Thursday, September 10, 2009

പൊതുജനാരോഗ്യ മേഖല വളരട്ടെ

സംസ്ഥാനത്ത് മെഡിക്കല്‍, ഡെന്റല്‍, നേഴ്സിങ്, ഫാര്‍മസി കോളേജുകളിലെ അധ്യാപകരുടെ ശമ്പളം പരിഷ്കരിക്കാനും അതോടൊപ്പം സ്വകാര്യ പ്രാക്ടീസ് നിരോധിക്കാനുമുള്ള മന്ത്രിസഭാ തീരുമാനം ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിന്റെ ഇച്ഛാശക്തി വെളിപ്പെടുത്തുന്നതാണ്. പ്രതിവര്‍ഷം 100 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാര്‍ ഇതിനായി ഏറ്റെടുക്കുന്നത്. തകര്‍ന്നടിഞ്ഞ പൊതുജനാരോഗ്യമേഖലയെ കൈപിടിച്ചുയര്‍ത്തുകയെന്ന ദൌത്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരും ആരോഗ്യവകുപ്പിന് നേതൃത്വംകൊടുക്കുന്ന മന്ത്രി പി കെ ശ്രീമതിയും അധികാരമേറ്റ ഉടനെ ഏറ്റെടുത്ത പ്രധാന ദൌത്യം. കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനം പൊതുജനാരോഗ്യ മേഖലയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ നേതൃത്വം നല്‍കിയ മന്ത്രിക്കും സര്‍ക്കാരിനും ഇക്കാര്യത്തില്‍ തീര്‍ച്ചയായും അഭിമാനിക്കാം. ഈ പ്രവര്‍ത്തന പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ബുധനാഴ്ച പുറത്തുവന്ന തീരുമാനം.

പൊതുജനാരോഗ്യ മേഖല തകര്‍ന്നതുപോലെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ക്ഷയിച്ച് നാശോന്മുഖമാവുകയായിരുന്നു. ഈ ഘട്ടത്തിലാണ് കേരളത്തിലെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെയും ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കുന്നതിനും സര്‍ക്കാര്‍ മുന്‍കൈ എടുത്തത്. ഇതിന്റെ ഫലമായി ഗവ.മെഡിക്കല്‍ കോളേജുകളുടെ മുഖച്ഛായ തന്നെ മാറി. യുഡിഎഫ് ഭരണകാലത്ത് ഒരു ആരോഗ്യമന്ത്രി പറഞ്ഞത് 'എനിക്ക് ജീവനില്‍ കൊതിയുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് പോകാതിരുന്നത്' എന്നാണ്. ഇന്ന് സ്ഥിതി മാറി. കൂടുതല്‍ രോഗികള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ ആശ്രയിക്കുന്നു. രോഗികളുടെ അഭൂതപൂര്‍വമായ തിരക്ക് കാരണം ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. സ്വകാര്യ പ്രാക്ടീസ് അനുവദനീയമായതിനാല്‍ അങ്ങനെ പ്രാക്ടീസുള്ള ഡോക്ടര്‍മാരുടെ സേവനം ഉച്ചയ്ക്ക് ശേഷം ലഭ്യമല്ലാത്ത സ്ഥിതി ഈ ബുദ്ധിമുട്ട് വര്‍ധിപ്പിക്കുന്നു. പല ഡോക്ടര്‍മാരും 12 മണിയോടെ ആശുപത്രിയിലെ സേവനം അവസാനിപ്പിക്കും. പിന്നീട് കാര്യങ്ങളെല്ലാം പിജി ഡോക്ടര്‍മാരും ഹൌസ് സര്‍ജന്മാരും നടത്തേണ്ടുന്ന സ്ഥിതി ചില ഡിപ്പാര്‍ട്മെന്റുകളിലെങ്കിലും ഉണ്ടാവുന്നു. അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളുടെ പഠന കാര്യങ്ങളിലും ഗവേഷണപ്രവര്‍ത്തനങ്ങളിലും ഫലപ്രദമായി ഇടപെടാനും കഴിയുന്നില്ല. സ്വന്തം അറിവ് വര്‍ധിപ്പിക്കുന്നതിനുള്ള തുടര്‍ പഠനത്തിനും ഗവേഷണത്തിനും സമയം കിട്ടാത്ത തരത്തില്‍ സ്വകാര്യ പ്രാക്ടീസ് വളര്‍ന്നതായും അത് മെഡിക്കല്‍ കോളേജുകളിലെ അക്കാദമിക് നിലവാരം തകരാന്‍ ഇടയാക്കിയിട്ടുണ്ടെന്നും പല വിദഗ്ധ സമിതികളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് ഉചിതമായ നോണ്‍ പ്രാക്ടീസിങ് അലവന്‍സ് നല്‍കേണ്ടി വരുമെന്നുള്ളതുകൊണ്ട് മുന്‍ സര്‍ക്കാരുകള്‍ ഈ പ്രശ്നം ഗൌനിച്ചിരുന്നില്ല. നോണ്‍ പ്രാക്ടീസിങ് അലവന്‍സ് എന്ന ഭാരിച്ച സാമ്പത്തിക ബാധ്യത എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നു. വീടുകളില്‍ നടത്തുന്ന സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിച്ച് പകരമായി അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം നോണ്‍ പ്രാക്ടീസിങ് അലവന്‍സ് അനുവദിക്കും. എന്‍പിഎ ഉള്‍പ്പെടെയുള്ള ശമ്പളത്തിന് ഡിഎയും നല്‍കും. മെഡിക്കല്‍, ഡെന്റല്‍ കോളേജ് അധ്യാപകര്‍ക്ക് അധ്യാപന ജോലിക്കു പുറമെ ആശുപത്രികളിലെ ചികിത്സാ സേവനവും പരിഗണിച്ച് അടിസ്ഥാന ശമ്പളത്തിന്റെ 15 ശതമാനം തുക പേഷ്യന്റ് കെയര്‍ അലവന്‍സ് ആയി നല്‍കും. അക്കാദമിക് നിലവാരവും ഗവേഷണവും ചികിത്സാ സേവനവും മെച്ചപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഉചിതമായ ചുവടുവയ്പാണിത്. നിലവില്‍ എഐസിടിഇ സ്കെയില്‍ അനുസരിച്ചുള്ള ശമ്പളമാണ് നല്‍കുന്നത്. ഇനി കൂടുതല്‍ ആകര്‍ഷകമായ യുജിസി ശമ്പള പരിഷ്കരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ ശമ്പളം പരിഷ്കരിക്കുന്നത്. നിലവില്‍ 29000 രൂപ ലഭിക്കുന്ന അസി. പ്രൊഫസര്‍ക്ക് 50,000 രൂപയിലേറെ ലഭിക്കും. പ്രൊഫസര്‍ക്ക് എണ്‍പത്തയ്യായിരത്തിലേറെ പ്രതിമാസശമ്പളം ലഭിക്കും. മറ്റ് കാറ്റഗറികളിലും സമാനമായ വര്‍ധന ഉണ്ടാകും. കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍പോലും ഇത്രയും ആകര്‍ഷകമായ ശമ്പളം നല്‍കുമെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ മേഖലയിലേക്ക് വരാനുള്ള സാധ്യത തെളിയുകയാണ്. ശമ്പളം കുറഞ്ഞതുകൊണ്ട് മറ്റ് മേഖലകള്‍ തേടിപ്പോകുന്നുവെന്ന ആക്ഷേപം ഇനിയുണ്ടാകാനിടയില്ല.

സര്‍ക്കാരിന്റെ ഈ ഗുണകരമായ സമീപനം തിരിച്ചറിഞ്ഞ് ഡോക്ടര്‍മാര്‍ എത്രയും പെട്ടെന്ന് അവരുടെ നിസ്സഹകരണ സമരത്തില്‍നിന്ന് പിന്മാറണം. സര്‍ക്കാര്‍ അവര്‍ക്ക് നല്‍കിയ വാഗ്ദാനം നിശ്ചിതസമയത്തിന് മുമ്പുതന്നെ പാലിച്ചിരിക്കുകയാണ്. സ്വകാര്യ പ്രാക്ടീസ് ലോബി ഈ തീരുമാനങ്ങളെ അട്ടിമറിക്കാന്‍ സജീവമായി രംഗത്തുണ്ട്. ഇപ്പോള്‍ ഡോക്ടര്‍മാരെ വീടുകളില്‍ ചെന്ന് കാണുന്നവര്‍ക്ക് അതിന് അവസരം കിട്ടാതാവുമ്പോള്‍ അവര്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പോകുമെന്നും അത് സ്വകാര്യ മേഖലയെ സഹായിക്കലാണെന്നും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു. സ്വകാര്യ പ്രാക്ടീസിലൂടെ ലഭിക്കുന്ന വരുമാനത്തിന് നികുതിപ്പണം പോലും നല്‍കാത്ത ഇവരുടെ അടുത്ത് പോകുന്നതും സ്വകാര്യ ആശുപത്രിയില്‍ പോകുന്നതും തമ്മില്‍ എന്ത് വ്യത്യാസം? അതേസമയം, ഗവ. മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ എന്ന വിലാസമുപയോഗിച്ചാണ് കൊയ്ത്ത് നടത്തുന്നതെന്നോര്‍ക്കണം. ഇവിടെനിന്ന് രാജിവച്ച് പോയാല്‍ ഈ പ്രൈവറ്റ് പ്രാക്ടീസ് കിട്ടില്ല, മാത്രമല്ല, സ്വകാര്യ ആശുപത്രികള്‍ അതിന് അനുവദിക്കുകയുമില്ല. എന്നാല്‍, സ്വകാര്യ പ്രാക്ടീസ് പാടെ നിരോധിക്കുമ്പോള്‍ ഡോക്ടര്‍-രോഗി ആശയവിനിമയത്തില്‍ വരുന്ന തടസ്സമടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണ്. വൈകുന്നേരങ്ങളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കസള്‍ട്ടേഷന്‍ സൌകര്യം ഏര്‍പ്പെടുത്തുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാവുന്നതാണ്.

സ്വകാര്യ പ്രാക്ടീസ് ഒറ്റയടിക്ക് നിര്‍ത്തലാക്കുമ്പോള്‍ വലിയ സാമ്പത്തിക നഷ്ടം നേരിടുന്ന ഡോക്ടര്‍മാരുണ്ട്. അവര്‍ക്ക് ഈ തീരുമാനത്തോട് വിയോജിപ്പുണ്ടാകുന്നത് സ്വാഭാവികമാണ്. പൊതുജനങ്ങള്‍ക്കും എല്ലാ ഡോക്ടര്‍മാര്‍ക്കും ഒരുപോലെ പ്രയോജനകരമായതാണ് ഈ തീരുമാനമെന്ന് തിരിച്ചറിഞ്ഞ് അവര്‍ മുഖ്യധാരയോടൊപ്പം ചേരുകയാണ് ഉത്തമം.

ദേശാഭിമാനി മുഖപ്രസംഗം 10 സെപ്തംബര്‍ 2009

1 comment:

  1. .സംസ്ഥാനത്ത് മെഡിക്കല്‍, ഡെന്റല്‍, നേഴ്സിങ്, ഫാര്‍മസി കോളേജുകളിലെ അധ്യാപകരുടെ ശമ്പളം പരിഷ്കരിക്കാനും അതോടൊപ്പം സ്വകാര്യ പ്രാക്ടീസ് നിരോധിക്കാനുമുള്ള മന്ത്രിസഭാ തീരുമാനം ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിന്റെ ഇച്ഛാശക്തി വെളിപ്പെടുത്തുന്നതാണ്. പ്രതിവര്‍ഷം 100 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാര്‍ ഇതിനായി ഏറ്റെടുക്കുന്നത്. തകര്‍ന്നടിഞ്ഞ പൊതുജനാരോഗ്യമേഖലയെ കൈപിടിച്ചുയര്‍ത്തുകയെന്ന ദൌത്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരും ആരോഗ്യവകുപ്പിന് നേതൃത്വംകൊടുക്കുന്ന മന്ത്രി പി കെ ശ്രീമതിയും അധികാരമേറ്റ ഉടനെ ഏറ്റെടുത്ത പ്രധാന ദൌത്യം. കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനം പൊതുജനാരോഗ്യ മേഖലയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ നേതൃത്വം നല്‍കിയ മന്ത്രിക്കും സര്‍ക്കാരിനും ഇക്കാര്യത്തില്‍ തീര്‍ച്ചയായും അഭിമാനിക്കാം. ഈ പ്രവര്‍ത്തന പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ബുധനാഴ്ച പുറത്തുവന്ന തീരുമാനം.

    ReplyDelete