കൂട്ടക്കനി ഗവ യു പി സ്‌കൂളിന് ഒരു സ്വര്‍ഗമുണ്ട്. കനവുകളുടെ ഭാരം പേറുന്ന സ്വര്‍ഗത്തിലിരുന്ന് ചില നല്ല കഥകള്‍ പറയാന്‍ ഇവിടത്തെ കുട്ടികള്‍ക്കാവും. അറിവിന്റെയും വിജ്ഞാനത്തിന്റെയും അധ്വാനത്തിന്റെയും ചെപ്പുകള്‍ തുറന്നുവച്ച മധുരിക്കുന്ന കഥ. ഇവിടെ വിടര്‍ന്ന പൂവുകള്‍ വാടാറില്ല. ഇവിടെ വരുന്ന പുമ്പാറ്റകളുടെ സ്വപ്‌നങ്ങള്‍ക്ക് അറുതിയില്ല. ഇത് കൂട്ടക്കനിയുടെ കുട്ടിപാഠശാല. ഇവിടെ മണ്ണും മരവും പ്രകൃതിയുടെ പഠനോപകരണങ്ങള്‍. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ ഒന്നാംസ്ഥാനത്തെത്തിയ കൂട്ടക്കനിയിലെ കൂട്ടുകാരെക്കുറിച്ചാണ് ഇത്.
ഒരു ഗ്രാമത്തിന്റെ കൂട്ടായ്‌മയില്‍ തീര്‍ത്ത സ്വര്‍ഗമാണ് ഈ വിദ്യാലയം. കൂട്ടക്കനിയിലെ കുട്ടിശാസ്‌ത്രജ്ഞന്‍മാരുടെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ 1000 സ്‌നേഹമരങ്ങളാണ് തളിര്‍ക്കുന്നത്. പിറന്നാള്‍ ആഘോഷങ്ങള്‍ക്കും അതിഥി സല്‍ക്കാരത്തിനും ഇവര്‍ വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിക്കാറ്. മിഠായികളും പ്ലാസ്റ്റിക് വസ്‌തുക്കളും വിദ്യാലയത്തിലേക്ക് കയറ്റാറില്ല. അവധി ദിവസങ്ങളില്‍പോലും ഇവിടെ കുട്ടികളുടെ ബഹളമാണ്. ചെടികള്‍ക്ക് വെള്ളമൊഴിച്ചും മരങ്ങളോട് കിന്നാരം പറഞ്ഞും അവര്‍ സമയം ചിലവഴിക്കുന്നു. ഓരോ അതിഥികള്‍ വരുമ്പോഴും ഓരോ വൃക്ഷത്തൈവയ്‌ക്കും. പിറന്നാള്‍ ദിനത്തില്‍ സ്‌കൂള്‍ ലൈബ്രറിയിലേക്ക് ഒരു പുസ്‌തകം സമ്മാനം നല്‍കും. സന്ദര്‍ശകഡയറി സൂക്ഷിക്കും.
കൃഷിപാഠം
ആദ്യമായി നെല്‍കൃഷിയിറക്കിയ വിദ്യാലയമാണ് കൂട്ടക്കനി. പാറപ്പുറത്ത് ഇറക്കിയ നെല്‍കൃഷിയില്‍ കുട്ടികള്‍ കൊയ്‌തത് 16 പറ നെല്ലാണ്. പി ടി എയുടെ അകമഴിഞ്ഞ സഹായം കൊണ്ടാണ് ഇത് സാധിച്ചതെന്നാണ് പ്രധാനധ്യാപകന്‍ പവിത്രന്‍ മാസ്റ്റര്‍ പറയുന്നത്. രണ്ടാമതും നെല്‍കൃഷിയിറക്കിയപ്പോള്‍ 14 പറ കൊയ്‌തു. സ്‌കൂളിന് സമ്മാനമായി കിട്ടിയ 15 ലക്ഷം രൂപകൊണ്ട് വിശാലമായൊരു പാടശേഖരം വാങ്ങാനാണ് സ്‌കൂള്‍ പി ടി എ യുടെ ഭാവിപരിപാടി. വിത്ത് ആദ്യം വീഴേണ്ടത് മനുഷ്യ മനസ്സിലാണെന്ന നന്മയുടെ പാഠമാണ് കൂട്ടക്കനിയിലെ കൂട്ടുകാര്‍ക്ക് ഇവിടെ നിന്നും ലഭിക്കുന്നത്. മനസ്സ് ഹരിതാഭമായാല്‍ ചിന്തയും പ്രവൃത്തിയും ഹരിതശോഭ കൈവരും. ഇപ്പോള്‍ വാഴകൃഷിക്കാണ് കുട്ടികള്‍ പ്രധാന്യം നല്‍കുന്നത്. സ്‌കൂള്‍ ചുറ്റുമതിലടക്കം രണ്ടര ഏക്കര്‍ മാത്രമാണ് കൂട്ടക്കനിയിലെ കൂട്ടുകാരുടെ സ്വര്‍ഗം. അവിടെ പച്ചക്കറി കൃഷിയിലും കുട്ടികള്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഓരോ വീട്ടിലും പച്ചക്കറിയിലൂടെ ഒരു പച്ചക്കറി ഗ്രാമം സൃഷ്‌ടിക്കുകയാണ് ഈ കൊച്ചു മിടുക്കന്‍മാര്‍.
പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍
മനോജ് മാസ്റ്ററുടേയും രാജേഷ് മാസ്റ്ററുടേയും നേതൃത്വത്തിലുള്ള കുട്ടിപൊലീസും ശുചിത്വസേനയും ഹരിതസേനയും വിദ്യാലയത്തിലുണ്ട്. കുട്ടികള്‍ തെറ്റ് ചെയ്‌താല്‍ രസകരമായ ശിക്ഷാവിധികള്‍ ഇവര്‍ തന്നെ വിധിക്കും. ശുചിത്വ പൊലീസിന്റെ പ്രവര്‍ത്തനം വളരെ കാര്യക്ഷമമായി നടക്കുന്നുണ്ടിവിടെ. ഹരിതസേന ഇവിടെ നാടിന് തന്നെ മുതല്‍ക്കൂട്ടാണ്. അത്രത്തോളം വൃക്ഷത്തൈകള്‍ ഈ കൂട്ടുകാരുടെ കുഞ്ഞുകൈകളുടെ സ്‌പര്‍ശത്തില്‍ തഴച്ചുവളരുന്നുണ്ട്.
ഇക്കോ പാര്‍ക്ക്
പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്‌മയില്‍ തങ്ങളുടെ കുഞ്ഞനുജന്‍മാര്‍ക്കും അനിയത്തിമാര്‍ക്കും ഇരിക്കുവാനായി ഒരു ഇക്കോപാര്‍ക്കും മനോഹരമായ താമരക്കുളവും ഒരുങ്ങിക്കഴിഞ്ഞു. ജോലി കഴിഞ്ഞ ഒഴിവു സമയങ്ങളിലാണ് ഇവിടത്തെ യുവാക്കള്‍ കൊച്ചുകൂട്ടുകാര്‍ക്ക് വേണ്ടി കളമൊരുക്കിയത്.
മണ്ണിരകമ്പോസ്റ്റ്
തികച്ചും ജൈവീകമായ കൃഷിരീതിയാണ് ഇവിടത്തെ കൂട്ടുകാരുടേത്. വെര്‍മ്മിവാഷും മണ്ണിരകമ്പോസ്റ്റും സ്‌കൂള്‍ വളപ്പില്‍ തന്നെ ഇവര്‍ ഉണ്ടാക്കുന്നു. ശുചിത്വ പൊലീസിനാണ് ഇതിന്റെ ചുമതല.
അക്കാദമിക്ക് പ്രവര്‍ത്തനങ്ങള്‍
സ്‌കൂള്‍ ടൈംടേബിള്‍
സ്‌കൂളിനായി വാര്‍ഷിക ടൈംടേബിള്‍ നിര്‍മിക്കുകയാണ് ആദ്യജോലി. കൃത്യമായ സമയക്രമവും ചിട്ടയും ഇതില്‍ പാലിക്കും. സ്‌കൂളിനെ സംബന്ധിക്കുന്ന ഓരോ കാര്യവും ഇതില്‍ പരാമര്‍ശിക്കും.
സ്വീറ്റ് ഇംഗ്ലീഷ്
കുട്ടികള്‍ ഏറെ ഇഷ്‌ടപ്പെടുന്ന മറ്റൊരു പരിപാടിയാണ് സ്വീറ്റ് ഇംഗ്ലീഷ്. ആഴ്‌ചയില്‍ രണ്ട് ദിവസം മുഴുവന്‍ ഏതെങ്കിലും ഒരു ക്ലാസില്‍ ഇംഗ്ലീഷ് ഭാഷമാത്രം സംസാരിക്കുക എന്നതാണ് സ്വീറ്റ് ഇംഗ്ലീഷ്.
സര്‍ഗ പാഠശാല
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഭാഗമായുള്ള ഒരു പരിപാടിയാണ് സര്‍ഗപാഠശാല. എഴുത്ത് കുട്ടികള്‍ നിര്‍വഹിക്കുന്ന ഇവിടെ കുട്ടികള്‍ തന്നെ സ്വന്തം പുസ്‌തകം ഇറക്കുന്നു. അര്‍ജുനന്‍, സുജേഷ്, നവനീത് തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ സ്വന്തം പുസ്‌തകങ്ങള്‍ എഴുതിയിട്ടുണ്ട്.
കനിമൊഴി റേഡിയോ ക്ലബ്
രാവിലെ 9.30 മുതല്‍ തുടങ്ങുന്ന റേഡിയോ പരിപാടിക്ക് ഏഴാം ക്ലാസുകാരിയായ നിരഞ്‌ജന, പ്രിയങ്ക, മഞ്‌ജുഷ തുടങ്ങിയ വിദ്യാര്‍ഥികളാണ് നേതൃത്വം നല്‍കുന്നത്. പത്രവാര്‍ത്ത, നാട്ടുവാര്‍ത്ത, ക്വിസ് മത്സരം, സമ്മാന വിതരണം തുടങ്ങിയ രസകരമായ ഒട്ടനേകം പരിപാടികള്‍ ഇവര്‍ അവതരിപ്പിക്കുന്നുണ്ട്. കഥയും പാട്ടും നിറഞ്ഞ `പൂത്തുമ്പികള്‍' എന്ന പരിപാടിയും നാടന്‍പാട്ടിന്റെ താളങ്ങള്‍ മുട്ടുന്ന നാട്ടറിവിലൂടേയും സ്‌കൂള്‍ വാര്‍ത്തയും റേഡിയോ പരിപാടിയിലൂടെ കുട്ടികള്‍ക്കുമുന്നില്‍ എത്തുന്നുണ്ട്. ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതും പരിപാടി സംഘടിപ്പിക്കുന്നതും വിദ്യാര്‍ഥികള്‍ തന്നെയാണ്. കൂടാതെ സ്‌കൂളിലെ പ്രധാന അറിയിപ്പുകള്‍ നല്‍കുന്നതും റേഡിയോവിലൂടേയാണ്. മദര്‍ പി ടി എ യാണ് റേഡിയോ കുട്ടികള്‍ക്ക് സംഭാവന ചെയ്‌തത്.
വായനാകൂടാരം
ആഴ്‌ചയില്‍ ഇറങ്ങുന്ന പ്രധാന ആനുകാലികങ്ങള്‍ കുട്ടികളെക്കൊണ്ട് വായിപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ് വായനാകൂടാരം ഒരുക്കിയത്. ആറാം ക്ലാസിലെ കൂട്ടുകാര്‍ക്കാണ് ഇതിന്റെ ചുമതല. ആനുകാലികങ്ങള്‍ വായനാകൂടാരത്തില്‍ എത്തിക്കുന്നതും തിരിച്ച് ക്ലാസ്‌റും ഷെല്‍ഫില്‍ കൊണ്ടുവെക്കുന്നതും അവരാണ്.
സ്‌കൂള്‍ ലൈബ്രറി
വര്‍ഷാരംഭത്തില്‍ തന്നെ നടക്കുന്ന വായനാവാരത്തില്‍ ക്ലാസ് ടീച്ചറുടെ പേരില്‍ ഓരോ ക്ലാസിലേക്കും 20 ഓളം ലൈബ്രറി പുസ്‌തകങ്ങള്‍ നല്‍കും. കൂടാതെ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് ലൈബ്രറി കാര്‍ഡ് സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്. ഒരു ക്ലാസിലെ പുസ്‌കത്തിന്റെ ചാര്‍ട്ട് പ്രദര്‍ശനവും നടത്തുന്നു. ഇതില്‍ ക്ലാസിലെ എല്ലാ പുസ്‌തകത്തിന്റേയും കുട്ടികളുടേയും പേരുകള്‍ നല്‍കിയിട്ടുണ്ട്. വായിച്ചു കഴിഞ്ഞ പുസ്‌തകങ്ങള്‍ക്ക് നേരെ 'ശരി' മാര്‍ക്ക് ചെയ്യും. ഇങ്ങനെ വര്‍ഷാവസാനത്തോടെ ഓരോ ക്ലാസിലേക്കും പുസ്‌തകങ്ങള്‍ കയറിയിറങ്ങും. ബഷീര്‍, ചങ്ങമ്പുഴ അനുസ്‌മരണ പരിപാടികള്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ചു. കുരിപ്പുഴ ശ്രീകുമാര്‍, ഡി വിനയചന്ദ്രന്‍, മുണ്ടൂര്‍ സേതുമാധവന്‍ തുടങ്ങിയ സാഹിത്യകാരന്‍മാരും ഈ കൂട്ടുകാരോടൊപ്പം കൂട്ടുകൂടാന്‍ വന്നിട്ടുണ്ട്. 2500 ഓളം പുസ്‌തകങ്ങളുടെ അക്ഷരഖനികൂടിയാണ് കൂട്ടക്കനി.
സ്‌കൂള്‍ അസംബ്ലി
ആഴ്‌ചയില്‍ രണ്ട് ദിവസം സ്‌കൂള്‍ അസംബ്ലി ചേരും. തിങ്കളാഴ്‌ചയും വ്യാഴാഴ്‌ചയുമാണ് സാധാരണ അസംബ്ലി ചേരാറ്. ഓരോ അസംബ്ലിയും സംഘടിപ്പിക്കുന്നത് ഓരോ ക്ലാസിലെ കുട്ടികളാണിവിടെ. പ്രാര്‍ഥനയും ഡ്രില്ലും പത്രവാര്‍ത്തയും പ്രതിജ്ഞാവാചകവും സന്ദേശവാചകവും ചൊല്ലിക്കൊടുക്കുന്നത് കുട്ടികളാണ്.
സ്‌കൂള്‍ പി ടി എ
നാടിന്റെ വലിയൊരു സ്വാധീനം സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി നല്‍കുന്നുണ്ട്. മാസത്തിലൊരിക്കല്‍ പി ടി എ കൂടുന്നു. എ ഡേ വിത്ത് ചില്‍ഡ്രന്‍സ് എന്നാണ് ഇതിന്റെ പേര്. കുട്ടികളോടൊപ്പം ഒരു ദിവസം രക്ഷിതാക്കള്‍ സമയം ചെലവഴിക്കുക. ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഇന്നും ഇവിടെ ഇത് വിജയകരമായി പരീക്ഷിക്കുന്നു. പി ടി എ പ്രസിഡന്റായി എ രവീന്ദ്രനും രജിത മദര്‍ പി ടി എ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു.
സ്‌കൂള്‍ പാര്‍ലമെന്റ്
പ്രധാനമന്ത്രിയും കൃഷിവകുപ്പ് മന്ത്രിയും വിദ്യാഭ്യാസമന്ത്രിയും എം പിമാരും സ്‌പീക്കറുമടങ്ങുന്ന വലിയൊരു പാര്‍ലമെന്റ് ഈ സ്‌കൂളിനുണ്ട്. മലയാളമാണ് ഭാഷ. ആഴ്‌ചയിലൊരിക്കല്‍ പാര്‍ലമെന്റ് ചേരും. സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും. വളരെ ഗൗരവകരമായ പ്രശ്‌നങ്ങള്‍ക്ക് വരെ കുട്ടികള്‍ പരിഹാരം കണ്ടെത്തുന്നതിവിടെയാണ്. സ്‌കൂള്‍ ലീഡറാണ് പ്രധാനമന്ത്രി.
ഇനിയും എണ്ണിയെണ്ണി പറയുവാനായി ഒട്ടേറെ വിശേഷങ്ങള്‍ നല്‍കുന്നു കനവുകളുടെ ഈ കൂട്ടക്കനി......
janayugom 210611
കൂട്ടക്കനി ഗവ യു പി സ്‌കൂളിന് ഒരു സ്വര്‍ഗമുണ്ട്. കനവുകളുടെ ഭാരം പേറുന്ന സ്വര്‍ഗത്തിലിരുന്ന് ചില നല്ല കഥകള്‍ പറയാന്‍ ഇവിടത്തെ കുട്ടികള്‍ക്കാവും. അറിവിന്റെയും വിജ്ഞാനത്തിന്റെയും അധ്വാനത്തിന്റെയും ചെപ്പുകള്‍ തുറന്നുവച്ച മധുരിക്കുന്ന കഥ. ഇവിടെ വിടര്‍ന്ന പൂവുകള്‍ വാടാറില്ല. ഇവിടെ വരുന്ന പുമ്പാറ്റകളുടെ സ്വപ്‌നങ്ങള്‍ക്ക് അറുതിയില്ല. ഇത് കൂട്ടക്കനിയുടെ കുട്ടിപാഠശാല. ഇവിടെ മണ്ണും മരവും പ്രകൃതിയുടെ പഠനോപകരണങ്ങള്‍. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ ഒന്നാംസ്ഥാനത്തെത്തിയ കൂട്ടക്കനിയിലെ കൂട്ടുകാരെക്കുറിച്ചാണ് ഇത്.
ReplyDeleteനേത്രദാനത്തിന്റെ മഹത്വം നെഞ്ചിലേറ്റി നാടിന് മാതൃകയാവുകയാണ് കൂട്ടക്കനി ഗവ. യുപി സ്കൂളിലെ ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റും അധ്യാപകരും. സ്കൂളിലെ 18 അധ്യാപകരും നേത്രം ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം റെഡ്ക്രോസ് ജില്ലാ പ്രസിഡന്റ് ഇ ചന്ദ്രശേഖരന്‍ നായര്‍ക്ക് കൈമാറി. ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. കെ വി ഭാസ്കരന്‍ അധ്യക്ഷനായി. എ പവിത്രന്‍ , ഭാസ്കരന്‍ , നിഷ എന്നിവര്‍ സംസാരിച്ചു. മനോജ് പിലിക്കോട് സ്വാഗതവും രാജേഷ് കൂട്ടക്കനി നന്ദിയും പറഞ്ഞു.
ReplyDelete