Wednesday, September 16, 2009

കപട സ്വാതന്ത്ര്യവാദികളെ തിരിച്ചറിയുക

പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനും ഭീഷണിപ്പെടുത്തി അനുകൂലമാക്കുന്നതിനും സിപിഐ എം ശ്രമിക്കുകയാണ് എന്ന ആരോപണം ചിലര്‍ സജീവമായി ഉയര്‍ത്തുന്നുണ്ട്. അസഹിഷ്ണുതയുടെ കമ്യൂണിസ്റ്റ് ശൈലിയാണ് ഇതിനുകാരണമെന്നും പറയുന്നു. പത്രങ്ങളുടെ നാവടക്കാന്‍ ശ്രമിക്കുന്നവര്‍ സ്വന്തം വീഴ്ചകള്‍ മറച്ചുവയ്ക്കുകയാണെന്ന ആക്ഷേപവും ഇതിനനുബന്ധമായുണ്ട്. ഇതെല്ലാം പത്രങ്ങളുടെ മുഖപ്രസംഗങ്ങളായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇത്തരം പ്രചാരം നടത്തുന്നവര്‍ പാര്‍ടി ഈ മേഖലയില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല എന്നുപറയാതെ തരമില്ല. ആശയരംഗത്തെയും മാധ്യമരംഗത്തെയും പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കമ്യൂണിസ്റ്റുകാര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. മാര്‍ക്സും എംഗല്‍സും 'ജര്‍മ്മന്‍ പ്രത്യയശാസ്ത്രം' എന്ന പുസ്തകത്തില്‍ പറയുന്നു:

"ഭരണവര്‍ഗ ആശയങ്ങള്‍ തന്നെയാണ് അതാത് കാലഘട്ടത്തിലെ മേധാവിത്വം പുലര്‍ത്തുന്ന ആശയങ്ങള്‍. അതായത്, ഏത് വര്‍ഗം സമൂഹത്തിലെ മേധാവിത്വം പുലര്‍ത്തുന്ന ഭൌതികശക്തിയായി വര്‍ത്തിക്കുന്നുവോ അവര്‍ തന്നെയായിരിക്കും അക്കാലത്തെ മേധാവിത്വം പുലര്‍ത്തുന്ന ബൌദ്ധികശക്തിയും.''

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും ഈ പ്രശ്നം പ്രതിപാദിക്കുന്നു. സിപിഐ എമ്മിന്റെ പുതുക്കിയ പാര്‍ടി പരിപാടി മാധ്യമങ്ങളുടെ സ്വഭാവത്തെപ്പറ്റിയും അതിനെ സംബന്ധിച്ചുള്ള കാഴ്ചപ്പാടും ഇങ്ങനെ വ്യക്തമാക്കുന്നു:

"അച്ചടിമാധ്യമങ്ങളുടെയും റേഡിയോ, ടെലിവിഷന്‍ അടങ്ങുന്ന ഇലക്ട്രോണിക് മാധ്യമങ്ങളുടെയുംമേല്‍ മേധാവിത്വം വഹിക്കുന്ന ചൂഷകവര്‍ഗങ്ങള്‍ പത്രം നടത്താനും സംഘം ചേരാനും പ്രചരണം നടത്താനുമുള്ള അവകാശങ്ങള്‍ പൂര്‍ണ്ണമായും മുതലെടുത്തുകൊണ്ടിരിക്കുകയാണ്. അവയുടെ അതിവിപുലമായ വിഭവങ്ങളുമായി മത്സരിക്കാന്‍ അധ്വാനിക്കുന്ന ജനങ്ങള്‍ക്ക് കഴിയുകയില്ല. അതിനാല്‍ ഔപചാരികമായി എല്ലാവര്‍ക്കും അനുവദിക്കപ്പെട്ടിട്ടുള്ള ഈ അവകാശങ്ങള്‍ അനുഭവിക്കാന്‍ അവര്‍ അശക്തരാണ്.'' (5.20)

സമൂഹത്തില്‍ ആധിപത്യം വഹിക്കുന്ന വിഭാഗത്തിന്റെ താല്‍പ്പര്യം സംരക്ഷിച്ചാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുക എന്ന ശരിയായ ധാരണ പാര്‍ടിക്കുണ്ട്. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലകളില്‍ ഒരു അത്ഭുതവും ഞങ്ങള്‍ക്കില്ല. ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ രീതികളെ സംബന്ധിച്ച് 19-ാം പാര്‍ടി കോണ്‍ഗ്രസ് വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്.

"മാധ്യമരംഗം വേഗത്തില്‍ ഒരു വലിയ ബിസിനസ് സംരംഭമായി മാറിക്കൊണ്ടിരിക്കുകയാണ്. ത്വരിതഗതിയില്‍ത്തന്നെ മാധ്യമരംഗത്ത് കോര്‍പ്പറേറ്റ്വല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്നു. മാധ്യമരംഗത്ത് 26 ശതമാനം വിദേശമൂലധനം അനുവദിക്കുകയും വിദേശ മൂലധനനിക്ഷേപം വരികയും ചെയ്തതോടെ ഒരു വിഭാഗം മാധ്യമങ്ങള്‍ പാശ്ചാത്യാനുകൂലവും രാഷ്ട്രീയവിരുദ്ധവും കമ്മ്യൂണിസ്റ്റ് വിരുദ്ധവുമായി മാറിയിരിക്കുന്നു. ഹൃദയശൂന്യമായ കുറ്റകൃത്യങ്ങള്‍, ലൈംഗികത, സ്ത്രീകളെ ചരക്കാക്കല്‍, വിജ്ഞാനവിരുദ്ധ ചിന്താഗതി എന്നിവയുടെ പ്രചാരണം ഇലക്ട്രോണിക് മാധ്യമങ്ങളുടെ കുത്തൊഴുക്കുമൂലം വര്‍ദ്ധിച്ചുവരികയാണ്. മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരില്‍ നഗ്നമായ വ്യാപാരവല്‍ക്കരണം വ്യാപകമാകുകയും അധാര്‍മ്മികമായ നടപടികള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്തു.''

മാധ്യമരംഗത്തെ ഇത്തരം പ്രവണതകളെ തിരിച്ചറിയുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് സിപിഐ എം. അതുകൊണ്ടുതന്നെയാണ് തൊഴിലാളിവര്‍ഗ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കാനുള്ള മാധ്യമശൃംഖല രൂപപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ടി നേതൃത്വം നല്‍കുന്നത്. വര്‍ത്തമാനകാലത്ത് ഇടതുപക്ഷപ്രസ്ഥാനത്തെ ശക്തമായി ആക്രമിക്കുന്നതിന്റെ രാഷ്ട്രീയകാരണം വ്യക്തമാണ്. അത് മൂലധന താല്‍പ്പര്യവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ബിജെപിയും കോഗ്രസും ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ ശക്തമായി നടപ്പാക്കുന്നു. ആ നയത്തിനെതിരെ അതിശക്തമായ നിലപാടാണ് ഇടതുപക്ഷപ്രസ്ഥാനത്തിന്റേത്. അത്തരമൊരു ദിശയിലേക്ക് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ കൊണ്ടുവരുന്നതിന് നേതൃപരമായ പങ്കുവഹിച്ചത് സിപിഐ എമ്മാണ്. സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്തിയാല്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സ്വാധീനശക്തി കുറയ്ക്കാമെന്ന് സാമ്രാജ്യത്വശക്തികളും അവരെ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ കുത്തകകളും കണക്കുകൂട്ടുന്നു. സിപിഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളായ പശ്ചിമബംഗാളിലും കേരളത്തിലും തീവ്രമായി മാധ്യമങ്ങള്‍ പ്രചാരണം നടത്തുന്നതിനെ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്.

കമ്യൂണിസ്റ്റ് പാര്‍ടി മുകളില്‍നിന്ന് കെട്ടിപ്പടുക്കുന്ന പ്രസ്ഥാനമാണ്. നേതൃത്വത്തെ ദുര്‍ബലപ്പെടുത്തിയാല്‍ പാര്‍ടിയെ തകര്‍ക്കാമെന്ന് അവര്‍ വ്യാമോഹിക്കുന്നു. ഇടതുപക്ഷം ദുര്‍ബലമായാല്‍ ആഗോളവല്‍ക്കരണ അജന്‍ഡയെ പ്രതിരോധമില്ലാതെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കാമെന്നതാണ് വ്യാമോഹം. ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള ഈ പദ്ധതികള്‍ക്ക് സഹായക നിലപാടാണ് തീവ്ര ഇടതുപക്ഷക്കാര്‍ എന്ന് അവകാശപ്പെടുന്നവരും നിര്‍വഹിക്കുന്നത്. അതുകൊണ്ടാണ് കേരളത്തിലെ മാധ്യമങ്ങള്‍ അത്തരക്കാര്‍ക്ക് വലിയ അവസരങ്ങള്‍ ഒരുക്കുന്നത്. ചില പ്രത്യേക വിഷയങ്ങള്‍ സജീവ ചര്‍ച്ചയാക്കുകയും അവയെല്ലാം ഒരേപോലെ വിവിധ മാധ്യമങ്ങളില്‍ അവതരിപ്പിക്കുകയുമാണ്. വാര്‍ത്തകളില്‍ കെട്ടിച്ചമച്ച കഥകള്‍ ഉള്‍ച്ചേര്‍ക്കുന്നു. അങ്ങനെ തെറ്റായ ചിത്രം പാര്‍ടിയെക്കുറിച്ച് ജനങ്ങളില്‍ ഉണ്ടാക്കുന്നു. വാര്‍ത്താ തമസ്കരണത്തിന്റെ രീതികളും ഇതിന്റെ ഭാഗമായിത്തന്നെ അവതരിപ്പിക്കുന്നതു കാണാം.

കേന്ദ്രമന്ത്രി നടത്തിയ ഹജ്ജ് തട്ടിപ്പും മുന്‍ മന്ത്രി നടത്തിയ വ്യാജ ചെക്ക് ഇടപാടും മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായില്ല. മാധ്യമങ്ങളിലെ ഇത്തരം ഇടപെടലുകള്‍ക്കെതിരായ വിമര്‍ശനം ലോകവ്യാപകമായിത്തന്നെ ഉയര്‍ന്നുവരുന്നുണ്ട്. ഗൌരവമായ പഠനങ്ങളും ഗവേഷണങ്ങളും ലോകവ്യാപകമായിത്തന്നെ ഈ മേഖലയില്‍ നടന്നുവരികയാണ്. മാധ്യമനിരൂപണം എന്നത് ആധുനിക കാലത്ത് സുപ്രധാനമായ പഠനവിഷയമായി മാറിയിട്ടുമുണ്ട്. ഇത്തരം പഠനശാഖകളുടെ വികാസത്തെ ഉള്‍ക്കൊള്ളാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയേണ്ടതുണ്ട്. വസ്തുതകള്‍ വളച്ചൊടിക്കപ്പെടുകയും തെറ്റിദ്ധാരണ ജനിപ്പിക്കുന്ന സ്ഥിതി സംജാതമാകുകയും ചെയ്യുമ്പോള്‍ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുക എന്ന ഉത്തരവാദിത്തം സ്വാഭാവികമായും പാര്‍ടി നേതൃത്വത്തിനുണ്ട്. അങ്ങനെയുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുമ്പോള്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ സ്വഭാവത്തെയും അവ മെനഞ്ഞെടുത്ത രീതിയെയും തുറന്നുകാട്ടേണ്ടി വരും. ഈ തുറന്നുകാട്ടലുകളെ ജനാധിപത്യപരമായ മനോഭാവത്തോടെ, പറയുന്ന കാര്യങ്ങളില്‍ വസ്തുതകളുണ്ടോ എന്ന് പരിശോധിക്കുകയും ഇല്ലെങ്കില്‍ കാര്യകാരണസഹിതം അത് പറയുകയുമാണ് സ്വാഭാവിക രീതി. അതിനുപകരം മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രശ്നം ഉന്നയിച്ച് തലയൂരുന്നത് അഭികാമ്യമല്ല. മാധ്യമങ്ങള്‍ക്ക് ആരെക്കുറിച്ചും ഏത് പ്രസ്ഥാനത്തെക്കുറിച്ചും എന്തും പറയാം; മാധ്യമ വാര്‍ത്തകളിലെ നിജസ്ഥിതി ചൂണ്ടിക്കാണിച്ചാല്‍ മാധ്യമസ്വാതന്ത്ര്യം ഹനിക്കലാകുമെന്ന വാദം വസ്തുതകളില്‍നിന്ന് തലയൂരാനുള്ള ബദ്ധപ്പാട് മാത്രമാണ്.

പോള്‍ എം ജോര്‍ജിന്റെ വധവുമായി ബന്ധപ്പെട്ട് പാര്‍ടി നിലപാട് വിശദീകരിക്കാന്‍ പത്രസമ്മേളനം നടത്തി എന്നതാണ് വിവാദമായി ചിലര്‍ ഉന്നയിക്കുന്നത്. പത്രസമ്മേളനം നടത്താന്‍ ഇടയായ സാഹചര്യം ഇത്തരം പ്രചാരവേല നടത്തുന്നവര്‍ പഠിക്കേണ്ടതുണ്ട്. പോള്‍ എം ജോര്‍ജിന്റെ വധവുമായി ബന്ധപ്പെട്ട് പ്രതികളെ 48 മണിക്കൂറിനകം തിരിച്ചറിയുകയും ബഹുഭൂരിപക്ഷം പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ആ യാഥാര്‍ഥ്യം അംഗീകരിക്കുന്നതിനു പകരം യുഡിഎഫും ചില മാധ്യമങ്ങളും സിപിഐ എമ്മിനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും കരിവാരിത്തേക്കാന്‍ ഇറങ്ങുകയാണുണ്ടായത്. അത്തരത്തില്‍ ഇതിന് രാഷ്ട്രീയമാനം കൈവന്നപ്പോഴാണ് ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രസ്ഥാനത്തിന്റെ സെക്രട്ടറി എന്ന നിലയില്‍ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത്. അത് എന്റെ രാഷ്ട്രീയ ഉത്തരവാദിത്തം എന്ന നിലയിലാണ് കാണേണ്ടത്. എന്നാല്‍, അതിനെയും ദുര്‍വ്യാഖ്യാനിക്കാന്‍ പുറപ്പെട്ടിരിക്കുകയാണ്.

പത്രസ്വാതന്ത്ര്യത്തെയും അവരുടെ ജനാധിപത്യപരമായ പ്രവര്‍ത്തനത്തെയും പാര്‍ടി ബഹുമാനിക്കുന്നു. ജനകീയ ജനാധിപത്യവിപ്ളവം പൂര്‍ത്തീകരിക്കപ്പെട്ടശേഷം പാര്‍ടി നടപ്പാക്കുന്ന പരിപാടിയില്‍ ഈ കാര്യം വ്യക്തമാക്കുന്നുണ്ട്.

"പൌരസ്വാതന്ത്ര്യങ്ങള്‍ പൂര്‍ണമായും ഉറപ്പുവരുത്തുന്നതായിരിക്കും. വ്യക്തികള്‍ക്കും അവരുടെ വാസസ്ഥലത്തിനും ആക്രമണങ്ങളില്‍നിന്ന് നിയമപരമായ സംരക്ഷണം, വിചാരണ കൂടാതെയുള്ള തടങ്കല്‍ ഒഴിവാക്കല്‍, ചിന്തക്കും മതവിശ്വാസത്തിനും ആരാധനക്കും പ്രസംഗത്തിനും പത്രപ്രവര്‍ത്തനത്തിനും സംഘടിക്കുന്നതിനും രാഷ്ട്രീയപ്പാര്‍ടികളും സംഘടനകളും രൂപീകരിക്കുന്നതിനുമുള്ള അവകാശം, എവിടെയും സഞ്ചരിക്കാനും ജോലി ലഭിക്കാനുമുള്ള സ്വാതന്ത്ര്യം, ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം ഇതെല്ലാം ഉറപ്പുവരുത്തും.'' (6.3-11)

കേരളത്തില്‍ ഏറ്റവുമധികം നിരോധനവും കണ്ടുകെട്ടലും നേരിടേണ്ടിവന്നത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുഖപത്രമാണ് എന്ന യാഥാര്‍ഥ്യം ഇത്തരം പ്രചാരവേലകള്‍ സംഘടിപ്പിക്കുന്നവര്‍ ഓര്‍മിക്കണം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്ത് പത്രങ്ങള്‍ക്കെല്ലാം സെന്‍സര്‍ഷിപ് ഉണ്ടായിരുന്നു. ആ ഘട്ടത്തില്‍ മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്നതിന് മുമ്പന്തിയിലുണ്ടായിരുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. അന്ന് സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തുന്ന നയത്തിന് പിന്തുണ പ്രഖ്യാപിച്ചവരാണ് ഇപ്പോള്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്നത്. ഇതിനൊക്കെ നേതൃത്വപരമായ പങ്കുവഹിച്ച കോണ്‍ഗ്രസുകാര്‍ മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റി ഘോരഘോരമായി പ്രസംഗിക്കുന്നത് ആലോചനാശക്തിയുള്ള ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും.

ജനാധിപത്യസമൂഹത്തില്‍ മാധ്യമങ്ങള്‍ക്ക് സുപ്രധാനമായ പങ്കാണ് വഹിക്കാനുള്ളത്. കാര്യങ്ങളുടെ യഥാര്‍ഥ സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക എന്ന ഉത്തരവാദിത്തമാണ് അവര്‍ക്കുള്ളത്. ഇതിനുപകരം സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മാധ്യമസ്വാതന്ത്ര്യത്തെ വക്രീകരിച്ച് ദുരുപയോഗം ചെയ്യുമ്പോള്‍ അത് ചൂണ്ടിക്കാട്ടുന്നത് മാധ്യമസ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന കാഴ്ചപ്പാട് അംഗീകരിക്കാനാകില്ല. വിമര്‍ശനങ്ങളെ ശരിയായ തലത്തില്‍ ഉള്‍ക്കൊള്ളാനുള്ള ജനാധിപത്യബോധം രൂപപ്പെടുത്തുന്നതിന് ഇത്തരം വിമര്‍ശനങ്ങള്‍ കരുത്തു പകരും എന്നാണ് കാണേണ്ടത്. മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന ഘട്ടങ്ങളിലെല്ലാം ആ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതാന്‍ സിപിഐ എം ഉണ്ടായിരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പത്രക്കാരുടെ മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം ഉണ്ടായപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മുന്‍നിരയില്‍നിന്നത് സിപിഐ എം ആയിരുന്നു. മുത്തങ്ങ സംഭവത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടിയവര്‍ ഇപ്പോള്‍ മാധ്യമസ്വാതന്ത്ര്യത്തിനായി രംഗപ്രവേശം ചെയ്യുന്നതും കേരളജനത തിരിച്ചറിയും.

പിണറായി വിജയന്‍

S K Pande എഴുതിയ Emergency & Press Censorship Revisited എന്ന ലേഖനവും വായിക്കാം.

1 comment:

  1. കേന്ദ്രമന്ത്രി നടത്തിയ ഹജ്ജ് തട്ടിപ്പും മുന്‍ മന്ത്രി നടത്തിയ വ്യാജ ചെക്ക് ഇടപാടും മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായില്ല. മാധ്യമങ്ങളിലെ ഇത്തരം ഇടപെടലുകള്‍ക്കെതിരായ വിമര്‍ശനം ലോകവ്യാപകമായിത്തന്നെ ഉയര്‍ന്നുവരുന്നുണ്ട്. ഗൌരവമായ പഠനങ്ങളും ഗവേഷണങ്ങളും ലോകവ്യാപകമായിത്തന്നെ ഈ മേഖലയില്‍ നടന്നുവരികയാണ്. മാധ്യമനിരൂപണം എന്നത് ആധുനിക കാലത്ത് സുപ്രധാനമായ പഠനവിഷയമായി മാറിയിട്ടുമുണ്ട്. ഇത്തരം പഠനശാഖകളുടെ വികാസത്തെ ഉള്‍ക്കൊള്ളാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയേണ്ടതുണ്ട്. വസ്തുതകള്‍ വളച്ചൊടിക്കപ്പെടുകയും തെറ്റിദ്ധാരണ ജനിപ്പിക്കുന്ന സ്ഥിതി സംജാതമാകുകയും ചെയ്യുമ്പോള്‍ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുക എന്ന ഉത്തരവാദിത്തം സ്വാഭാവികമായും പാര്‍ടി നേതൃത്വത്തിനുണ്ട്. അങ്ങനെയുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുമ്പോള്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ സ്വഭാവത്തെയും അവ മെനഞ്ഞെടുത്ത രീതിയെയും തുറന്നുകാട്ടേണ്ടി വരും. ഈ തുറന്നുകാട്ടലുകളെ ജനാധിപത്യപരമായ മനോഭാവത്തോടെ, പറയുന്ന കാര്യങ്ങളില്‍ വസ്തുതകളുണ്ടോ എന്ന് പരിശോധിക്കുകയും ഇല്ലെങ്കില്‍ കാര്യകാരണസഹിതം അത് പറയുകയുമാണ് സ്വാഭാവിക രീതി. അതിനുപകരം മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രശ്നം ഉന്നയിച്ച് തലയൂരുന്നത് അഭികാമ്യമല്ല. മാധ്യമങ്ങള്‍ക്ക് ആരെക്കുറിച്ചും ഏത് പ്രസ്ഥാനത്തെക്കുറിച്ചും എന്തും പറയാം; മാധ്യമ വാര്‍ത്തകളിലെ നിജസ്ഥിതി ചൂണ്ടിക്കാണിച്ചാല്‍ മാധ്യമസ്വാതന്ത്ര്യം ഹനിക്കലാകുമെന്ന വാദം വസ്തുതകളില്‍നിന്ന് തലയൂരാനുള്ള ബദ്ധപ്പാട് മാത്രമാണ്.

    ReplyDelete