Friday, March 5, 2010

കേരള ബജറ്റ് വാര്‍ത്തകള്‍

കാര്‍ഷിക മേഖലയ്ക്ക് 622കോടി; അതിവേഗ റെയില്‍പാതയ്ക്ക് കമ്പനി

കാര്‍ഷിക മേഖലയുടെ ഉണര്‍വിനും ദരിദ്ര വിഭാഗങ്ങളുടെ ഉന്നമനത്തിനും കൂടുതല്‍ തുക വകയിരുത്തിക്കൊണ്ടുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ വരുമാന നില കഴിഞ്ഞ ബജറ്റിനെക്കാള്‍ മെച്ചപ്പെട്ടതായും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍: കാര്‍ഷികമേഖലയ്ക്ക് 622 കോടി. നാളികേരള വികസനത്തിന് 30 കോടി. മല്‍സ്യതൊഴിലാളികളുടെ 142 കോടി കടം ബജറ്റ് എഴുതിതള്ളും. കണ്ണൂര്‍ വിമാനത്താവളത്തിന് പുതിയ കമ്പനി രൂപീകരിക്കും. പാചക തൊഴിലാളികളുടെ മിനിമം വേതനം 150രൂപയാക്കി. പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് രണ്ട് രൂപയ്ക്ക് അരി. അരി ലഭിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്. പട്ടികജാതി പട്ടികവര്‍ഗം വിഭാഗങ്ങളിലെ യുവതികളുടെ വിവാഹത്തിന് 20,000രൂപ. അനാഥാലയങ്ങള്‍ക്കും അന്തേവാസികള്‍ക്കും ഗ്രാന്റ് കൂട്ടി. പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്കായി സംരക്ഷണ പദ്ധതി നടപ്പാക്കും. വിധവകള്‍ക്കും വിവാഹ മോചിതര്‍ക്കുമായി തൊഴില്‍ പദ്ധതി. പാവങ്ങളുടെ ക്ഷേമ പെന്‍ഷന്‍ 300രൂപയായി ഉയര്‍ത്തും. അയ്യങ്കാളി തൊഴില്‍ ഉറപ്പ് പദ്ധതിക്ക് 20 കോടി. കയര്‍ - കൈത്തറി തൊഴിലാളികള്‍ക്കായി സംരക്ഷണ പദ്ധതി. വിഴിഞ്ഞം പദ്ധതിക്ക് 125 കോടി. കുടുംബശ്രീയുടെ സഹായം 25 കോടിയായി ഉയര്‍ത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ട്: സാധ്യത പഠനത്തിന് 10 കോടി. അതിവേഗ റെയില്‍വെ കോറിഡോറിന് കമ്പനി. കെട്ടിട നിര്‍മാണത്തിന് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്.

മൂന്നാര്‍ ടൌണ്‍ ഏറ്റെടുക്കാന്‍ നിയമം; സ്മാര്‍ട് സിറ്റി പദ്ധതി നടപ്പാക്കും

മൂന്നാര്‍ ടൌണ്‍ ടാറ്റയുടെ കൈയില്‍നിന്ന് ഏറ്റെടുക്കാന്‍ നിയമം കൊണ്ടുവരുമെന്നും സ്മാര്‍ട് സിറ്റി പദ്ധതി നടപ്പാക്കുമെന്നും സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. നവീന മൂന്നാര്‍ പണിയാന്‍ 20 കോടിയും ബജറ്റില്‍ വകയിരുത്തി. സ്മാര്‍ട് സിറ്റി പദ്ധതിക്കായി 150 ഏക്കര്‍ സ്ഥലം ഈ മാസത്തോടെ ഏറ്റെടുക്കും. ഇഎംഎസ് ഭവന പദ്ധതി: ബാങ്ക് പലിശ വിഹിതമായി 100 കോടി. കുടിവെള്ള പദ്ധതികള്‍ക്ക് 1058 കോടി. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഈ വര്‍ഷത്തോടെ ലാഭത്തിലാക്കും. സര്‍വകലാശാലകള്‍ക്ക് പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കാന്‍ 100 കോടി. കെഎസ്എഫ്ഇ വിദേശത്ത് ചിട്ടി നടത്തും. സര്‍വകലാശാലകളിലെ അധ്യാപക ഒഴിവ് പൂര്‍ണമായും നികത്തും. കെഎസ്ആര്‍ടിസിക്ക് 42 കോടി. തുറമുഖങ്ങള്‍ക്ക് 171 കോടി. സഹകരണ മേഖലയ്ക്ക് 42 കോടി. വൈറ്റിലെ മൊബിലിറ്റി ടെര്‍മിനലിന് അഞ്ച് കോടി. സുനാമി പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് 72 കോടി. ബീവറേജസ് കോര്‍പറേഷന്‍ ഡീഅഡീഷന്‍ സെന്ററുകള്‍ തുടങ്ങും. മാര്‍ച്ച് മുതല്‍ കോളേജുകള്‍ക്ക് പുതിയ യുജിസി നിരക്ക്. കുടുംബശ്രീ അംഗങ്ങള്‍ക്ക് ഓണത്തോടെ നാലു ശതമാനം പലിശയ്ക്ക് വായ്പ. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഈ വര്‍ഷം. അഞ്ചിടങ്ങളില്‍ പുതിയ ജോയിന്റ് ആര്‍ടിഒ ഓഫീസ്. സിഡിഎസില്‍ കെ എന്‍ രാജ് ലൈബ്രററിക്ക് ഒരു കോടി. മെഡിക്കല്‍ സര്‍വകലാശാല ഈ വര്‍ഷം. ഐ ലീഗ് ഫുട്ബോളിന് യോഗ്യത നേടുന്ന കേരള ക്ളബുകള്‍ക്ക് 20 ലക്ഷം വീതം. രജിസ്ട്രേഷന്‍ വകുപ്പിന്റെ നവീകരണത്തിന് 20 കോടി. ഹജ്ജ് - വഖഫ് ബോര്‍ഡിന് 23 കോടി. ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവലിന് 25 കോടി. വാറ്റ് അസസ്മെന്റ് കാലാവധി ഒരുവര്‍ഷംകൂടി നീട്ടി. സ്പോര്‍ട്സ് കൌസിലിന് 12 കോടി. മതിലകത്തും അരൂരിലും മിനി സിവില്‍ സ്റ്റേഷന്‍. അഗ്നിശമന സേന നവീകരണത്തിന് 9 കോടി. ചമ്രവട്ടം പദ്ധതിക്ക് 61 കോടി. എല്ലാ പെന്‍ഷന്‍ കാര്‍ക്കും ബയോ മെട്രിക് തിരിച്ചറിയല്‍ കാര്‍ഡ്. കൊച്ചി മെട്രോ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി. മമറഞ്ഞ സാംസ്കാരിക നായകന്‍മാരുടെ പേരിലുള്ള സ്ഥാപനങ്ങള്‍ക്ക് 15 കോടി. തലശേരി - കുന്നംകുളം സ്റ്റേഡിയങ്ങള്‍ക്ക് ഓരോ കോടി.

വിദ്യാഭ്യാസ മേഖലയ്ക്ക് 316 കോടി

വിദ്യാഭ്യാസ മേഖലയ്ക്ക് 316 കോടി. 50 ശതമാനമാണ് വര്‍ധന. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് പഠിത്ത വീട്. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 121 കോടി. 112 ശതമാനം വര്‍ധന. സാങ്കേതിക വിദ്യാഭ്യാസത്തിന് 65 കോടി. അമ്പലപ്പുഴയില്‍ പുതിയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്. ഐടിഐകള്‍ക്ക് 25 കോടി. പുതിയ 15 ഐടിഐകള്‍. ടൂറിസം മേഖലയുടെ അടങ്കല്‍ 100 കോടി. വാണിജ്യ വികസനത്തിന് കേരള ട്രേഡ് മിഷന്‍. ഇന്ത്യയിലാദ്യമായി പേരാവൂര്‍ ബ്ളോക്കില്‍ 14 പ്രോജക്ടുകള്‍ ഉള്‍പ്പെടുന്ന മൈക്രോ ജലവൈദ്യുത ക്ളസ്റ്റര്‍. കൊച്ചിയില്‍ ഫെറി സര്‍വീസിനായി 40 ബോട്ടുകള്‍.

കുടിവെള്ള മേഖലയ്ക്ക് 1058 കോടി

കുടിവെള്ള മേഖലയ്ക്ക് 1058 കോടിരൂപയും പൊതു ആരോഗ്യമേഖലയ്ക്ക് 166 കോടിരൂപയും ബജറ്റില്‍ വകയിരുത്തി. കുട്ടനാട്ടില്‍ അണുവിമുക്ത കുടിവെള്ളം വിതരണം ചെയ്യാന്‍ 25കോടിയുടെ നബാര്‍ഡ് സഹായം. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് 145 കോടി. മെഡിക്കല്‍ സര്‍വകലാശാല 2010-11ല്‍ പ്രവര്‍ത്തനം തുടങ്ങും. ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും 21 കോടി.

നാല് പുതിയ സ്റ്റേഡിയങ്ങള്‍ക്ക് 210 കോടി

നാല് പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിന് 210 കോടിരൂപ ബജറ്റില്‍ വകയിരുത്തി. 23 സ്റ്റേഡിയങ്ങള്‍ നവീകരിക്കുന്നതിന് 210 കോടി. ദേശീയ ഗെയിംസ് നടത്തിപ്പിന് 67 കോടി. വയനാട്ടില്‍ തലയ്ക്കല്‍ ചന്തു സ്മാരക ഗോത്രവര്‍ഗ കായിക വിനോദകേന്ദ്രം സ്ഥാപിക്കും. കലാ സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് 37.8 കോടി

പൊതുമേഖലയില്‍ 200 കോടിയുടെ ലാഭം

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖല 200 കോടിയുടെ ലാഭം കൈവരിച്ചു. 125 കോടി മുതല്‍മുടക്കില്‍ ഈ വര്‍ഷം എട്ട് പുതിയ പൊതുമേഖല സ്ഥാപനങ്ങള്‍. കോമളപുരം ഹൈടെക് സ്പിന്നിങ്ങ് ആന്‍ഡ് വീവിങ്ങ് മില്‍ (36കോടി). കണ്ണൂര്‍ ഹൈടെക് നെയ്ത്ത് ഫാക്ടറി (20കോടി). കാസര്‍കോട് പുതിയ ടെക്സ്റ്റൈല്‍ മില്‍ (16 കോടി). ട്രാക്കോ കേബിളിന്റെ കണ്ണൂര്‍ യൂണിറ്റ് (12 കോടി). സിഡ്കോയുടെ കോഴിക്കോട്ടെ ടൂള്‍ റൂം (12കോടി). കുറ്റിപ്പുറത്തെ കെല്‍ട്രോ യൂണിറ്റിന് (12 കോടി). ഷൊര്‍ണൂരില്‍ പുതിയ ഫോര്‍ജിങ്ങ് യൂണിറ്റ് (12കോടി). പാലക്കാട് യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന്റെ മീറ്റര്‍ ഫാക്ടറി (5 കോടി). പൊതുമേഖലയുടെ മിച്ചഫണ്ട് നിക്ഷേപ നയത്തില്‍ സുപ്രധാന മാറ്റം. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ 275 കോടിയുടെ വിപുലീകരണം: കെഎംഎംഎല്‍ നവീകരണം (100കോടി). ഓട്ടോ കാസ്റ്റില്‍ സ്റ്റീല്‍ കാസ്റ്റിങ്ങ് ലൈന്‍ (10കോടി). കെഎസ്ഡിപിയുടെ സമ്പൂര്‍ണ നവീകരണവും പുതിയ പ്രൊഡക്ഷന്‍ ലൈനും (34 കോടി). കേരള സോപ്സില്‍ പുതിയ പ്രൊഡക്ഷന്‍ യൂണിറ്റ് (5 കോടി). തിരുവനന്തപുരം സ്പിന്നിങ്ങ് മില്ലിന്റെ കപ്പാസിറ്റി ഇരട്ടിയാക്കല്‍ (5 കോടി). ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സിന്റെ നവീകരണം (25 കോടി). ട്രാവന്‍കൂര്‍ - കൊച്ചിന്‍ കെമിക്കല്‍സ് നവീകരണം (51 കോടി). മലബാര്‍ സ്പിന്നിങ്ങ് ആന്‍ഡ് വീവിങ്ങ് മില്‍ കപ്പാസിറ്റി ഇരട്ടിയാക്കല്‍ (15 കോടി). കെല്ലിന്റെ നവീകരണം (30 കോടി).

പരമ്പരാഗത, ചെറുകിട വ്യവസായങ്ങള്‍ക്ക് 246 കോടി

ചെറുകിട, പരമ്പരാഗത വ്യവസായങ്ങള്‍ക്ക് 246 കോടിരൂപ ബജറ്റില്‍ വകയിരുത്തി. കയര്‍ വ്യവസായത്തിന് ചരിത്രത്തില്‍ ഏറ്റവും വലിയ അടങ്കല്‍ 82 കോടി. കയല്‍ ഉല്‍പ്പന്നങ്ങളുടെ വിലസ്ഥിരത ഫണ്ടിന് 10 കോടി. കശുവണ്ടി വ്യവസായത്തിന് 52 കോടി. കൈത്തറി വ്യവസായത്തിന് 57 കോടി. കെല്‍പാമിന് പ്രത്യേക വകയിരുത്തല്‍. ചെറുകിട വ്യവസായങ്ങള്‍ക്ക് 40 കോടി. വ്യവസായ കേന്ദ്രങ്ങളുടെ പശ്ചാത്തല സൌകര്യവികസനത്തിന് അഞ്ചുകോടി. തൃശൂരില്‍ ബഹുനില ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റന്ി 15കോടി. കിന്‍ഫ്ര 10 വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും. 250 കോടിയുടെ അടങ്കല്‍. 2010-11 കെഎഫ്സിയുടെ വായ്പ ലഷ്യം 750 കോടി. പ്രവാസികള്‍ക്കായുള്ള പ്രത്യേക വായ്പാ പദ്ധതി പുനരാവിഷ്കരിക്കും. കെഎസ്എഫ്ഇയുടെ പ്രതിമാസ ചിട്ടി ലക്ഷ്യം 600 കോടി. ജീവനക്കാര്‍ക്കു കോട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതി.

തീരദേശ വാസികള്‍ക്ക് വീടും വൈദ്യുതിയും

മുഴുവന്‍ തീരദേശവാസികള്‍ക്കും ഈ വര്‍ഷം വീടും വൈദ്യുതിയും നല്‍കാനുള്ള പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി. മല്‍സ്യമേഖലയ്ക്ക് 79 കോടി. 58 ശതമാനം വര്‍ധന. ആലപ്പുഴ, എറണാകുളം ജില്ലകള്‍ക്കുള്ള പ്രത്യേക പാക്കേജിന് 14 കോടി. തീരദേശ പൊതുസൌകര്യവികസനത്തിന് 10 കോടി. തലായി, കൊയിലാണ്ടി, മല്‍സ്യബന്ധന തുറമുഖങ്ങള്‍ ഈ വര്‍ഷം. ചെത്തി ഹാര്‍ബറിന്റെ രണ്ടാം ഘട്ടത്തിന് രണ്ടുകോടിരൂപ. ചെറുവത്തൂര്‍, ചേറ്റുവ ഫിഷിങ്ങ് ഹാര്‍ബറുകളുടെ നിര്‍മാണം ആരംഭിക്കും. കടല്‍ഭിത്തി നിര്‍മാണത്തിന് 43കോടി. ഫിഷറീസ് റോഡുകള്‍ക്ക് 30 കോടി. കാലാവസ്ഥ വ്യതിയാന പഠനങ്ങള്‍ക്ക് കാര്‍ഷിക സര്‍വകലാശാലയില്‍ പുതിയ ബിരുദാനന്തരബിരുദ കോഴ്സ്. മൃഗസംരക്ഷണത്തിന് 118 കോടി. ഡയറി മേഖലയ്ക്ക് 22 കോടി. 50 ശതമാനം വര്‍ധന.

1000 കോടിയുടെ ഹരിത ഫണ്ട്

സംസ്ഥാന ബജറ്റില്‍ 1000 കോടിരൂപയുടെ ഹരിത ഫണ്ട് പ്രഖ്യാപിച്ചു. കണ്ടല്‍ക്കാടുകളും കാവുകളും സംരക്ഷിക്കുന്ന ഉടമകള്‍ക്ക് പ്രത്യേക പ്രോല്‍സാഹനം. പക്ഷി സങ്കേതങ്ങള്‍, കടലാമ, പ്രജനന കേന്ദ്രങ്ങള്‍ എന്നിവ സംരക്ഷിക്കുന്ന വായനശാലകള്‍, നേച്ചര്‍ ക്ളബുകള്‍ സന്നദ്ധ സംഘടനകള്‍ എന്നിവയ്ക്ക് വാര്‍ഷിക ഗ്രാന്റ്. പുരയിടങ്ങളിലെ ജൈവവൈവിധ്യ പോഷണത്തിന് സമഗ്ര പരിപാടി. ഒന്നരക്കോടി ദക്ഷത കൂടിയ സിഎഫ്എല്‍ ബള്‍ബുകള്‍ വിതരണം ചെയ്യും. ഊര്‍ജസംരക്ഷണം പ്രോല്‍സാഹിപ്പിക്കുന്നതിന് ഊര്‍ജ ക്രെഡിറ്റ് കൂപ്പ ഉപയോഗിച്ച് പുസ്തകമോ സപ്ളൈകോയില്‍നിന്ന് സാധനങ്ങളോ വാങ്ങാം. സ്കീമിന് 25 കോടിരൂപ. എല്ലാ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഊര്‍ജ ക്രെഡിറ്റ്. 20 ലക്ഷം കുടുംബങ്ങള്‍ക്ക് ദക്ഷത കൂടിയ അടുപ്പുകള്‍ നല്‍കാന്‍ 15 കോടി. ദേശീയ ജലപാതയ്ക്ക് 100 കോടിരൂപ. ഗ്രീന്‍ കെട്ടിടങ്ങള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഊര്‍ജ ഉപഭോഗത്തിന് നിയന്ത്രണം. ഓഫീസുകളില്‍ പ്രീപെയ്ഡ് മീറ്ററുകള്‍. നിയമസഭാ കോംപ്ളെക്സ്, സെക്രട്ടറിയറ്റ്, ഹൈക്കോടതി, മസ്ക്കറ്റ് ഹോട്ടല്‍, മെഡിക്കല്‍ കോളേജ് എന്നിവടങ്ങളില്‍ ഊര്‍ജ സംരക്ഷണ ഇടപെടല്‍. ഇത് സാര്‍വത്രികമാക്കുന്നതിന് എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ കീഴില്‍ പുതിയ കമ്പനി.

തൊഴിലുറപ്പ് അംഗങ്ങള്‍ക്കും രണ്ട് രൂപയ്ക്ക് അരി; എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്

36 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപയ്ക്ക് അരിനല്‍കാന്‍ ബജറ്റില്‍ 500 കോടി നീക്കിവെച്ചു. കര്‍ഷക തൊഴിലാളി, കയര്‍, കശുവണ്ടി, കൈത്തറി, ബീഡി, പനമ്പ്, ഈറ്റ, ഖാദി, ചെറുകിട തോട്ടം തുടങ്ങിയ മേഖലകളിലെ കൂലിവേലക്കാര്‍ക്കും എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ രണ്ട് രൂപയ്ക്ക് അരി നല്‍കും. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ 50 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ളവര്‍ക്ക് രണ്ട് രൂപയ്ക്ക് അരി ലഭിക്കും. രണ്ട് രൂപയ്ക്ക് അരി ലഭിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കും.

അഗതികളുടെ ഗ്രാന്റ് 300രൂപയാക്കി

കാന്‍സര്‍, ഹൃദ്രോഗം, വൃക്ക രോഗം എന്നിവയുടെ ചികില്‍സയ്ക്ക് പതിനായിരം രൂപയുടെ അധിക ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. പ്രീമിയത്തിന് 60 കോടിരൂപ ഇതിനായി നീക്കിവെച്ചു. ശയ്യാവലംബരായ മാനസികവും കായികവുമായ പ്രശ്നങ്ങള്‍ ഉള്ളവരുടെ സഹായത്തിന് പ്രതിമാസം 300രൂപ പെന്‍ഷന്‍. കേന്ദ്ര സഹായം ലഭിക്കാത്ത സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് പത്തുകോടിരൂപ. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവടങ്ങളിലെ അന്തേവാസികളുടെ പ്രതിമാസ ഗ്രാന്റ് 250രൂപയായി ഉയര്‍ത്തി. ക്ഷയരോഗികള്‍ക്കുള്ള പ്രതിമാസ ചികില്‍സാ സഹായം 300രൂപയാക്കി. പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ഥികളുടെ അലവന്‍സ് 30 മുതല്‍ 210 ശതമാനംവരെ കൂട്ടി.

തണ്ണീര്‍മുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ തുറക്കും

തണ്ണീര്‍മുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നിടുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ബജറ്റ് അവതരിപിച്ചുകൊണ്ട് അറിയിച്ചു. കുട്ടനാടിനായി പുതിയ കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കും. ഇത് പ്രകാരമുള്ള കൃഷി നാശത്തിന് സമ്പൂര്‍ണ നഷ്ടപരിഹാരം ഉറപ്പാക്കും. കര്‍ഷക തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതായി 20 കോടിരൂപ പ്രത്യേകമായി വകയിരുത്തി.

ഇറക്കുമതി പഞ്ചസാരയുടെ നികുതി ഒഴിവാക്കും

തിരു: ഇറക്കുമതി പഞ്ചസാരയുടെ നികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് അറിയിച്ചു. നികുതി വരുമാനത്തില്‍ 25ശതമാന വര്‍ധന ലഷ്യം. ഹാന്‍ഡ് മെയ്ഡ് സോപ്പിന്റെയും നെയ്യിന്റെയും നികുതി നാല് ശതമാനമായി കുറയും. ഭൂമിക്ക് ന്യായവില സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് കോര്‍പറേഷനില്‍ 9. മുന്‍സിപ്പാലിറ്റിയില്‍ 8. പഞ്ചായത്തില്‍ 7 ശതമാനമായി കുറയ്ക്കുന്നു.

ദേശാഭിമാനി

1 comment:

  1. കാര്‍ഷിക മേഖലയുടെ ഉണര്‍വിനും ദരിദ്ര വിഭാഗങ്ങളുടെ ഉന്നമനത്തിനും കൂടുതല്‍ തുക വകയിരുത്തിക്കൊണ്ടുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ വരുമാന നില കഴിഞ്ഞ ബജറ്റിനെക്കാള്‍ മെച്ചപ്പെട്ടതായും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു

    ReplyDelete