സ്വതന്ത്രവ്യാപാര കരാറിനുള്ള ദോഹവട്ടചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനത്തോടെയാണ് ലോകവ്യാപാര സംഘടന (ഡബ്ള്യുടിഒ) യുടെ ദ്വിദിന മന്ത്രിതലയോഗം വെള്ളിയാഴ്ച ഡല്‍ഹിയില്‍ സമാപിച്ചത്. വികസിതരാഷ്ട്രങ്ങളുടെ സമര്‍ദത്തിനു വഴങ്ങിയാണ് ഈ യോഗത്തിന് യുപിഎ സര്‍ക്കാര്‍ ആതിഥ്യമരുളിയത്. ഡബ്ള്യുടിഒ അംഗങ്ങളായ 35 രാഷ്ട്രത്തില്‍നിന്നുള്ള വാണിജ്യമന്ത്രിമാരാണ് പങ്കെടുത്തത്. ജനീവയില്‍ നടക്കാനിരിക്കുന്ന അടുത്ത മന്ത്രിതലയോഗത്തിനുമുമ്പ് തര്‍ക്കവിഷയങ്ങളില്‍ ധാരണയെത്തുകയായിരുന്നു ലക്ഷ്യം. ഡബ്ള്യുടിഒ ഡയറക്ടര്‍ ജനറല്‍ പാസ്കല്‍ ലാമിയും അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ചൈന, ജപ്പാന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളുമാണ് സജീവപങ്കാളികളായത്. പാര്‍ലമെന്റിനെ അവഗണിച്ചാണ് മന്ത്രിതലസമ്മേളനത്തില്‍ ഇന്ത്യ പങ്കെടുത്തത്. വികസിത രാജ്യങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ദോഹവട്ടചര്‍ച്ച പൂര്‍ത്തിയാക്കി ലോകവ്യാപാര സംഘടനയുടെ കാര്‍ഷിക- കാര്‍ഷികേതര ഉല്‍പ്പന്ന വ്യാപാര കരാര്‍ നടപ്പാക്കാന്‍ ഇന്ത്യതന്നെ മുന്‍കൈയെടുത്ത് വിളിച്ചതാണ് ഈ അനൌദ്യോഗിക ഉച്ചകോടി. ഇതോടെ ആസിയന്‍ കരാറിനു പിന്നാലെ കാര്‍ഷിക-മത്സ്യമേഖലകളെ പാടേ തകര്‍ക്കുന്ന ലോകവ്യാപാര സംഘടനയുടെ കരാറിലും ഇന്ത്യ ഒപ്പിടുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
നാലായിരത്തിലേറെ ഉല്‍പ്പന്നത്തിന് 80 ശതമാനംവരെ തീരുവരഹിത ഇറക്കുമതി അനുവദിക്കുന്ന ആസിയന്‍ കരാറില്‍ ഒപ്പിട്ടതോടെ ലോകവ്യാപാര സംഘടനയുടെ സമ്മര്‍ദത്തിനും ഇന്ത്യക്ക് വഴങ്ങേണ്ടിവരുമെന്ന് ഇടതുപക്ഷം അടക്കം ജനപക്ഷത്തുനില്‍ക്കുന്ന സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ദോഹവട്ടചര്‍ച്ച ആരംഭിച്ച 2003 മുതലേ ഇതിനെതിരായ പ്രതിഷേധവും ശക്തമായിരുന്നു. ആ വര്‍ഷംതന്നെ വ്യാപാരകരാറിനുവേണ്ടിയുള്ള ശ്രമം അമേരിക്കയും യൂറോപ്യന്‍ യൂണിയനും നടത്തിക്കൊണ്ടിരുന്നു. എന്നാല്‍, ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ വികസ്വര രാജ്യങ്ങളുടെ നേതൃത്വത്തില്‍ ജി 33 രാജ്യങ്ങള്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ കരാര്‍ ചര്‍ച്ച വഴിമുട്ടി. അമേരിക്കയും യൂറോപ്യന്‍ യൂണിയനും വന്‍തോതിലാണ് കൃഷിക്ക് ആഭ്യന്തരസബ്സിഡി നല്‍കുന്നത്. എന്നാല്‍, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സബ്സിഡി വെട്ടിക്കുറയ്ക്കണമെന്ന നിലപാടിലാണ് അമേരിക്ക. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ നല്‍കുന്ന സബ്സിഡി വെട്ടിക്കുറയ്ക്കാതെ ഇനി ചര്‍ച്ചയില്ലെന്ന് അന്നത്തെ വാണിജ്യമന്ത്രി കമല്‍നാഥ് വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. എന്നാല്‍, അതില്‍നിന്നുള്ള വ്യക്തമായ ചുവടുമാറ്റമാണ് ഇപ്പോഴത്തെ വാണിജ്യമന്ത്രി ആനന്ദ് ശര്‍മയില്‍നിന്നുള്ള വാക്കുകള്‍ വ്യക്തമാക്കുന്നത്. ഡല്‍ഹി ഉച്ചകോടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തുയര്‍ന്നത്.
ലോകവ്യാപാര സംഘടനയ്ക്ക് ഇന്ത്യയെ വില്‍ക്കാനുള്ള മന്‍മോഹന്‍സിങ്ങിന്റെ നീക്കം തടയുക, കാര്‍ഷികമേഖലയെ രക്ഷിക്കാന്‍ ഡബ്ള്യുടിഒയെ പുറത്താക്കുക, ഡബ്ള്യുടിഒ ഡയറക്ടര്‍ പാസ്കല്‍ ലാമി ഇന്ത്യ വിടുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി സിപിഐ എം, സിപിഐ, സിപിഐ എംഎല്‍, ആര്‍എസ്പി, ഫോര്‍വേഡ് ബ്ളോക്ക് തുടങ്ങിയ പാര്‍ടികളും വിവിധ ട്രേഡ്യൂണിയനുകളും കര്‍ഷക-യുവജന-വിദ്യാര്‍ഥി സംഘടനകളും അണിചേര്‍ന്ന് ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധപ്രകടനം രാജ്യത്തിന്റെ ജനവികാരമാണ് പ്രതിഫലിപ്പിച്ചത്. കര്‍ഷകരും തൊഴിലാളികളുമടക്കം പതിനായിരങ്ങള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്തു. കാര്‍ഷികമേഖലയായ പശ്ചിമ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് കുടുംബസമേതം എത്തിയ പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് സ്ട്രീറ്റും ജന്തര്‍മന്ദിര്‍ റോഡും അക്ഷരാര്‍ഥത്തില്‍ കൈയടക്കിയ ദൃശ്യം കര്‍ഷക ജനസാമാന്യത്തെ ഈ കരാര്‍ എത്രമാത്രം ആശങ്കപ്പെടുത്തുന്നു എന്ന് തെളിയിക്കുന്നതാണ്.
ഡബ്ള്യുടിഒ മന്ത്രിതലസമ്മേളനത്തില്‍ രാജ്യത്തെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അനുകൂലമല്ലാത്ത തീരുമാനമാണ് ഉണ്ടാകുന്നതെങ്കില്‍ അംഗീകരിക്കില്ലെന്നും ആ തീരുമാനം കൈക്കൊണ്ട സര്‍ക്കാരിനെ മാറ്റാന്‍ പ്രയത്നിക്കുമെന്നുമാണ് പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്ത് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞത്. അദ്ദേഹം ആശങ്കപ്പെട്ട തീരുമാനം തന്നെയാണ് യോഗത്തിന്റേതായി ഉണ്ടായിരിക്കുന്നത്. ദോഹവട്ടചര്‍ച്ച വിജയത്തിലെത്തിക്കുന്നതിന് എല്ലാ രാജ്യവും പരമാവധി വിട്ടുവീഴ്ച ചെയ്യണമെന്ന വാണിജ്യമന്ത്രി ആനന്ദ്ശര്‍മയുടെ ആവശ്യമാണ് മന്ത്രിതലയോഗത്തിന്റെ ഉദ്ഘാടനവേദിയില്‍ മുഴങ്ങിയതെങ്കില്‍, ആ ആവശ്യം അംഗീകരിക്കപ്പെട്ടതായി ആനന്ദ്ശര്‍മ സന്തോഷപൂര്‍വം പ്രഖ്യാപിച്ചതോടെയാണ് യോഗം സമാപിച്ചത്. ചര്‍ച്ചാവിഷയങ്ങളും തര്‍ക്കവിഷയങ്ങളും വിശദമാക്കുന്ന പ്രസ്താവനയാണ് പാസ്കല്‍ ലാമി നടത്തിയത്. ചര്‍ച്ച എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ പരമാവധി വിട്ടുവീഴ്ചയ്ക്ക് അംഗരാജ്യങ്ങള്‍ തയ്യാറാകണമെന്ന ലാമിയുടെ ആവശ്യം ഇന്ത്യയും മറ്റ് അംഗരാജ്യങ്ങളും സമ്മതിച്ചിരിക്കുന്നു.
രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങളല്ല, പാര്‍ലമെന്റല്ല, മൂലധനശക്തികളും സാമ്രാജ്യത്വവുമാണ് തങ്ങളെ നയിക്കുന്നതെന്ന് ഒരിക്കല്‍കൂടി ആവര്‍ത്തിച്ചുറപ്പിക്കുകയാണ് യുപിഎ സര്‍ക്കാര്‍. തീര്‍ച്ചയായും രാജ്യത്തെ ജനങ്ങളാകെ ഒത്തൊരുമിച്ച് എതിര്‍ക്കേണ്ട നീക്കമാണിത്. ഡല്‍ഹിയില്‍ ഉയര്‍ന്ന പ്രതിഷേധാഗ്നി രാജ്യത്താകെ വ്യാപിക്കേണ്ടതുണ്ട്. ലക്കും ലഗാനുമില്ലാത്ത പോക്കില്‍നിന്ന് യുപിഎ സര്‍ക്കാരിനെ തടഞ്ഞുനിര്‍ത്തേണ്ടതുണ്ട്.
ദേശാഭിമാനി മുഖപ്രസംഗം 05 സെപ്തംബര്‍ 2009

ReplyDelete