Monday, March 1, 2010

ആരാണ് ഭൂമി കയ്യേറുന്നത്?

സര്‍ക്കാര്‍ ഭൂമിയും മിച്ചഭൂമിയും നിയമവിരുദ്ധമായി കൈവശംവെയ്ക്കുന്ന വന്‍കിട മുതലാളിത്ത ഭൂപ്രഭുക്കള്‍ക്കും സ്വകാര്യ ഭൂപ്രമാണിമാര്‍ക്കും ഭൂമാഫിയക്കുമെതിരെ വയനാട്ടിലെ ഭൂരഹിതരായ ആദിവാസികളും കര്‍ഷകത്തൊഴിലാളികളും നടത്തുന്ന സമരം കേരള രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചാവിഷയമായിരിക്കുകയാണല്ലോ. സമീപകാല കേരള ചരിത്രത്തില്‍ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഗ്രാമീണ തൊഴിലാളിവര്‍ഗവും ദരിദ്രജനവിഭാഗങ്ങളും നടത്തിയ ഉജ്വലമായ വര്‍ഗസമരമാണ് വയനാട്ടില്‍ നടക്കുന്ന ഭൂപ്രക്ഷോഭം. കേരള സമൂഹം, പ്രത്യേകിച്ചും വലതുപക്ഷ രാഷ്ട്രീയ നേതൃത്വം, വരേണ്യ മാധ്യമ സ്ഥാപനങ്ങള്‍, കോടതിയും നിയമജ്ഞരും, മദ്ധ്യവര്‍ഗ ബുദ്ധിജീവികള്‍ എന്നിവര്‍ വെച്ചുപുലര്‍ത്തുന്ന സാമാന്യബോധത്തെ നഗ്നമായും ഭൂപ്രമാണിവര്‍ഗങ്ങളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ വെള്ളപൂശുന്നതും ഭൂരഹിതരായ പാവപ്പെട്ട ആദിവാസികളുടെയും കര്‍ഷകത്തൊഴിലാളികളുടെയും അവകാശ സമരങ്ങളെ പുച്ഛിക്കുന്നതുമാണെന്ന് മറനീക്കി കാണിക്കുന്നതില്‍ ഇതുപോലെ വിജയിച്ച ജനമുന്നേറ്റം അപൂര്‍വമാണ്.

ഭൂപ്രക്ഷോഭത്തിന്റെ പശ്ചാത്തലം

ജന്മി നാടുവാഴി വ്യവസ്ഥ തകര്‍ത്ത് കൃഷിഭൂമി കര്‍ഷകനു നല്‍കുന്നതിലും ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതിലും അടിസ്ഥാന സംഭാവന നല്‍കിയത് 1957ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിര്‍മ്മിച്ച ഭൂപരിഷ്കരണ നിയമമാണല്ലോ. 26 ലക്ഷം കര്‍ഷക കുടുംബങ്ങള്‍ക്കാണ് തല്‍ഫലമായി കേരളത്തില്‍ ഭൂമി കിട്ടിയത്. മറ്റൊരു അഞ്ചരലക്ഷം കുടുംബങ്ങള്‍ക്ക് പത്ത് സെന്റ് പുരയിടത്തിനും അവകാശം ലഭിച്ചു. എന്നാല്‍ ഭൂപരിഷ്കരണ നിയമങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വംകൊടുത്ത സര്‍ക്കാരുകള്‍ കൊണ്ടുവന്ന ഭേദഗതികളിലൂടെയും നിയമവിരുദ്ധ നടപടികളിലൂടെയും വന്‍കിട ഭൂപ്രഭുവര്‍ഗം തങ്ങളുടെ കൈവശമുള്ള അളവറ്റഭൂമി ഇനിയും വിട്ടുകൊടുക്കാതെ സമൂഹത്തെ വെല്ലുവിളിക്കുകയാണ്. തോട്ടം മേലഖയില്‍ ഭൂമിയുടെമേല്‍ കുത്തക നിലനിര്‍ത്തുന്ന ടാറ്റ, ഗോയങ്ക, മറ്റ് വന്‍കിട എസ്റ്റേറ്റ് ഉടമകള്‍, സ്വകാര്യ ഭൂപ്രമാണിമാര്‍, ഭൂമാഫിയകള്‍ എന്നിവര്‍ പതിനായിരക്കണക്കിന് ഏക്കര്‍ മിച്ചഭൂമിയും സര്‍ക്കാര്‍ഭൂമിയും ഭൂപരിഷ്കരണനിയമം പാസായി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കൈവശംവെച്ച് അനുഭവിക്കുകയാണ്. കേരളത്തില്‍ 9 ലക്ഷം ഹെക്ടര്‍ ഭൂമി മിച്ചഭൂമിയായി കണക്കാക്കിയതില്‍ കേവലം ഒരു ലക്ഷത്തോളം ഹെക്ടര്‍ ഭൂമി മാത്രമാണ് പിടിച്ചെടുത്ത് വിതരണംചെയ്യാന്‍ കഴിഞ്ഞതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേവലം 10 ശതമാനം മിച്ചഭൂമി മാത്രമാണ് വിതരണംചെയ്യാന്‍ കഴിഞ്ഞതെന്നര്‍ത്ഥം.

മറുഭാഗത്ത് ഭൂരഹിത കുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഭൂപരിഷ്കരണത്തിനുശേഷം 1970കളില്‍ 6 ശതമാനമായിരുന്ന സംസ്ഥാനത്തെ ഭൂരഹിത കുടുംബങ്ങളുടെ എണ്ണം 1991ല്‍ ആരംഭിച്ച നവ ഉദാരവല്‍ക്കരണ നയങ്ങളും അത് സൃഷ്ടിച്ച അഭൂതപൂര്‍വ്വമായ കാര്‍ഷിക പ്രതിസന്ധിയും കര്‍ഷക-കര്‍ഷകത്തൊഴിലാളിവര്‍ഗങ്ങളുടെ പാപ്പരീകരണവുംമൂലം 2007ഓടെ 36 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഭൂരഹിത കുടുംബങ്ങളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് അങ്ങേയറ്റം ഉല്‍ക്കണ്ഠാജനകമാണ്.

ഏഴുലക്ഷം മാത്രം ജനസംഖ്യയുള്ള വയനാട്ടില്‍ മാത്രം 22,165 ഭൂരഹിത കുടുംബങ്ങള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ 12,000ത്തിലേറെ ആദിവാസി കുടുംബങ്ങളാണ്. 3-4 സെന്റ് മുതല്‍ ഒരേക്കറില്‍ താഴെ ഭൂമിയുള്ള 14,000 ആദിവാസി കുടുംബങ്ങള്‍ വയനാട്ടിലുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ചപോലെ ചുരുങ്ങിയത് ഒരേക്കര്‍ ഭൂമിയെങ്കിലും ലഭിക്കേണ്ട ഭൂരഹിതരും നാമമാത്ര ഭൂമിയുള്ളവരുമായി 26,000ത്തോളം ആദിവാസി കുടുംബങ്ങള്‍ വയനാട്ടിലുണ്ട്.

ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കാനായി നിരവധി നിയമങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ അവ നടപ്പിലാക്കപ്പെട്ടില്ല. 1999ല്‍ ഭൂമി നഷ്ടപ്പെട്ട ആദിവാസികള്‍ക്ക് പകരം ഭൂമി വ്യവസ്ഥപ്പെടുത്തി നായനാര്‍ സര്‍ക്കാര്‍ രൂപീകരിച്ച നിയമവും സുപ്രിംകോടതി സ്റ്റേചെയ്തു. 10 വര്‍ഷം കഴിഞ്ഞ് 2009ലാണ് ആറുമാസത്തിനകം പകരം ഭൂമി ആദിവാസികള്‍ക്ക് നല്‍കണമെന്ന് സുപ്രിംകോടതി വിധിച്ചിരിക്കുന്നത്.

2002ല്‍ ആദിവാസി ക്ഷേമസമിതി രൂപീകരണത്തെതുടര്‍ന്ന് വയനാട്ടിലെ പനവല്ലിയില്‍ നിന്നാരംഭിച്ച ഭൂപ്രക്ഷോഭമാണ് ആദിവാസികള്‍ നടത്തിയ ഏറ്റവും ഉജ്വലമായ ബഹുജനമുന്നേറ്റം. വയനാട്ടിലാകെ 19 സമര കേന്ദ്രങ്ങളിലായി 5,000ത്തോളം ഏക്കര്‍ നിക്ഷിപ്ത വനഭൂമിയിലാണ് 2200 ഓളം ആദിവാസി കുടുംബങ്ങള്‍ അവകാശം സ്ഥാപിച്ചത്.

സമരത്തില്‍ പങ്കെടുത്ത 1,700 ഓളം ആദിവാസികളെ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ജയിലിലടച്ചു. ഗര്‍ഭിണിയായിരുന്ന ശാന്ത എന്ന ആദിവാസി സ്ത്രീ കണ്ണൂര്‍ ജയിലില്‍ പ്രസവിച്ചു; കുഞ്ഞു മരിച്ചു. സ്വയം ജാമ്യമെടുക്കാന്‍ തയ്യാറാകാതിരുന്ന ആദിവാസികളെ സുല്‍ത്താന്‍ബത്തേരി മജിസ്ട്രേട്ട് കണ്ണൂര്‍ ജയിലില്‍ ചെന്ന് അദ്ദേഹത്തിന്റെ സ്വന്തം ജാമ്യത്തില്‍ മോചിപ്പിച്ചതായി പ്രഖ്യാപിച്ചത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ നിസ്വവര്‍ഗങ്ങള്‍ക്ക് അനുകൂലമായ ശ്രദ്ധയമായ നടപടിയാണ്. ജയില്‍വിട്ട് വന്ന ആദിവാസികള്‍ വീണ്ടും സമരഭൂമികളിലേക്കാണ് പോയത്.

പ്രസ്തുത ഭൂമിയില്‍ ചെങ്കൊടിനാട്ടി, കുടില്‍കെട്ടി, കപ്പയും, മുത്താറിയും, നെല്ലും, കാപ്പിയും കുരുമുളകും നട്ടുപിടിപ്പിച്ച് കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത സമരമാണ് എകെഎസ് നടത്തിയത്.

4 വര്‍ഷത്തോളം പ്രസ്തുത സമരഭൂമിയില്‍ നിലയുറപ്പിച്ച ആദിവാസികള്‍ക്ക് 2006ല്‍ ഇടതുപിന്തുണയോടെ ഭരിച്ച യുപിഎ സര്‍ക്കാര്‍ പാസാക്കിയ വനാവകാശനിയമത്തിലൂടെ തങ്ങള്‍ അവകാശം സ്ഥാപിച്ച നിക്ഷിപ്ത വനഭൂമിയില്‍ നിയമപരമായ ഉടമസ്ഥത ലഭിച്ചു. നിയമനിര്‍മ്മാണസഭകളല്ല ജനങ്ങളാണ് ആത്യന്തികമായി നിയമങ്ങള്‍ ഉണ്ടാക്കുന്നത് എന്നതിന്റെ നല്ലൊരു ഉദാഹരണമാണ് ഇത്. ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ നടന്ന സമരത്തിന് വന്‍ പ്രാധാന്യം നല്‍കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ എകെഎസ് വയനാട്ടില്‍ നടത്തിയ സമരത്തെ ബോധപൂര്‍വ്വം തമസ്കരിക്കുകയാണ് പതിവ്.

2006ല്‍ അധികാരത്തില്‍വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും ചുരുങ്ങിയത് ഒരേക്കര്‍ ഭൂമി നല്‍കുമെന്ന് പ്രഖ്യാപിച്ചു. വനാവകാശനിയമപ്രകാരം 6,000ഓളം ആദിവാസി കുടുംബങ്ങള്‍ക്കാണ് ഭൂമി ലഭിക്കേണ്ടത്. ഇതില്‍ 1,269 കുടുംബങ്ങള്‍ക്ക് 2009 ഡിസംബറില്‍ സുല്‍ത്താന്‍ബത്തേരിയില്‍ ചേര്‍ന്ന മഹാ ആദിവാസി സമ്മേളനത്തില്‍ പട്ടയം നല്‍കി. മറ്റൊരു 3,000 കുടുംബങ്ങള്‍ക്ക് 2010 ഫെബ്രുവരി 23ന് പട്ടയം നല്‍കുകയാണ്.

എന്നാല്‍ വനമേഖലയ്ക്കുപുറത്ത് താമസിക്കുന്ന ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്കും കര്‍ഷകത്തൊഴിലാളി കുടുംബങ്ങള്‍ക്കും നല്‍കുന്നതിനാവശ്യമായ ഭൂമി കണ്ടെത്തുന്നതില്‍ ഗുരുതരമായ കാലതാമസമാണുണ്ടായിരിക്കുന്നത്. മുതലാളിത്ത ഭൂപ്രഭുക്കളും ഭൂമാഫിയക്കാരും നിയമവിരുദ്ധമായി കൈവശംവെയ്ക്കുന്ന ഭൂമി സംബന്ധിച്ച് സര്‍ക്കാര്‍ നടപടികള്‍ ഉദ്യോഗസ്ഥര്‍ ഭൂപ്രമാണിമാരുടെ സ്വാധീനത്തിന് വഴങ്ങുന്നതുമൂലം ഇഴഞ്ഞുനീങ്ങുകയാണ്. ആത്മാര്‍ത്ഥതയും സാമൂഹ്യപ്രതിബദ്ധതയുമുള്ള ചില ഉദ്യോഗസ്ഥര്‍ സ്വീകരിച്ച കര്‍ക്കശമായ നടപടികളാവട്ടെ ഭൂപ്രമാണിമാര്‍ വിവിധ കോടതിയില്‍ നിരന്തരമായി കേസുകള്‍ നല്‍കി വര്‍ഷങ്ങളായി നീട്ടിക്കൊണ്ടുപോവുകയാണ്. ഈ പശ്ചാത്തലത്തിലാണ് സുല്‍ത്താന്‍ബത്തേരിയില്‍ 2010 ജനുവരി 21, 22ന് ചേര്‍ന്ന എകെഎസ് വയനാട് ജില്ലാ സമ്മേളനം വയനാട്ടില്‍ രണ്ടാംഘട്ട ഭൂപ്രക്ഷോഭം ആരംഭിക്കുന്നതിനുള്ള ആഹ്വാനം നല്‍കിയത്.

മുതലാളിത്ത ഭൂപ്രഭുവര്‍ഗം

കേരളത്തില്‍ ടാറ്റായെക്കാള്‍ വലിയ ഭൂപ്രഭുവാണ് കുത്തക മുതലാളിയും ഇന്ത്യന്‍ എക്സ്പ്രസ് പത്രമുടമയുമായ ആര്‍ പി ഗോയങ്കയുടെ നേതൃത്വത്തിലുള്ള ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി. 797690.80 ഏക്കര്‍ ഭൂമിയാണ് ഇവരുടെ കൈവശമുള്ളത്. ഇതില്‍ 65767.75 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്തതാണ്. 11002.05 ഏക്കര്‍ രജിസ്ട്രേഡ് ഭൂമിയാണ്. നിയമപരമായി ഭൂമി കൈവശം വെയ്ക്കാനുള്ള അവകാശം ഹാരിസണ്‍ കമ്പനിക്കില്ല എന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വൈത്തിരി താലൂക്ക് ലാന്‍ഡ്ബോര്‍ഡ് വയനാട്ടിലെ 1845.55 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി സറണ്ടര്‍ചെയ്യണമെന്ന് വിധി നല്‍കിയിട്ടുള്ളതാണ്. മന്ത്രിസഭ ഉപസമിതി നിയോഗിച്ച ജസ്റ്റിസ് മനോഹരന്‍ കമ്മീഷന്‍ ഹാരിസണ്‍ കമ്പനിയുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിയുമായി മുന്നോട്ടുപോകുന്നതില്‍ യാതൊരു നിയമതടസ്സവുമില്ല എന്നാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. എന്നാല്‍ നിയമവിരുദ്ധമായി കമ്പനിയുടെ കൈവശമുള്ള ആയിരക്കണക്കിന് ഏക്കര്‍ ഭൂമി വീണ്ടെടുക്കുന്നതില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഈ കമ്പനിയുടെ തേയില കൃഷിയില്ലാത്ത തരിശുഭൂമിയിലാണ് ആദിവാസികളും ഭൂരഹിത കര്‍ഷകത്തൊഴിലാളികളും കുടില്‍കെട്ടി സമരം ആരംഭിച്ചത്. 800 ഓളം കുടുംബങ്ങളിലായി 1100 ഓളം ആളുകളാണ് ഹാരിസന്റെ സമരഭൂമിയിലുള്ളത്.

കൃഷ്ണഗിരിയിലെ സര്‍ക്കാര്‍ ഭൂമി

ശ്രേയാംസ്കുമാര്‍ എംഎല്‍എയുടെ കൈവശമുള്ള 14 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയിലാണ് ആദിവാസികള്‍ കുടില്‍കെട്ടി സമരം തുടങ്ങിയത്. ഈ ഭൂമി തന്റെ മുത്തച്ഛന്‍ പത്മപ്രഭഗൂഡറുടെ കയ്യില്‍നിന്നും പാരമ്പര്യമായി തന്റെ അച്ഛന്‍ വീരേന്ദ്രകുമാറിനും പിന്നീട് തനിക്കും ലഭിച്ച ഭൂമിയാണെന്നും താന്‍ കയ്യേറിയ ഭൂമിയല്ലെന്നുമാണ് ശ്രേയാംസ്കുമാര്‍ അവകാശപ്പെടുന്നത്. ഗ്രോ മോര്‍ ഫുഡ് പദ്ധതിപ്രകാരം മദ്രാസ് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയാണെന്നും അവകാശപ്പെടുന്നുണ്ട്. എന്നാല്‍ 1983ല്‍ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പത്മപ്രഭ ഗൌഡറുടെ 1958ലെ ഭാഗപത്രത്തില്‍ യാതൊരു സര്‍ക്കാര്‍ ഭൂമിയും മകനായ വീരേന്ദ്രകുമാറിന് നല്‍കിയിട്ടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത 14 ഏക്കര്‍ ഭൂമിക്ക് പട്ടയമില്ല. നികുതിയും സ്വീകരിക്കുന്നില്ല.

പട്ടയം നല്‍കണമെന്ന ശ്രേയാംസ്കുമാറിന്റെ അപേക്ഷ പരിഗണിച്ച സംസ്ഥാന സര്‍ക്കാര്‍ ലാന്റ് അസൈന്‍മെന്റ് നിയമപ്രകാരം മലയോര പ്രദേശങ്ങളില്‍ പരമാവധി ഒരേക്കര്‍ ഭൂമി മാത്രമേ പതിച്ചുകൊടുക്കാന്‍ കഴിയുകയുള്ളു എന്നും എന്നാല്‍ ശ്രേയാംസ്കുമാറിന് 48 ഏക്കര്‍ ഭൂമി ഉള്ളതിനാല്‍ പതിച്ചുകൊടുക്കാന്‍ സാധിക്കില്ല എന്നും ചൂണ്ടിക്കാട്ടി അപേക്ഷ തള്ളിക്കളഞ്ഞു. 14 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ആദിവാസികള്‍ക്ക് വിതരണംചെയ്യേണ്ട ഭൂമിയായി പട്ടികയില്‍ പെടുത്തി. ഇതിനെതുടര്‍ന്ന് ശ്രേയാംസ്കുമാറിനോട് ഭൂമി വിട്ടുകൊടുക്കാന്‍ സുല്‍ത്താന്‍ബത്തേരി തഹസില്‍ദാര്‍ നോട്ടീസ് നല്‍കി. എന്നാല്‍ ഭൂമി വിട്ടുകൊടുക്കുന്നതിനുപകരം സുല്‍ത്താന്‍ബത്തേരി കോടതിയില്‍ കേസ്കൊടുത്ത് സ്റ്റേവാങ്ങുകയാണുണ്ടായത്. കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രന്‍മാസ്റ്റര്‍ ഭൂമി പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കൃഷ്ണഗിരി ഭൂമിയിലേക്ക് മാര്‍ച്ച് നടത്തുകയും ഹൈക്കോടതിയില്‍ ആദിവാസി കോണ്‍ഗ്രസ് നേതാക്കള്‍ കേസ് ഫയല്‍ചെയ്യുകയും ചെയ്തു. സര്‍ക്കാര്‍ ഭൂമിയാണെന്ന് കേരള സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും നിയമവിരുദ്ധമായാണ് അത് കൈവശം വെച്ചിരിക്കുന്നതെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് 2008 ഫെബ്രുവരിയില്‍ കേരള ഹൈക്കോടതി നിയമവിരുദ്ധമായി വൈശംവെച്ചിട്ടുള്ള ഭൂമി ഒഴിപ്പിക്കണമെന്ന വ്യക്തമായ വിധി നല്‍കി.

എന്നാല്‍ ഹൈക്കോടതിവിധി നടപ്പിലാക്കാനും സുല്‍ത്താന്‍ബത്തേരി കോടതിയിലെ സ്റ്റേ ഉത്തരവ് നീക്കാനും ജില്ലാ ഉദ്യോഗസ്ഥര്‍ മുന്‍കയ്യെടുക്കാതെ ശ്രേയാംസ്കുമാറിന് സഹായകരമായ സമീപനമാണ് സ്വീകരിച്ചത്. 2008 ഫെബ്രുവരിയില്‍ വന്ന ഹൈക്കോടതിവിധി 2010 ഫെബ്രുവരിയായിട്ടും നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രസ്തുത 14 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ എകെഎസ് സമരമാരംഭിച്ചത്. സമരത്തെതുടര്‍ന്ന് ശ്രേയാംസ്കുമാര്‍ നല്‍കിയ കേസില്‍ ഹൈക്കോടതി ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടങ്കിലും ശ്രേയാംസ്കുമാറിന് യാതൊരു രേഖയും ഹാജരാക്കാന്‍ സാധിക്കില്ല എന്നത് വ്യക്തമാണ്.

വെള്ളാരംകുന്ന് ഭൂമിയും ഭൂ മാഫിയയും

കേരള ഭൂപരിഷ്കരണ നിയമം ലംഘിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമായ ജന്മഭൂമി ഭൂ മാഫിയക്കാര്‍ തട്ടിയെടുക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് വെള്ളാരംകുന്ന് ഭൂമി തട്ടിപ്പ്. തോര്യമ്പത്ത് തറവാട്, കടൂര്‍കനിച്ചേടത്ത് തറവാട് എന്നീ ജന്മി കുടുംബങ്ങളുടെ കയ്യിലുണ്ടായിരുന്ന 180.70 ഏക്കര്‍ ഭൂമി ആദ്യം പനോര ടീ കമ്പനിക്കും പിന്നീട് അതിന്റെ പിന്തുടര്‍ച്ചയായിരുന്ന ചെമ്പ്ര ടീകമ്പനിക്കും പാട്ടമായി ലഭിച്ചു. കടൂര്‍ പനിച്ചേടത്ത് തറവാടിന്റെ ജന്‍മാവകാശം പിന്നീട് തോര്യമ്പത്ത് തറവാടില്‍ ലയിച്ചു. 1964 ഏപ്രില്‍ 1ന് കേരള ഭൂപരിഷ്കരണ നിയമപ്രകാരം ജന്‍മാവകാശം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായി.

1966ല്‍ ചെമ്പ്ര ടീ കമ്പനി 180 ഏക്കര്‍ ഭൂമി കാഡ്ബറി കമ്പനിക്ക് മറുപാട്ടമായി നല്‍കി. മറുപാട്ടം നല്‍കിയ നടപടി നിയമവിരുദ്ധമാണ്. 1991ല്‍ പ്രസ്തുത ഭൂമിയില്‍ 119.21 ഏക്കര്‍ ഭൂമി ചെമ്പ്ര ടീ കമ്പനി കാഡ്ബറി കമ്പനിക്ക് വില്‍പ്പന നടത്തി. ശേഷിക്കുന്ന 60.29 ഏക്കര്‍ ഭൂമി ചക്രധര്‍ എസ്റ്റേറ്റിന് 1994ല്‍ ചെമ്പ്ര ടീ കമ്പനി വില്‍പ്പന നടത്തി. പട്ടയമില്ലാത്ത ഭൂമി വില്‍ക്കുന്നതിന് ചെമ്പ്ര ടീ കമ്പനിക്ക് നിയമപരമായി അവകാശമില്ല.

1998ല്‍ തോര്യമ്പത്ത് തറവാട് കാഡ്ബറിയുടെ കൈവശമുള്ള 119.21 ഏക്കറില്‍ 117.48 ഏക്കറിന്റെ ജന്‍മാവകാശം കെ ഇമ്പിച്ചി, എം ശശിധരന്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കി. തുടര്‍ന്ന് 1999ല്‍ പ്രസ്തുത ജന്‍മാവകാശം ജോര്‍ജ് പോത്തന്‍, പി സി മാത്യു, ജോര്‍ജ് ജോണ്‍ എന്നിവര്‍ രജിസ്റ്റര്‍ ചെയ്ത് വാങ്ങി. കെഎല്‍ആര്‍ ആക്ട് പ്രകാരം ജന്‍മം സര്‍ക്കാരില്‍ നിക്ഷിപ്തമായതിനാല്‍ ജന്‍മാവകാശം വില്‍പന നടത്തിയ നടപടി നിയമവിരുദ്ധമാണ്.

2002ല്‍ കാഡ്ബറി ഇന്ത്യ 119.21 ഏക്കര്‍ ഭൂമിയുടെ കൈവശാവകാം ജോര്‍ജ് പോത്തനുള്‍പ്പെടെ മൂന്നുപേര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കി. കെഎല്‍ആര്‍ ആക്ട് 51-ാം വകുപ്പു പ്രകാരം പാട്ടഭൂമി സര്‍ക്കാരിനാണ് തിരികെ നല്‍കേണ്ടത്; കൈമാറ്റം ചെയ്യുന്നത് നിയമവിരുദ്ധമായ നടപടിയാണ്.

1.4.64ല്‍ കാഡ്ബറിയുടെ കൈവശത്തിലായിരുന്ന 179.81 ഏക്കര്‍ ഭൂമി പ്ളാന്റേഷനായിരുന്നില്ല എന്ന് ലാന്റ് ബോര്‍ഡില്‍ കാഡ്ബറി സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാണ്. അതുകൊണ്ടുതന്നെ പ്രസ്തുത ഭൂമി തോട്ടഭൂമിയായി പരിഗണിച്ച് നല്‍കിയ വൈത്തിരി ലാന്റ് ബോര്‍ഡിന്റെ ഉത്തരവ് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

നിയമവിരുദ്ധമായി ഉണ്ടാക്കിയ രേഖകള്‍ കാണിച്ച് 119.21 ഏക്കര്‍ ഭൂമിയിലെ 50 ഏക്കര്‍ ഭൂമി ജോര്‍ജ് പോത്തനും കൂട്ടരും 2000ല്‍ കിന്‍ഫ്രാ പാര്‍ക്ക് സ്ഥാപിക്കാനായി 2.5 കോടി രൂപ വിലയ്ക്ക് കേരള സര്‍ക്കാരിനു വിറ്റു. ഈ നടപടിക്രമങ്ങളെല്ലാം പരിശോധിച്ച റവന്യൂ വിജിലന്‍സ് ഡെപ്യൂട്ടി കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലും 8.2.2010ന് വയനാട് സബ്കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലും വെള്ളാരം കുന്നിലെ 179.81 ഏക്കര്‍ ഭൂമിയും സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ട ഭൂമിയാണെന്നും കൃത്രിമ രേഖ നിര്‍മ്മിച്ച് സര്‍ക്കാരിനെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്ത് നിയമ നടപടിക്ക് വിധേയമാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ജോര്‍ജ് പോത്തന്‍ ജനതാദള്‍ (എസ്)ന്റെ നേതാവും വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. വെള്ളാരം കുന്നിലെ ഭൂമിയില്‍ രണ്ടാംഘട്ട ഭൂസമരത്തിന്റെ ഭാഗമായി 374 ഭൂരഹിത ആദിവാസി കുടുംബങ്ങളാണ് കുടില്‍കെട്ടി അവകാശം സ്ഥാപിച്ചിരിക്കുന്നത്.

മലന്തോട്ടം എസ്റ്റേറ്റ് ഭൂമി വിറ്റു തിന്നവര്‍

1966ല്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ പൊതു ആവശ്യങ്ങള്‍ക്കായി സംരക്ഷിക്കേണ്ട ഭൂമിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും എം പി വീരേന്ദ്രകുമാര്‍, എം പി പത്മപ്രഭ, എം പി ചന്ദ്രനാഥ് എന്നിവരുടെ അനധികൃത കൈവശത്തിലുള്ളതുമായ 135.12 ഏക്കര്‍ റവന്യൂ ഭൂമിയാണ് മലന്തോട്ടം എസ്റ്റേറ്റ്. പ്രസ്തുത സര്‍ക്കാര്‍ ഭൂമി അനധികൃത കൈവശത്തില്‍നിന്ന് തിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ല. മലന്തോട്ടം എസ്റ്റേറ്റിലെ വില പിടിച്ച മരങ്ങള്‍ മുറിച്ച് വിറ്റശേഷം പ്രസ്തുത 135 ഏക്കര്‍ ഭൂമിയും പലര്‍ക്കായി രജിസ്റ്റര്‍ ചെയ്യാത്ത കരാറുകള്‍ പ്രകാരം വില്‍പ്പന നടത്താനാണ് വീരേന്ദ്രകുമാറും ചന്ദ്രനാഥും തയ്യാറായതെന്ന് ഇതുസംബന്ധിച്ച് പഠിച്ച വയനാട് സബ് കലക്ടര്‍ മാരാപാണ്ഡ്യന്‍ 30.8.1988ല്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രസ്തുത റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പൂഴ്ത്തിവെയ്ക്കുകയായിരുന്നു. 1983നു മുമ്പാണ് വീരേന്ദ്രകുമാറും സഹോദരനും പൊതുമുതല്‍ വില്‍പന നടത്തിയത്. പട്ടയമില്ലാത്ത ഭൂമി വില്‍പ്പന നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണ്.

ഭൂമി കയ്യേറ്റക്കാര്‍ മാന്യന്‍മാര്‍ ഭൂസമരക്കാര്‍ കയ്യേറ്റക്കാര്‍

ഹാരിസണ്‍സ് മലയാളം പ്ളാന്റേഷന്‍ കമ്പനി മുതല്‍ ജോര്‍ജ് പോത്തനെ പോലുള്ള ഭൂ മാഫിയക്കാര്‍ വരെ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമിയില്‍ അവകാശം സ്ഥാപിച്ച് ഭൂരഹിത ആദിവാസികളുടെയും കര്‍ഷക തൊഴിലാളികളുടെയും ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവന്നപ്പോള്‍ പ്രസ്തുത സമരം കേവലം വീരേന്ദ്രകുമാറിനും ശ്രേയാംസ്കുമാറിനുമെതിരായ സമരമാണെന്ന് ചുരുക്കി കാണിക്കാനാണ് ചില മാധ്യമങ്ങളും യുഡിഎഫ് നേതൃത്വവും പരിശ്രമിച്ചത്.

2005ല്‍ പി ടി തോമസ് എംഎല്‍എയുടെ ചോദ്യത്തിന് ശ്രേയാംസ്കുമാറിന്റെ കൈവശമുള്ള 14 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് വ്യക്തമായി നിയമസഭയില്‍ മറുപടി പറഞ്ഞ മുന്‍മുഖ്യമന്ത്രി കൂടിയായ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആദിവാസി പ്രക്ഷോഭത്തോട് എടുത്ത സമീപനം സത്യസന്ധതയില്ലാത്തതാണ്. ആദിവാസികളുടെ സമരം നക്സല്‍ മാതൃക സമരമാണെന്നാണ് അദ്ദേഹം ആക്ഷേപിച്ചത്.

ആദിവാസികള്‍ അവകാശം സ്ഥാപിച്ച 14 ഏക്കര്‍ ഭൂമി ശ്രേയാംസ്കുമാറിന്റെതല്ല; സര്‍ക്കാര്‍ ഭൂമിയാണെന്ന് ഉമ്മന്‍ചാണ്ടിയും, റവന്യൂ വകുപ്പ് സെക്രട്ടറി നിവേദിത പി ഹരനും ബഹു. കേരള ഹൈക്കോടതിയും ചൂണ്ടിക്കാണിച്ച ഭൂമിയാണ്. പ്രസ്തുത ഭൂമിയോട് ചേര്‍ന്ന് ശ്രേയാംസ്കുമാറിന് നിയമപരമായി അവകാശമുള്ള 48 ഏക്കര്‍ ഭൂമിയുണ്ട്. അതില്‍ ഒരു ആദിവാസിയും അവകാശം സ്ഥാപിച്ചിട്ടില്ല. ഹാരിസണ്‍ മലയാളം കമ്പനിയുടെ എസ്റ്റേറ്റിലും തരിശുഭൂമിയില്‍ മാത്രമാണ് സമരം നടക്കുന്നത്. അതുകൊണ്ടുതന്നെ നക്സല്‍ മാതൃക സമരക്കാര്‍ എന്ന് വിശേഷിപ്പിച്ച ഉമ്മന്‍ചാണ്ടി ആദിവാസികളെ അപമാനിക്കാനാണ് ശ്രമിച്ചത്. ഇതിലൂടെ യഥാര്‍ത്ഥ കയ്യേറ്റക്കാരായ ഭൂപ്രഭുവര്‍ഗത്തെ നഗ്നമായി പിന്തുണക്കാനും ഭൂരഹിതരായ പ്രക്ഷോഭകരെ കയ്യേറ്റക്കാരെന്ന് ആക്ഷേപിക്കുവാനുമാണ് യുഡിഎഫ് നേതാക്കളും ചില മാധ്യമങ്ങളും തയ്യാറായതെന്ന് വ്യക്തമാണ്.

സ. ജ്യോതിബസുവിന്റെ വാക്കുകള്‍

1960കളിലും 70കളിലും പശ്ചിമബംഗാളില്‍ ഭൂമിക്കുവേണ്ടി കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഉയര്‍ത്തിയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ടി ബംഗാളില്‍ ശക്തിപ്പെട്ടതും 70 കളുടെ പകുതിക്കുശേഷം സ. ജ്യോതിബസു മുഖ്യമന്ത്രിയായി ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതും. ബംഗാള്‍ സര്‍ക്കാര്‍ ഭൂപരിഷ്കരണ നിയമം പാസാക്കിയശേഷം ലക്ഷക്കണക്കായ ദരിദ്ര കര്‍ഷകരെയും കര്‍ഷകതൊഴിലാളികളെയും അഭിസംബോധന ചെയ്ത ജ്യോതിബസു പറഞ്ഞ വാക്കുകള്‍ ഇവിടെ വളരെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു: ഭൂപരിഷ്കരണ നിയമം പാസായതുകൊണ്ടുമാത്രം ഭൂമി ലഭിക്കുമെന്ന് നിങ്ങള്‍ വ്യാമോഹിക്കേണ്ടതില്ല. തങ്ങളുടെ കൈവശത്തിലുള്ള അധികഭൂമി സ്വമേധയാ സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ ഭൂപ്രഭുവര്‍ഗം തയ്യാറാവില്ല. നിയമപരമായി പിടിച്ചെടുക്കേണ്ട അധികഭൂമി സമയബന്ധിതമായി കണ്ടെത്തി സര്‍ക്കാരിലേക്ക് പിടിച്ചെടുക്കാന്‍ വരേണ്യ ഉദ്യോഗസ്ഥ വൃന്ദവും തയ്യാറാവുകയില്ല. ഈ സാഹചര്യത്തില്‍ ഭൂരഹിതരായ നിങ്ങള്‍ എവിടെയെല്ലാമാണോ അധികഭൂമിയും സര്‍ക്കാര്‍ ഭൂമിയും ഭൂപ്രമാണിവര്‍ഗം കൈവശംവെക്കുന്നത് അവിടെയെല്ലാം കയറിച്ചെന്ന് അവകാശം സ്ഥാപിക്കണം. അപ്പോള്‍ ഭൂപ്രമാണിമാര്‍ 'തങ്ങളുടെ ഭൂമി' സംരക്ഷിച്ചു തരണമെന്നാവശ്യപ്പെട്ട് പോലീസിലേക്കും കോടതിയിലേക്കും ഓടിവരും. അപ്പോള്‍ സര്‍ക്കാര്‍ പോലീസിനോട് അവകാശസമരങ്ങളില്‍ പോലീസ് ഇടപെടേണ്ടതില്ല എന്ന് വ്യക്തമായ നിര്‍ദ്ദേശം നല്‍കും. നിയമം നടപ്പിലാക്കാനായി പ്രക്ഷോഭം നടത്തുന്ന ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കാനായുള്ള നിയമപരമായ ചുമതലകള്‍ സമയബന്ധിതമായി നിര്‍വഹിക്കാന്‍ ഉദ്യോഗസ്ഥ സംവിധാനത്തെ നിര്‍ബന്ധിതമാക്കും. ബഹുജന ഇടപെടലുകളിലൂടെയല്ലാതെ നിയമനിര്‍മ്മാണമോ നിയമ നിര്‍വ്വഹണമോ ഒരു ജനാധിപത്യ സമൂഹത്തില്‍ യാഥാര്‍ത്ഥ്യമാക്കാനാവില്ല എന്ന സന്ദേശമാണ് സ. ജ്യോതിബസു ഈ സന്ദേശത്തിലൂടെ വ്യക്തമാക്കിയത്.

പോലീസ്നയത്തിന്റെ കാര്യത്തില്‍ 1957ല്‍ അധികാരത്തില്‍ വന്ന കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മാതൃകയും ഇവിടെ പ്രസക്തമാണ്. മുഖ്യമന്ത്രിയായിരുന്ന സ. ഇ എം എസ് തൊഴില്‍ തര്‍ക്കത്തില്‍ പോലീസ് ഇടപെടേണ്ടതില്ലെന്ന് വ്യക്തമായി പ്രഖ്യാപിച്ചു. മുതലാളിമാരുടെ ഗുണ്ടാപ്പടയായി പ്രവര്‍ത്തിച്ചിരുന്ന പോലീസിനെ ഒരു ജനാധിപത്യ സമൂഹത്തിലെ യഥാര്‍ത്ഥ ജനസേവകരും അധ്വാനിക്കുന്ന ജനവിഭാഗങ്ങളും അവകാശസംരക്ഷകരുമാക്കി മാറ്റുന്ന നയമാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. 1970കളില്‍ പശ്ചിമബംഗാളില്‍ ഭൂമിക്കുവേണ്ടി കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഉയര്‍ത്തിയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ടി ബംഗാളില്‍ ശക്തിപ്പെട്ടതും 70 കളുടെ പകുതിക്കുശേഷം സ. ജ്യോതിബസു മുഖ്യമന്ത്രിയായി ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതും. ബംഗാള്‍ സര്‍ക്കാര്‍ ഭൂപരിഷ്കരണ നിയമം പാസാക്കിയശേഷം ലക്ഷക്കണക്കായ ദരിദ്ര കര്‍ഷകരെയും കര്‍ഷകതൊഴിലാളികളെയും അഭിസംബോധന ചെയ്ത ജ്യോതിബസു പറഞ്ഞ വാക്കുകള്‍ ഇവിടെ വളരെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു: ഭൂപരിഷ്കരണ നിയമം പാസായതുകൊണ്ടുമാത്രം ഭൂമി ലഭിക്കുമെന്ന് നിങ്ങള്‍ വ്യാമോഹിക്കേണ്ടതില്ല. തങ്ങളുടെ കൈവശത്തിലുള്ള അധികഭൂമി സ്വമേധയാ സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ ഭൂപ്രഭുവര്‍ഗം തയ്യാറാവില്ല. നിയമപരമായി പിടിച്ചെടുക്കേണ്ട അധികഭൂമി സമയബന്ധിതമായി കണ്ടെത്തി സര്‍ക്കാരിലേക്ക് പിടിച്ചെടുക്കാന്‍ വരേണ്യ ഉദ്യോഗസ്ഥ വൃന്ദവും തയ്യാറാവുകയില്ല. ഈ സാഹചര്യത്തില്‍ ഭൂരഹിതരായ നിങ്ങള്‍ എവിടെയെല്ലാമാണോ അധികഭൂമിയും സര്‍ക്കാര്‍ ഭൂമിയും ഭൂപ്രമാണിവര്‍ഗം കൈവശംവെക്കുന്നത് അവിടെയെല്ലാം കയറിച്ചെന്ന് അവകാശം സ്ഥാപിക്കണം. അപ്പോള്‍ ഭൂപ്രമാണിമാര്‍ 'തങ്ങളുടെ ഭൂമി' സംരക്ഷിച്ചു തരണമെന്നാവശ്യപ്പെട്ട് പോലീസിലേക്കും കോടതിയിലേക്കും ഓടിവരും. അപ്പോള്‍ സര്‍ക്കാര്‍ പോലീസിനോട് അവകാശസമരങ്ങളില്‍ പോലീസ് ഇടപെടേണ്ടതില്ല എന്ന് വ്യക്തമായ നിര്‍ദ്ദേശം നല്‍കും. നിയമം നടപ്പിലാക്കാനായി പ്രക്ഷോഭം നടത്തുന്ന ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കാനായുള്ള നിയമപരമായ ചുമതലകള്‍ സമയബന്ധിതമായി നിര്‍വഹിക്കാന്‍ ഉദ്യോഗസ്ഥ സംവിധാനത്തെ നിര്‍ബന്ധിതമാക്കും. ബഹുജന ഇടപെടലുകളിലൂടെയല്ലാതെ നിയമനിര്‍മ്മാണമോ നിയമ നിര്‍വ്വഹണമോ ഒരു ജനാധിപത്യ സമൂഹത്തില്‍ യാഥാര്‍ത്ഥ്യമാക്കാനാവില്ല എന്ന സന്ദേശമാണ് സ. ജ്യോതിബസു ഈ സന്ദേശത്തിലൂടെ വ്യക്തമാക്കിയത്.

കൃഷ്ണഗിരിയിലെ ഭൂമിയില്‍ അവകാശം സ്ഥാപിച്ച ആദിവാസികളോട് ബലപ്രയോഗം നടത്താനും, അവരുടെ പാത്രങ്ങള്‍ അടിച്ച് പൊട്ടിക്കാനും, പുരുഷ പോലീസുകാര്‍ തന്നെ സ്ത്രീകളെ അറസ്റ്റ് ചെയ്യാനും, പ്രാഥമികാവശ്യങ്ങള്‍പോലും നിര്‍വഹിക്കാന്‍ അനുവദിക്കാതെ മനുഷ്യാവകാശ ലംഘനം നടത്താനും പോലീസ് തയ്യാറായത് ജനാധിപത്യ കേരളത്തിന് കളങ്കമുണ്ടാക്കി. സാഹചര്യത്തിനനുസരിച്ച് ഉയര്‍ന്നു പ്രവര്‍ത്തിക്കുന്നതിലും ആദിവാസി സമരത്തിന്റെ സാമൂഹ്യപ്രാധാന്യം ഉള്‍ക്കൊള്ളുന്നതിലും ജില്ലാ കലക്ടര്‍ക്ക് വീഴ്ച വന്നു. പോലീസിന്റെ വീഴ്ച സംബന്ധിച്ച മുഖ്യമന്ത്രി നടത്തിയ പരസ്യ വിമര്‍ശനം ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത പോലീസ് നയത്തില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറില്ലെന്ന ഉറച്ച നിലപാടാണ്.

നിയമങ്ങളും കോടതിയും ജനങ്ങളും

വരേണ്യ മധ്യവര്‍ഗക്കാരും വലതുപക്ഷ രാഷ്ട്രീയ നേതാക്കളും പ്രക്ഷോഭകരായ ആദിവാസികളെയും ഒരു തുണ്ട് ഭൂമിപോലുമില്ലാത്ത ഭൂരഹിത കര്‍ഷകതൊഴിലാളികളായ പാവങ്ങളെയും പുച്ഛിച്ചപ്പോള്‍ കേരളത്തിന്റെ ബഹുജന മനഃസാക്ഷിയെ പ്രതിഫലിപ്പിച്ച വാക്കുകളാണ് ബഹു. കേരള ഹൈക്കോടതിയില്‍നിന്നുയര്‍ന്നത് എന്നത് അഭിമാനകരമാണ്. ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത ആയിരക്കണക്കിനു ഭൂരഹിത ആദിവാസികള്‍ ഉള്ള നമ്മുടെ നാട്ടില്‍ ചിലര്‍ ഏക്കറുക്കണക്കിനു ഭൂമി കൈവശംവെക്കുന്നത് വേദനാകരമാണെന്നാണ് കോടതി പറഞ്ഞത്. ഭൂപ്രമാണിവര്‍ഗത്തിനെതിരായ ഈ വാക്കുകള്‍ ആദിവാസികള്‍ കയ്യേറ്റക്കാരാണെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മുഖമടച്ചുള്ള അടിയാണ്.

കയ്യേറ്റക്കാരായ ആദിവാസികളെയും കര്‍ഷകതൊഴിലാളികളെയും ബലംപ്രയോഗിച്ച് ഇറക്കിവിട്ടു തങ്ങള്‍ക്കും തങ്ങളുടെ ഭൂമിക്കും സംരക്ഷണം തരണമെന്ന കയ്യേറ്റക്കാരായ ഭൂവുടമകളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. അവകാശം സ്ഥാപിച്ച ഭൂമിയില്‍നിന്ന് ആദിവാസികളെ ഒഴിപ്പിക്കാന്‍ കോടതി വിധിച്ചില്ല. മറിച്ച് ഉടമസ്ഥത തെളിയിക്കാന്‍ ഭൂപ്രഭുക്കള്‍ തയ്യാറാകണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

എ കെ എസ് സമവായത്തിനു തയ്യാറാകണമെന്ന് പരസ്യമായി പറഞ്ഞതിലൂടെ ഒരു ജനാധിപത്യസമൂഹത്തില്‍ സമരങ്ങളോടെടുക്കേണ്ട മാന്യമായ സമീപനമെന്താവണമെന്നാണ് കോടതി വ്യക്തമാക്കിയത്. സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള അവകാശം ഒരു ജനാധിപത്യസമൂഹത്തില്‍ ഭരണഘടനാപരമായ അവകാശമാണ്. പ്രക്ഷോഭകര്‍ ഉയര്‍ത്തുന്ന ന്യായമായ ആവശ്യങ്ങള്‍ പ്രക്ഷോഭകരുടെ നേതൃത്വവുമായി ചര്‍ച്ച നടത്തി പരിഹരിക്കാനാണ് സമൂഹം തയ്യാറാകേണ്ടത്. സ്വകാര്യ എസ്റ്റേറ്റ് ഭൂമിയില്‍ അവകാശം സ്ഥാപിച്ച് ഭൂമിക്കായി സമരം നടത്തിയ ചെങ്ങറ പ്രക്ഷോഭകരോട് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിച്ച മാതൃകയും അതുതന്നെയാണ്.

കോടതിവിധികളെ ഒരു ജനാധിപത്യ സമൂഹത്തില്‍ എല്ലാവരും മാനിക്കാറുണ്ട്. കോടതി നിയമങ്ങളെ വ്യാഖ്യാനം ചെയ്യുന്നവരാണ്. നിയമങ്ങള്‍ സൃഷ്ടിക്കുന്നത് ജനങ്ങളും അവരുടെ പ്രതിനിധികളുമാണ്. നിയമങ്ങള്‍ ശാശ്വതമല്ല. കാലം മാറുന്നതിനനുസരിച്ച് നിയമങ്ങളും മാറും. മാറിയ നിയമങ്ങളെ ലംഘിക്കുന്നവര്‍ നിയമങ്ങളെ മാനിക്കുന്നവരും നിയമം നടപ്പാക്കണമെന്നാവശ്യപ്പെടുന്നവര്‍ നിയമലംഘകരുമാണെന്ന് ആക്ഷേപിക്കുന്ന വലതുപക്ഷ രാഷ്ട്രീയ നേതാക്കള്‍ ഭൂരഹിത ആദിവാസികളുടെ പ്രക്ഷോഭത്തോട് കേരള ഹൈക്കോടതി സ്വീകരിച്ച അനുഭാവപൂര്‍വ്വമായ സമീപനത്തില്‍നിന്ന് പാഠം പഠിക്കാന്‍ തയ്യാറാവുന്നത് നല്ലതാണ്. തങ്ങള്‍ നിയമവിരുദ്ധമായി കൈവശംവെയ്ക്കുന്ന സര്‍ക്കാര്‍ ഭൂമി എക്കാലവും കൈവശംവെക്കാന്‍ ഭൂപ്രഭുക്കള്‍ക്ക് സാധ്യമല്ല എന്ന സ്ഥിതി സംജാതമാക്കിയതില്‍ ഭൂരഹിത ആദിവാസികളും കര്‍ഷകതൊഴിലാളികളും വയനാട്ടില്‍ നടത്തിയ സമരം വഹിച്ച പങ്ക് ആര്‍ക്കും ചെറുതാക്കി കാണിക്കാനാവില്ല.

പി കൃഷ്ണപ്രസാദ് ചിന്ത വാരിക 260210

1 comment:

  1. സര്‍ക്കാര്‍ ഭൂമിയും മിച്ചഭൂമിയും നിയമവിരുദ്ധമായി കൈവശംവെയ്ക്കുന്ന വന്‍കിട മുതലാളിത്ത ഭൂപ്രഭുക്കള്‍ക്കും സ്വകാര്യ ഭൂപ്രമാണിമാര്‍ക്കും ഭൂമാഫിയക്കുമെതിരെ വയനാട്ടിലെ ഭൂരഹിതരായ ആദിവാസികളും കര്‍ഷകത്തൊഴിലാളികളും നടത്തുന്ന സമരം കേരള രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചാവിഷയമായിരിക്കുകയാണല്ലോ. സമീപകാല കേരള ചരിത്രത്തില്‍ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഗ്രാമീണ തൊഴിലാളിവര്‍ഗവും ദരിദ്രജനവിഭാഗങ്ങളും നടത്തിയ ഉജ്വലമായ വര്‍ഗസമരമാണ് വയനാട്ടില്‍ നടക്കുന്ന ഭൂപ്രക്ഷോഭം. കേരള സമൂഹം, പ്രത്യേകിച്ചും വലതുപക്ഷ രാഷ്ട്രീയ നേതൃത്വം, വരേണ്യ മാധ്യമ സ്ഥാപനങ്ങള്‍, കോടതിയും നിയമജ്ഞരും, മദ്ധ്യവര്‍ഗ ബുദ്ധിജീവികള്‍ എന്നിവര്‍ വെച്ചുപുലര്‍ത്തുന്ന സാമാന്യബോധത്തെ നഗ്നമായും ഭൂപ്രമാണിവര്‍ഗങ്ങളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ വെള്ളപൂശുന്നതും ഭൂരഹിതരായ പാവപ്പെട്ട ആദിവാസികളുടെയും കര്‍ഷകത്തൊഴിലാളികളുടെയും അവകാശ സമരങ്ങളെ പുച്ഛിക്കുന്നതുമാണെന്ന് മറനീക്കി കാണിക്കുന്നതില്‍ ഇതുപോലെ വിജയിച്ച ജനമുന്നേറ്റം അപൂര്‍വമാണ്.

    ReplyDelete