ഇന്ത്യന്‍ സമുദ്രോല്‍പ്പന്ന മേഖലയെ വിദേശരാജ്യങ്ങളുടെ അടുക്കളയാക്കാന്‍ ആസിയന്‍ കരാര്‍ വഴിയൊരുക്കുന്നു. മത്സ്യസംസ്കരണത്തിന് പീലിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്ല എന്നതാണ് ആസിയന്‍ രാജ്യങ്ങളെ അലട്ടുന്ന മുഖ്യപ്രശ്നം. ആസിയന്‍ കരാറിലൂടെ ഈ കുറവ് പരിഹരിക്കപ്പെടും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആസിയന്‍ രാജ്യങ്ങളില്‍നിന്നുള്ള മത്സ്യം സംസ്കരിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റാന്‍ കയറ്റുമതിക്കാര്‍ ഒരുങ്ങുകയാണ്. സംസ്കരിച്ച മത്സ്യം ഇവിടെനിന്ന് വികസിത രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യാനാണ് പദ്ധതി. ഈ സാധ്യത മുന്നില്‍ക്കണ്ട് ആസിയന്‍ രാജ്യങ്ങളിലെ വ്യവസായികളുമായി കരാറില്‍ ഏര്‍പ്പെടാനുള്ള തിരക്കിലാണ് സംസ്ഥാനത്തെ ചില കയറ്റുമതിക്കാര്‍. ആളോഹരി ഉല്‍പ്പാദനത്തില്‍ ഇന്ത്യയേക്കാള്‍ 13 ഇരട്ടിവരെ വര്‍ധനയുള്ള ആസിയന്‍ രാജ്യങ്ങളില്‍നിന്ന് വന്‍തോതില്‍ മത്സ്യങ്ങളുടെ കുത്തൊഴുക്കാകും ഉണ്ടാവുക. ഉല്‍പ്പാദനച്ചെലവ് വളരെ കുറവായതിനാല്‍ നമ്മുടെ ഉല്‍പ്പന്നങ്ങളേക്കാള്‍ പകുതിയോളം വിലയ്ക്ക് ആസിയന്‍ മത്സ്യം ഇവിടെയെത്തും. രാജ്യാന്തര വിപണിയില്‍ മത്സ്യോല്‍പ്പന്നങ്ങള്‍ക്ക് വിലയിടിയുന്നില്ലെങ്കിലും സീസണില്‍ ആഭ്യന്തരവില ഇടിക്കാന്‍ വ്യവസായികള്‍ ശ്രമിക്കുന്നുണ്ട്. 260 രൂപവരെ വിലയുള്ള കണവ പിടിക്കുന്നവര്‍ക്ക് ലഭിക്കുന്നത് 120-140 രൂപയാണ്. 360 രൂപവരെ ലഭിച്ചിരുന്ന വലിയ ചെമ്മീനാകട്ടെ 160 രൂപയും. ഇതിലും വിലകുറച്ച് മത്സ്യം ലഭിക്കുമെന്നതാണ് കരാറിനെ സ്വാഗതംചെയ്യാന്‍ കയറ്റുമതിക്കാരെ പ്രേരിപ്പിക്കുന്നത്.
കരാര്‍മൂലം ദോഷമൊന്നുമില്ലെന്നാണ് കയറ്റുമതിക്കാരുടെ വാദം. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പ്രധാനമായും അമേരിക്ക, ജപ്പാന്‍ യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലേക്കാണ് കയറ്റുമതിചെയ്യുക എന്നിരിക്കെ ആസിയന്‍ രാജ്യങ്ങളുമായി കരാറിന്റെ സാധുതയെക്കുറിച്ചുയരുന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇവര്‍ക്കു കഴിയുന്നില്ല. ചില അപ്രധാന വിഭവങ്ങള്‍ ഗള്‍ഫ് നാടുകളിലേക്കും മറ്റും കയറ്റുമതിചെയ്യുന്നെങ്കിലും അളവ് പരിമിതമാണ്. മത്തി, അയല തുടങ്ങിയ ഇനങ്ങളൊക്കെ പ്രധാനമായും ആഭ്യന്തര വിപണിയിലാണ് വില്‍ക്കുന്നത്. ആസിയന്‍ രാജ്യങ്ങളില്‍നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണിയായും ഇന്ത്യ മാറും. മത്സ്യത്തൊഴിലാളി മറ്റ് തൊഴില്‍ തേടുകയോ കുത്തകകള്‍ക്കായി പണിയെടുക്കുകയോ ചെയ്യേണ്ടിവരും. രാജ്യത്തെ മത്സ്യത്തൊഴിലാളികള്‍ വിടവാങ്ങുന്നതോടെ കുത്തകകള്‍ കൂറ്റന്‍ ഫാക്ടറി ട്രോളറുമായി ഇന്ത്യന്‍തീരം അരിച്ചുപെറുക്കാനെത്തും. നമ്മുടെ മത്സ്യസമ്പത്തും കമ്പോളവും വിദേശികള്‍ക്കു മുന്നില്‍ തുറന്നുവയ്ക്കുകയാണ് ആസിയന്‍ കരാര്‍.
'ഞങ്ങക്ക് ജീവിച്ചേ പറ്റൂ'
'ഞങ്ങളെ കൊന്നിട്ടേ അവര്‍ക്ക് മത്സ്യം ഇറക്കാനാവൂ. ഈ കടലീന്നു കിട്ടുന്ന മീന്‍ വിറ്റാണ് ഞങ്ങള്‍ ജീവിക്കുന്നത്. മറ്റ് നാട്ടില്‍നിന്ന് മത്സ്യം ഇറക്കിയാല്‍ ഞങ്ങളെന്തു ചെയ്യും. ഇതിനേക്കാള്‍ ഭേദം ഞങ്ങക്ക് വിഷം നല്‍കുന്നതാണ്'-
അഞ്ചുതെങ്ങ് കടപ്പുറത്തെ മത്സ്യത്തൊഴിലാളികളായ ബേബിയുടെയും ബ്രിജിറ്റിന്റെയും വാക്കുകളില്‍ രോഷം നിറയുന്നു.
'ഇതിനെതിരെ മനുഷ്യച്ചങ്ങലയില്‍ മാത്രമല്ല, ഏത് സമരമായാലും ഞങ്ങള്‍ പങ്കെടുക്കും. കാരണം ഞങ്ങള്‍ക്ക് ജീവിച്ചേ മതിയാകൂ'.
സമരത്തിന്റെ കരുത്ത് വിളിച്ചറിയിച്ച ബേബിയും ബ്രിജിറ്റും അല്‍ഫോസിയാ സ്വയംസഹായ സംഘത്തിലെ അംഗങ്ങളാണ്. ഇത്തരത്തിലുളള ഇരുനൂറോളം സംഘങ്ങള്‍ ഈ മത്സ്യത്തൊഴിലാളി ഗ്രാമത്തിലുണ്ട്. എല്ലാ സംഘങ്ങളും മത്സ്യക്കച്ചവടവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. സംഘങ്ങളില്‍നിന്ന് കിട്ടിയ ലാഭവിഹിതംകൊണ്ട് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയവര്‍വരെയുണ്ട്. ഇപ്പോള്‍ മത്സ്യത്തൊഴിലാളി സമൂഹമാകെ കടുത്ത നിരാശയിലാണ്. കേന്ദ്രസര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളോട് കാട്ടുന്ന വഞ്ചനയാണ് ആസിയന്‍ കരാറെന്ന് മത്സ്യത്തൊഴിലാളിയായ അഞ്ചുതെങ്ങ് വിളക്കുമാടത്തില്‍ രാജു (26) പറഞ്ഞു. ഇറക്കുമതി കൂടിയായാല്‍ ഞങ്ങളുടെ ജീവിതം നശിക്കും. ഞങ്ങള്‍ക്ക് മീന്‍പിടിക്കാനല്ലാതെ വേറെ തൊഴിലൊന്നും അറിയില്ല. മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ മാത്രമല്ല, ജയിലില്‍ പോകാനും മത്സ്യത്തൊഴിലാളികള്‍ തയ്യാറാണെന്ന് രാജു പറഞ്ഞു.
'അവരുടെ മീന്‍ ഞങ്ങള ചന്തേല് കേറ്റൂല്ല'
'വല്ല നാട്ടീന്നും മീന്‍ കൊണ്ടുവന്ന് ഇവിടെ വില്‍ക്കാന്‍ സമ്മതിച്ചത് ഞങ്ങള കൊല്ലാനാണ്. ഇപ്പോത്തന്നെ കഷ്ടിച്ചാണ് കഴിഞ്ഞുകൂടണത്. കപ്പലില്‍ കൊണ്ടുവരണ മീന്‍ ഞങ്ങട ചന്തേല് വില്‍ക്കാമെന്ന് കരുതണ്ട. അത് നടക്കത്തില്ല. ഒരു ദിവസം മുഴുവനും ചന്തയില്‍ അലയ്ക്കുമ്പ കിട്ടുന്നതുകൊണ്ടാണ് കൊച്ചുങ്ങളെ വളര്‍ത്തണത്'-
കുമാരപുരം ചന്തയില്‍ മീന്‍ വില്‍ക്കുന്ന ജോസ്ഫിന്‍ മൈക്കിളിന്റെ വാക്കുകള്‍ക്ക് പ്രതിഷേധത്തിന്റെയും ആശങ്കയുടെയും നിറം. വെട്ടുകാട് പുതുവിളാകം പുരയിടത്തിലെ ജോസ്ഫിന്‍ മൈക്കിള്‍ പത്താംവയസ്സിലാണ് മീന്‍കച്ചവടം തുടങ്ങിയത്. ഭര്‍ത്താവ് മരിച്ചശേഷം മൂന്ന് കുഞ്ഞുങ്ങളുടെ കാര്യം നോക്കിയതും ചന്തയില്‍നിന്ന് കിട്ടിയതുകൊണ്ട്. ആസിയന്‍ കരാര്‍ നടപ്പാകുന്നതോടെ വന്‍തോതില്‍ മത്സ്യം ഇങ്ങോട്ട്േക്ക് എത്തുമെന്ന അറിവ് കനത്ത ആശങ്കയാണ് തീരദേശത്ത് സൃഷ്ടിക്കുന്നത്. വിദേശ ട്രോളറുകളുടെ കടന്നുവരവും വന്‍തോതിലുള്ള മത്സ്യ ഇറക്കുമതിയും തൊഴില്‍മാത്രമല്ല, സാമൂഹ്യ സുരക്ഷാ സംവിധാനവും തകര്‍ക്കുമെന്നാണ് ആശങ്ക.
'കുഞ്ഞുങ്ങള്‍ക്ക് സ്കൂളില്‍ പോകാന്‍ ക്ഷേമബോര്‍ഡില്‍നിന്ന് കാശ് കിട്ടുമായിരുന്നു. ഇനി അത് കിട്ടില്ലെന്നാണ് കൂട്ടുകാര്‍ പറയുന്നത്. വയസ്സായവര്‍ക്ക് പെന്‍ഷന്‍ കാശ് കിട്ടും. അതും നില്‍ക്കുമെന്നാണ് കേള്‍ക്കുന്നത്'- വെട്ടുകാട് പനങ്ങാല്‍ പുരയിടത്തില്‍ മൈക്കിള്‍ പിറക്കദോര്‍ പറയുന്നു.
മത്സ്യക്കയറ്റുമതിയിലൂടെ ലഭിക്കുന്ന തുകയുടെ രണ്ട് ശതമാനം സെസാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രധാന വരുമാനം. ആസിയന്‍ കരാര്‍ നടപ്പാകുന്നതോടെ മത്സ്യക്കയറ്റുമതി ഇല്ലാതാകും. ബോര്‍ഡിന്റെ വരുമാനം നിലയ്ക്കും. ഇതുമൂലം ബോര്‍ഡില്‍നിന്ന് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍, വിധവകള്‍ക്ക് പെന്‍ഷന്‍, തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം, വായ്പ തുടങ്ങിയവയെല്ലാം ഇല്ലാതാകും. അന്യനാട്ടില്‍നിന്ന് മത്സ്യം കൊണ്ടുവരാന്‍ അനുവദിക്കരുതെന്ന നിലപാടിലാണ് ശ്രീകാര്യത്ത് മീന്‍ വില്‍ക്കുന്ന വലിയവേളി കമ്പിയ്ക്കകം സ്വദേശി മാര്‍ഗരറ്റ്. കുട്ടികളെ പഠിപ്പിക്കാനും വീട് വയ്ക്കാനും എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് മത്സ്യ വില്‍പ്പനക്കാരിയായ വെട്ടുകാട് തൈവിളാകം പുരയിടത്തില്‍ ലൈല. പുറത്തുനിന്ന് മീന്‍ വന്നാല്‍ തങ്ങള്‍ക്ക് കിട്ടുന്ന മീന്‍ കടലില്‍തന്നെ കളയേണ്ടിവരുമെന്ന് ലൈല ഉറപ്പിക്കുന്നു. ഇത്രയും ദ്രോഹംചെയ്യാന്‍ ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തെന്നാണ് വെട്ടുക്കാട് പുതുവല്‍ പുരയിടത്തിലെ ഡാറസ് ജോസഫിന്റെ ചോദ്യം.
തീരത്ത് ആശങ്കയുടെ കാര്‍മേഘം
നാലര പതിറ്റാണ്ടിന്റെ ജീവിതത്തിനിടെ മുദാക്കര പെറ്റാടത്ത് പുരയിടത്തില്‍ റിച്ചാര്‍ഡ് നേടിയതൊക്കെ കടലമ്മയുടെ കനിവുകൊണ്ടാണ്. ജീവിതം കരുപ്പിടിപ്പിക്കാന്‍ കട്ടമരത്തില്‍ കടലില്‍പോയ കാലത്തുനിന്ന് ഔട്ട്ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച രണ്ട് വള്ളത്തിന്റെ ഉടമയായി റിച്ചാര്‍ഡ് വളര്‍ന്നു. പക്ഷേ, വരാന്‍ പോകുന്നത് വറുതിയുടെ നാളുകളാണെന്ന ചിന്ത റിച്ചാര്‍ഡിന്റെ മനസ്സില്‍ കാറും കോളും നിറയ്ക്കുന്നു. പത്താം ക്ളാസിലും പ്ളസ് ടുവിനും പഠിക്കുന്ന മക്കളുടെ തുടര്‍വിദ്യാഭ്യാസം, ബാങ്ക് വായ്പയുടെ തിരിച്ചടവ്, മറ്റ് ജീവിതച്ചെലവുകള്‍... എല്ലാം ആസിയന്‍ കരാറിന്റെ ആശങ്കയില്‍ തട്ടിനില്‍ക്കുന്നു. റിച്ചാര്‍ഡിന്റെ രണ്ട് വള്ളത്തിലായി 12 തൊഴിലാളികള്‍ കടലില്‍ പോകുന്നു. ഇന്ധനത്തിന് 4,600 രൂപ ചെലവാകും. ഓരോ തൊഴിലാളിക്കും 50 രൂപ വീതം ബാറ്റ നല്‍കണം. ഭക്ഷണച്ചെലവും ഉള്‍പ്പെടെ രണ്ട് വള്ളം കടലില്‍ പോയി വരുമ്പോള്‍ കുറഞ്ഞത് 7200 രൂപയാകും. തീരക്കടലില്‍ മത്സ്യലഭ്യത കുറഞ്ഞുവരികയാണെന്നാണ് റിച്ചാര്‍ഡിന്റെ അനുഭവസാക്ഷ്യം. ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ വലനിറയെ മത്സ്യം ലഭിച്ചിരുന്നത് പഴങ്കഥയായി. രണ്ട് വര്‍ഷം മുമ്പുവരെ ഒരു വള്ളത്തിന് അരലക്ഷം രൂപയുടെ മത്സ്യം കിട്ടിയിരുന്നു. കഴിഞ്ഞദിവസം അഞ്ച് തൊഴിലാളികള്‍ പോയ വള്ളത്തില്‍ 6,000 രൂപയ്ക്കുള്ള മത്സ്യമാണ് ലഭിച്ചത്. ഒന്നും കിട്ടാത്ത ദിവസവുമുണ്ട്.
അഞ്ചുവര്‍ഷം മുമ്പുവരെ ട്രോളിങ് നിരോധനത്തിനുശേഷം വള്ളക്കാര്‍ക്ക് സുലഭമായിരുന്ന കണവയും കൊഞ്ചും അയലയും ഇപ്പോള്‍ നാമമാത്രമാണ്. തേട്, വാള, കമളന്‍, സ്രാവ്, കോര തുടങ്ങിയ ഇനങ്ങള്‍ ഇല്ലാതായി. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ വിദേശ ട്രോളറുകള്‍ തീരം അരിച്ചുപെറുക്കാന്‍ തുടങ്ങിയതോടെയാണ് പരമ്പരാഗത തൊഴിലാളികള്‍ക്ക് മത്സ്യം കിട്ടാതായത്.
ഇതിനൊക്കെപ്പുറമെയാണ് ആസിയന്‍ കരാറിന്റെ ഭീഷണിയും. അടുത്തിടെ കേന്ദ്രസര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളികളില്‍ ബഹുഭൂരിപക്ഷത്തെയും ദാരിദ്യ്രരേഖയ്ക്ക് മുകളിലാക്കി. ആദിവാസികള്‍ക്ക് സമാനമായ സാമൂഹ്യ പിന്നോക്കാവസ്ഥയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് നിലവിലുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഇതോടെ അന്യമാകും. മത്സ്യമേഖലയില്‍ എപിഎല്‍-ബിപിഎല്‍ തരംതിരിവ് പാടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരും തൊഴിലാളി യൂണിയനുകളും ആവശ്യപ്പെടുന്നത്.
കയറ്റുമതിയുടെ നേട്ടം നഷ്ടമാകും
സാമ്പത്തിക മാന്ദ്യത്തിനിടയിലും സമുദ്രോല്‍പ്പന്ന കയറ്റുമതിയിലൂടെ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ആസിയന്‍ കരാര്‍ പ്രാബല്യത്തിലാകുന്നതോടെ തകര്‍ന്നടിയും. ആസിയന്‍ രാജ്യങ്ങളുടെ വിപണനകേന്ദ്രമായി മാറുന്നതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വിശ്വാസ്യതയും നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. സ്വന്തം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതിചെയ്ത് നേട്ടംകൊയ്ത സ്ഥാനത്ത് ഇനി ആസിയന്‍ ഉല്‍പ്പന്നങ്ങളാകും ഇന്ത്യയില്‍നിന്ന് കയറ്റി അയക്കുക. കഴിഞ്ഞ സാമ്പത്തികവര്‍ഷം സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ സര്‍വകാല റെക്കോഡാണ് ഇന്ത്യ നേടിയത്. മുന്‍ വര്‍ഷത്തേക്കാള്‍ കയറ്റുമതിയുടെ അളവ് 11.29 ശതമാനം വര്‍ധിച്ചു. രൂപ അടിസ്ഥാനമാക്കിയുള്ള മൂല്യത്തില്‍ 12.95 ശതമാനവും ഡോളര്‍ അടിസ്ഥാനത്തിലുള്ള മൂല്യത്തില്‍ 0.5 ശതമാനവും വളര്‍ച്ച നേടി. 6,02,835 ട സമുദ്രോല്‍പ്പന്നമാണ് 2008-09ല്‍ കയറ്റുമതി ചെയ്തത്. ഇതുവഴി 8607.94 കോടി രൂപ ലഭിച്ചു. 2007-08ല്‍ ഇത് 5,41,701 ടണ്ണും 7620.92 കോടി രൂപയുമായിരുന്നു.~ശീതീകരിച്ച ചെമ്മീനായിരുന്നു കയറ്റുമതിയുടെ വരുമാനത്തില്‍ 44 ശതമാനവും നേടിത്തന്നത്. എന്നാല്‍, മുന്‍ വര്‍ഷത്തേക്കാള്‍ ചെമ്മീന്‍ കയറ്റുമതിയുടെ അളവ് എട്ടു ശതമാനം ഇടിഞ്ഞു. വരുമാനത്തിന്റെ 20 ശതമാനം ശീതീകരിച്ച മത്സ്യക്കയറ്റുമതിയിലൂടെയാണ്. മൊത്തം കയറ്റുമതിയുടെ അളവില്‍ 40 ശതമാനം മത്സ്യമാണ്. അളവില്‍ എട്ട് ശതമാനവും രൂപയുടെ മൂല്യത്തില്‍ 32 ശതമാനവും ഡോളര്‍ മൂല്യത്തില്‍ 15 ശതമാനവും വര്‍ധനയാണ് കഴിഞ്ഞവഷം മത്സ്യക്കയറ്റുമതിയിലുണ്ടായിട്ടുള്ളത്. ശീതീകരിച്ച കണവയുടെ കയറ്റുമതി മൊത്തം കയറ്റുമതിയുടെ എട്ട് ശതമാനമായിരുന്നു. ശീതീകരിച്ച കൂന്തല്‍ കയറ്റുമതി മുന്‍വര്‍ഷത്തേക്കാള്‍ 67 ശതമാനം വര്‍ധിച്ചു. മൂല്യത്തില്‍ 55 ശതമാനത്തിന്റെ വര്‍ധനയാണ് ഇതുവഴിയുണ്ടായത്. മൊത്തം കയറ്റുമതിയുടെ 25 ശതമാനവും യൂറോപ്യന്‍ യൂണിയനിലേക്കായിരുന്നു. ഇവിടെനിന്ന് 2,800 കോടി രൂപയുടെ വരുമാനമുണ്ടായി (33 ശതമാനം). എന്നാല്‍, ഡോളര്‍ വിനിമയപ്രകാരമുള്ള നിരക്ക് 35 ശതമാനത്തില്‍നിന്ന് 32.6 ശതമാനമായി ഇടിഞ്ഞു. 6,230 ലക്ഷം ഡോളറാണ് യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള വരുമാനം. ഇന്ത്യന്‍മത്സ്യങ്ങള്‍ കൂടുതല്‍ എത്തിയ രണ്ടാമത്തെ രാജ്യം ചൈനയാണ്. ഡോളര്‍ നിരക്കില്‍ 15 ശതമാനം. ഇന്ത്യയുടെ മത്സ്യക്കയറ്റുമതി വരുമാനത്തിന്റെ 14 ശതമാനം സംഭാവനചെയ്ത ജപ്പാനാണ് ഇന്ത്യന്‍ ഉല്‍പ്പന്ന ഇറക്കുമതിയില്‍ മൂന്നാംസ്ഥാനം. എന്നാല്‍, ജപ്പാനിലേക്കുള്ള കയറ്റുമതി കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടു ശതമാനം ഇടിഞ്ഞു. ഇന്ത്യന്‍ മത്സ്യഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ നാലാംസ്ഥാനമുള്ള അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഡോളര്‍ അടിസ്ഥാനത്തില്‍ 10.18 ശതമാനത്തിന്റെ ഇടിവുണ്ടായി. എന്നാല്‍, അളവിലും രൂപ അടിസ്ഥാനത്തിലുള്ള വിനിമയത്തിലും നേരിയ വര്‍ധനയുണ്ട്. തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയുടെ അളവ് 39 ശതമാനം വര്‍ധിച്ചു. മൂല്യത്തില്‍ രൂപ അടിസ്ഥാനമാക്കി 52 ശതമാനത്തിന്റെയും ഡോളറില്‍ 33 ശതമാനത്തിന്റെയും വര്‍ധന. ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്തത് മൊത്തം കയറ്റുമതിയുടെ പത്തു ശതമാനമാണ്. ഇത് കഴിഞ്ഞവര്‍ഷം 7.5 ശതമാനം മാത്രമായിരുന്നു. മധ്യപൂര്‍വ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി അളവില്‍ 5.5 ശതമാനത്തിന്റെയും രൂപ അടിസ്ഥാനമാക്കിയുള്ള മൂല്യത്തില്‍ 20.8 ശതമാനത്തിന്റെയും ഡോളര്‍ മൂല്യത്തില്‍ 7.3 ശതമാനത്തിന്റെയും വര്‍ധനയുണ്ടാക്കി. 2004ന് ശേഷം 2007-08ല്‍ മാത്രമാണ് കയറ്റുമതിയില്‍ ഇടിവുണ്ടായത്. ഈ കുറവ് പരിഹരിക്കുന്നതാണ് 2008-09ലെ നേട്ടം.
നെഗറ്റീവ് പട്ടികയിലെ ഉല്‍പ്പന്നങ്ങളും പ്രവഹിക്കും
ആസിയന്‍ കരാറിലെ നെഗറ്റീവ് പട്ടികകൊണ്ട് ഒരു ഗുണവുമില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ലിസ്റ്റിലെ ഉല്‍പ്പന്നങ്ങള്‍ മറ്റു രൂപത്തില്‍ ചുങ്കരഹിതമായി ഇറക്കുമതി ചെയ്യുന്നതിന് ആസിയന്‍ രാജ്യങ്ങള്‍ക്ക് കരാര്‍ അനുമതി നല്‍കുന്നു. റബര്‍ ഷീറ്റ് നെഗറ്റീവ് ലിസ്റ്റിലുണ്ടെങ്കിലും സിന്തറ്റിക് റബറും ലാറ്റക്സും മറ്റ് റബര്‍ ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യാം. മത്സ്യ ഉല്‍പ്പന്നങ്ങളും ഇത്തരത്തില്‍ എത്തും. കരാര്‍ നടപ്പാകുന്നതോടെ ഇവിടേക്ക് ഉല്‍പ്പന്നങ്ങളുടെ കുത്തൊഴുക്കാവും ഉണ്ടാവുക. കാര്‍ഷികമേഖലയ്ക്കും സമ്പദ്വ്യവസ്ഥയ്ക്കും വന്‍ ആഘാതം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ആസിയന്‍ കരാറും കാര്‍ഷികമേഖലയും എന്ന വിഷയത്തില്‍ കൃഷിവകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാണ്യവിളകള്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നുകിട്ടുകയാണ് ആസിയന്‍ രാജ്യങ്ങളുടെ ലക്ഷ്യം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകരുള്ളത് നാണ്യവിളമേഖലയിലാണ്. കരാര്‍ നടപ്പാക്കുന്നതോടെ നാണ്യവിളകളും അവയുടെ ഉല്‍പ്പന്നങ്ങളും ഇവിടേക്ക് പ്രവഹിക്കും. തുടര്‍ന്നുണ്ടാകുന്ന നാണ്യവിളകളുടെ വിലയിടിവ് വന്‍ ദുരന്തത്തിന് വഴിവയ്ക്കും. വിലയിടിവ് പട്ടിണിയിലേക്കും മറ്റ് സാമൂഹ്യപ്രശ്നങ്ങളിലേക്കും എത്തിക്കും. കരാര്‍മൂലം വന്‍ നേട്ടമുണ്ടാകുമെന്ന് അവകാശപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ നേട്ടം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാന്‍ തയ്യാറുണ്ടോ. കര്‍ഷകര്‍ക്ക് ആശ്വാസകരമായ ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ആസിയന്‍ കരാറിലൂടെ ജനങ്ങളെ കുരുതികൊടുക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ആസിയന്‍: ആഘാതം പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കും
ആസിയന്‍ കരാര്‍മൂലം സംസ്ഥാനത്തിനുണ്ടാകുന്ന ആഘാതം പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. കൃഷിശാസ്ത്രജ്ഞരും വിദഗ്ധരും അടങ്ങുന്നതാകും സമിതി. കരാര്‍ നടപ്പാക്കുന്നതോടെ കാര്‍ഷിക-പരമ്പരാഗത മേഖലകളില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സമിതി വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ആസിയന്‍ കരാറും കാര്‍ഷികമേഖലയും എന്ന വിഷയത്തില്‍ നടന്ന കാര്‍ഷിക സെമിനാറിന്റെ നിര്‍ദേശങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു അദ്ദേഹം.
ആസിയന്‍ കരാര്‍മൂലം ഉണ്ടാകുന്ന ആഘാതത്തെപ്പറ്റി ചര്‍ച്ച നടത്താന്‍ വിവിധ സംസ്ഥാനങ്ങളിലെ കൃഷിമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കും. നാണ്യവിളകളുടെ ഇറക്കുമതിമൂലം വന്‍ തിരിച്ചടിയുണ്ടാകുന്ന സംസ്ഥാനങ്ങളുടെ പൊതു പ്ളാറ്റുഫോറം ഉണ്ടാക്കണമെന്ന ആവശ്യവും സെമിനാറില്‍ ഉയര്‍ന്നു. കരാര്‍ നടപ്പാക്കുന്നതോടെ സംസ്ഥാനത്തിന് ഉണ്ടാകുന്ന തിരിച്ചടി പ്രവചനാതീതമാണെന്ന് സെമിനാര്‍ വിലയിരുത്തി. നെഗറ്റീവ് ലിസ്റ്റ് രക്ഷ നല്‍കില്ല. കരാര്‍ ചര്‍ച്ചകളൊക്കെ കേരള സര്‍ക്കാരില്‍നിന്നും ജനങ്ങളില്‍നിന്നും കേന്ദ്രം മറച്ചു വച്ചു. കരാര്‍മൂലം കേരളത്തിനുണ്ടാകുന്ന നഷ്ടം നികത്താന്‍ സംവിധാനം ഉണ്ടാകണമെന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.
ദേശാഭിമാനിയില്‍ നിന്ന്..24 സെപ്തംബര്‍ 2009
ഇന്ത്യന്‍ സമുദ്രോല്‍പ്പന്ന മേഖലയെ വിദേശരാജ്യങ്ങളുടെ അടുക്കളയാക്കാന്‍ ആസിയന്‍ കരാര്‍ വഴിയൊരുക്കുന്നു. മത്സ്യസംസ്കരണത്തിന് പീലിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്ല എന്നതാണ് ആസിയന്‍ രാജ്യങ്ങളെ അലട്ടുന്ന മുഖ്യപ്രശ്നം. ആസിയന്‍ കരാറിലൂടെ ഈ കുറവ് പരിഹരിക്കപ്പെടും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആസിയന്‍ രാജ്യങ്ങളില്‍നിന്നുള്ള മത്സ്യം സംസ്കരിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റാന്‍ കയറ്റുമതിക്കാര്‍ ഒരുങ്ങുകയാണ്. സംസ്കരിച്ച മത്സ്യം ഇവിടെനിന്ന് വികസിത രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യാനാണ് പദ്ധതി. ഈ സാധ്യത മുന്നില്‍ക്കണ്ട് ആസിയന്‍ രാജ്യങ്ങളിലെ വ്യവസായികളുമായി കരാറില്‍ ഏര്‍പ്പെടാനുള്ള തിരക്കിലാണ് സംസ്ഥാനത്തെ ചില കയറ്റുമതിക്കാര്‍. ആളോഹരി ഉല്‍പ്പാദനത്തില്‍ ഇന്ത്യയേക്കാള്‍ 13 ഇരട്ടിവരെ വര്‍ധനയുള്ള ആസിയന്‍ രാജ്യങ്ങളില്‍നിന്ന് വന്‍തോതില്‍ മത്സ്യങ്ങളുടെ കുത്തൊഴുക്കാകും ഉണ്ടാവുക. ഉല്‍പ്പാദനച്ചെലവ് വളരെ കുറവായതിനാല്‍ നമ്മുടെ ഉല്‍പ്പന്നങ്ങളേക്കാള്‍ പകുതിയോളം വിലയ്ക്ക് ആസിയന്‍ മത്സ്യം ഇവിടെയെത്തും. രാജ്യാന്തര വിപണിയില്‍ മത്സ്യോല്‍പ്പന്നങ്ങള്‍ക്ക് വിലയിടിയുന്നില്ലെങ്കിലും സീസണില്‍ ആഭ്യന്തരവില ഇടിക്കാന്‍ വ്യവസായികള്‍ ശ്രമിക്കുന്നുണ്ട്. 260 രൂപവരെ വിലയുള്ള കണവ പിടിക്കുന്നവര്‍ക്ക് ലഭിക്കുന്നത് 120-140 രൂപയാണ്. 360 രൂപവരെ ലഭിച്ചിരുന്ന വലിയ ചെമ്മീനാകട്ടെ 160 രൂപയും. ഇതിലും വിലകുറച്ച് മത്സ്യം ലഭിക്കുമെന്നതാണ് കരാറിനെ സ്വാഗതംചെയ്യാന്‍ കയറ്റുമതിക്കാരെ പ്രേരിപ്പിക്കുന്നത്.
ReplyDelete