നിയമനിര്‍മാണസഭകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ചരിത്രപരമായ 108-ാം ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കി. ബില്ലിനെ എതിര്‍ത്ത് സഭയില്‍ അതിക്രമം കാണിച്ച എസ്പി, ആര്‍ജെഡി അംഗങ്ങളെ ബലംപ്രയോഗിച്ച് പുറത്താക്കിയശേഷമാണ് ചര്‍ച്ചയും വോട്ടെടുപ്പും നടന്നത്. എസ്പി അംഗം കമാല്‍ അക്തറിന്റെ ആത്മഹത്യാശ്രമമടക്കമുള്ള അസാധാരണരംഗങ്ങള്‍ക്ക് സഭ സാക്ഷ്യംവഹിച്ചു. എതിര്‍പ്പിന്റെ പേരില്‍ ബില്‍ നീട്ടിവയ്ക്കാന്‍ കഴിഞ്ഞദിവസം ശ്രമിച്ച കോണ്‍ഗ്രസ്, ഒടുവില്‍ ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു. യുപിഎ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. എസ്പി, ബിഎസ്പി, ആര്‍ജെഡി അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ടികളും ബിജെപിയുമടക്കം മറ്റെല്ലാ പാര്‍ടികളും ബില്ലിനെ പിന്തുണച്ചു. സഭയില്‍ ഹാജരായിരുന്ന 190 എംപിമാരില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള സ്വതന്ത്രഭാരത് പക്ഷിന്റെ ശരത്ജോഷിയൊഴികെയുള്ളവര്‍ അനുകൂലമായി വോട്ടുചെയ്തു.
ഭരണഘടനയുടെ 239 എഎ വകുപ്പില്‍ പട്ടികജാതി എന്ന പദത്തിനൊപ്പം വനിതകള്‍ എന്നുകൂടി ചേര്‍ത്താണ് ഭേദഗതി. നിലവില്‍, പട്ടികജാതി- വര്‍ഗ വിഭാഗക്കാര്‍ക്ക് സംവരണംചെയ്ത സീറ്റുകളില്‍ മൂന്നിലൊന്നും ഇനി ആ വിഭാഗത്തില്‍നിന്നുള്ള വനിതകള്‍ക്കായിരിക്കും. ഇന്നുവരെ കാണാത്ത തരംതാണ സംഭവങ്ങള്‍ക്കുശേഷമാണ് ബില്‍ രാജ്യസഭ പാസാക്കിയത്.
വനിതാദിനത്തില്‍ ബില്‍ പാസാക്കാന്‍ കഴിയാതെ നാണംകെട്ട കോണ്‍ഗ്രസ് ചൊവ്വാഴ്ച ഉച്ചവരെ ആശയക്കുഴപ്പത്തിലായിരുന്നു. രാവിലെ ലാലുവും മുലായവുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇടതുപക്ഷനേതാക്കളുമായും ബിജെപിയുമായും ധനമന്ത്രി പ്രണബ് മുഖര്‍ജി ചര്‍ച്ച നടത്തി. ബില്‍ പാസാക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും സീതാറാം യെച്ചൂരി ചര്‍ച്ചയില്‍ വ്യക്തമാക്കി. പതിനൊന്ന് മണിക്ക് സഭ ചേര്‍ന്നെങ്കിലും ബഹളം കാരണം 12 വരെ നിര്‍ത്തി. തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിച്ച് ബില്‍ തടയാന്‍ സഭയില്‍ സംഘര്‍ഷമുണ്ടാക്കുന്ന എസ്പി, ആര്‍ജെഡി അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍, പുറത്താക്കപ്പെട്ടവര്‍ സഭ വിട്ടുപോകാന്‍ കൂട്ടാക്കിയില്ല. ഇതോടെ, സര്‍ക്കാര്‍ വീണ്ടും ആശയക്കുഴപ്പത്തിലായി. സമ്മര്‍ദം ശക്തിപ്പെട്ടതോടെ കോണ്‍ഗ്രസ് കോര്‍കമ്മിറ്റി ചേര്‍ന്ന് എന്തുവില കൊടുത്തും ബില്ലുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു.
മൂന്നുമണിക്ക് ചേര്‍ന്നപ്പോള്‍ യുദ്ധക്കളംപോലെയായിരുന്നു സഭ. ബഹളത്തിനിടെ ചര്‍ച്ച കൂടാതെ വോട്ടിങ്ങിന് സര്‍ക്കാര്‍ ശ്രമിച്ചതോടെ പ്രതിഷേധം ശക്തിപ്പെട്ടു. പുറത്താക്കപ്പെട്ടവര്‍ സഭാധ്യക്ഷന്റെ ഇരിപ്പിടത്തിനുനേരെ പാഞ്ഞടുക്കാന്‍ ശ്രമിച്ചെങ്കിലും മാര്‍ഷല്‍മാര്‍ തടഞ്ഞു. അറുപതോളം മാര്‍ഷല്‍മാര്‍ സഭയില്‍ അണിനിരന്നു. സഭാധ്യക്ഷന്‍ ഉത്തരവു നല്‍കിയതോടെ പുറത്താക്കപ്പെട്ടവരെ മാര്‍ഷല്‍മാര്‍ വളഞ്ഞുപിടിച്ച് സഭയ്ക്ക് പുറത്തെത്തിച്ചു. കുതറിമാറിയ കമാല്‍ അക്തര്‍ മുന്‍നിരയില്‍ രണ്ട് എംപിമാരുടെ മധ്യത്തിലായി ഇടംപിടിച്ചു. മാര്‍ഷല്‍മാര്‍ അടുത്തെത്തിയപ്പോള്‍ മേശപ്പുറത്തേക്ക് ചാടിക്കയറിയ അക്തര്‍ അവരെ ഭയപ്പെടുത്തി അകറ്റി. പ്രതിപക്ഷനേതാവ് അരു ജയ്റ്റ്ലി പ്രധാനമന്ത്രിയുടെ അടുത്തെത്തി മോശമായ അന്തരീക്ഷം മാറിയശേഷം വോട്ടെടുപ്പ് നടത്താന്‍ അഭ്യര്‍ഥിച്ചു. മറ്റു പ്രതിപക്ഷനേതാക്കളും ഇതാവശ്യപ്പെട്ടു. സഭയില്‍ കൂടിയാലോചനകള്‍ നടക്കുന്നതറിയാതെ സെക്രട്ടറി ജനറല്‍ വോട്ടിങ്പ്രക്രിയ ആരംഭിച്ചു. 31 പേര്‍ അനുകൂലമായും ഒരാള്‍ എതിരായും വോട്ട് രേഖപ്പെടുത്തി. അബദ്ധം മനസ്സിലായ സെക്രട്ടറി ജനറല്‍ പെട്ടെന്ന് നടപടികള്‍ നിര്‍ത്തി. ക്ഷീണിതനായ അക്തര്‍ മാര്‍ഷല്‍മാരോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളം കുടിച്ചശേഷം ഗ്ളാസ് മേശയില്‍ അടിച്ചുപൊട്ടിച്ച് സ്വയം മുറിവേല്‍പ്പിച്ചു. കാര്യങ്ങള്‍ കൈവിടുകയാണെന്ന് മനസ്സിലാക്കിയ മാര്‍ഷല്‍മാര്‍ അക്തറിനെയും ബലംപ്രയോഗിച്ച് പുറത്താക്കി. മുന്‍നിരക്കാര്‍ പുറത്തായതോടെ എസ്പിയുടെയും ആര്‍ജെഡിയുടെയും പ്രതിഷേധം ദുര്‍ബലമായി. ശേഷിച്ചവര്‍ വാക്കൌട്ടില്‍ പ്രതിഷേധം അവസാനിപ്പിച്ചു. തുടര്‍ന്ന്, ചര്‍ച്ചയ്ക്കുശേഷം ബില്‍ പാസാക്കി.
(എം പ്രശാന്ത്)
ഇനി ലോക്സഭയിലേക്ക്
ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ യാഥാര്‍ഥ്യമാകാന്‍ ഇനിയും കടമ്പകളേറേ. രാജ്യസഭയില്‍ മൂന്നില്‍ രണ്ട് വോട്ട് ഭൂരിപക്ഷത്തിന് പാസായ ബില്‍ ഇനി ലോക്സഭയില്‍ പാസാക്കണം. ബജറ്റ് സമ്മേളനത്തില്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല. രാജ്യസഭയിലേതിനേക്കാള്‍ വിഷമകരമായിരിക്കും ലോക്സഭയില്‍ ബില്‍ പാസാക്കിയെടുക്കല്‍. ഭരണസഖ്യത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചുകഴിഞ്ഞു. രാജ്യസഭയില്‍ ബില്ലിനെ പിന്തുണച്ച ഐക്യജനതാദള്‍ ലോക്സഭയില്‍ എതിര്‍ക്കും. ആര്‍ജെഡി, എസ്പി കക്ഷികളും എതിര്‍പ്പിലാണ്. ബിഎസ്പിയും ബില്ലിനെ അംഗീകരിക്കുന്നില്ല. ഇവരെ ഒഴിച്ചു നിര്‍ത്തിയാലും ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷം ലോക്സഭയില്‍ ഉണ്ട്. എങ്കിലും എതിര്‍ക്കുന്നവര്‍ ബില്‍ തടയാന്‍ ഏതറ്റംവരെയും പോകുമെന്നത് ആശങ്കയുണര്‍ത്തുന്നു. മുലായംസിങ് യാദവ്, ലാലു പ്രസാദ് യാദവ്, ശരദ് യാദവ് എന്നിവര്‍ ലോക്സഭയിലുണ്ടെന്നതും എതിര്‍ക്കുന്നവര്‍ക്ക് ആവേശം പകരും.
ലോക്സഭയില്‍ മൂന്നില്‍ രണ്ട് വോട്ടോടെ പാസാക്കിയാല്‍, പകുതി സംസ്ഥാന നിയമസഭകളെങ്കിലും ബില്‍ അംഗീകരിക്കണം. ഭരണഘടനാ ഭേദഗതിയായതിനാലാണ് ഈ നിബന്ധന. 28 സംസ്ഥാനങ്ങളില്‍ 14 എണ്ണമെങ്കിലും അംഗീകരിക്കണമെന്നര്‍ഥം. കോണ്‍ഗ്രസ്, ബിജെപി, സിപിഐ എം കക്ഷികള്‍ ബില്ലിനെ പിന്തുണയ്ക്കുന്നതിനാല്‍ 14 സംസ്ഥാനങ്ങളുടെ അംഗീകാരം നേടാന്‍ വിഷമമുണ്ടാകില്ല. അതിനുശേഷം മാത്രമാണ് രാഷ്ട്രപതി ബില്‍ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുക. പിന്നീട് ഏതൊക്കെ സീറ്റാണ് സംവരണം ചെയ്യുകയെന്ന് വ്യക്തമാക്കുന്ന ബില്‍ പാര്‍ലമെന്റ് അംഗീകരിക്കുന്നതോടെ ബില്‍ നടപ്പാകും.
ബില്ലിന് തുണയായത് പ്രതിപക്ഷ സമ്മര്‍ദം
വനിതാ സംവരണബില്‍ പാസാക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായത് ഇടതുപക്ഷവും ബിജെപിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്റെ കടുത്ത സമ്മര്‍ദത്തില്‍. തിങ്കളാഴ്ച സാര്‍വദേശീയ വനിതാദിനത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ബില്‍ പാസാക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിക്കാതിരുന്നത് രൂക്ഷവിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ബില്‍ പാസാക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്നും ആവശ്യമായ പിന്തുണ ഉറപ്പാക്കാന്‍ ശ്രമിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഈ ഘട്ടത്തില്‍മാത്രമാണ് രാഷ്ട്രീയപാര്‍ടികളുമായി ചര്‍ച്ച നടത്താനും അവരുടെ പിന്തുണ തേടാനും മന്‍മോഹന്‍സിങ്ങും കൂട്ടരും തയ്യാറായത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള വ്യഗ്രതയും കോണ്‍ഗ്രസിനെ പുതിയ തീരുമാനത്തിന് പ്രേരിപ്പിച്ചു.
തിങ്കളാഴ്ച പ്രധാനമന്ത്രി ഇടതുപക്ഷ പാര്‍ടി നേതാക്കളുമായും ബിജെപി നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ബില്ലിനെ എതിര്‍ക്കുന്ന മുലായം, ലാലുപ്രസാദ് എന്നിവരുമായും ചര്‍ച്ച നടത്തി. ചൊവ്വാഴ്ച രാവിലെ പ്രണബ് മുഖര്‍ജി വീണ്ടും ഇടതുപക്ഷവുമായും ബിജെപിയുമായും ചര്‍ച്ച നടത്തി. ബില്‍ ഏത് രീതിയില്‍ പാസാക്കാനും ഇടതുപാര്‍ടികള്‍ പിന്തുണ നല്‍കിയപ്പോള്‍ ചര്‍ച്ച നടത്തിത്തന്നെ ഭരണഘടനാഭേദഗതി പാസാക്കണമെന്ന് ബിജെപി പറഞ്ഞു. ആര്‍ജെഡി, സമാജ്വാദി പാര്‍ടി, ജെഡിയു, ബിഎസ്പി എന്നിവരൊഴികെ എല്ലാ കക്ഷികളും പിന്തുണ പ്രഖ്യാപിക്കുകയുംചെയ്തു. എന്നിട്ടും ബില്‍ പാസാക്കുന്നില്ലെന്നു വന്നാല്‍ അതിന്റെ കുറ്റം മുഴുവന്‍ കോണ്‍ഗ്രസിന് ഏറ്റുവാങ്ങേണ്ടിവരുമെന്ന് ഉറപ്പായിരുന്നു. സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നെങ്കില്‍, അക്രമം കാട്ടിയവരെ രാജ്യസഭയില്‍നിന്ന് പുറത്താക്കി തിങ്കളാഴ്ചതന്നെ ബില്‍ പാസാക്കാമായിരുന്നു. ഇത് ചെയ്യാതിരുന്നത് ഏറ്റവും ദോഷകരമായി ബാധിച്ചത് സോണിയ ഗാന്ധിയെയായിരുന്നു. വനിതാദിനത്തില്‍തന്നെ ബില്‍ പാസാക്കണമെന്ന് കഴിഞ്ഞാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി യോഗത്തിലും സോണിയ നിര്‍ദേശിച്ചതാണ്. എന്നാല്‍, അത് നടക്കാതായതോടെ അവരുടെ വാക്കിന് വിലയില്ലെന്ന നില വന്നു. മുഖം രക്ഷിക്കാന്‍ ബില്‍ പാസാക്കിയേ പറ്റൂ എന്ന സ്ഥിതിയായി. രാജ്യസഭയില്‍ തനിച്ച് ഭൂരിപക്ഷമില്ലാത്തതുകൊണ്ടുതന്നെ യുപിഎയ്ക്ക് തനിച്ച് ബില്‍ പാസാക്കാന്‍ കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇടതുപക്ഷവും ബിജെപിയും പിന്തുണ നല്‍കിയതുകൊണ്ടുമാത്രമാണ് ബില്‍ പാസാക്കാനായത്.
(വി ബി പരമേശ്വരന്‍)
എതിര്‍പ്പും വിവാദവും ഒഴിയാതെ 14 വര്‍ഷം
വനിതാ സംവരണബില്ലിന്റെ പതിനാല് വര്‍ഷത്തെ യാത്ര ദുര്‍ഘടങ്ങളും എതിര്‍പ്പുകളും നിറഞ്ഞതായിരുന്നു. സംഘര്‍ഷം നിറഞ്ഞ ആ യാത്രയില്‍നിന്ന്.
*1996 സെപ്തംബര്‍ 12: എച്ച് ഡി ദേവഗൌഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭയിലെ നിയമമന്ത്രി രമാകാന്ത് ഡി ഖലാപ് 81-ാം ഭരണഘടനാഭേദഗതിയായി വനിതാ സംവരണബില്‍ അവതരിപ്പിച്ചു.
*1996 സെപ്തംബര്‍ 13: ഭരണഘടനാഭേദഗതിക്ക് ആവശ്യമായ 273 അംഗ പിന്തുണയ്ക്കുപകരം 230 പേരുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളൂ. ബില്‍ ഗീത മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടു.
*1996 ഡിസംബര്‍ 9: പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
*1998 ജൂണ്‍ 26: എ ബി വാജ്പേയി സര്‍ക്കാരിലെ നിയമമന്ത്രി എം തമ്പിദുരൈ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആര്‍ജെഡി എംപിമാര്‍ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ഇരച്ചുകയറി ബില്‍ കീറി.
*1999 നവംബര്‍ 22: എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് 13-ാം ലോക്സഭയില്‍ വീണ്ടും അവതരിപ്പിച്ചു. ഇടതു പാര്‍ടികളും കോണ്‍ഗ്രസും പിന്തുണ അറിയിച്ചു. പക്ഷേ ബില്‍ പരിഗണിച്ചില്ല. 2002ലും 2003ലും ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
*2003 മെയ്: ലോക്സഭാ സ്പീക്കര്‍ മനോഹര്‍ജോഷി സര്‍വകക്ഷിയോഗം വിളിച്ച് ബില്‍ പരിഗണിക്കുന്നത് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു.
*2004 മാര്‍ച്ച്: ബില്ലിന് തടസ്സം കോണ്‍ഗ്രസാണെന്ന് ബിജെപി. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ ബില്‍ പാസാക്കുമെന്നും ബിജെപി.
*2004 മെയ്: യുപിഎയുടെ പൊതു മിനിമം പരിപാടിയില്‍ വനിതാ സംവരണബില്‍ പാസാക്കുമെന്ന് പ്രഖ്യാപിച്ചു.
*2008 മെയ് ആറ്: യുപിഎ സര്‍ക്കാരിലെ നിയമമന്ത്രി എച്ച് ആര്‍ ഭരദ്വാജ് ബില്‍ അവതരിപ്പിച്ചു. ബില്‍ അസാധുവാകാതിരിക്കാന്‍ ഇത് സഹായിച്ചു.
*2010 ഫെബ്രുവരി 25: ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
*2010 മാര്‍ച്ച് 8: സാര്‍വദേശീയ വനിതാദിനത്തില്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും ആര്‍ജെഡി, സമാജ്വാദി പാര്‍ടി അംഗങ്ങളുടെ എതിര്‍പ്പ്മൂലം ചര്‍ച്ചയും വോട്ടെടുപ്പും നടന്നില്ല.
*2010 മാര്‍ച്ച് 9: ഹ്രസ്വചര്‍ച്ചയ്ക്കുശേഷം രാജ്യസഭയില്‍ ബില്‍ പാസാക്കി. ചെയര്‍മാനോട് അപമര്യാദയായി പെരുമാറിയ ഏഴ് അംഗങ്ങള്‍ക്ക് സസ്പെന്‍ഷന്‍.
പാര്‍ലമെന്റിനുമുന്നിലേക്ക് പ്രതിഷേധ പ്രവാഹം
വനിതാസംവരണ ബില്‍ പാസാക്കുന്നതിനെ ചൊല്ലി പാര്‍ലമെന്റില്‍ വാദപ്രതിവാദം നടക്കുമ്പോള്‍ പുറത്ത് സ്ത്രീകളുടെ പ്രതിഷേധം ആളിക്കത്തി. പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് ചെറുതും വലുതുമായ സംഘങ്ങളായി ഇരച്ചെത്തിയ സ്ത്രീകള്‍ ബില്‍ ഉടന്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. തിങ്കളാഴ്ച വൈകിട്ടത്തെ പ്രതിഷേധപ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും സമരക്കാരെ തടയാനാകാതെ പൊലീസ് കുഴങ്ങി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൊലീസ് വലയം ഭേദിച്ച് പാര്‍ലമെന്റിനുമുന്നിലേക്ക് ഓടിയെത്തിയത് സുരക്ഷാ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു. ഒടുവില്‍ കൂടുതല്‍ പൊലീസെത്തി നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റുചെയ്തു നീക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് മഹിളാ അസോസിയേഷന്‍ കേന്ദ്രകമ്മിറ്റി അംഗം ആശാലത, ഡല്‍ഹി സംസ്ഥാന കമ്മിറ്റി സെക്രട്ടറി സെഹ്ബ ഫറൂഖി എന്നിവരുടെ നേതൃത്വത്തില്‍ നൂറോളംപേര്‍ പ്രകടനമായെത്തിയത്. പാര്‍ലമെന്റ് സ്ട്രീറ്റിലൂടെയെത്തിയ പ്രകടനത്തെ ആകാശവാണിഭവനുസമീപം പൊലീസ് തടഞ്ഞു. എന്നാല്‍, പൊലീസുകാരെ വെട്ടിച്ച് പ്രവര്‍ത്തകര്‍ പാര്‍ലമെന്റിനുമുന്നിലേക്ക് ഓടി. രാജ്യസഭയില്‍ വനിതാബില്‍ ചര്‍ച്ചയ്ക്കെടുത്തതറിഞ്ഞ് മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘം പ്രവര്‍ത്തകര്‍ പ്രകടനമായെത്തി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. സുധ സുന്ദരരാമനടക്കമുള്ള നേതാക്കളും അറസ്റ്റുവരിച്ചു.
രാജ്യസഭയില്‍ സംഘര്‍ഷം; ഏഴുപേരെ പുറത്താക്കി
രാജ്യസഭയില്‍ ചൊവ്വാഴ്ച അരങ്ങേറിയ സംഭവങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അന്തസ്സ് കെടുത്തുന്നതായി. എന്തുവില കൊടുത്തും ബില്ലിനെ എതിര്‍ക്കുമെന്ന വാശിയില്‍ എസ്പി, ആര്‍ജെഡി അംഗങ്ങള്‍ ഉറച്ചുനിന്നതോടെ രാവിലെ മുതല്‍ ഉദ്വേഗഭരിതമായ അന്തരീക്ഷമാണ് സഭയില്‍ നിലനിന്നത്. ബഹളമുണ്ടാക്കാന്‍ മുന്നില്‍ നിന്ന ഏഴുപേരെ സസ്പെന്‍ഡ് ചെയ്തെങ്കിലും അവര്‍ പുറത്തുപോകാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍, കമാന്‍ഡോ ഓപ്പറേഷന് സമാനമായി എംപിമാരെ ബലംപ്രയോഗിച്ച് പുറത്താക്കിയ ശേഷമാണ് ബില്ലിന്റെ ചര്‍ച്ചയും വോട്ടെടുപ്പും നടന്നത്. ഇത്രയധികം എംപിമാരെ ബലപ്രയോഗത്തിലൂടെ നീക്കുന്നത് പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമാണ്. സഭയില്‍ പ്രതിഷേധം പ്രകടിപ്പിച്ചതിന്റെ പേരില്‍ ഏഴുപേരെ സസ്പെന്‍ഡ് ചെയ്യുന്നതും ആദ്യം. രാവിലെ സഭ ചേര്‍ന്നപ്പോള്‍ത്തന്നെ ആര്‍ജെഡി, എസ്പി അംഗങ്ങള്‍ ബഹളം തുടങ്ങിയിരുന്നു. ബഹളം കാരണം ചോദ്യോത്തരവേള നടന്നില്ല. 12 മണിക്ക് സഭ ചേര്‍ന്നപ്പോഴാണ് അപ്രതീക്ഷിതമായി സസ്പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പൃഥ്വിരാജ് ചൌഹാനാണ് പ്രമേയം അവതരിപ്പിച്ചത്. കമാല്‍ അക്തര്‍, നന്ദ്കിഷോര്‍ യാദവ്, സുഭാഷ് യാദവ്, സാബിര്‍ അലി, ആമിര്‍ അലംഖാന്‍, വീര്‍പാല്‍ യാദവ്, ഇജാസ് അലി എന്നിവരെ ബജറ്റ്സമ്മേളനത്തിന്റെ തുടര്‍ന്നുള്ള കാലയളവിലേക്കാണ് സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന്‍ പ്രമേയം പാസായശേഷം സഭ രണ്ടുവരെ നിര്‍ത്തി. എന്നാല്‍, സസ്പെന്‍ഷനിലായവര്‍ നടുത്തളത്തില്‍ത്തന്നെ കുത്തിയിരുന്നു. രണ്ടുമണിക്ക് സഭ ചേര്‍ന്നെങ്കിലും കൂടിയാലോചനകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ മൂന്നുവരെ സഭ നിര്‍ത്തി.
മൂന്നുമണിക്ക് അധ്യക്ഷന്‍ ഹമീദ് അന്‍സാരി സഭ നിയന്ത്രിക്കാനെത്തിയപ്പോള്‍ത്തന്നെ സര്‍ക്കാര്‍ ഗൌരവമായാണ് നീങ്ങുന്നതെന്ന് വ്യക്തമായിരുന്നു. ബില്ല് ചര്‍ച്ചയ്ക്കെടുക്കുന്നതായി അറിയിച്ച് അന്‍സാരി പ്രതിപക്ഷ നേതാവ് ജെയ്റ്റലിയെ സംസാരിക്കാന്‍ ക്ഷണിച്ചു. അതോടെ എസ്പി, ആര്‍ജെഡി അംഗങ്ങള്‍ പ്രതിഷേധം ശക്തമാക്കി. സഭാധ്യക്ഷന്‍ നിര്‍ദേശിച്ചതു പ്രകാരം അറുപതോളം മാര്‍ഷല്‍മാര്‍ നടുത്തളത്തിലേക്ക് എത്തി. അധ്യക്ഷനും സെക്രട്ടറിജനറലിനും സംരക്ഷണം ഉറപ്പാക്കിയ മാര്‍ഷല്‍മാര്‍ സസ്പെന്‍ഷനിലായ എംപിമാരെ വളഞ്ഞു. അപ്പോഴാണ്് കൈയാങ്കളിക്ക് സഭ സാക്ഷ്യംവഹിച്ചത്. സസ്പെന്‍ഷനിലായ എംപിമാര്‍ മാര്‍ഷല്‍മാരെ പരമാവധി ചെറുത്തു. പലരും നടുത്തളത്തില്‍ മുദ്രാവാക്യം മുഴക്കി കിടന്നു. മാര്‍ഷല്‍മാര്‍ ഓരോരുത്തരെയായി എടുത്ത് സഭയില്‍ നിന്ന് നീക്കി. മാര്‍ഷല്‍മാരില്‍നിന്ന് കുതറിമാറിയ കമാല്‍ അക്തര്‍ മുന്‍നിരയില്‍ മറ്റ് എംപിമാരുടെ ഇടയില്‍ അഭയംതേടി. മാര്‍ഷല്‍മാര്‍ അടുത്തുവന്നപ്പോള്‍ അക്തര്‍ മേശപ്പുറത്ത് ചാടിക്കയറി ഭീഷണിയുയര്‍ത്തി. മാര്‍ഷല്‍മാര്‍ പിന്‍വാങ്ങിയതോടെ അക്തറിനെ പുറത്താക്കാനുള്ള ശ്രമം തല്‍ക്കാലത്തേക്ക് പരാജയപ്പെട്ടു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു സംഘര്‍ഷം. പ്രതിപക്ഷ നേതാവ് അരുജെയ്റ്റ്ലി പ്രധാനമന്ത്രിയുടെ അടുത്തെത്തി സംഘര്‍ഷമൊഴിവാക്കുന്നതിന് മുന്‍കൈയെടുക്കാന്‍ അഭ്യര്‍ഥിച്ചു. ഇതിനിടെ വെള്ളംകുടിക്കാനെടുത്ത ഗ്ളാസ് ഉടച്ച് അക്തര്‍ നാടകീയ രംഗം സൃഷ്ടിച്ചു. കുപ്പിക്കഷണംകൊണ്ട് കൈയില്‍ മുറിവേല്‍പ്പിച്ചു. അതോടെ മാര്‍ഷല്‍മാര്‍ വീണ്ടും സജീവമായി. പത്തിലേറെ പേര്‍ ചേര്‍ന്ന് അക്തറിനെ വളഞ്ഞുപിടിച്ചു. പിടിവലിക്കൊടുവില്‍ ഒരുവിധം അക്തറിനെ പുറത്തെത്തിച്ചു. കുര്‍ത്തയിലാകെ രക്തം പടര്‍ന്ന നിലയിലാണ് അക്തര്‍ പുറത്തേക്കു വന്നത്.
മമത ബില്ലിനെ എതിര്‍ത്തത് സര്‍ക്കാരിന് വന്‍തിരിച്ചടിയായി
യുപിഎ സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയും മന്ത്രിസഭയില്‍ അംഗവുമായ തൃണമൂല്‍ കോണ്‍ഗ്രസ് വനിതാസംവരണ ബില്ലിനെതിരെ രംഗത്തുവന്നത് കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി. ബലപ്രയോഗത്തിലൂടെ ബില്‍ പാസാക്കുന്നുവെന്ന് പറഞ്ഞാണ് റെയില്‍മന്ത്രി മമത ബാനര്‍ജി ബില്ലിനെ എതിര്‍ത്തത്. രാജ്യസഭയില്‍ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലെ മന്ത്രി ഉള്‍പ്പെടെ വിട്ടുനില്‍ക്കുകയും ചെയ്തു. കേന്ദ്ര കപ്പല്‍ഗതാഗത സഹമന്ത്രി മുകുള്‍റോയ്, സ്വപന്‍സദന്‍ ബസു എന്നീ രാജ്യസഭാംഗങ്ങളാണ് ഹാജരാകാതിരുന്നത്. മുസ്ളിങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താത്തതാണ് മമത എതിര്‍പ്പിന് കാരണമായി പറയുന്നത്. ഇടതുപക്ഷവുമായും മറ്റും പ്രധാനമന്ത്രി ചര്‍ച്ച ചെയ്തതും മമതയെ പ്രകോപിപ്പിച്ചു. ബില്ലിനെ എതിര്‍ക്കുന്ന മുലായം, ലാലുപ്രസാദ്്, ശരത് യാദവ് എന്നിവരുമായി ചൊവ്വാഴ്ച മമത ബാനര്‍ജി ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷം പാര്‍ടി ചീഫ് വിപ്പ് സുധീപ് ബന്ദോപാധ്യായയാണ് വോട്ടെടുപ്പ് വേളയില്‍ സഭയില്‍ ഹാജരാകില്ലെന്ന് അറിയിച്ചത്.
രാഷ്ട്രനിര്‍മാണത്തിന് ഇനി സ്ത്രീ ശക്തിയും: വൃന്ദ
വനിതാസംവരണം യാഥാര്‍ഥ്യമാകുന്നതോടെ രാഷ്ട്രനിര്‍മാണത്തിലും രാജ്യപുരോഗതിയിലും നിര്‍ണായക സംഭാവനകള്‍ നല്‍കാനുള്ള അവസരം ഇന്ത്യയിലെ സ്ത്രീസമൂഹത്തിനു മുന്നില്‍ തുറക്കപ്പെടുകയാണെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. വനിതാസംവരണം നിര്‍ണായകമാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ബില്ലിനെ പിന്തുണച്ച് രാജ്യസഭയില്‍ സംസാരിക്കവെ വൃന്ദ പറഞ്ഞു. ലോക്സഭയിലും നിയമസഭകളിലും വനിതാസംവരണം നടപ്പാക്കുന്നതോടെ വാര്‍പ്പുമാതൃകകളെല്ലാം തകര്‍ത്ത് പുതിയൊരു സംസ്കാരംതന്നെ ഉരുത്തിരിയും. നീതിയുക്തമായ രാഷ്ട്രീയയുഗം സൃഷ്ടിക്കപ്പെടും. സ്ത്രീകള്‍ ഇന്നും ഒരു സാംസ്കാരിക തടവറയിലാണ്. പാരമ്പര്യത്തിന്റെയും മറ്റും പേരില്‍ വാര്‍പ്പുമാതൃകകള്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഓരോ ദിവസവും ഇതിനോട് പോരാടേണ്ട സ്ഥിതിയാണ്. അതിന് ഇനി മാറ്റമുണ്ടാകും. വനിതാസംവരണം നടപ്പാക്കുന്നതോടെ പിന്നോക്കവിഭാഗക്കാര്‍ക്ക് അവസരം കിട്ടില്ലെന്ന വാദത്തില്‍ കഴമ്പില്ല. യുപിയിലും ബിഹാറിലുമൊക്കെ ജനപ്രതിനിധികളായ സ്ത്രീകളില്‍ ഭൂരിപക്ഷവും പിന്നോക്ക- ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നാണ്. പിന്നോക്കവിഭാഗക്കാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കാന്‍ രാഷ്ട്രീയപാര്‍ടികള്‍ മുന്‍കൈയെടുക്കണം. തദ്ദേശസ്ഥാപനങ്ങളില്‍ വനിതകള്‍ വലിയ അത്ഭുതങ്ങളാണ് സൃഷ്ടിക്കുന്നത്. നിയമനിര്‍മാണ സഭകളിലും ഇതാവര്‍ത്തിക്കും. എന്നാല്‍, ബന്ധുക്കളെയും ഭാര്യമാരെയുമൊക്കെ നിര്‍ത്തി പുരുഷന്മാര്‍ ആധിപത്യം തുടരാന്‍ ശ്രമിക്കുന്നത് തടയണം. 14 വര്‍ഷം നീണ്ട പോരാട്ടത്തിന് ശേഷമാണ് വനിതാസംവരണം യാഥാര്‍ഥ്യമാകുന്നത്. ഇതിനായി പോരാടിയ പുരോഗമന ജനാധിപത്യവനിതാ പ്രസ്ഥാനങ്ങളെയും പ്രവര്‍ത്തകരെയും നന്ദിയോടെ സ്മരിക്കണം. ചരിത്രപരമായ ഈ ബില്‍ യാഥാര്‍ഥ്യമാക്കുന്ന പ്രക്രിയയില്‍ ഭാഗമാകാന്‍ കഴിയുന്നതുതന്നെ അഭിമാനകരമാണ്- വൃന്ദ പറഞ്ഞു.
ദേശാഭിമാനി 100310
നിയമനിര്‍മാണസഭകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ചരിത്രപരമായ 108-ാം ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കി. ബില്ലിനെ എതിര്‍ത്ത് സഭയില്‍ അതിക്രമം കാണിച്ച എസ്പി, ആര്‍ജെഡി അംഗങ്ങളെ ബലംപ്രയോഗിച്ച് പുറത്താക്കിയശേഷമാണ് ചര്‍ച്ചയും വോട്ടെടുപ്പും നടന്നത്. എസ്പി അംഗം കമാല്‍ അക്തറിന്റെ ആത്മഹത്യാശ്രമമടക്കമുള്ള അസാധാരണരംഗങ്ങള്‍ക്ക് സഭ സാക്ഷ്യംവഹിച്ചു. എതിര്‍പ്പിന്റെ പേരില്‍ ബില്‍ നീട്ടിവയ്ക്കാന്‍ കഴിഞ്ഞദിവസം ശ്രമിച്ച കോണ്‍ഗ്രസ്, ഒടുവില്‍ ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു. യുപിഎ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. എസ്പി, ബിഎസ്പി, ആര്‍ജെഡി അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ടികളും ബിജെപിയുമടക്കം മറ്റെല്ലാ പാര്‍ടികളും ബില്ലിനെ പിന്തുണച്ചു. സഭയില്‍ ഹാജരായിരുന്ന 190 എംപിമാരില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള സ്വതന്ത്രഭാരത് പക്ഷിന്റെ ശരത്ജോഷിയൊഴികെയുള്ളവര്‍ അനുകൂലമായി വോട്ടുചെയ്തു.
ReplyDeleteലജ്ജാവഹം....സുഹൃത്തേ....
ReplyDeleteസി.പി.എമ്മിന്റെ സവര്‍ണ്ണ താരം ബ്രിന്ദ കാരാട്ട് ബി.ജെ.പിയുടെ സുഷമാസ്വരാജിനെ കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്ന സവര്‍ണ്ണ ആഘോഷമായിപ്പോയില്ലേ സ്ത്രീ സംവരണം !!!
സവര്‍ണ്ണ സ്ത്രീ സംവരണം !
സ്ത്രീകള്‍ക്ക് സംവരണം ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്ന് മെച്ചമോ മോശമോ വനിതാ സംവരണത്തിനു ശേഷമുള്ള അവസ്ഥ? 33% വനിതാ സംവരണത്തില്‍ എസ്.സി/എസ്/ടി വിഭാഗത്തിലെ വനിതകളും ആ വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ഉള്ള സംവരണത്തിന്റെ തോത് അനുസരിച്ച് തെരഞ്ഞെടുക്കപ്പെടും എന്നത് കണ്ടില്ലെന്നുണ്ടോ? ചിത്രകാരന്‍?
ReplyDeleteMuTTaappokku parayalle, chithrakaaraa..
ReplyDelete