Tuesday, September 15, 2009

മോഡിസത്തിന്റെ വിപത്ത് ചെറുക്കുക

രാജ്യത്തിന്റെ ഇതര ഭാഗങ്ങളുമായി താരതമ്യപ്പെടുത്താവുന്നതല്ല ഗുജറാത്ത് എന്ന സംസ്ഥാനവും അവിടെ നടക്കുന്ന സംഭവങ്ങളും. മതവിദ്വേഷത്തിന്റെ ചെലവില്‍ അധികാരത്തിലേറിയ സംസ്ഥാനസര്‍ക്കാരാണ് അവിടെയുള്ളത്. ഭൂരിപക്ഷ മതവിശ്വാസികളുടെ വോട്ട് സമാഹരിക്കാനുള്ള എളുപ്പവഴി ന്യൂനപക്ഷവിരോധം ആളിക്കത്തിക്കലും ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കലുമാണെന്ന് വിശ്വസിക്കുകയും അത് പരസ്യമായി പ്രവൃത്തിപഥത്തില്‍ വരുത്തുകയും ചെയ്ത നേതാവാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. അധികാരം കൈയടക്കാനും നിലനിര്‍ത്താനും നിരപരാധികളുടെ ചോരയും ജീവനും ചവിട്ടിയരയ്ക്കാന്‍ മടിയില്ലാത്ത പ്രത്യയശാസ്ത്രമാണ് മോഡിയെ നയിക്കുന്നത്. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളൊരുക്കി ജൂതര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും പൈശാചികമരണം നല്‍കുന്നത്അനുഷ്ഠാനമാക്കിയിരുന്ന അഡോള്‍ഫ് ഹിറ്റ്ലറാണ് മോഡിയുടെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെയും പ്രഖ്യാപിത മാതൃക. ഗുജറാത്തിലെ വംശഹത്യ ആര്‍എസ്എസിന്റെ ഫാസിസ്റ്റ് അജന്‍ഡയുടെ ഭാഗമായിരുന്നെന്ന് സംശയമില്ലാതെ പറയാനാകുന്നത് ആ സംഘടന അതിന്റെ പ്രാരംഭംമുതല്‍ തുടര്‍ന്നുവന്ന ഫാസിസ്റ്റ് ആഭിമുഖ്യംകൊണ്ടാണ്. ഏവരും ആദരിക്കുന്ന മഹാത്മാവിന്റെ നെഞ്ചിലേക്ക് നിറയൊഴിക്കാന്‍ കൈയറപ്പുകാട്ടിയിട്ടില്ലാത്ത ആ സംഘടനയുടെ അനുയായികള്‍ക്ക് ഏതു മനുഷ്യനെയും കൊല്ലാനും കൊല്ലിക്കാനും മടിയുണ്ടാകില്ല.

ഭീകരവാദികളെന്ന് ആരോപിച്ച് വ്യാജ ഏറ്റുമുട്ടലിലൂടെ ഗുജറാത്തില്‍ നരേന്ദ്രമോഡി ന്യൂനപക്ഷങ്ങളെ കൊലചെയ്തത് തന്റെ പ്രതിഛായ വര്‍ധിപ്പിക്കാനും ഭൂരിപക്ഷ സമുദായത്തില്‍ സ്വാധീനം ഉറപ്പിക്കാനുമായിരുന്നു. ഭീകരവാദത്തിനെതിരെ പൊരുതുന്ന മുഖ്യമന്ത്രി എന്ന പ്രതിഛായ സൃഷ്ടിക്കുകയായിരുന്നു മോഡിയുടെ ലക്ഷ്യം. അധികാരം ഉറപ്പിക്കാനും എതിരാളികളെ മുളയിലേ നുള്ളാനും വിശ്വസ്തരായ പൊലീസുകാരെ ഉപയോഗിച്ച് മോഡി വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ചു. ഗുജറാത്ത് വംശഹത്യയുടെ സൂത്രധാരനായ മോഡിതന്നെയാണ് വ്യാജ ഏറ്റുമുട്ടലുകളുടെയും ആസൂത്രകനെന്നത് യാദൃച്ഛികമല്ല. മോഡിയുടെ നേതൃത്വത്തെ വെല്ലുവിളിച്ച മോഡിയുടെതന്നെ പാര്‍ടിക്കാരനായ ഹരേന്‍ പാണ്ഡ്യ എംഎല്‍എയെയും വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചതാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. തന്റെ മകനെ വധിച്ച് അഹമ്മദാബാദിലെ ലോ ഗാര്‍ഡനില്‍ തള്ളുകയായിരുന്നെന്ന് ഹരേന്‍ പാണ്ഡ്യയുടെ അച്ഛന്‍ വിത്തല്‍ പാണ്ഡ്യയാണ് പറഞ്ഞത്. 2003നും 2005നും ഇടയില്‍ ഗുജറാത്തില്‍ 21 ഏറ്റുമുട്ടലാണുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും മുസ്ളിങ്ങള്‍. മുഖ്യമന്ത്രിയെ കൊല്ലാന്‍ വന്ന ഭീകരരാണ് വധിക്കപ്പെട്ടതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ലഷ്കര്‍ ഇ തോയ്ബ ബന്ധം കൊല്ലപ്പെട്ടവരിലെല്ലാം ചാര്‍ത്തി. ഈ ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്നു തെളിഞ്ഞത് സൊഹ്റാബുദീന്‍ ഷെയ്ഖിന്റെ കേസിലാണ്. ഷെയ്ഖ് കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് 2007 മാര്‍ച്ചില്‍ സുപ്രീംകോടതിയില്‍ ഗുജറാത്ത് സര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നു. മോഡിയെ വധിക്കാന്‍ പോകവെ അഹമ്മദാബാദിലെ നരോലി ക്രോസിങ്ങിലുണ്ടായ ഏറ്റുമുട്ടലിലാണ് ഷെയ്ഖ് കൊല്ലപ്പെട്ടതെന്നായിരുന്നു പൊലീസ് ഭാഷ്യം. ആ കൊലയ്ക്ക് സാക്ഷിയായ ഷെയ്ഖിന്റെ ഭാര്യ കൌസര്‍ ബാനു മൂന്നുദിവസത്തിനുശേഷം മറ്റൊരു 'ഏറ്റുമുട്ടലില്‍' കൊല്ലചെയ്യപ്പെട്ടു. അവര്‍ പാകിസ്ഥാനിയാണെന്നാണ് പൊലീസ് പറഞ്ഞത്. പിന്നീട് അതേരീതിയില്‍ ഷെയ്ഖിന്റെ സുഹൃത്ത് തുളസീറാം പ്രജാപതിയെ കൊന്നു. അടുത്തത് മലയാളിയായ പ്രാണേഷ്കുമാര്‍, ഇസ്രത് ജഹാന്‍ എന്നിവരടക്കം നാലുപേരെ കൊന്നതാണ്. 2004 ജൂണ്‍ 15ന് കോട്ടാപുര്‍ നരോദയിലാണ് കൂട്ടക്കൊല നടത്തിയത്. സമീര്‍ ഖാന്‍ പത്താനെ, സാദിഖ് ജമാല്‍ എന്നിവരെ കൊന്നതും സമാനരീതിയിലാണ്.

2002ലെ വംശഹത്യയിലൂടെയാണ് മോഡി ഗുജറാത്ത് രാഷ്ട്രീയത്തില്‍ പിടിമുറുക്കിയത്. ന്യൂനപക്ഷങ്ങളെ തികച്ചും നിശബ്ദമാക്കി, ഭൂരിപക്ഷത്തെ പ്രീണിപ്പിച്ച് അധികാരം ഉറപ്പിച്ചുനിര്‍ത്താനുള്ള തന്ത്രങ്ങളാണ് തുടര്‍ന്ന് ആവിഷ്കരിച്ചത്. വംശഹത്യാസമയത്ത് ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതില്‍ കാവിപ്പടയ്ക്ക് കൂട്ടുനിന്ന പൊലീസുകാരെല്ലാം പ്രത്യേക പരിഗണന നേടി ഉയര്‍ന്ന സ്ഥാനങ്ങളിലെത്തി. പല സംസ്ഥാനങ്ങളിലും ബോംബ് സ്ഫോടനങ്ങളും മറ്റും നടക്കുമ്പോള്‍ ഗുജറാത്താണ് ഏറ്റവും സുരക്ഷിതമായ സംസ്ഥാനമെന്നും അവിടെ തീവ്രവാദികള്‍ക്ക് രക്ഷയില്ലെന്നുമുള്ള പ്രതീതി സൃഷ്ടിക്കാനാണ് ആദ്യം വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കിയത്. അതില്‍ ആദ്യത്തേതായിരുന്നു പ്രാണേഷ്കുമാര്‍- ഇസ്രത് ജഹാന്‍ ഷെയ്ക്ക് കൊലപാതകം. ജാവേദ് എന്ന് പേരുമാറ്റിയ പ്രാണേഷ് മുംബൈയില്‍ തുണിക്കട നടത്തുകയായിരുന്നു. അവിടെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട ഇസ്രത്. നാസിക്കില്‍ ഇന്റര്‍വ്യൂവിന് പോകാന്‍ 2004 ജൂണ്‍ 11ന് വീട്ടില്‍നിന്ന് ഇറങ്ങിയ ഇസ്രത്തിനെ പിന്നെ അഹമ്മദാബാദില്‍ മരിച്ച നിലയിലാണ് കണ്ടത്. ഇസ്രത്തിനെയും പ്രാണേഷ്കുമാറിനെയും മറ്റു രണ്ടുപേരെയും ഗുജറാത്ത് പൊലീസ് മുംബൈയില്‍നിന്ന് തട്ടിക്കൊണ്ടുപോയാണ് കൊന്നതെന്ന് ജുഡീഷ്യല്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഇവരെ കൊന്നശേഷം മൃതദേഹം അഹമ്മദാബാദിലെത്തിച്ച് റോഡില്‍ നിരത്തിക്കിടത്തി കൈയില്‍ തോക്കുകള്‍ പിടിപ്പിച്ച് വ്യാജ ഏറ്റുമുട്ടല്‍ക്കഥ ചമയ്ക്കുകയായിരുന്നെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. അഹമ്മദാബാദ് മജിസ്ട്രേട്ട് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തലുകള്‍. അഹമ്മദാബാദ് പൊലീസ് കമീഷണര്‍, കുപ്രസിദ്ധ ഡിഐജി വന്‍സാര എന്നീ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊലയില്‍ പങ്കുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.

ഈ അന്വേഷണറിപ്പോര്‍ട്ട് ഒരിക്കലും തുടര്‍ നടപടിക്കായി പരിഗണിക്കപ്പെടരുതെന്ന വാശിയോടെയുള്ള ഇടപെടലും ഉപജാപങ്ങളുമാണ് നടക്കുന്നത്. അതിന് മോഡിക്ക് ബിജെപി പരിപൂര്‍ണ പിന്തുണ നല്‍കുന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി സ്വയം സ്ഥാനം ഒഴിയണമായിരുന്നു. അതല്ലെങ്കില്‍ ബിജെപി മോഡിയെ പുറത്താക്കണമായിരുന്നു. കൊലയ്ക്ക് ഉത്തരവാദികളായ പൊലീസ് ഓഫീസര്‍മാരെ പ്രോസിക്യൂട്ടുചെയ്ത് ഉടന്‍ അറസ്റ്റുചെയ്യാനും കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കാനും മുന്‍കൈയെടുക്കേണ്ട ഗുജറാത്ത് സര്‍ക്കാര്‍ മുമ്പെന്നപോലെ കൊലയാളികള്‍ക്ക് രക്ഷാകവചമൊരുക്കാനാണ് പ്രയത്നിക്കുന്നത്. ഗുജറാത്തില്‍ നടന്ന എല്ലാ ഏറ്റുമുട്ടലുകളെക്കുറിച്ചും സമഗ്രമായി അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കണം.

ദേശാഭിമാനി മുഖപ്രസംഗം 15 സെപ്തംബര്‍ 2009

2 comments:

  1. രാജ്യത്തിന്റെ ഇതര ഭാഗങ്ങളുമായി താരതമ്യപ്പെടുത്താവുന്നതല്ല ഗുജറാത്ത് എന്ന സംസ്ഥാനവും അവിടെ നടക്കുന്ന സംഭവങ്ങളും. മതവിദ്വേഷത്തിന്റെ ചെലവില്‍ അധികാരത്തിലേറിയ സംസ്ഥാനസര്‍ക്കാരാണ് അവിടെയുള്ളത്. ഭൂരിപക്ഷ മതവിശ്വാസികളുടെ വോട്ട് സമാഹരിക്കാനുള്ള എളുപ്പവഴി ന്യൂനപക്ഷവിരോധം ആളിക്കത്തിക്കലും ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കലുമാണെന്ന് വിശ്വസിക്കുകയും അത് പരസ്യമായി പ്രവൃത്തിപഥത്തില്‍ വരുത്തുകയും ചെയ്ത നേതാവാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. അധികാരം കൈയടക്കാനും നിലനിര്‍ത്താനും നിരപരാധികളുടെ ചോരയും ജീവനും ചവിട്ടിയരയ്ക്കാന്‍ മടിയില്ലാത്ത പ്രത്യയശാസ്ത്രമാണ് മോഡിയെ നയിക്കുന്നത്. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളൊരുക്കി ജൂതര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും പൈശാചികമരണം നല്‍കുന്നത്അനുഷ്ഠാനമാക്കിയിരുന്ന അഡോള്‍ഫ് ഹിറ്റ്ലറാണ് മോഡിയുടെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെയും പ്രഖ്യാപിത മാതൃക. ഗുജറാത്തിലെ വംശഹത്യ ആര്‍എസ്എസിന്റെ ഫാസിസ്റ്റ് അജന്‍ഡയുടെ ഭാഗമായിരുന്നെന്ന് സംശയമില്ലാതെ പറയാനാകുന്നത് ആ സംഘടന അതിന്റെ പ്രാരംഭംമുതല്‍ തുടര്‍ന്നുവന്ന ഫാസിസ്റ്റ് ആഭിമുഖ്യംകൊണ്ടാണ്. ഏവരും ആദരിക്കുന്ന മഹാത്മാവിന്റെ നെഞ്ചിലേക്ക് നിറയൊഴിക്കാന്‍ കൈയറപ്പുകാട്ടിയിട്ടില്ലാത്ത ആ സംഘടനയുടെ അനുയായികള്‍ക്ക് ഏതു മനുഷ്യനെയും കൊല്ലാനും കൊല്ലിക്കാനും മടിയുണ്ടാകില്ല.

    ReplyDelete
  2. Modiye Pradanamanthriyakkan nadakkunna partyye sambandhichedatholam avar engane ee naradamanethire nadapadiyedukkum.

    ReplyDelete