ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള (എപിഎല്‍) റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുന്ന ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള ഭക്ഷ്യമന്ത്രാലയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാന്‍ പോകുന്നു. കിലോഗ്രാമിന് 8.30 രൂപയ്ക്ക് നല്‍കുന്ന അരിക്ക് 15.37 രൂപയായും ഗോതമ്പിന് 6.10 ഉള്ളത് 11 രൂപയായും വര്‍ധിപ്പിക്കാനാണ് നീക്കം. ഇന്ന് നിലനില്‍ക്കുന്ന പരിമിതമായ പൊതുവിതരണ സമ്പ്രദായത്തിന്റെ ശ്വാസവും മുട്ടിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നതെന്നര്‍ഥം. വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ വിപണിയില്‍ ഇടപെട്ട് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ളതാണ് പൊതുവിതരണ സമ്പ്രദായം. അതിനെ ശക്തിപ്പെടുത്തേണ്ടത് ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍ക്കാരാണ്. ഇവിടെ, അങ്ങനെയുള്ള സര്‍ക്കാര്‍ എന്താണോ ചെയ്യേണ്ടത്, അതിനു വിപരീതമായ പ്രവൃത്തിയാണ് യുപിഎയില്‍നിന്നുണ്ടാകുന്നത്.
പ്രണബ് കുമാര്‍ മുഖര്‍ജി അവതരിപ്പിച്ച 2010-11ലേക്കുള്ള ബജറ്റില്‍ അത്തരം സമീപനം മുന്തിനില്‍ക്കുന്നത് പലകുറി ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. അന്യായമായ എണ്ണവില വര്‍ധന മാത്രംമതി, വിലക്കയറ്റം പൊറുതിമുട്ടിക്കുന്ന ജനജീവിതത്തെ യുപിഎ സര്‍ക്കാര്‍ എങ്ങനെ വിണ്ടും വീണ്ടും ദുരിതപ്പെടുത്തുന്നു എന്ന് മനസ്സിലാക്കാന്‍. റേഷന്‍ സംവിധാനത്തിലേക്കുള്ള ഭക്ഷ്യധാന്യവിഹിതം പടിപടിയായി വെട്ടിക്കുറച്ച് പാവപ്പെട്ടവര്‍ക്ക് പൊതുവിപണിയെ അഭയം തേടേണ്ട നിലയുണ്ടാക്കിയത് കേന്ദ്രസര്‍ക്കാരാണ്. രാജ്യത്ത് നാലരക്കോടി ടണ്‍ ധാന്യം സ്റോക്കുണ്ടെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി ശരദ്പവാര്‍ വ്യക്തമാക്കിയത്. അവശ്യം വേണ്ടതിന്റെ മൂന്നിരട്ടിയാണിത്. എന്നിട്ടും പൊതുവിതരണ സമ്പ്രദായത്തിലൂടെ എല്ലാ കുടുംബങ്ങള്‍ക്കും കുറഞ്ഞ അളവില്‍ ധാന്യം നല്‍കാന്‍ കേന്ദ്രം തയ്യാറല്ല. പകരം മില്ലുടമകള്‍ക്കും കച്ചവടക്കാര്‍ക്കും ലേലം വിളിച്ച് വീതിക്കുകയാണ്. അതേ വിലയ്ക്ക് സംസ്ഥാന സര്‍ക്കാരും ധാന്യം വാങ്ങണം. റേഷന്‍ ബിപിഎല്‍ ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമാകണം എന്നതാണ് യുപിഎയുടെ പ്രഖ്യാപിത നയം. അതും പോരാഞ്ഞ്, ബിപിഎല്‍ ലിസ്റ്റ് വെട്ടിച്ചുരുക്കി പൊതുവിതരണത്തിന്റെ പരിധിയില്‍നിന്ന് ബഹുഭൂരിപക്ഷം ജനങ്ങളെയും മാറ്റുന്നു. നിലവിലെ കണക്കനുസരിച്ച് ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം 6.52 കോടിയാണ്. അത് 5.91 കോടിയായി കുറയ്ക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇത് നടപ്പാക്കപ്പെട്ടാല്‍ കേരളത്തില്‍ റേഷന്‍ അര്‍ഹതയുള്ള കുടുംബങ്ങളുടെ എണ്ണം 26 ലക്ഷത്തില്‍നിന്ന് 11 ലക്ഷമാകും.
എപിഎല്‍ വിഭാഗത്തിന് റേഷന്‍ നല്‍കുന്നതുപോലും ശിക്ഷാര്‍ഹമാണെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് യുപിഎ മുന്നോട്ടുവയ്ക്കുന്ന ഭക്ഷ്യസുരക്ഷാനിയമം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളുടെ ഭക്ഷ്യക്ഷാമം പരിഹരിക്കാനെന്ന പേരില്‍ കൊണ്ടുവരുന്ന ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ മറവിലാണ് രാജ്യത്തെ പതിമൂന്ന് കോടിയിലേറെ എപിഎല്‍ കുടുംബങ്ങള്‍ ദ്രോഹിക്കപ്പെടുന്നത്. ഭക്ഷ്യമന്ത്രാലയത്തിന്റെ പുതിയ ശുപാര്‍ശയിലൂടെ ആ ദ്രോഹമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പ്രണബ് മുഖര്‍ജി അവതരിപ്പിച്ച പൊതുബജറ്റില്‍ ഭക്ഷ്യസബ്സിഡി 424 കോടി വെട്ടിക്കുറച്ചിരുന്നു. 2002ല്‍ 20,000 കോടി രൂപയായിരുന്ന ഭക്ഷ്യ സബ്സിഡി ഇപ്പോള്‍ 56,000 കോടിയായെന്നും ഇത് കുറയ്ക്കാന്‍ മറ്റ് മാര്‍ഗമില്ലെന്നുമാണ് ഭക്ഷ്യമന്ത്രാലയം പറയുന്നത്. വിലവര്‍ധന പ്രാബല്യത്തില്‍ വരുന്നതോടെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയ്ക്കു തുല്യമായ തുകയാകും ധാന്യങ്ങള്‍ വാങ്ങാന്‍ എപിഎല്‍ ഉപഭോക്താക്കള്‍ നല്‍കേണ്ടിവരിക.
കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി ധാന്യ വിലക്കയറ്റം അജന്‍ഡയാക്കി ചര്‍ച്ചചെയ്തിരുന്നു. എപിഎല്‍ ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ശരദ് പവാര്‍ സൂചന നല്‍കിയതുമാണ്. പൊതുവിതരണ സംവിധാനത്തിലൂടെ എപിഎല്‍ വിഭാഗത്തിന് കൂടുതല്‍ ഭക്ഷ്യധാന്യം നല്‍കുമെന്നും അതിനവര്‍ കൂടുതല്‍ പണം മുടക്കേണ്ടിവരുമെന്നുമാണ് മന്ത്രി പറഞ്ഞത്. രാജ്യത്തെ ശതകോടീശ്വരന്മാര്‍ക്ക് പരവതാനി വിരിക്കാനും കോര്‍പറേറ്റുകള്‍ക്ക് ശതകോടികള്‍ നല്‍കാനും മടികാട്ടാതിരിക്കുന്നവര്‍ക്ക് പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തില്‍ കൈയിട്ടുവാരാന്‍ ഒട്ടും മടി തോന്നുന്നില്ല.
വിലക്കയറ്റത്തിന്റെ പേരില്‍ സംസ്ഥാന നിയമസഭയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ബഹളംവച്ച പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായം പറയേണ്ട വിഷയമാണിത്. ധാന്യവില വര്‍ധിപ്പിക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? ദാരിദ്ര്യത്തിന്റെ അളവുപോലും തോന്നുംപടി നിശ്ചയിച്ച് പാവപ്പെട്ടവരുടെ കഞ്ഞികുടി മുട്ടിക്കുന്ന നിങ്ങള്‍തന്നെ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കുറഞ്ഞ വിലയ്ക്ക് പാവങ്ങള്‍ക്ക് അരി നല്‍കുന്നതിനെ അപഹസിക്കുകയല്ലേ? കള്ളം പറഞ്ഞും പ്രചരിപ്പിച്ചും ദീര്‍ഘകാലം നില്‍ക്കാമെന്ന് കരുതുന്നില്ലെങ്കില്‍ എപിഎല്‍ അരിവില വര്‍ധനയടക്കം ജനജീവിതം പ്രയാസകരമാക്കുന്ന തീരുമാനങ്ങളില്‍നിന്ന് യുപിഎ സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ യുഡിഎഫ് മുന്നിട്ടിറങ്ങണം. ഈ ആവശ്യമുന്നയിച്ച് ഇടതുപക്ഷ കക്ഷികള്‍ അഖിലേന്ത്യാവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തോടും ഉന്നയിക്കുന്ന ആവശ്യങ്ങളോടും യുഡിഎഫിന്റെ സമീപനം എന്ത് എന്നു വ്യക്തമാക്കണം. എപിഎല്‍ അരിവില വര്‍ധിപ്പിക്കാനുള്ള നീക്കം പരിപൂര്‍ണമായി നിര്‍ത്തിവയ്ക്കാന്‍ യുപിഎ സര്‍ക്കാരിനെ നിര്‍ബദ്ധമാക്കാനുള്ളതുകൂടിയായി ഇടതുപക്ഷത്തിന്റെ രാജ്യവ്യാപക പ്രക്ഷോഭം മാറേണ്ടതുണ്ട്.
ദേശാഭിമാനി മുഖപ്രസംഗം 230310
ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള (എപിഎല്‍) റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുന്ന ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള ഭക്ഷ്യമന്ത്രാലയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാന്‍ പോകുന്നു. കിലോഗ്രാമിന് 8.30 രൂപയ്ക്ക് നല്‍കുന്ന അരിക്ക് 15.37 രൂപയായും ഗോതമ്പിന് 6.10 ഉള്ളത് 11 രൂപയായും വര്‍ധിപ്പിക്കാനാണ് നീക്കം. ഇന്ന് നിലനില്‍ക്കുന്ന പരിമിതമായ പൊതുവിതരണ സമ്പ്രദായത്തിന്റെ ശ്വാസവും മുട്ടിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നതെന്നര്‍ഥം. വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ വിപണിയില്‍ ഇടപെട്ട് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ളതാണ് പൊതുവിതരണ സമ്പ്രദായം. അതിനെ ശക്തിപ്പെടുത്തേണ്ടത് ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍ക്കാരാണ്. ഇവിടെ, അങ്ങനെയുള്ള സര്‍ക്കാര്‍ എന്താണോ ചെയ്യേണ്ടത്, അതിനു വിപരീതമായ പ്രവൃത്തിയാണ് യുപിഎയില്‍നിന്നുണ്ടാകുന്നത്.
ReplyDelete