായിരുന്ന ഘട്ടത്തില്‍ സ്വകാര്യമേഖലയില്‍ മെച്ചപ്പെട്ട കാഴ്ചപ്പാടോടെ സ്ഥാപിതമായ ടിവി ചാനലാണ് ഏഷ്യാനെറ്റ്. പിന്നീട് അതിന്റെ സ്വഭാവം മാറി. അതിപ്പോള്‍ ബഹുരാഷ്ട്ര മാധ്യമ അധിപനായ റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ കൈകളിലാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോര്‍ജ് ബുഷിനുവേണ്ടി തന്റെ മാധ്യമസാമ്രാജ്യത്തെ വളച്ചുകൊടുത്ത കടുത്ത കമ്യൂണിസ്റ്റുവിരുദ്ധ സാമ്രാജ്യത്വവാദിയാണ് മര്‍ഡോക്. ഏഷ്യാനെറ്റ് വിലയ്ക്കുവാങ്ങിയ അദ്ദേഹം എന്റര്‍ടെയ്ന്‍മെന്റ് ചാനലിനെ സ്വന്തം പേരിലാക്കിയെങ്കിലും ഇന്ത്യയിലെ നിയമവ്യവസ്ഥ കാരണം ന്യൂസ് ചാനലിനെ പ്രത്യേക ഉടമസ്ഥാവകാശത്തില്‍ നിലനിര്‍ത്തിയിരിക്കയാണ്. എന്നാല്‍, രണ്ടിന്റെയും മേല്‍ത്തട്ടിലെ നിയന്ത്രണം ഏല്‍പ്പിച്ചിരിക്കുന്നത് മുംബൈ ഓഹരിവിപണിയിലെ ദല്ലാളിനാണ്. ഇദ്ദേഹത്തിനെതിരെ നേരത്തെ സിബിഐയുടെ അന്വേഷണക്കുരുക്കുണ്ടായിരുന്നു. അതില്‍നിന്ന് മോചിതനായെങ്കിലും ഇപ്പോഴും ഡെമോക്ളസിന്റെ വാളുപോലെ അന്വേഷണഭീഷണിയുണ്ട്. അതുകൊണ്ട് കേന്ദ്ര ഭരണകക്ഷിയെ പ്രീതിപ്പെടുത്തുകയെന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ആവശ്യവുമാണ്. അതിനെല്ലാമപ്പുറം കമ്യൂണിസത്തെ കുഴിച്ചുമൂടുക എന്ന റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ സാമ്രാജ്യത്വ അജന്‍ഡയുമുണ്ട്.

ഈ പരിസരത്തുനിന്നാണ് ഏഷ്യാനെറ്റ് ന്യൂസ് 'എസ്' കത്തി നിര്‍മിച്ച ആലപ്പുഴയിലെ ഇരുമ്പുപണിക്കാരന്റെ ആലയിലെത്തിയത്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ മേലങ്കി ഇതിന് ചാനല്‍ അണിഞ്ഞിരിക്കുകയാണ്. എക്സ്ക്ളൂസീവ് റിപ്പോര്‍ട്ട്, ഏഷ്യാനെറ്റ് ഇംപാക്ട്, ഏഷ്യാനെറ്റ് കണ്ടെത്തല്‍ എന്നെല്ലാമുള്ള ഗീര്‍വാണങ്ങളാണ് ചാനല്‍ പൈതങ്ങളില്‍നിന്ന് കേട്ടതും 'ചാനല്‍ മൂപ്പന്റെ' കണ്ണാടിയില്‍ തെളിഞ്ഞതും. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ ആന്തുലെ കേസുമുതല്‍ കാര്‍ഗില്‍ ശവപ്പെട്ടി കുംഭകോണംവരെയും ബിഹാറിലെ കണ്ണുപൊട്ടിക്കല്‍ കേസുമുതല്‍ ഇ അഹമ്മദിന്റെ ഹജ്ജ് ക്വോട്ട അഴിമതിവരെ ഉള്‍പ്പെടും. ഈ ഗണത്തിലെങ്ങാനും പെടുന്നതാണോ 'എസ്' കത്തി നിര്‍മിച്ച ഇരുമ്പുപണിക്കാരനെ കണ്ടെത്തിയ ഏഷ്യാനെറ്റ് സാഹസികത. മറ്റുള്ളവരുടെ ശിശുവിനെ സ്വന്തം കുഞ്ഞാക്കി അവതരിപ്പിച്ച പാഷാണം വര്‍ക്കിയാണ് ഏഷ്യാനെറ്റെന്ന് ഒരു സായാഹ്ന കുട്ടിപത്രം പിന്നീട് പരാതിപ്പെട്ടു. ആലപ്പുഴയിലെ ഇരുമ്പുപണിക്കാരനെക്കൊണ്ട് 'എസ്' കത്തി പൊലീസ് പണിയിച്ചതാണെന്ന് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത് തങ്ങളാണെന്ന് ഈ സായാഹ്ന കുട്ടിപത്രം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇത് ശരിയാണെങ്കില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഗ്രൂപ്പ് എഡിറ്റര്‍ ഒരു പാഷാണം വര്‍ക്കിയാണെന്നുവരും. ഏറെ രസകരമായത് 'എസ്' കത്തി പൊലീസ് നിര്‍മിച്ചതാണെന്ന കഥ ആദ്യം വന്നത് പോള്‍ ജോര്‍ജ് വധത്തില്‍ പൊലീസ് പിടിയിലായി ജയിലിലായ പ്രധാന പ്രതി കാരി സതീശന്റെ അഭിഭാഷകനില്‍നിന്നാണ് എന്നതാണ്. കാരി സതീശന്റെ അമ്മ വിലാസിനി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആലപ്പുഴയിലെ ഇരുമ്പുപണിക്കാരനെക്കൊണ്ട് പൊലീസ് കത്തിയുണ്ടാക്കിച്ചെന്നും അതുകൊണ്ട് കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജി കോടതിയില്‍ രാവിലെ സമര്‍പ്പിച്ചെങ്കില്‍ അന്ന് വൈകിട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് പുത്തന്‍ കണ്ടുപിടിത്തമെന്ന മട്ടില്‍ ഇതേ കാര്യം അവതരിപ്പിച്ചത്. ഇതിലൂടെ പ്രേക്ഷകരെ വിഡ്ഡികളാക്കുകയായിരുന്നു ചാനല്‍. കൊലക്കേസ് പ്രതിയായ കൊടും ക്രിമിനലിന്റെ മെഗഫോണായി ഇങ്ങനെയൊരു ചാനലിന് അധഃപതിക്കാമോ? ഇതാണോ അന്വേഷണാത്മക പത്രപ്രവര്‍ത്തനം.

കേസന്വേഷണത്തിന്റെ ഭാഗമായി അന്വേഷണസേന, അത് കേരള പൊലീസാകട്ടെ, സിബിഐ ആകട്ടെ, പല മാര്‍ഗം സ്വീകരിക്കാറുണ്ട്. പോള്‍ ജോര്‍ജ് കൊല്ലപ്പെട്ടത് കാരി സതീശന്റെ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണ ഫലമാണെന്നും സതീശന്റെ ആറ് കുത്തേറ്റിട്ടാണെന്നും പ്രഥമാന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. 'എസ്' കത്തികൊണ്ട് നടത്തിയ കൊലപാതകം തെളിയിക്കുന്നതിന്റെ ഭാഗമായി നിരവധി ഇരുമ്പുപണിക്കാരെക്കൊണ്ട് പൊലീസിനു വേണമെങ്കില്‍ കത്തി നിര്‍മിച്ചുനോക്കാം. ഇതിലൂടെ കൊലയാളി ഉപയോഗിച്ച കത്തി എങ്ങനെ വന്നു എന്നതും പൊലീസിന് കണ്ടെത്താം. ഈ കേസിലാകട്ടെ ആലപ്പുഴയിലെ ഇരുമ്പുപണിക്കാരന്റെ കഥ കേസിലെ പ്രതികളെ രക്ഷപ്പെടുത്താനുള്ള കൃത്രിമസൃഷ്ടിയായിരുന്നു. ഇതിനെ ഹൈക്കോടതിപോലും വിമര്‍ശിച്ചിട്ടുണ്ട്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം ഇരകള്‍ക്കുവേണ്ടിയുള്ളതാകണം. കൊടുംക്രിമിനലുകള്‍ക്കു രക്ഷപ്പെടാന്‍ വഴിയൊരുക്കുന്നതാകരുത്. ഇവിടെയാണ് മാധ്യമസ്വാതന്ത്ര്യം ആരുടേതെന്ന പ്രശ്നം ഉയരുന്നത്.

ഇറാഖിലെ ഗ്വാണ്ടനാമോ തടവറയിലെത്തിയ പോരാളികള്‍ക്കെതിരായ പീഡനം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകളെപ്പറ്റിയുള്ള ഉള്ളുകള്ളി പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം സദുദ്ദേശ്യപ്രേരിതമാണ്. എന്നാല്‍, കൊലക്കേസിലെ പ്രതികളെ നിയമത്തിനുമുന്നില്‍ പൊലീസ് കൊണ്ടുവരുമ്പോള്‍ കുറ്റവാളികളെ രക്ഷിക്കുന്നതിനുവേണ്ടി ക്യാമറക്കണ്ണ് തുറപ്പിക്കുന്നതും തൂലിക ചലിപ്പിക്കുന്നതും വഴിപിഴച്ച അന്വേഷണമാണ്. ഇത് മാധ്യമസ്വാതന്ത്ര്യത്തിന്റെ തെറ്റായ നിര്‍വചനമാണ്. പോള്‍ ജോര്‍ജ് കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് ലഭിച്ച ചതഞ്ഞരഞ്ഞ മൊബൈല്‍ ഫോണിലെ നമ്പരുകള്‍ തേടിയപ്പോഴാണ് ആര്‍എസ്എസിന് ബന്ധമുള്ള ചങ്ങനാശേരിയിലെ ക്വട്ടേഷന്‍ സംഘം പൊലീസിന്റെ വലയിലാകുന്നത്. പോള്‍ ജോര്‍ജിന്റെ ഡ്രൈവറില്‍നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗുണ്ടാത്തലവന്മാരായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പിടിയിലാകുന്നത്. ഇവരൊന്നുമല്ല പ്രതികള്‍, ഇവരെ പൊലീസ് പിടിച്ച് രണ്ട് അടികൊടുത്ത് മാധ്യമങ്ങള്‍ക്കുമുന്നില്‍ കൊണ്ടുവന്ന് കുറ്റം സമ്മതിപ്പിച്ചതാണെന്നാണ് ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ ഇത്യാദിയുടെ കണ്ടെത്തല്‍.

കുറ്റാന്വേഷണത്തിനുള്ള ഏജന്‍സി പൊലീസാണ്. കേരള പൊലീസ് ഇക്കാര്യത്തില്‍ മികച്ച പാരമ്പര്യമുള്ള സേനയാണ്. ഈ സേനയുടെ അധിപനായ ഡിജിപി ജേക്കബ് പുന്നൂസ്, പോള്‍ ജോര്‍ജ് വധക്കേസിലെ അന്വേഷണച്ചുമതലയുള്ള ഐജി വിന്‍സന്റ് പോള്‍, ഗുണ്ടകളെ പിടികൂടുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ നോഡല്‍ ഓഫീസറായ എഡിജിപി സിബി മാത്യൂസ് തുടങ്ങിയവര്‍ സത്യസന്ധതയും കര്‍മശേഷിയും സ്വഭാവമഹിമയുമുള്ള ഉദ്യോഗസ്ഥരാണെന്ന് കേരളം പൊതുവില്‍ വിലയിരുത്തുന്നതാണ്. ഇവരെയും കേരള പൊലീസിനെയും മോശപ്പെടുത്തുകയും ക്വട്ടേഷന്‍സംഘത്തെയും മാഫിയയും ഗുണ്ടകളെയും വെള്ളപൂശുകയും ചെയ്യുന്നത് എന്ത് മാധ്യമസദാചാരമാണ്. ഇക്കാര്യമാണ് പിണറായി വിജയനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ചൂണ്ടിക്കാട്ടിയത്. നേര് വിളിച്ചുപറയുന്നവര്‍ക്കെതിരെ നെറികേടുകൊണ്ട് മറുപടി പറയുകയെന്ന സമീപനമാണ് ഏഷ്യാനെറ്റ് ന്യൂസാദികള്‍ സ്വീകരിച്ചിരിക്കുന്നത്.

ക്രിമിനല്‍കേസിലെ മാധ്യമവാര്‍ത്തകളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരില്‍നിന്ന് തെളിവെടുക്കുന്നത് ആലോചിക്കേണ്ട വിഷയമാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞത് മാധ്യമസ്വാതന്ത്ര്യം അപകടത്തിലാക്കുന്നതാണെന്ന ഉമ്മന്‍ചാണ്ടിയുടെയും മറ്റും നിലപാട് അപഹാസ്യമാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഒന്നിലധികം കേസില്‍ മാധ്യമപ്രവര്‍ത്തകരില്‍നിന്ന് കേരള പൊലീസുതന്നെ വിവരശേഖരണം നടത്തുകയും മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ കേസില്‍ പ്രതികളാക്കുകയും ചെയ്തിട്ടുണ്ട്. കെ വി തോമസിനെതിരെ വ്യാജരേഖയും വാര്‍ത്തയും സൃഷ്ടിച്ചെന്ന കേസുണ്ടായത് എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. തലസ്ഥാനനഗരിയിലെ ഒരു ഡസന്‍ മാധ്യമപ്രവര്‍ത്തകരില്‍നിന്നെങ്കിലും ഈ കേസില്‍ പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. അവസാനം മാധ്യമപ്രവര്‍ത്തകരെയടക്കം പ്രതികളാക്കിയാണ് കേസ് ചാര്‍ജ് ചെയ്തത്. ആ തലത്തിലേക്കൊന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ നീങ്ങിയിട്ടില്ല. എന്നിട്ടാണ്, മാധ്യമസ്വാതന്ത്ര്യം അപകടത്തിലെന്ന് ഉമ്മന്‍ചാണ്ടിയും ഒരുകൂട്ടം മാധ്യമങ്ങളും മുറവിളിക്കുന്നത്. മാധ്യമസ്വാതന്ത്ര്യം ഇരകള്‍ക്കുവേണ്ടിയുള്ളതാകണം. സമൂഹവിരുദ്ധരായ ക്രിമിനലുകള്‍ക്കുവേണ്ടിയുള്ളതാകരുത്.

ആര്‍ എസ് ബാബു ദേശാഭിമാനി 15 സെപ്തംബര്‍ 2009

5 comments:

  1. മുത്തൂറ്റ് പോള്‍ ജോര്‍ജ് വധം പ്രത്യക്ഷത്തില്‍ ഒരു അരാഷ്ട്രീയ വിഷയമാണ്. പക്ഷേ, അതിനെ ഒരു രാഷ്ട്രീയവിഷയമാക്കി വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും മാറ്റി. രാഷ്ട്രീയമില്ലാത്ത ഒരു കൊലക്കേസിലെന്തിന് പാര്‍ടി സെക്രട്ടറി രണ്ടു പത്രസമ്മേളനം നടത്തിയെന്ന് രമേശ് ചെന്നിത്തലയാദികള്‍ സംശയം ഉന്നയിക്കുന്നു. മാധ്യമസ്വാതന്ത്ര്യം അപകടത്തില്‍ എന്ന മുറവിളിയുമായി നിയമസഭയില്‍ ഇറങ്ങിപ്പോക്ക് നടത്തുന്നു. ഇന്ദിര ഗാന്ധി, രാജീവ്ഗാന്ധി തുടങ്ങിയവരുടെ വധക്കേസിനേക്കാള്‍ വികാരാവേശത്തോടെയാണ് യുഡിഎഫ് പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും പോള്‍ ജോര്‍ജ് വധക്കേസ് ഏറ്റെടുത്തിരിക്കുന്നത്. പന്നിപ്പടക്കം പൊട്ടിച്ചിട്ട് എന്തിനാ ശബ്ദമുണ്ടാക്കുന്നത് എന്നു ചോദിക്കുംപോലെ അസംബന്ധമാണ്, കേവലം അരാഷ്ട്രീയമായ ഒരു വിഷയത്തെ രാഷ്ട്രീയകാര്യമാക്കി മാറ്റിയതിനുശേഷം അതിനോടെന്തിന് സിപിഐ എം നേതാക്കള്‍ നിരന്തരം പ്രതികരിക്കുന്നുവെന്ന സംശയം ഉയര്‍ത്തുന്നത്.

    ReplyDelete
  2. "ഇവര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെയും ആഭ്യന്തരമന്ത്രിയെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ മഹാസഖ്യമായി പടപ്പുറപ്പാട് നടത്തിയപ്പോള്‍ അതിനെതിരെ ധീരമായി പ്രതികരിക്കാന്‍ ഭരണനായകരും സിപിഐ എം നേതാക്കളും തയ്യാറായി. അതിന്റെ ഭാഗമായാണ് പോള്‍ ജോര്‍ജ് വധവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന രാഷ്ട്രീയവിവാദത്തില്‍ ഇടപെട്ടുകൊണ്ട് രണ്ട് വാര്‍ത്താസമ്മേളനം പിണറായി നടത്തിയത്. "

    sarkarinethire apakeerthi undayal prathikarikkan kerala mukhya manthrikku naavile. atho party secretary thanne aano keralathinte bharana thalavalum! police station okke kutti sakhakkal kayari bharikkunna pole!! policinte anweshanathinu vimarshanam undayal mukhya manthriyo abbyandra mantriyo vartha sammelanam nadathi kaariyangal vishadeekarikkunnathu manasilakka, pinarayi vavartha sammelanam nadathiyathu dahikkunnillallo janashakti.

    ReplyDelete
  3. ഓം പ്രകാശിന്റെ അച്ഛന്റെ അഭിമുഖത്തിലൂടെ ഉണ്ടായ ജാള്യത കാരണം ഒരടി പിന്നോട്ട് വെക്കാന്‍ ഏഷ്യാനെറ്റും മനോരമയും തീരുമാനിച്ചെന്ന് തോനുന്നു. ഇന്നലെ വൈകുന്നേരത്തെ ന്യൂസ് അവറില്‍ ബിനീഷ് കോടിയേരിക്ക് സംസാരിക്കാന്‍ നല്ല സമയം അനുവദിച്ചു ഏഷ്യാനെറ്റ്. മനോരമയില്‍ കൊണ്ടര്‍ പോയന്റില്‍ കെ ബാബുവിനെ വെള്ളം കുടിപ്പിക്കുന്നതും കാണാമായിരുന്നു. കൈരളിയും പീപ്പിളും ഇല്ലായിരുന്നെങ്കില്‍ ഇവിടെ എന്താകുമായിരുന്നു!

    ReplyDelete
  4. MUTHOOTU PAUL വധം തികച്ചും POLITICS ILLATHA ORU VISHAYAM ആന്നെന്നു ആരാണ് ജനശക്തിയോടു പറഞ്ഞത് എന്നാണ് എന്റെ സംശയം ....കേസിന്റെ വിചാരണ പോലും തീര്‍ന്നിട്ടില്ലാത്ത ഈ കേസില്‍ മുന്‍വിധികള്‍ എന്തിനാണ് ?സത്യം നാളെ പുറത്തു വന്നാല്‍ നമ്മുക്ക് അറിയാം എന്നല്ലാതെ ഒരടച്ച അഭിപ്രായം ശരിയല്ല...............

    ReplyDelete
  5. പാര്‍ടി പത്രം, പാര്‍ടി ചാനല്‍, പാര്‍ടി സ്വന്തം ബ്ലോഗ്ഗര്‍..!!!

    വിപ്ലവം ജയിക്കട്ടെ...

    ReplyDelete