സാധാരണക്കാര്‍ക്കുമേല്‍ നികുതി അടിച്ചേല്‍പ്പിക്കില്ല: ഐസക്
എത്ര പ്രയാസം നേരിടേണ്ടിവന്നാലും സാധാരണക്കാര്‍ക്കു മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് വ്യക്തമാക്കി. ബജറ്റ് അവതരണത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റ് കേന്ദ്രത്തിനും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സംസ്ഥാനസര്‍ക്കാരുകള്‍ക്കുമുള്ള മറുപടിയാണ്. നികുതി വര്‍ധിപ്പിച്ച് വരുമാനമാര്‍ഗം കണ്ടെത്താനാണ് കേന്ദ്രസര്‍ക്കാരും ധനകമീഷനും ആവശ്യപ്പെടുന്നത്. ഇതിന് കേരളം തയ്യാറല്ല. സാധാരണക്കാര്‍ക്കുമേല്‍ നികുതിഭാരം ചുമത്താതെ വിഭവസമാഹരണം നടത്തും. ഡാമുകളിലെ മണല്‍ നീക്കം ചെയ്യുന്നതുവഴി 600 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. ഒരു കാലത്തുമില്ലാത്ത വിധത്തില്‍ മൂലധനച്ചെലവ് കൂടിയതാണ് ഈ ബജറ്റിന്റെ പ്രധാന പ്രത്യേകത. മൂലധനച്ചെലവ് മൂന്നു മടങ്ങ് വര്‍ധിച്ചു. ഇത് കേരളത്തിന്റെ വികസനമുഖച്ഛായ മാറ്റും.
2010-11 വന്‍ മുതല്‍മുടക്കിന്റെ വര്‍ഷമാകും. യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ മുഖം തിരിക്കാതെ പ്രതിപക്ഷം സര്‍ക്കാരുമായി സഹകരിക്കണം. ധനകമീഷനും കേന്ദ്രവും നിഷേധ നിലപാട് സ്വീകരിച്ചിട്ടും സംസ്ഥാനത്തെ ഒരു ക്ഷേമപ്രവര്‍ത്തനവും മുടക്കിയിട്ടില്ല. സംസ്ഥാനത്തെ പകുതി കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി ലഭിക്കുകയാണ്. അവര്‍ക്ക് 70,000 രൂപവരെ ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തി. ഉന്നത വിദ്യാഭ്യാസരംഗത്തെ പുനഃസംഘടനയാണ് ബജറ്റിലെ മറ്റൊരു സവിശേഷത. സര്‍വകലാശാലാ വിദ്യാഭ്യാസത്തില്‍ കാതലായ അഴിച്ചുപണിയാണ് ലക്ഷ്യമാക്കുന്നത്. യുഡിഎഫ് ഭരണത്തില്‍ സര്‍വകലാശാലകള്‍ക്കുള്ള പദ്ധതിയിതരവിഹിതത്തില്‍ ഒരു വര്‍ധനയും വരുത്തിയിരുന്നില്ല. ആ നിലപാട് മാറ്റി. ഈ ബജറ്റ് ഇടതുപക്ഷത്തിന് ബഹുജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെല്ലാനുള്ള ഇടം സൃഷ്ടിക്കുമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.
ക്ഷേമം ഹരിതം
പട്ടിണിയും ദാരിദ്ര്യവും അകറ്റാന്‍ ഭാവനാപൂര്‍ണമായ പദ്ധതികള്‍. കാര്‍ഷികമേഖലയിലെ അഭിവൃദ്ധിക്ക് ബൃഹദ് പരിപാടി. പരിസ്ഥിതി സംരക്ഷണത്തിനും വനിതാ ക്ഷേമത്തിനും രാജ്യത്തിനാകെ മാതൃകയാകുന്ന പദ്ധതികള്‍. ധനമന്ത്രി ഡോ. തോമസ് ഐസക് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച 2010-11ലെ ബജറ്റ് ക്ഷേമ-വികസന പദ്ധതികള്‍കൊണ്ട് സമ്പന്നം. തന്റെ ബജറ്റിനെ പച്ചയും ചുവപ്പുമെന്നാണ് ധനമന്ത്രി വിശേഷിപ്പിച്ചത്. പച്ച പരിസ്ഥിതി അവബോധത്തെ സൂചിപ്പിക്കുന്നെങ്കില്‍ സാമൂഹ്യനീതിയുടെ നിറമാണ് ചുവപ്പ്-വൈലോപ്പിള്ളിയുടെ കവിത ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക പരിമിതി കടക്കാനുള്ള വിഭവസമാഹരണം ലക്ഷ്യമാക്കുന്ന ബജറ്റിലെ ക്ഷേമപരിപാടികളില്‍ ഏറ്റവും പ്രധാനം 35 ലക്ഷം കുടുംബത്തിന് രണ്ടു രൂപയ്ക്ക് അരി നല്‍കുന്നതാണ്. ബിപിഎല്‍-എപിഎല്‍ വ്യത്യാസമില്ലാതെ രണ്ടു രൂപയ്ക്ക് അരിനല്‍കാന്‍ 500 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. രണ്ടു രൂപയുടെ അരിക്ക് അര്‍ഹതയുള്ള കുടുംബത്തിനെല്ലാം ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകും.
കര്‍ഷകത്തൊഴിലാളി, കയര്‍, കശുവണ്ടി, കൈത്തറി, ചെറുകിട തോട്ടം, ഈറ്റ, ഖാദി തുടങ്ങിയ മേഖലകളിലെ എല്ലാ കൂലിപ്പണിക്കാര്‍ക്കും ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ 50 ദിവസം പണിയെടുത്തിട്ടുള്ളവര്‍ക്കും രണ്ടു രൂപയ്ക്ക് അരി ലഭിക്കും. എല്ലാ ക്ഷേമ പെന്‍ഷനുകളും 300 രൂപയായി ഉയര്‍ത്തും. കാര്‍ഷികമേഖലയ്ക്ക് 622 കോടി രൂപയാണ് വകയിരുത്തല്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വര്‍ധന. ഭക്ഷ്യസുരക്ഷാപരിപാടിക്ക് 130 കോടി രൂപ. 31,181 കോടി രൂപ റവന്യൂ വരവും 34,810 കോടി രൂപ റവന്യൂ ചെലവും കണക്കാക്കുന്ന ബജറ്റ് 3630 കോടി രൂപയുടെ റവന്യൂ കമ്മി കാണിക്കുന്നു. സംസ്ഥാന വരുമാനത്തിന്റെ 1.48 ശതമാനമാണ് റവന്യൂ കമ്മി-8543 കോടി രൂപ. ധനകമ്മി സംസ്ഥാന വരുമാനത്തിന്റെ 3.49 ശതമാനമേ വരൂ എന്നും ധനമന്ത്രി പറഞ്ഞു. റവന്യൂ കമ്മിയും വായ്പയും അടങ്ങുന്നതാണ് ധനകമ്മി. മൊത്തം ബജറ്റ് കമ്മി 577 കോടി രൂപ.
പരിസ്ഥിതിസംരക്ഷണം: 1000 കോടിയുടെ ഹരിതഫണ്ട്
പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കാന്‍ ആയിരം കോടി രൂപയുടെ ഹരിതഫണ്ട് സ്വരൂപിക്കും. ഇതിന് നൂറ് കോടി രൂപ വകയിരുത്തി. നാശോന്മുഖമായ വനങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ആവശ്യമെങ്കില്‍ പൊന്നുംവിലയ്ക്ക് ഭൂമി ഏറ്റെടുത്ത് വനപ്രദേശങ്ങളെ സംയോജിപ്പിക്കാനും ഹരിതഫണ്ട് ഉപയോഗിക്കും. സ്വകാര്യവ്യക്തികളുടെ കൈവശമുള്ള കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാന്‍ നിശ്ചിതതുക വര്‍ഷംതോറും നല്‍കും. കാവുകള്‍ക്കും വിസ്തൃതി അടിസ്ഥാനത്തില്‍ ധനസഹായം നല്‍കും. സ്വാഭാവിക പക്ഷിസങ്കേതങ്ങള്‍ സംരക്ഷിക്കാന്‍ വായനശാലകള്‍, പരിസ്ഥിതിക്ളബ്ബുകള്‍ എന്നിവയ്ക്ക് വാര്‍ഷിക ഗ്രാന്റ് നല്‍കും. കടലാമ പ്രജനന കേന്ദ്രങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുന്ന ക്ളബ്ബുകള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും സഹായം നല്‍കും. ജൈവവൈവിധ്യസംരക്ഷണത്തിന് വനംവകുപ്പിന് നീക്കിവച്ച രണ്ടു കോടിക്കു പുറമെ ആവശ്യമുള്ള തുകയും ഹരിതഫണ്ടില്‍നിന്ന് നല്‍കും. പുരയിടങ്ങളിലെ ജൈവവൈവിധ്യപോഷണത്ത്ിന് രണ്ടു വര്‍ഷംകൊണ്ട് പത്തു കോടി മരം നടുന്ന സമഗ്രപദ്ധതി നടപ്പാക്കും. നൂറ് കോടിയാണ് ഇതിന്റെ നീക്കിയിരിപ്പ്.
കാര്‍ഷികാഭിവൃദ്ധിക്ക് ഊന്നല്‍
കര്‍ഷകരോടുള്ള പ്രതിബദ്ധത എടുത്തുകാട്ടിയ സംസ്ഥാന ബജറ്റ് ഭക്ഷ്യസുരക്ഷാപരിപാടി നടപ്പാക്കാനുള്ള ഇച്ഛാശക്തിയും പ്രകടമാക്കി. കാര്‍ഷികമേഖലയ്ക്ക് ബജറ്റ് വിഹിതത്തില്‍ 50 ശതമാനം വര്‍ധന. ഭക്ഷ്യസുരക്ഷാപരിപാടിക്കായി മാത്രം 130 കോടി രൂപ വകയിരുത്തി. അര്‍ഹരായ മുഴുവന്‍ കൃഷിക്കാര്‍ക്കും ഒരുവര്‍ഷത്തിനകം കിസാന്‍ ക്രെഡിറ്റ്കാര്‍ഡ്, നാളികേര വികസനത്തിന് 30 കോടി, പച്ചക്കറി വികസനത്തിന് 100 കോടി, അടയ്ക്കാകര്‍ഷകര്‍ക്ക് 10 കോടിയുടെ പാക്കേജ് തുടങ്ങി വിവിധ കാര്‍ഷിക വിളകള്‍ക്ക് പരിരക്ഷ നല്‍കുന്ന പദ്ധതികളാല്‍ സമൃദ്ധമാണ്. കുട്ടനാട് പാക്കേജിന് 35 കോടി സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി മാറ്റിവച്ചു. ആസിയന്‍ കരാറിന്റെ ആഘാതമേറ്റുവാങ്ങുന്ന കാര്‍ഷികമേഖല സംരക്ഷിക്കാനുള്ള പദ്ധതികളാണ് മറ്റൊരു സവിശേഷത. നെല്ല്, പച്ചക്കറി എന്നിവയുടെ ഉല്‍പ്പാദനത്തിലും വിളയിറക്കലിലും ഗണ്യമായ വളര്‍ച്ച കൈവരിക്കാനായത് വിശദീകരിച്ചാണ് കൃഷിക്ക് മികച്ച പരിഗണന ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ പരിപാടിക്ക് കഴിഞ്ഞവര്‍ഷത്തേതില്‍നിന്ന് ഇരട്ടിതുകയാണ് ഇക്കുറി നല്‍കിയിരിക്കുന്നത്. നെല്ലുസംഭരണം, മണ്ണുജല സംരക്ഷണ പ്രവര്‍ത്തനം എന്നിവയുള്‍പ്പെടെ നെല്‍ക്കൃഷിക്ക് 500 കോടിയോളംവരും വകയിരുത്തല്‍. കൂടാതെ നെല്ലുസംഭരണത്തിനായി സഹകരണമേഖലയ്ക്ക് 13 കോടി രൂപ മാറ്റിവച്ചിട്ടുമുണ്ട്. നെല്ലുല്‍പ്പാദനം കേന്ദ്രീകരിച്ച 75-80 പഞ്ചായത്തുകള്‍ക്കായി സമഗ്രപരിപാടിയുമുണ്ട്.
തേങ്ങാസംഭരണത്തിന് 10 കോടി രൂപയാണുള്ളത്. കുരുമുളക് പുനരുദ്ധാരണത്തിനും കൃഷിസംരക്ഷണത്തിനും ആറ് കോടിയുണ്ട്. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും 376 കോടി രൂപയാണ്. ചെറുകിട ജലസേചനത്തിനുമാത്രം 78.79 കോടി രൂപയാണുള്ളത്. മലപ്പുറം-പാലക്കാട് ജില്ലകള്‍ക്ക് പ്രധാനമായ ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഈ വര്‍ഷം ഉദ്ഘാടനം ചെയ്യാനാകുമെന്ന പ്രഖ്യാപനത്തോടൊപ്പം 61കോടിരൂപ നീക്കിവച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് നേരിടുന്ന ഭീഷണിയും അതിലുള്ള ആശങ്കയും ബജറ്റില്‍ പ്രതിപാദിച്ചിട്ടുണ്ട്. പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള പഠനത്തിന് 10 കോടി രൂപയും മാറ്റിവച്ചു. മണ്ണ്-ജല സംരക്ഷണത്തിന് മുന്‍വര്‍ഷത്തേക്കാള്‍ 9 കോടി കൂട്ടി 36 കോടിയാക്കി. പശ്ചിമഘട്ട വികസനത്തിന് 30 കോടി രൂപയും. ഇതിന്റെ ഭാഗമായി മാതൃകാ ജൈവവൈവിധ്യ പാര്‍ക്ക് സ്ഥാപിക്കാനുള്ള നിര്‍ദേശവുമുണ്ട്. മൃഗസംരക്ഷണത്തിന് 44 കോടി രൂപയുടെ വര്‍ധനയാണുണ്ടായത്. മൃഗാശുപത്രി-ലാബുകളുടെ ആധുനികവല്‍ക്കരണത്തിന് 23 കോടിയും. കൂടാതെ ഈ മേഖലയിലെ പൊതുമേഖലാസ്ഥാപനങ്ങളുടെ ആധുനികവല്‍ക്കരണത്തിന് 15 കോടി മാറ്റിവച്ചു. കാലിത്തീറ്റ സബ്സിഡി, കന്നുകാലി ഇന്‍ഷുറന്‍സ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഡെയ്റിമേഖലയ്ക്ക് തുക ഇരട്ടിയാക്കി 22 കോടിയാക്കി ഉയര്‍ത്തി. പ്രാഥമിക പാല്‍സംഘങ്ങള്‍ക്കാണ് ഇതില്‍ 10.6 കോടിയും. ഡെയ്റിഫാം പ്രോത്സാഹനത്തിന് 6 കോടിയുണ്ട്.
പൊതുമേഖലയില്‍ 8 പുതിയ വ്യവസായം
ഈ വര്‍ഷം എട്ട് പൊതുമേഖലാസ്ഥാപനം ആരംഭിക്കുമെന്നതടക്കം വ്യവസായമേഖലയ്ക്ക് വന്‍ പരിഗണനയും തുകയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 125 കോടി മുതല്‍മുടക്കിലാണ് പുതിയ എട്ട് പൊതുമേഖലാസ്ഥാപനം തുടങ്ങുക. 36 കോടി മുതല്‍മുടക്കില്‍ കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ്മില്‍, കണ്ണൂരില്‍ ഹൈടെക് നെയ്ത്ത്ഫാക്ടറി (20 കോടി), കാസര്‍കോട്ട് പുതിയ ടെക്സ്റൈല്‍മില്‍ (16 കോടി), 12 കോടിവീതം മുടക്കി കണ്ണൂരില്‍ ട്രാക്കോ കേബിള്‍യൂണിറ്റ്, സിഡ്കോയുടെ കോഴിക്കോട് ടൂള്‍റൂം, കുറ്റിപ്പുറത്ത് കെല്‍ട്രോ യൂണിറ്റ്, ഷൊര്‍ണൂരില്‍ ഫോര്‍ജിങ് യൂണിറ്റ്, അഞ്ചു കോടി ചെലവില്‍ പാലക്കാട് യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന്റെ മീറ്റര്‍ ഫാക്ടറി എന്നിവയാണ് പുതുതായുള്ള ഫാക്ടറികള്‍. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപന ഓഹരി വിറ്റഴിക്കുമ്പോഴാണ് സംസ്ഥാനസര്‍ക്കാര്‍ ബദല്‍നിലപാട് ബജറ്റില്‍ പ്രകടിപ്പിച്ചിരിക്കുന്നത്. പൊതുമേഖലാ നവീകരണത്തിന് 275 കോടിയാണ് ബജറ്റ് വിഹിതം. കെഎംഎംഎല്‍ നവീകരണത്തിന് 100 കോടി മാറ്റിവച്ചു. കോഴിക്കോട്ടെ തിരുവണ്ണൂര്‍ മലബാര്‍ സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലിന്റെ ശേഷി ഇരട്ടിയാക്കാന്‍ 15 കോടിയുണ്ട്. കേരള സോപ്സില്‍ പുതിയ പ്രൊഡക്ഷന്‍ യൂണിറ്റിന് അഞ്ചുകോടിയും അനുവദിച്ചു. കെല്ലിന്റെ നവീകരണത്തിന് 30 കോടിരൂപയുണ്ട്. ട്രാവന്‍കൂര്‍ കൊച്ചിന്‍കെമിക്കല്‍സിന് നവീകരണപ്രവര്‍ത്തനത്തിനുള്ള ബജറ്റ്വിഹിതം 51 കോടിരൂപയാണ്. ഓട്ടോകാസ്റില്‍ സ്റീല്‍ കാസ്റിങ് ലൈന്‍ (10 കോടി), കെഎസ്ഡിപിയുടെ സമ്പൂര്‍ണ നവീകരണവും പുതിയ പ്രൊഡക്ഷന്‍ലൈനും (34 കോടി), തിരുവനന്തപുരം സ്പിന്നിങ് മില്ലിന്റെ കപ്പാസിറ്റി ഇരട്ടിയാക്കല്‍ (അഞ്ചു കോടി), ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് നവീകരണം (25 കോടി) എന്നിവിടങ്ങളിലാണ് തുക അനുവദിച്ചിരിക്കുന്നത്. കെഎസ്ഐഡിസിക്ക് 55 കോടിയുമുണ്ട്. കഴക്കൂട്ടത്ത ലൈഫ്സയന്‍സ് പാര്‍ക്ക്, കൊല്ലം ടൈറ്റാനിയം കോംപ്ളക്സ്, ചീമേനി താപവൈദ്യുതിനിലയം, കിണാലൂര്‍ ഫുട്വെയര്‍പാര്‍ക്ക്, സിറ്റിഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ പ്രോജക്ട്, കൊച്ചി ഫാക്ട് ക്യാമ്പസിലെ അന്തര്‍ദേശീയ എക്സിബിഷന്‍ സെന്റര്‍ എന്നിവ ഈ വര്‍ഷം തുടങ്ങും. വിദേശമലയാളി-സര്‍ക്കാര്‍ സംയുക്തസംരംഭമായ ഇന്‍കെല്ലിന് മൂന്നു കോടിരൂപയാണ് നീക്കിവച്ചിട്ടുള്ളത്.
സ്ത്രീകള്‍ക്കുള്ള പദ്ധതികള്‍ക്ക് 620 കോടി
സ്ത്രീകളുടെ സാമൂഹ്യപദവി ഉയര്‍ത്താനുംസ്ത്രീ-പുരുഷ തുല്യതയ്ക്കും ബജറ്റില്‍ മാതൃകാപരമായ നിര്‍ദേശങ്ങള്‍. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ നൂറാം വാര്‍ഷികവേളയില്‍ അവതരിപ്പിച്ച ബജറ്റിലാണ് സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത്. സ്ത്രീകള്‍മാത്രം ഗുണഭോക്താക്കളായ പദ്ധതികളുടെ അടങ്കല്‍ കുറവാണെന്നു വ്യക്തമായ സാഹചര്യത്തിലാണ് പ്രത്യേക പദ്ധതികള്‍. വാര്‍ഷികപദ്ധതിയുടെ എട്ടരശതമാനം ഇതിനായി നീക്കിവച്ചു. സ്ത്രീകള്‍ക്കായുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കാന്‍ എല്ലാ വകുപ്പിനും പ്രോത്സാഹനം നല്‍കും. കുടുംബശ്രീക്കുള്ള ധനസഹായം 50 കോടിയാക്കി. ഇതില്‍ 20 കോടി ആശ്രയപദ്ധതിക്കാണ്. ബസ്സ്റാന്‍ഡുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് വിശ്രമസ്ഥലവും ടോയ്ലറ്റും ഒരുക്കാന്‍ കെഎസ്ആര്‍ടിസിക്ക് എട്ടു കോടിയും പൊതുമരാമത്തുവകുപ്പിന് രണ്ടരക്കോടിയും നല്‍കി. 160 സിഐ ഓഫീസും 43 ജനമൈത്രി പൊലീസ് സ്റേഷനും സ്ത്രീ സൌഹൃദസ്ഥാപനമാക്കും. രണ്ടു കോടി ചെലവില്‍ വിദ്യാര്‍ഥികള്‍ക്കും തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കുമായി ഹോസ്റലുകള്‍ പണിയും. സ്ത്രീകളുടെ അര്‍ബുദബാധ നേരത്തെ തിരിച്ചറിയാന്‍ ഡിജിറ്റല്‍ മാമോഗ്രഫി സംവിധാനം ഒരുക്കാന്‍ ആര്‍സിസിക്ക് ഏഴു കോടി അനുവദിച്ചു. പീഡിതരായ സ്ത്രീകള്‍ക്ക് അടിയന്തരസഹായം നല്‍കാന്‍ ഒരു കോടി രൂപ നീക്കിവച്ചു. സ്ത്രീകളുടെ ഷോര്‍ട്ട് സ്റേ ഹോമിനായി 1.35 കോടി അനുവദിച്ചു. ജെന്‍ഡര്‍ ബോധവല്‍ക്കരണത്തിന് 3.45 കോടി നീക്കിവച്ചു.
ഐടി രംഗത്ത് ലക്ഷം തൊഴില്‍
ഇന്‍ഫോപാര്‍ക്ക് നേതൃത്വത്തില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഐടി, സ്മാര്‍ട്സിറ്റി പദ്ധതി നടപ്പാക്കും. ഐടി രംഗത്ത് ബഹുമുഖ വികസനപദ്ധതികളാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. ഐടി മേഖലയ്ക്ക് 203 കോടി രൂപ വകയിരുത്തി. ലക്ഷം തൊഴില്‍ നല്‍കാനുള്ള ഇന്‍ഫോപാര്‍ക്ക് പദ്ധതിക്ക് 150 ഏക്കര്‍ ഏറ്റെടുക്കല്‍ ഈ മാസം പൂര്‍ത്തിയാകും. രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. രണ്ടാം ഘട്ടത്തില്‍ വിഴിഞ്ഞം-സിയാല്‍ മാതൃകയില്‍ ബിസിനസ് മോഡല്‍ രൂപീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും ബജറ്റില്‍ പറയുന്നു. സംസ്ഥാന ഐടി മിഷന് 29 കോടിയാണ് വകയിരുത്തിയത്. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റിന് 6.8 കോടി രൂപയുണ്ട്. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ സോഫ്റ്റ്വെയറിന് ഒന്നരക്കോടിയും അനുവദിച്ചിട്ടുണ്ട്. കേന്ദ്രസഹായത്തോടെ തിരുവനന്തപുരത്ത് ഐസിടി അക്കാദമി സ്ഥാപിക്കും. തിരുവനന്തപുരം, കൊച്ചി, ഐടി പാര്‍ക്കുകള്‍, കോഴിക്കോട് ,കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ സൈബര്‍ പാര്‍ക്ക്്, കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് എന്നിവയുടെ വികസനത്തിന് 70 കോടി രൂപയും നീക്കിവച്ചു. കോഴിക്കോട്, ചേര്‍ത്തല, അമ്പലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്ക് 20 കോടി മാറ്റിവച്ചു. സംസ്ഥാന ഡാറ്റാ സെന്ററിന്റെയും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നെറ്റ് വര്‍ക്ക് ഓപ്പറേഷന്‍ സെന്ററുകളുടെയും വികസനത്തിന് 22 കോടിയുണ്ട്. കാക്കനാട്ടെ അതുല്യ ഇന്‍ഫോപാര്‍ക്ക്, കോട്ടയത്തെ ടെക്നോ പാര്‍ക്ക്, കൊരട്ടിയിലെ ഇന്‍ഫോ പാര്‍ക്ക് രണ്ടാംഘട്ടം എന്നിവ ഈ സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കും.
പരമ്പരാഗത വ്യവസായങ്ങള്‍ക്ക് 256 കോടി
ചെറുകിട പരമ്പരാഗത വ്യവസായങ്ങള്‍ക്ക് 256 കോടി രൂപയാണ് ബജറ്റ്വിഹിതം. ഇതില്‍ കയര്‍വ്യവസായത്തിന് നാളിതുവരെയില്ലാത്ത തുക- 82 കോടിയാണ് മാറ്റിവച്ചിരിക്കുന്നത്. കയര്‍ഫെഡിന് 7 കോടിയുമുണ്ട്. കയര്‍സഹകരണസംഘങ്ങള്‍ക്കായി 10 കോടി രൂപയും. കയര്‍ ഉല്‍പ്പന്ന വിലസ്ഥിരതാഫണ്ടിന് 10 കോടിയുമുണ്ട്. കശുവണ്ടിവ്യവസായത്തിന് 52 കോടി രൂപയാണ് മാറ്റിവച്ചത്. കശുവണ്ടിസംഭരണത്തിനു മാത്രം 25 കോടിയുണ്ട്. കശുവണ്ടിത്തൊഴിലാളികളുടെ 2006 വരെയുള്ള ഗ്രാറ്റുവിറ്റി കുടിശ്ശിക സര്‍ക്കാര്‍ ഏറ്റെടുക്കും. കൈത്തറിക്ക് 57 കോടിയാണുള്ളത്. ഹാന്‍ടെക്സ്, ഹാന്‍വീവ് പുനരുദ്ധാരണ പാക്കേജ് ഈ വര്‍ഷം നടപ്പാക്കുമെനും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ഹാന്‍ഡ്ലൂം സയന്‍സ് ടെക്നോളജിക്ക് 50 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ഖാദിമേഖലയ്ക്ക് 8.8 കോടിരൂപ ബജറ്റിലുണ്ട്. കരകൌശലത്തിന് 2.3 കോടിയാണ് വിഹിതം. സെറികള്‍ച്ചറിന് മൂന്നരക്കോടിയും. കെല്‍പാമിന് 50 ലക്ഷം വകയിരുത്തി. ചെറുകിട വ്യവസായങ്ങള്‍ക്കായിമാത്രം 40 കോടിയുണ്ട്. വ്യവസായകേന്ദ്രങ്ങളുടെ പശ്ചാത്തലവികസനത്തിന് അഞ്ചു കോടി മാറ്റിവച്ചു. കിന്‍ഫ്ര 50 വ്യവസായപാര്‍ക്കുകള്‍ ആരംഭിക്കും. 250 കോടിയാണ് ഇതിന്റെ അടങ്കല്‍. തൃശൂരില്‍ ബഹുനില ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റിന് 15 കോടിയുമുണ്ട്. വ്യവസായകേന്ദ്രങ്ങളുടെ പശ്ചാത്തലസൌകര്യവികസനത്തിന് അഞ്ചു കോടി അനുവദിച്ചു. പഴം-പച്ചക്കറി സംസ്കരണ യൂണിറ്റുകള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്. കെഎഫ്സി പ്രവാസികള്‍ക്കായി പ്രത്യേക വായ്പാപദ്ധതി തുടങ്ങും. ഈ വര്‍ഷം കെഎഫ്സി വഴി 750 കോടി വായ്പ ലഭ്യമാക്കും. കെഎസ്എഫ്ഇ ജീവനക്കാര്‍ക്ക് കോട്രിബ്യൂട്ടറി പെന്‍ഷന്‍പദ്ധതിയും നടപ്പാക്കും. കെഎസ്എഫ്ഇ 50 ശാഖ തുടങ്ങും.
3000 കോടിയുടെ നിര്‍മാണം
ഉത്തേജക പാക്കേജിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നത് 3000 കോടി രൂപയുടെ നിര്‍മാണപ്രവൃത്തി. നബാര്‍ഡില്‍നിന്ന് 147 കോടി രൂപ റോഡ് നിര്‍മാണത്തിന് നീക്കിവച്ചു. സെന്‍ട്രല്‍ റോഡ് ഫണ്ടിന്റെ അടങ്കല്‍ 60 കോടി രൂപയാണ്. മേജര്‍ ഡിസ്ട്രിക്ട് റോഡ്സിന്റെ പുനര്‍നിര്‍മാണത്തിന് 72 കോടി വകയിരുത്തി. ആലപ്പുഴയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ബൈപാസ് ഗ്യാപ്പിന് സമാന്തരമായി പുതിയൊരു പാത നിര്‍മിക്കാനും നെഹ്റു ട്രോഫി വാര്‍ഡിലേക്ക് പാലം പണിയുന്നതിനും ആലപ്പുഴ കനാല്‍ ഉപ്പുവെള്ളം കയറ്റി ശുദ്ധീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കുന്നതിനും 10 കോടി രൂപ അനുവദിച്ചു. കോട്ടയം സിറ്റി ഇംപ്രൂവ്മെന്റ് സ്കീമിന് ഒരു കോടി അനുവദിച്ചു. പാലാ ബൈപാസ് റോഡിനും ഒരു കോടിയുണ്ട്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന് സപ്ളിമെന്റി ബജറ്റില്‍ 200 കോടി വകയിരുത്തി. കോര്‍പറേഷന്‍ ഏറ്റെടുത്ത 23 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് 300 കോടി രൂപയിലധികം ചെലവുവരും. ടോള്‍ അടിസ്ഥാനത്തിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക. നടത്തിപ്പിന് സര്‍ക്കാരിന്റെ സബ്സിഡിയുണ്ടാകും.
ജലഗതാഗതത്തിന് 114 കോടി വകയിരുത്തി. ഇതില്‍ കൊല്ലം മുതല്‍ കോട്ടപ്പുറം വരെയുള്ള ദേശീയ ജലപാതയുടെ ഫീഡര്‍ കനാലുകളുടെ നവീകരണത്തിന് 40 കോടി രൂപയുണ്ട്. സ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ടിന് പുതിയ ബോട്ടുകള്‍ വാങ്ങാന്‍ അഞ്ച് കോടി രൂപ നീക്കിവച്ചു. കേരള സ്റേറ്റ് ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ ബാര്‍ജുകളുടെയും ജെട്ടികളുടെയും നവീകരണത്തിന് ആറു കോടി രൂപ വകയിരുത്തി. കൊച്ചിയില്‍ ഫെറി സര്‍വീസിനായി ജന്റം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബോട്ടുകള്‍ വാങ്ങുന്നതിന് പദ്ധതിയായി. വേളി, ആക്കുളം കായലുകളുടെ പരിസ്ഥിതി പുനഃസ്ഥാപനത്തിന് 25 കോടി രൂപയുടെ പദ്ധതി കേന്ദ്രസഹായത്തോടെ നടപ്പാക്കും. കായല്‍ ഡ്രഡ്ജ് ചെയ്യുകയും സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് സ്ഥാപിക്കുകയും ടിഎസ് കനാല്‍ നവീകരിക്കുകയും ചെയ്യും.
തുറമുഖങ്ങള്‍ക്കായി 171 കോടി നീക്കിവച്ചു. അഴീക്കല്‍ തുറമുഖത്തിന് 6.9 കോടിയും ബേപ്പൂര്‍ തുറമുഖത്തിന് 2.2 കോടിയും തങ്കശേരിക്ക് 12 കോടി രൂപയും വകയിരുത്തി. ആലപ്പുഴ മറീന ബീച്ചിന് കമ്പനി രൂപീകരിക്കുന്നതിന് ഓഹരി മൂലധനമായി 25 ലക്ഷം രൂപ നീക്കിവച്ചു. തീരദേശ സുരക്ഷാ നെറ്റ്വര്‍ക്കിന് 4.5 കോടി രൂപയുണ്ട്. കോസ്റല്‍ ഷിപ്പിങ്ങിനായി സംയുക്ത സംരംഭമായി കമ്പനി രൂപീകരിക്കും. കേരളത്തില്‍ തുറമുഖങ്ങളെ മഹാരാഷ്ട്ര, ഗുജറാത്ത് തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന കോസ്റല്‍ ഷിപ്പിങ് നെറ്റ്വര്‍ക്ക് സ്ഥാപിക്കും. പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി. ഇതിന് 12.5 കോടി രൂപാ ചെലവ് വന്നു. തിരുവനന്തപുരം വിമാനത്താവളം പുതിയ ടെര്‍മിനല്‍ തയ്യാറായി. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ 21 കോടി രൂപ ചെലവിട്ടു. കോഴിക്കോട് വിമാനത്താവളം വിപുലീകരണത്തിന്് ഭൂമി ഏറ്റെടുക്കല്‍ നടക്കുന്നു. 'സിയാല്‍' മാതൃകയിലാകും കണ്ണൂര്‍ വിമാനത്താവളം നിര്‍മാണം.
37,000 വഴിവിളക്ക് 10 പുതിയ വൈദ്യുതി പദ്ധതി
വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ 425 കോടി രൂപ നീക്കിവച്ചു. 37,000 വഴിവിളക്കും 5000 ട്രാന്‍സ്ഫോര്‍മറും സ്ഥാപിക്കും. 281 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള 10 പുതിയ വൈദ്യുതി പദ്ധതികള്‍ക്കായി 14 കോടി രൂപയും 193 മെഗാവാട്ട് ശേഷിയുള്ള 13 നടപ്പ് പദ്ധതികള്‍ക്കായി 136 കോടി രൂപയും വകയിരുത്തി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 7.5 കോടി യൂണിറ്റ് വൈദ്യുതിയാണ് അധികമായി ഉല്‍പ്പാദിപ്പിച്ചത്. ഈ സര്‍ക്കാര്‍ ഇതിനകം 44.8 കോടി യൂണിറ്റ് വൈദ്യുതി അധികമായി ഉല്‍പ്പാദിപ്പിച്ചു. കുറ്റ്യാടി അഡീഷണല്‍ എക്സ്ടെന്‍ഷന്‍ 2010-11ല്‍ കമീഷന്‍ ചെയ്യുന്നതോടെ 27.7 കോടി യൂണിറ്റ് കൂടി പുതുതായി ഉല്‍പ്പാദിപ്പിക്കാനാകും. പ്രേഷണ ശൃംഖല നവീകരണത്തിന് 329.7 കോടി രൂപ വകയിരുത്തി. പെരിങ്ങല്‍കുത്ത്, ഷോളയാര്‍ പദ്ധതികളുടെ നവീകരണം മുന്‍ഗണനാ അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. ചീമേനിയില്‍ സൂപ്പര്‍ തെര്‍മല്‍ പ്രോജക്ട് സ്ഥാപിക്കുന്നതിന് 10കോടി രൂപ നീക്കിവച്ചു. പുതിയ 17 ലക്ഷം കണക്ഷന്‍ നല്‍കി. അഞ്ച് ലക്ഷത്തോളം വീടുകളില്‍ ഇനിയും വെളിച്ചമെത്തിക്കാന്‍ 12.5 കോടി നീക്കിവച്ചു. പാരമ്പര്യേതര ഊര്‍ജമേഖലയ്ക്കായി 52 കോടി മാറ്റിവച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഊര്‍ജക്ഷമത വര്‍ധിപ്പിക്കാനും പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകള്‍ വിനിയോഗിക്കുന്നതിനും 23 കോടി രൂപ നീക്കിവച്ചു. പേരാവൂര്‍ ബ്ളോക്കില്‍ 1.17 മെഗാവാട്ട് ശേഷിയുള്ള 14 പോജക്ടിന്റെ നിര്‍വഹണത്തിന് അഞ്ചു കോടി നീക്കിവച്ചു.
പ്രത്യേക സഹായം സര്‍വകലാശാലകള്‍ക്ക് 50 കോടി
സര്‍വകലാശാലകളുടെ ഗ്രാന്റ് ഉയര്‍ത്തുന്നതിനൊപ്പം 50 കോടി രൂപയുടെ പ്രത്യേക ഗ്രാന്റും അനുവദിച്ചു. കണ്ണൂര്‍ സര്‍വകലാശാലയുടെ ഗ്രാന്റ് 20 ശതമാനവും കാര്‍ഷിക സര്‍വകലാശാലയുടേത് 15 ശതമാനവും മറ്റ് സര്‍വകലാശാലകളുടേത് 10 ശതമാനവും ഉയര്‍ത്തി. സര്‍വകലാശാലകള്‍ക്ക് പെന്‍ഷന്‍ഫണ്ട് രൂപീകരിക്കും. ഇതിന് 100 കോടി രൂപ ട്രഷറിയില്‍ കോര്‍പസ് ഫണ്ടായി നീക്കിവയ്ക്കും. ഓരോ സര്‍വകലാശാലയും പ്രതിവര്‍ഷം അവരുടെ ശമ്പളച്ചെലവിന്റെ 10 ശതമാനം പെന്‍ഷന്‍ഫണ്ടുകളിലേക്ക് അടയ്ക്കണം. പരീക്ഷാവിഭാഗം കംപ്യൂട്ടര്‍വല്‍ക്കരിക്കാന്‍ ഓരോ സര്‍വകലാശാലയ്ക്കും രണ്ടുകോടി രൂപവീതം നല്‍കും. സംസ്കൃത സര്‍വകലാശാലയ്ക്ക് ഒരുകോടി രൂപയും അനുവദിച്ചു. സര്‍വകലാശാലാ ലൈബ്രറികള്‍ അന്തര്‍ദേശീയ നിലവാരത്തിലാക്കാന്‍ 30 കോടി രൂപ ചെലവഴിക്കും. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് ലൈബ്രറിപോലും നിലവിലില്ല. വിദ്യാഭ്യാസവകുപ്പിന്റെ നിലവിലുള്ള അടങ്കലില്‍നിന്ന് ഇതിനുള്ള പണം കണ്ടെത്തും. പണ്ഡിതരെ ഇവിടത്തെ സര്‍വകലാശാലകളില്‍ കൊണ്ടുവരാനും പ്രതിഭകള്‍ക്ക് പ്രത്യേക ധനസഹായത്തിനുമായി 4.5 കോടി രൂപ നീക്കിവയ്ക്കും. ഉന്നതവിദ്യാഭ്യാസ കൌസിലിന് അഞ്ചുകോടി രൂപ നല്‍കും. കോളേജ് കെട്ടിടങ്ങളും ഹോസ്റലുകളും ലബോറട്ടറികളും മെച്ചപ്പെടുത്താന്‍ 11.5 കോടി നീക്കിവയ്ക്കും. വരുമാനം ഉറപ്പു നല്‍കുന്ന സര്‍വകലാശാല ഹോസ്റലുകള്‍, ഗസ്റ്ഹൌസുകള്‍ തുടങ്ങിയവ നിര്‍മിക്കാനുള്ള വായ്പയ്ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കും.
അതിവേഗ റെയില്‍പ്പാത: പ്രാരംഭപ്രവര്‍ത്തനം ഈ വര്‍ഷം
ഗതാഗതരംഗം പരിസ്ഥിതി സൌഹൃദപരമാക്കാനും റെയില്‍ ജല ഗതാഗതം ശക്തിപ്പെടുത്താനും കനാല്‍ നവീകരണത്തിനുമായി നൂറ് കോടി നീക്കിവച്ചു. അതിവേഗ റെയില്‍പ്പാത പഠനം പൂര്‍ത്തിയാക്കി കമ്പനി രൂപീകരിച്ച് ഈ വര്‍ഷംതന്നെ പ്രാരംഭപ്രവര്‍ത്തനമാരംഭിക്കും. ഗ്രീന്‍ കെട്ടിടനിര്‍മാണസങ്കേതങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഇത്തരം കെട്ടിടങ്ങള്‍ക്ക് സ്റാമ്പ് ഡ്യൂട്ടിയില്‍ ഒരു ശതമാനം ഇളവ് അനുവദിക്കും. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വലിയ കെട്ടിടസമുച്ചയങ്ങളും ഗ്രീന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് പണിയുക. സര്‍ക്കാര്‍ ഓഫീസുകളിലെ ഊര്‍ജ ദുര്‍വ്യയം തടയാന്‍ പ്രീപെയ്ഡ് മീറ്റര്‍ സ്ഥാപിക്കും. നിയമസഭാ കോംപ്ളക്സ്, സെക്രട്ടറിയറ്റ്, മസ്ക്കറ്റ് ഹോട്ടല്‍, ഹൈക്കോടതി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഊര്‍ജദുര്‍വ്യയം ഒഴിവാക്കുന്നതിന് എസ്കോ മോഡല്‍ പദ്ധതി നടപ്പാക്കും. പ്ളാസ്റിക് അവശിഷ്ടങ്ങള്‍ സംസ്കരിച്ച് പെല്ലറ്റാക്കാന്‍ എല്ലാ ബ്ളോക്ക്-മുനിസിപ്പല്‍ കേന്ദ്രങ്ങളിലും സംസ്കരണശാല സ്ഥാപിക്കും.
ദേശാഭിമാനി 060310
എത്ര പ്രയാസം നേരിടേണ്ടിവന്നാലും സാധാരണക്കാര്‍ക്കു മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് വ്യക്തമാക്കി. ബജറ്റ് അവതരണത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റ് കേന്ദ്രത്തിനും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സംസ്ഥാനസര്‍ക്കാരുകള്‍ക്കുമുള്ള മറുപടിയാണ്. നികുതി വര്‍ധിപ്പിച്ച് വരുമാനമാര്‍ഗം കണ്ടെത്താനാണ് കേന്ദ്രസര്‍ക്കാരും ധനകമീഷനും ആവശ്യപ്പെടുന്നത്. ഇതിന് കേരളം തയ്യാറല്ല. സാധാരണക്കാര്‍ക്കുമേല്‍ നികുതിഭാരം ചുമത്താതെ വിഭവസമാഹരണം നടത്തും. ഡാമുകളിലെ മണല്‍ നീക്കം ചെയ്യുന്നതുവഴി 600 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. ഒരു കാലത്തുമില്ലാത്ത വിധത്തില്‍ മൂലധനച്ചെലവ് കൂടിയതാണ് ഈ ബജറ്റിന്റെ പ്രധാന പ്രത്യേകത. മൂലധനച്ചെലവ് മൂന്നു മടങ്ങ് വര്‍ധിച്ചു. ഇത് കേരളത്തിന്റെ വികസനമുഖച്ഛായ മാറ്റും.
ReplyDelete