Sunday, March 14, 2010

ആണവ ബാധ്യതാ ബില്‍ പിന്‍വലിക്കണം

പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആണവബാധ്യതാ ബില്‍ഉടന്‍ പിന്‍വലിക്കണമെന്ന് സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ളോക്ക് എന്നീ പാര്‍ടികള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അമേരിക്കയുടെ ആണവ വ്യവസായ താല്‍പ്പര്യങ്ങള്‍മാത്രം സംരക്ഷിക്കുന്ന സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ളിയര്‍ ഡാമേജസ് ബില്‍ (ആണവഅപകട ബാധ്യതാബില്‍) ഇന്ത്യക്ക് ഹാനികരമാണ്. ഇന്ത്യ-അമേരിക്ക ആണവ സഹകരണകരാറിന്റെ ഭാഗമാണിത്. ഇന്ത്യന്‍ ജനതയുടെ സുരക്ഷ അപകടത്തിലാക്കി അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് യുപിഎ സര്‍ക്കാരിന്റെ വ്യഗ്രത. അപകടകരമായ രാസവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന വ്യവസായങ്ങള്‍, ആണവോര്‍ജ ഉല്‍പ്പാദനം എന്നിവയുടെ ഭാഗമായി അപകടങ്ങളുണ്ടാകുമ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ പോകാനുള്ള പൌരന്റെ അവകാശം ഇല്ലാതാക്കുന്നതാണ് ഈ ബില്‍. ഇക്കാര്യത്തില്‍ പൌരന്റെ അവകാശം ഉറപ്പുവരുത്തിയിരുന്ന സുപ്രീംകോടതി വിധിയോടുള്ള അവഗണനകൂടിയാണിത്. റിയാക്ടര്‍ വിതരണം ചെയ്തയാളെ സംരക്ഷിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. ആണവ റിയാക്ടര്‍ നിര്‍മിച്ച ഘട്ടത്തിലുള്ള എന്തെങ്കിലും പിഴവുകാരണം ആണവ അപകടമുണ്ടായി ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചാലും റിയാക്ടര്‍ വിതരണംചെയ്ത കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടതില്ല. എല്ലാ ഉത്തരവാദിത്തവും ഇന്ത്യയില്‍ റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്റെ ചുമലിലാകും. ഇവരുടെ മൊത്തം ബാധ്യത പരമാവധി 2200 കോടി രൂപയെന്നും നിശ്ചയിച്ചിട്ടുണ്ട്. ഈ തുക സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും. ബാധ്യതയുടെ പരിധി 2200 കോടി രൂപയെന്ന് നിശ്ചയിച്ചതും ജനവിരുദ്ധമാണ്. ഭോപാല്‍ വാതകദുരന്തത്തില്‍ നഷ്ടപരിഹാരമായി നല്‍കിയത് 2152 കോടി രൂപയാണ്. ആണവ അപകടം ഉണ്ടാകുന്നപക്ഷം അതിന്റെ കെടുതികള്‍ ഭോപാല്‍ ദുരന്തത്തേക്കാള്‍ എത്രയോ ഭീകരമായിരിക്കും. ഈ നിലയില്‍ ഇന്ത്യന്‍ പൌരന്റെ അവകാശങ്ങള്‍ക്കുമേലുള്ള ഗുരുതരമായ കടന്നാക്രമണമാണ് ബില്ലിലെ വ്യവസ്ഥകള്‍. രാജ്യത്തിനും ജനങ്ങള്‍ക്കും ഹാനികരമായ ഈ ബില്ലിനെ എതിര്‍ത്ത് തോല്‍പ്പിക്കണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ടികളോടും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

രാജ്യതാല്‍പ്പര്യം ഹനിക്കാതെ ഇന്ത്യ-റഷ്യ ആണവ കരാര്‍

റഷ്യയുമായി ആണവസഹകരണത്തിന് രണ്ട് കരാര്‍ ഇന്ത്യ ഒപ്പിട്ടത് രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യം അടിയറവയ്ക്കാതെ. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവോര്‍ജം ഉപയോഗിക്കുന്നതിനും ഇന്ത്യയില്‍ കൂടുതല്‍ റിയാക്ടര്‍ സ്ഥാപിക്കുന്നതിനുമുള്ളതാണ് ഇരു രാഷ്ട്ര നേതാക്കളുടെയും സാന്നിധ്യത്തില്‍ ആണവോര്‍ജ വകുപ്പ് സെക്രട്ടറി ശ്രീകുമാര്‍ ബാനര്‍ജിയും റഷ്യന്‍ ആണവോര്‍ജവിഭാഗം ഡയറക്ടര്‍ ജനറല്‍ സെര്‍ജി കിരിങ്കോയും ഒപ്പുവച്ച കരാറുകള്‍. ഇതുപ്രകാരം റഷ്യ പുതുതായി പന്ത്രണ്ട് ആണവ റിയാക്ടറെങ്കിലും ഇന്ത്യയില്‍ സ്ഥാപിക്കും. കൂടംകുളത്ത് കൂടുതല്‍ റിയാക്ടറും മറ്റ് പ്രദേശങ്ങളില്‍ പുതിയ റിയാക്ടറുകളും സ്ഥാപിക്കാനാണ് പദ്ധതി. ഇന്ത്യക്ക് തടസ്സമില്ലാതെ ആണവ ഇന്ധനം നല്‍കാനും സമ്പുഷ്ടീകരണവും പുനഃസംസ്കരണവും അനുവദിക്കാനും വ്യവസ്ഥ ചെയ്യുന്ന കരാര്‍ ഡിസംബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വെദവും മോസ്കോയില്‍ ഒപ്പുവച്ചിരുന്നു. ഇന്ത്യ-അമേരിക്ക ആണവ സഹകരണ കരാറിലെ കീഴടങ്ങല്‍ വ്യവസ്ഥകളില്ലാതെ പരസ്പര ബഹുമാനം പുലര്‍ത്തുന്നതും ഇരുരാജ്യങ്ങളുടെയും പരമാധികാരവും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതുമാണ് റഷ്യയുമായുള്ള കരാറുകള്‍.

ഏതവസരത്തിലും ആണവഇന്ധന വിതരണം നിര്‍ത്തിവച്ച് ഇന്ത്യയുടെ ആണവപദ്ധതികളെ കുഴപ്പത്തിലാക്കാന്‍ കഴിയുന്ന വ്യവസ്ഥകളാണ് അമേരിക്കയുമായുള്ള കരാറിലുള്ളത്. ഇന്ത്യ ഇനി ആണവപരീക്ഷണം നടത്തരുതെന്ന് അമേരിക്ക നിഷ്കര്‍ഷിക്കുന്നു. ആണവ ഇന്ധന പുനഃസംസ്കരണത്തിനുള്ള സാങ്കേതികവിദ്യ അമേരിക്ക കൈമാറുകയുമില്ല. ഇന്ത്യ ആണവപരീക്ഷണം നടത്തിയാലും റഷ്യ ആണവ ഇന്ധനവിതരണം തുടരുമെന്നതാണ് കഴിഞ്ഞ ഡിസംബറില്‍ ഒപ്പുവച്ച കരാറുകളിലെ വ്യവസ്ഥ. മാത്രമല്ല, ആണവ അപകടമുണ്ടായാല്‍ നഷ്ടപരിഹാരത്തിനുള്ള ബാധ്യത റഷ്യ വഹിക്കുകയും ചെയ്യും. അമേരിക്ക ഈ ഉത്തരവാദിത്തം ഒഴിഞ്ഞിട്ടുണ്ട്. രാജ്യത്തിനും ജനങ്ങള്‍ക്കും ഹാനികരമല്ലാത്ത വ്യവസ്ഥകളോടെ ആണവസഹകരണത്തിന് റഷ്യയും ഫ്രാന്‍സുമടക്കമുള്ള രാജ്യങ്ങള്‍ തയ്യാറായ സാഹചര്യത്തില്‍ അമേരിക്കയുമായി അപകടകരമായ വ്യവസ്ഥകളോടെ ആണവ കരാറില്‍ യുപിഎ സര്‍ക്കാര്‍ ഏര്‍പ്പെട്ടതെന്തിനെന്ന ചോദ്യം അവശേഷിക്കുകയാണ്. ഇന്ത്യ-അമേരിക്ക ആണവ കരാറിനെ മഹത്തരമെന്ന് വാഴ്ത്തിയ പ്രധാനമന്ത്രി റഷ്യയുമായുള്ള കരാറിന്റെ മേന്മകള്‍ എടുത്തുപറയാന്‍ മടിക്കുകയാണ്.
(വി ജയിന്‍)

ദേശാഭിമാനി 140310

1 comment:

  1. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആണവബാധ്യതാ ബില്‍ഉടന്‍ പിന്‍വലിക്കണമെന്ന് സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ളോക്ക് എന്നീ പാര്‍ടികള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അമേരിക്കയുടെ ആണവ വ്യവസായ താല്‍പ്പര്യങ്ങള്‍മാത്രം സംരക്ഷിക്കുന്ന സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ളിയര്‍ ഡാമേജസ് ബില്‍ (ആണവഅപകട ബാധ്യതാബില്‍) ഇന്ത്യക്ക് ഹാനികരമാണ്. ഇന്ത്യ-അമേരിക്ക ആണവ സഹകരണകരാറിന്റെ ഭാഗമാണിത്. ഇന്ത്യന്‍ ജനതയുടെ സുരക്ഷ അപകടത്തിലാക്കി അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് യുപിഎ സര്‍ക്കാരിന്റെ വ്യഗ്രത. അപകടകരമായ രാസവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന വ്യവസായങ്ങള്‍, ആണവോര്‍ജ ഉല്‍പ്പാദനം എന്നിവയുടെ ഭാഗമായി അപകടങ്ങളുണ്ടാകുമ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ പോകാനുള്ള പൌരന്റെ അവകാശം ഇല്ലാതാക്കുന്നതാണ് ഈ ബില്‍. ഇക്കാര്യത്തില്‍ പൌരന്റെ അവകാശം ഉറപ്പുവരുത്തിയിരുന്ന സുപ്രീംകോടതി വിധിയോടുള്ള അവഗണനകൂടിയാണിത്. റിയാക്ടര്‍ വിതരണം ചെയ്തയാളെ സംരക്ഷിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍

    ReplyDelete