Friday, March 26, 2010

ആയുധക്കുത്തകകള്‍ക്ക് പരവതാനിയോ?

ലോകത്തെ ആയുധ വ്യവസായക്കുത്തകകള്‍ക്ക് ഇന്ത്യയിലേക്കുള്ള വാതിലുകള്‍ തുറക്കപ്പെടുന്നു. ഇന്ത്യയില്‍ പടുകൂറ്റന്‍ യുദ്ധോപകരണ നിര്‍മാണശാലകള്‍ സ്ഥാപിച്ച് ആയുധങ്ങളുണ്ടാക്കി ഇന്ത്യക്ക് പുറത്തേക്കടക്കം വില്‍പ്പന നടത്താനുള്ള സൌകര്യം ആയുധഭീമന്മാര്‍ക്ക് ചെയ്തുകൊടുക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് വാര്‍ത്തകള്‍ വന്നിട്ടുള്ളത്. യുദ്ധ വ്യവസായത്തിനായി നൂറുശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള കരടുശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. വാണിജ്യ മന്ത്രാലയത്തില്‍ രൂപംകൊണ്ട ഇതുസംബന്ധിച്ച രേഖ കേന്ദ്രക്യാബിനറ്റ് സെക്രട്ടറിയറ്റിന്റെ പരിഗണനയിലാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ആയുധ നിര്‍മാണരംഗത്തെ 'പരിണതപ്രജ്ഞരായ കളിക്കാര്‍ക്ക്' കടന്നുവരാനുള്ള അവസരം ഒരുക്കാന്‍ എന്ന പേരിലാണ് ഈ നീക്കം. ഈ കമ്പനികളില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമെന്ന ഉറപ്പ് രാജ്യം നല്‍കേണ്ടതില്ലെന്നും രേഖ പറയുന്നു. ആയുധ ഇടപാടുകളിലെ ഇടനിലക്കാരെയും അഴിമതിക്കാരെയും ഒഴിവാക്കാനുള്ള നടപടിയാണ് ഇതെന്ന വിശദീകരണവും വന്നിട്ടുണ്ട്. രാജ്യത്തിന് അനിവാര്യമായ ആവശ്യം വരുമ്പോള്‍ ആയുധ ഫാക്ടറികള്‍ മതിയായ പ്രതിഫലം നല്‍കി ഏറ്റെടുക്കാനും വ്യവസ്ഥചെയ്യുമത്രെ. അതോടൊപ്പം 'ശത്രു'രാജ്യങ്ങള്‍ക്ക് ആയുധം വില്‍ക്കുന്നത് തടയുമെന്നും പറയുന്നു. യഥാര്‍ഥത്തില്‍ വന്‍കിട ആയുധക്കച്ചവടക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും ഇന്ത്യയില്‍ ആധിപത്യമുറപ്പിക്കാനുള്ളതാണ് ഈ നീക്കം. ഇതാകട്ടെ, യുപിഎ നേതൃത്വത്തിന്റെ തീരുമാനമില്ലാതെ വന്ന ഒന്നല്ല.

ജവാഹര്‍ലാല്‍ നെഹ്റുവില്‍നിന്ന് കോണ്‍ഗ്രസ് പരിപൂര്‍ണമായി അകലുകയാണ്. ആയുധ നിര്‍മാണരംഗത്ത് സ്വകാര്യ മേഖലയെ അടുപ്പിക്കരുതെന്നും പൊതുമേഖലയില്‍ യുദ്ധോപകരണങ്ങള്‍ നിര്‍മിക്കട്ടെ എന്നുമാണ് നെഹ്റു എടുത്ത നിലപാട്. പില്‍ക്കാലത്ത് കേന്ദ്ര ഭരണകക്ഷിയുടെ കറവപ്പശുവായി പ്രതിരോധ ഇടപാടുകള്‍ മാറി. സമീപകാലത്ത് ബൊഫോഴ്സ്മുതല്‍ ഉയര്‍ന്നുവന്ന വമ്പന്‍ അഴിമതികളില്‍ ഏറിയ പങ്കും പ്രതിരോധ ഇടപാടുകളിലാണ്. രാജ്യരക്ഷയുടെ സുപ്രധാന ഘടകമാണ് മികവുറ്റ ആയുധങ്ങള്‍. ഇന്ത്യയില്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്ന ആയുധങ്ങള്‍ ഇന്ത്യക്കെതിരെതന്നെ ഉപയോഗിക്കപ്പെടുന്ന അവസ്ഥയാണ് യുദ്ധോപകരണ കുത്തകകള്‍ക്ക് പരവതാനി വിരിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുക.

ഇതൊന്നുമല്ലാതെ തന്നെ അടുത്ത രണ്ടുവര്‍ഷം ഭീമമായ തോതില്‍ ആയുധം വാങ്ങാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറെടുത്തിരിക്കുകയാണ്. ശതകോടി ഡോളറുകളുടെ ഇടപാടിനായി ആഗോളതല ആയുധ വ്യാപാരികള്‍ ന്യൂഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുന്നു. ഇതിന് തുടക്കമായി ആയിരത്തിലേറെ കോടി ഡോളര്‍ ചെലവിട്ട് 126 പോര്‍വിമാനം വാങ്ങുന്നതിന്റെ വിലപേശല്‍ അധികാരകേന്ദ്രങ്ങളില്‍ സജീവമായി നടക്കുന്നുണ്ട്. അമേരിക്കന്‍ സൈനികവ്യവസായ ശൃംഖലയുടെ ദല്ലാളന്മാര്‍ സ്വാധീന-സമ്മര്‍ദ-പ്രലോഭനങ്ങളുമായി ചുറ്റിയടിക്കുന്നു.

നെഹ്റുവിന്റെ കാലമായ 50-60കളില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ പ്രതിരോധ ഇടപാടില്ലായിരുന്നു. ഇരുരാജ്യവും തമ്മില്‍ 2005ല്‍ പ്രതിരോധസഹകരണ കരാര്‍ ഒപ്പിട്ടതോടെയാണ് ഇടപാടുകള്‍ സജീവമായത്. കഴിഞ്ഞവര്‍ഷം ന്യൂഡല്‍ഹി 570 കോടി ഡോളറിന്റെ ആയുധം വാങ്ങിയതോടെ അമേരിക്കയുടെ താല്‍പ്പര്യം വര്‍ധിച്ചു. പുതിയ നീക്കവും അമേരിക്കന്‍ ആയുധക്കുത്തകകള്‍ക്കു വേണ്ടിയുള്ളതാണ്. വന്‍കിട ബിസിനസുകാര്‍ക്കും വിദേശമൂലധനത്തിനും കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന സാമ്പത്തിക നയങ്ങളുടെ ഭാഗവുമാണിത്.

സിപിഐ എം പത്തൊന്‍പതാം പാര്‍ടികോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയതുപോലെ, "കൂടുതല്‍ സ്വകാര്യവല്‍ക്കരണം, വന്‍കിട ബൂര്‍ഷ്വാസിയുടെ മൂലധന കേന്ദ്രീകരണം, സമൂഹത്തിന്റെ എല്ലാ മേഖലകളിലും വിദേശമൂലധനത്തിന്റെ കടന്നുകയറ്റം'' - ഇതാണ് നവലിബറല്‍ നയങ്ങള്‍ കൊണ്ടുണ്ടായത്.

ടെലികോമില്‍ 74 ശതമാനം വിദേശ മൂലധനം, ഇന്‍ഷുറന്‍സിലും ബാങ്കിങ്ങിലും വിദേശ മൂലധന നിക്ഷേപം വര്‍ധിപ്പിക്കാനുള്ള യത്നം, ചില്ലറ വ്യാപാരത്തില്‍ ഭാഗികമായി വിദേശ മൂലധനത്തെ പ്രവേശിപ്പിക്കല്‍, കെട്ടിട വ്യാപാരത്തില്‍ വിദേശ മൂലധന നിക്ഷേപം, പൂര്‍ണമായ ക്യാപിറ്റല്‍ അക്കൌണ്ട് പരിവര്‍ത്തനം, കൃഷിയെ കോര്‍പറേറ്റ് രൂപത്തിലാക്കലും കരാര്‍ കൃഷിയും, ഭക്ഷ്യധാന്യ ശേഖരണം അവസാനിപ്പിക്കാനും ഭക്ഷ്യധാന്യ വ്യാപാരം സ്വകാര്യവല്‍ക്കരിക്കാനുമുള്ള യത്നങ്ങള്‍, ലാഭകരമായി നടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനുള്ള ശ്രമങ്ങള്‍, ഉന്നത വിദ്യാഭ്യാസത്തില്‍ വിദേശ മൂലധനത്തെ പ്രവേശിപ്പിക്കാനുള്ള ശ്രമം എന്നിവയുടെയെല്ലാം തുടര്‍ച്ചയും ഉയര്‍ന്ന രൂപവുമാണ് വിദേശ ആയുധക്കമ്പനികള്‍ക്ക് പരിപൂര്‍ണ നിക്ഷേപ സ്വാതന്ത്ര്യം നല്‍കാനുള്ള നീക്കം.

ലോകത്താകെയുള്ള ആയുധ നിര്‍മാതാക്കളില്‍ പാതിയിലേറെയും അമേരിക്കയിലാണ്. അമേരിക്കന്‍ ആയുധക്കുത്തകകളാണ് ആ രാജ്യത്തിന്റെ വിദേശ നയവും എവിടെയൊക്കെ യുദ്ധം സൃഷ്ടിക്കണം എന്നതുപോലും നിശ്ചയിക്കുന്നത്. ആണവ സഹകരണ കരാറെന്നപോലെ, ആയുധ നിര്‍മാതാക്കള്‍ക്ക് ലാഭമുണ്ടാക്കാനുള്ള കരാറുകള്‍ക്കായി പ്രചാര-ക്യാന്‍വാസിങ് പ്രവര്‍ത്തനം നടത്താന്‍ അമേരിക്കന്‍ വിദേശസെക്രട്ടറിമാര്‍ ലോകം ചുറ്റാറുണ്ട്. പുതിയ നീക്കത്തിനുപിന്നിലും അത്തരം അമേരിക്കന്‍ സമ്മര്‍ദമാണെന്നത് മറച്ചുവയ്ക്കാവുന്ന വസ്തുതയല്ല. ഇരുവശവും മൂര്‍ച്ചയുള്ള ആയുധമാണ് പുതിയ നീക്കം. ഒന്നാമത്തെ മുറിവേല്‍ക്കുക രാജ്യത്തിന്റെ സുരക്ഷയ്ക്കുതന്നെയാണ്. അടുത്തത് സമ്പത്തിനും അതിലൂടെ ജനകോടികളുടെ ജീവിതത്തിനും. എത്രതന്നെ ന്യായീകരണം നിരത്തിയാലും പൊറുക്കാവുന്ന നീക്കമല്ലിത്. ജനങ്ങളുടെ കടുത്ത പ്രതികരണം ഉയര്‍ന്നേ തീരൂ. കേരളത്തില്‍ എട്ടു പുതിയ പൊതുമേഖലാ വ്യവസായം ഒരുവര്‍ഷത്തിനകം ആരംഭിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ തീരുമാനിച്ച ഘട്ടത്തില്‍ത്തന്നെ മര്‍മപ്രധാനമായ ആയുധ നിര്‍മാണ മേഖലയില്‍ വിദേശഭീമന്മാരെ ക്ഷണിച്ചുകൊണ്ടുവന്ന് ആദരിക്കാന്‍ കേന്ദ്ര യുപിഎ സര്‍ക്കാര്‍ നീങ്ങുന്നതിലൂടെ രണ്ടു നയങ്ങള്‍ തമ്മിലുള്ള അന്തരം ഒന്നുകൂടി വ്യക്തമാകുന്നു.

ദേശാഭിമാനി മുഖപ്രസംഗം 260310

2 comments:

  1. ലോകത്തെ ആയുധ വ്യവസായക്കുത്തകകള്‍ക്ക് ഇന്ത്യയിലേക്കുള്ള വാതിലുകള്‍ തുറക്കപ്പെടുന്നു. ഇന്ത്യയില്‍ പടുകൂറ്റന്‍ യുദ്ധോപകരണ നിര്‍മാണശാലകള്‍ സ്ഥാപിച്ച് ആയുധങ്ങളുണ്ടാക്കി ഇന്ത്യക്ക് പുറത്തേക്കടക്കം വില്‍പ്പന നടത്താനുള്ള സൌകര്യം ആയുധഭീമന്മാര്‍ക്ക് ചെയ്തുകൊടുക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് വാര്‍ത്തകള്‍ വന്നിട്ടുള്ളത്. യുദ്ധ വ്യവസായത്തിനായി നൂറുശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള കരടുശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. വാണിജ്യ മന്ത്രാലയത്തില്‍ രൂപംകൊണ്ട ഇതുസംബന്ധിച്ച രേഖ കേന്ദ്രക്യാബിനറ്റ് സെക്രട്ടറിയറ്റിന്റെ പരിഗണനയിലാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ആയുധ നിര്‍മാണരംഗത്തെ 'പരിണതപ്രജ്ഞരായ കളിക്കാര്‍ക്ക്' കടന്നുവരാനുള്ള അവസരം ഒരുക്കാന്‍ എന്ന പേരിലാണ് ഈ നീക്കം. ഈ കമ്പനികളില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമെന്ന ഉറപ്പ് രാജ്യം നല്‍കേണ്ടതില്ലെന്നും രേഖ പറയുന്നു. ആയുധ ഇടപാടുകളിലെ ഇടനിലക്കാരെയും അഴിമതിക്കാരെയും ഒഴിവാക്കാനുള്ള നടപടിയാണ് ഇതെന്ന വിശദീകരണവും വന്നിട്ടുണ്ട്. രാജ്യത്തിന് അനിവാര്യമായ ആവശ്യം വരുമ്പോള്‍ ആയുധ ഫാക്ടറികള്‍ മതിയായ പ്രതിഫലം നല്‍കി ഏറ്റെടുക്കാനും വ്യവസ്ഥചെയ്യുമത്രെ. അതോടൊപ്പം 'ശത്രു'രാജ്യങ്ങള്‍ക്ക് ആയുധം വില്‍ക്കുന്നത് തടയുമെന്നും പറയുന്നു. യഥാര്‍ഥത്തില്‍ വന്‍കിട ആയുധക്കച്ചവടക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും ഇന്ത്യയില്‍ ആധിപത്യമുറപ്പിക്കാനുള്ളതാണ് ഈ നീക്കം. ഇതാകട്ടെ, യുപിഎ നേതൃത്വത്തിന്റെ തീരുമാനമില്ലാതെ വന്ന ഒന്നല്ല.

    ReplyDelete
  2. ഇസ്രയേലിആയുധക്കമ്പനിയിൽ അറബിശൈക്കന്മാരടക്കം പങ്കാളികളാണ് പിന്നെയല്ലേ ഇത്.ലോകത്തെവിടെയുമുള്ള സർക്കാർ നാമത്തിലോ മറ്റേതു പേരിലുമോ ഉള്ള സകല അയുധ നിർമ്മാണക്കമ്പനികളിലും ഹൈന്ദവമുസ്ലിംക്രൈസ്തവ നാമധാരികളായ രാജ്യദേശാധീതരായ ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാർ പങ്കാളികളാണ്.ലോകത്തെവിടെവിടെയായാലും അവരുടെ ആയുധങ്ങൾകൊണ്ട് ചുട്ടുചാമ്പലാക്കുന്നത് നമ്മൾ പാവങ്ങളുടെയും സാധാരണക്കാരന്റെയും ജീവനും സ്വത്തും മാത്രമാണ്. സർവ്വജനാവകാശ സമ്പത്തു മുഴുക്കെ കൊള്ളയടിക്കുന്ന അവരുടെ യഥാർത്ഥ ഭയം ജനങ്ങൾ എന്നെങ്കിലും സത്യം തിരിച്ചരിഞ്ഞ് ഒറ്റക്കെട്ടായവരുടെ തന്ത്രം പൊളിക്കുമോ എന്നതാണ്.വിവിധ രാജ്യങ്ങൾ ആയുധം വാങ്ങിക്കൂട്ടുന്നു എന്നത് ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാർക്കാവശ്യാനുസരണം അഴിമതിവൈറസ് വാഹകരെ ഉല്പാദിപ്പിക്കുന്ന ഒരു പ്രക്രിയ കൂടിയാണ്.അതൊടൊപ്പം തന്നെ സാധരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളുടെ ദാരിദ്ര്യവും ദുർബ്ബലതകളും ദുരിതങ്ങളും വർദ്ധിപ്പിക്കലും കൂടി സദ്ധ്യമാക്കുന്നു.

    യദാർത്ഥവരുമനത്തിന്റെ ഒരുശതമാനം പോലും നികുതികൊടുക്കാതെ സർവ്വജനാവകാശസമ്പത്തുമുഴുക്കെ കയ്യടക്കി ചൂഷണം ചെയ്യുന്ന ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാർ, ശമ്പളനികുതി മുതൽ ഉപ്പുതൊട്ട് കർപ്പൂരം വരേക്കുള്ളതിനടക്കം നൂറു ശതമാനം നികുതി കൊടുക്കുന്ന സാധരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളുടെ ക്ഷേമത്തിനുപയോഗിക്കാനുള്ള ഖജനാവിലെ പണംകൊണ്ട് അവരെത്തന്നെ കൊല്ലാനുള്ള ആയുധങ്ങൾ വാങ്ങിപ്പിച്ച് അവരുടെമാത്രം നികുതികൊണ്ട് ശമ്പളം കൊടുക്കുന്ന സുരക്ഷാസൈന്യത്തെക്കൊണ്ട് അവരെത്തന്നെ കൊന്നൊതുക്കുന്നു. ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാരുടെ ആവശ്യം പോലെ, തീവ്രഭീകര മുദ്രചാർത്തി സ്വദേശികളേയും ശത്രുപക്ഷമെന്നു പറഞ്ഞു വിദേശികളേയും ബോംബിട്ടു തകർക്കുന്നു.സത്യത്തിൽ എവിടെയായാലും തകരുന്നത് സാധരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളുടെ മാത്രം ജീവനും സ്വത്തുമാണ് പട്ടാളക്കാരുടേതായാലും പാവപ്പെട്ടവരുടേതായാലും, അതാണ് സത്യം. ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാർക്കും സിൽബന്ദികൾക്കും അവരുടെ വേട്ടച്ഛെന്നായ്ക്കൾക്കും യാതൊന്നും നഷ്ട്ടപ്പെടുന്നില്ല,അവരുടെ മാത്രം കുറേശത്രുക്കളല്ലാതെ.


    സാധരണക്കാരും പാവപ്പെട്ടവരുമായ 90ശതമനത്തിലേറെ ജനങ്ങളെ കാലാകാലം ഭിന്നിപ്പിച്ചു പരസ്പരശത്രുക്കളാക്കാൻ അവർ ലോകം മുഴുക്കെ വഞ്ചകമതരാഷ്ട്രീയനേതാക്കളേയും, വിഷപ്രചാരകമാധ്യമങ്ങളേയും, ഉദ്ദ്യോഗസ്ത ദുഷ് പ്രഭുത്വങ്ങളേയും, കിരാതഭരണ പങ്കാളികളേയും ബിൻലാദൻ സദ്ദാം പ്രഭാകരൻ ഭിന്ദ്രൻ താക്കറേ മിലൊസേവിച് മോടി ദാവൂദ് തൊഗാടിയ മുതലായ വേട്ടച്ചെന്നായ്ക്കളേയും പ്രലോഭനങ്ങളിലൂടെയും ഭീഷണികളിലൂടെയും ഉല്പാദിപ്പിക്കുന്നു.അൽഖൈദ , ആർ എസ് എസ് , എൽ ഇ ടി , മൊസാദ് ,എൽ ടി ടി ഇ, തുടങ്ങിയ സംഘ ങ്ങളുണ്ടാക്കി തിരിച്ചറിവില്ലാത്ത പാവങ്ങളെ വ്യാമോഹിപ്പിച്ച് വിഷവിദ്ദ്വേഷ ബാധിതരായ ചാവേറുകളാക്കുന്നു. കലാപങ്ങളും സ്ഫോടനങ്ങളും നടത്തി സാധാരണക്കാരുടേയും പവപ്പെട്ടവരുടേയും ജീവനും സ്വത്തും കൊന്നൊടുക്കി നിരപരാധികളിൽ ഭീകരത ആരോപിച്ചു നിരന്തരം കലാപങ്ങളുണ്ടാക്കി മതങ്ങളായും ജാതികളായും ഗോത്രങ്ങളായും വർഗ്ഗങ്ങളായും പർട്ടികളായും ഭിന്നിപ്പിച്ചു ദുർബ്ബലാവസ്തയിൽ കാലാകാലം തളച്ചിടുന്നു..ചിലയിടങ്ങളിൽ ആഠംബരങ്ങളും അസാന്മാർഗ്ഗികതയും കൊണ്ട് മരവിപ്പിച്ചു നിർത്തുന്നു.
    .അച്ചടക്കരാഹിത്യമോ അനുസരണക്കേടോ തിരിച്ചറിവോ ധിക്കാരമോ കാണീക്കുന്ന സ്വന്തം പങ്കാളികളായാലും സിൽബന്ദികളായാലും ആരായാലും അവർക്ക് സദ്ദാമിന്റെ അവസ്ഥയായിരിക്കും.അമേരിക്കൻ പ്രസിഡന്റായാലും കൊന്നുകളഞ്ഞ് ഘാതകനെ മനോരോഗിയാക്കും.അതാണ് ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാർ.

    ReplyDelete