പടിഞ്ഞാറന്‍ യൂറോപ്പിലെ പ്രബലരാജ്യവും എണ്ണപ്പെട്ട ലോക സാമ്പത്തിക ശക്തിയുമായ ഫ്രാന്‍സ് ഫ്രഞ്ച് വിപ്ളവത്തിന്റെ മഹത്തായ പാരമ്പര്യമുള്‍ക്കൊള്ളുന്നു. അധിനിവേശത്തിലൂടെയും കോളനി വല്‍ക്കരണത്തിലൂടെയും ലോകത്തിന്റെ നാനാഭാഗത്തും സാന്നിധ്യമുറപ്പിച്ചിരുന്ന ഫ്രാന്‍സിന് എക്കാലത്തും മേധാപരമായ പങ്കാണ് ലോകരാഷ്ട്രീയത്തില്‍ ലഭിച്ചുപോന്നത്. ഇപ്പോഴത്തെ പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസി അധികാരത്തില്‍ വന്നപ്പോള്‍ ഫ്രാന്‍സിന്റെ 'തിരിച്ചുപോക്ക്' ആയാണ് വിലയിരുത്തപ്പെട്ടത്. തീവ്ര വലതുപക്ഷത്തുനില്‍ക്കുകയും കടുത്ത തൊഴിലാളി ദ്രോഹനടപടികള്‍ പ്രഖ്യാപിക്കുകയും ഉന്മത്ത ജീവിതം നയിക്കുകയുംചെയ്യുന്ന സര്‍ക്കോസി ആഗോളവല്‍ക്കരണത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി പരിഗണിക്കപ്പെടുന്നു.
ആ സര്‍ക്കോസിയും അദ്ദേഹത്തിന്റെ വലതുപക്ഷ കൂട്ടുകെട്ടും ഫ്രാന്‍സിലെ ജനങ്ങളില്‍നിന്ന് തീര്‍ത്തും ഒറ്റപ്പെടുന്നതാണ് കഴിഞ്ഞ ദിവസം നടന്ന പ്രവിശ്യാസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. 22 പ്രവിശ്യയില്‍ 21ലും ഇടതുപക്ഷത്തിന് ചരിത്രവിജയം ലഭിച്ചു. പോള്‍ചെയ്ത വോട്ടിന്റെ 54.12 ശതമാനം നേടിയ സോഷ്യലിസ്റ്റ്-ഇടതുപക്ഷ കക്ഷികള്‍ സര്‍ക്കോസിയുടെ വലതുപക്ഷ കക്ഷിയായ യുഎംപിയെ ഫ്രഞ്ച് ഗയാന പ്രവിശ്യയില്‍ ഒതുക്കി. സര്‍ക്കോസി ഭരണത്തിനെതിരെ ഫ്രാന്‍സില്‍ കടുത്ത രോഷമാണുയര്‍ന്നിട്ടുള്ളത്. അഞ്ചുലക്ഷം പൊതുമേഖലാ തൊഴിലാളികള്‍ അണിചേര്‍ന്ന ഐതിഹാസികമായ പണിമുടക്കുള്‍പ്പെടെ, ജീവിതത്തിന്റെ നാനാ മേഖലകളിലുമുള്ളവര്‍ പ്രക്ഷോഭരംഗത്തിറങ്ങിയിരുന്നു.
ജനങ്ങളുടെ സംഘടിതമായ ചെറുത്തുനില്‍പ്പു കാരണം, ആഗോളവല്‍ക്കരണ നയങ്ങളുടെ സമ്മര്‍ദത്തിലും ക്ഷേമപദ്ധതികള്‍ ഒരു പരിധിവരെയെങ്കിലും നിലനിര്‍ത്താന്‍ നിര്‍ബന്ധിതമായിട്ടുള്ള രാജ്യമാണ് ഫ്രാന്‍സ്. എന്നാല്‍, ഇംഗ്ളണ്ട്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ ക്ഷേമപദ്ധതികളോട് വിടപറഞ്ഞ് സാമ്പത്തിക മത്സരത്തില്‍ മുന്നിലെത്തി.ഫ്രാന്‍സിന്റെ വ്യാപാരകമ്മി വര്‍ധിച്ചുവന്നു. അനേകവര്‍ഷങ്ങള്‍കൊണ്ട് ജര്‍മനിയില്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ ആറുമാസത്തിനുള്ളില്‍ ഫ്രാന്‍സില്‍ നടപ്പാക്കാമെന്നാണ് സര്‍ക്കോസി വീമ്പുപറഞ്ഞത്. തൊഴിലാളികളുടെ ത്യാഗോജ്വലമായ അവകാശപ്പോരാട്ടങ്ങളുടെയും പിന്തിരിപ്പന്‍ നയങ്ങള്‍ ചെറുത്തു പരാജയപ്പെടുത്തിയതിന്റെയും ചരിത്രം വിസ്മരിച്ച് ആഗോളവല്‍ക്കരണ വണ്ടി മുന്നോട്ടുകൊണ്ടുപോയ സര്‍ക്കോസിക്ക് ജനങ്ങള്‍ നല്‍കിയ ശിക്ഷയാണ് ഈ തോല്‍വി.
ആഗോളസാമ്പത്തിക മാന്ദ്യം ഫ്രാന്‍സിനെ കൊടും കുഴപ്പത്തിലാണ് ചാടിച്ചത്. രൂക്ഷമായ തൊഴിലില്ലായ്മ എല്ലാ റെക്കോഡും ഭേദിച്ചു. തൊഴിലില്ലാത്തവരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു. മാന്ദ്യം നേരിടാന്‍ കൊണ്ടുവന്ന നടപടി കുത്തകകമ്പനികള്‍ക്ക് മാത്രമാണ് ഗുണകരമായത്. രാജ്യത്ത് പൊതുഗതാഗതം, പെന്‍ഷന്‍പരിഷ്കരണം എന്നീ രംഗങ്ങളിലും സര്‍ക്കോസിയുടെ നയങ്ങള്‍ ജനങ്ങളെ രോഷാകുലരാക്കി. ഇതിന്റെയെല്ലാം ഫലമായാണ് സര്‍ക്കോസിയുടെ കക്ഷി ഇടതുപക്ഷ സഖ്യം നേടിയതിന്റെ നേര്‍പകുതി വോട്ടിലേക്ക് തരംതാഴ്ത്തപ്പെട്ടത്. 2012ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ആ തെരഞ്ഞെടുപ്പിലും വലതുപക്ഷത്തിന്റെ ഭാവി ശോഭനമല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറപ്പിക്കുന്നത്.
ആഗോളവല്‍ക്കരണ നയങ്ങള്‍ക്കു പിന്നാലെ വാശിയോടെ പായുന്ന എല്ലാ ഭരണാധികാരികള്‍ക്കും ഉള്ള പാഠമാണിത്. വിശേഷിച്ചും ഇന്ത്യയെ വലത്തോട്ടും അമേരിക്കന്‍ അടിമത്തത്തിലേക്കും നയിക്കുന്ന യുപിഎ നേതൃത്വത്തിന്.
ദേശാഭിമാനി മുഖപ്രസംഗം 250310
ആഗോളസാമ്പത്തിക മാന്ദ്യം ഫ്രാന്‍സിനെ കൊടും കുഴപ്പത്തിലാണ് ചാടിച്ചത്. രൂക്ഷമായ തൊഴിലില്ലായ്മ എല്ലാ റെക്കോഡും ഭേദിച്ചു. തൊഴിലില്ലാത്തവരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു. മാന്ദ്യം നേരിടാന്‍ കൊണ്ടുവന്ന നടപടി കുത്തകകമ്പനികള്‍ക്ക് മാത്രമാണ് ഗുണകരമായത്. രാജ്യത്ത് പൊതുഗതാഗതം, പെന്‍ഷന്‍പരിഷ്കരണം എന്നീ രംഗങ്ങളിലും സര്‍ക്കോസിയുടെ നയങ്ങള്‍ ജനങ്ങളെ രോഷാകുലരാക്കി. ഇതിന്റെയെല്ലാം ഫലമായാണ് സര്‍ക്കോസിയുടെ കക്ഷി ഇടതുപക്ഷ സഖ്യം നേടിയതിന്റെ നേര്‍പകുതി വോട്ടിലേക്ക് തരംതാഴ്ത്തപ്പെട്ടത്. 2012ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ആ തെരഞ്ഞെടുപ്പിലും വലതുപക്ഷത്തിന്റെ ഭാവി ശോഭനമല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറപ്പിക്കുന്നത്.
ReplyDeleteആഗോളവല്‍ക്കരണ നയങ്ങള്‍ക്കു പിന്നാലെ വാശിയോടെ പായുന്ന എല്ലാ ഭരണാധികാരികള്‍ക്കും ഉള്ള പാഠമാണിത്. വിശേഷിച്ചും ഇന്ത്യയെ വലത്തോട്ടും അമേരിക്കന്‍ അടിമത്തത്തിലേക്കും നയിക്കുന്ന യുപിഎ നേതൃത്വത്തിന്.