രാസവളങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ തകര്‍ക്കും
രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്ന കാര്‍ഷികമേഖലയെ എരിതീയില്‍ നിന്നും വറചട്ടിയിലേക്കെന്ന കണക്കെ എടുത്തെറിയുന്ന സമീപനമാണ് കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ചുവരുന്നത്. ആഗോളവത്കരണ നയങ്ങള്‍ നടപ്പിലാക്കിയതു മുതല്‍ കൃഷിയും അനുബന്ധ മേഖലകളും തകരാന്‍ തുടങ്ങി. സാധാരണക്കാരായ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും മറന്ന് രാജ്യത്തെയും വിദേശത്തെയും കുത്തകകള്‍ക്കുവേണ്ടി നിലക്കൊള്ളുകയാണ് കേന്ദ്രം. ഇപ്പോള്‍ രാസവളങ്ങളുടെ വില സംബന്ധിച്ചും സബ്സിഡി സംബന്ധിച്ചും കേന്ദ്രം എടുത്ത തീരുമാനം കാര്‍ഷികരംഗത്തിനു ദോഷകരമാണ്. വിലക്കയറ്റവും ഭക്ഷ്യപ്രതിസന്ധിയും അസഹനീയമായിക്കൊണ്ടിരിക്കുമ്പോഴാണ് രാസവളത്തിന്റെ വിലകൂട്ടാനുള്ള തീരുമാനം ഉണ്ടാവുന്നത്.
രാസവളങ്ങളുടെ വിലകുറയ്ക്കുന്നതിന് ആഗോളവത്കരണ നയങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയകാലത്തുതന്നെ ശ്രമം തുടങ്ങിയതാണ്. 1991ല്‍ നരസിംഹറാവുവിന്റെ മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്ന, ഇന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗാണ് ആദ്യം ഈ നടപടിക്കു തുനിഞ്ഞത്. സബ്സിഡി കുറയ്ക്കണം എന്ന ആഗോളവത്കരണ പ്രത്യയശാസ്ത്രം നടപ്പിലാക്കുകയാണ് കേന്ദ്രം. ഇപ്പോള്‍ വിലനിയന്ത്രിക്കുന്നതില്‍നിന്നും ഒഴിവാക്കുന്നതിന്റെ ഭാഗമായി പതിനാറ് രാസവളങ്ങളുടെ വിലനിയന്ത്രണം നീക്കാനും യൂറിയയുടെ വില പത്തുശതമാനം കണ്ട് വര്‍ധിപ്പിക്കാനുമാണ് തീരുമാനം. 2010 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വരുന്ന നയമാണിത്. രാസവളത്തിനു മൊത്തമായി സബ്സിഡി നല്‍കാതെ അതില്‍ അടങ്ങിയിരക്കുന്ന ഘടകങ്ങള്‍ക്കായിരിക്കും ഇനിമുതല്‍ സബ്സിഡി നല്‍കുക. ഉല്‍പ്പന്നാധിഷ്ഠിത സബ്സിഡി ക്കുപകരം പോഷകാധിഷ്ഠിത സബ്സിഡി യാണ് ഇനിമുതല്‍ പ്രാബല്യത്തില്‍ വരിക. രാസവളത്തിലെ ഘടകങ്ങളായ പൊട്ടാഷ്, സള്‍ഫര്‍, നൈട്രജന്‍, ഫോസ്ഫറസ് എന്നിങ്ങനെയുള്ളവയ്ക്കാണ് സബ്സിഡി. ഇവ ഉള്‍ച്ചേര്‍ന്നിരിക്കുന്നതിന്റെ ആനുപാതികമായിട്ടായിരിക്കും സബ്സിഡി. ഇത് സ്വാഭാവികമായും വിലയില്‍ വ്യത്യാസംവരുത്തും. വില നിശ്ചയിക്കുന്നതോ കമ്പനികളും. കുറഞ്ഞവിലയ്ക്ക് അല്ലെങ്കില്‍ ന്യായവിലക്ക് വളം എന്നത് കര്‍ഷകര്‍ക്ക് മേലില്‍ സ്വപ്നംമാത്രമാവും.
ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്ന രാസവളമാണ് യൂറിയ. അതിന്റെ വില പത്തുശതമാനംകണ്ടു വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇപ്പോള്‍ ഒരു ടണ്‍ യൂറിയയ്ക്ക് 4830 രൂപയാണ്, അതിന്റെ പത്തുശതമാനം - 483 രൂപ - കൂടി 5310 രൂപയാവും. ഇതിനൊപ്പം വില നിശ്ചയിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് നല്‍കുന്നു. 16 രാസവളങ്ങളുടെ വിലനിയന്ത്രണമാണ് ഒഴിവാക്കിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ വില ഗണ്യമായി ഉയരും. കമ്പനികള്‍ വിലനിശ്ചയിക്കാന്‍ തുടങ്ങിയാല്‍ മത്സരമുണ്ടാവുമെന്നും അതിന്റെഫലമായി വിലകുറയുമെന്നുമുള്ള ന്യായമാണ് കേന്ദ്രംമുന്നോട്ടുവെയ്ക്കുന്നത്. കമ്പനികള്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചാല്‍ ഉല്‍പ്പന്നങ്ങളുടെ വിലകുറയുമെന്നത് യുക്തിക്കു നിരക്കുന്നതല്ല. മറ്റൊരുവാദം, രാസവളങ്ങള്‍ക്ക് വിലകുറഞ്ഞിരുന്നാല്‍ അത് കര്‍ഷകര്‍ ഏറെ ഉപയോഗിക്കും, അതുവഴി മണ്ണിന്റെ ഗുണത്തിനും പ്രാദേശിക - പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കുമിടയാക്കും, അതിനാല്‍ വിലകൂട്ടാം എന്നതാണ്. ഇപ്പറഞ്ഞവയ്ക്കൊന്നും പരിഹാരം വിലവര്‍ധനയല്ല എന്ന് എല്ലാവര്‍ക്കുമറിയാം. ഇതിന് അവശ്യംവേണ്ടത് കര്‍ഷകരെ ബോധവല്‍ക്കരിക്കുകയും മറ്റുമാണ്. അതിനുവേണ്ടത് കാര്‍ഷിക വിജ്ഞാന വ്യാപന പരിപാടികളാണ്. ആഗോളവത്കരണ നയങ്ങള്‍ നടപ്പിലാക്കിയതു മുതല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ കേന്ദ്രം ഇല്ലാതാക്കി. അവ പുനരുജ്ജീവിപ്പിച്ച് അമിതരാസവളപ്രയോഗത്തിന്റെ ദൂഷ്യഫലങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും കര്‍ഷകര്‍ക്ക് വ്യക്തമാക്കി കൊടുക്കണം. അതോടൊപ്പം ജൈവവളങ്ങളുടെ പ്രയോഗവും തദ്ദേശീയ അറിവുകളുടെ ഉപയോഗവും കാര്‍ഷിക പുരോഗതിക്കായി വിനിയോഗിക്കാന്‍ സജ്ജരാക്കുകയും വേണം.
രാസവളങ്ങളുടെ വില, സബ്സിഡി എന്നിവ സംബന്ധിച്ച് കേന്ദ്രം തീരുമാനിച്ചതിന്റെ അടുത്ത ദിവസം പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശകസമിതി അവരുടെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അതില്‍ കാര്‍ഷിക മേഖല നേരിടുന്ന അധോഗതിയെപ്പറ്റിപ്പറയുന്നുണ്ട്. റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രംഗരാജന്‍ ചെയര്‍മാനായുള്ള സമിതി പറയുന്നത് 2009-10ല്‍ കാര്‍ഷിക രംഗത്തിന്റെ വളര്‍ച്ച കേവലം 0.2 ശതമാനം മാത്രമായിരിക്കും എന്നാണ്. മുന്‍ വര്‍ഷം ഇത് 1.6 ശതമാനമായിരുന്നു. 2010-11ല്‍ 5 ശതമാനവും 2011-12 ല്‍ 4 ശതമാനവുമായിരിക്കും ഈ രംഗത്തിന്റെ വളര്‍ച്ച. 2005-06ല്‍ വളര്‍ച്ചാനിരക്ക് 5.92 ശതമാനമായിരുന്നെങ്കില്‍ 2006-07ല്‍ അത് 3.76 ശതമാനമായും 2007-08ല്‍ 4.9 ശതമാനമായും 2008-09ല്‍ അത് 1.6 ശതമാനമായും താഴ്ന്നു. ഇപ്പോള്‍ പൂജ്യത്തിനു താഴെയെത്തി. ഇങ്ങനെ പോയാല്‍ എന്താവും രാജ്യത്തിന്റെ ഭാവി? ഭക്ഷ്യസുരക്ഷ അപകടത്തിലാണെന്ന് സാമ്പത്തിക ഉപദേശക സമിതി സമ്മതിക്കുന്നുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനത്തില്‍ ഗണ്യമായ തകര്‍ച്ച ഉണ്ടാവുന്നു. മൊത്തം ഭക്ഷ്യ ധാന്യങ്ങളുടെ ഉല്‍പ്പാദനത്തില്‍ 7.5 ശതമാനം കുറവുണ്ടായി. നെല്ല് 11.7 ശതമാനവും ഗോതമ്പ് 0.5 ശതമാനവും നിലക്കടല 22.9 ശതമാനവും ചെറുപയര്‍ 35 ശതമാനവും കണ്ട് കുറഞ്ഞു. ഭക്ഷ്യ സ്വാശ്രയത്വം എന്നതുപോയിട്ട് ഇറക്കുമതി ആശ്രിതത്വം എന്നതിലേക്കിത് നീങ്ങുകയാണ് രാജ്യം.
കേന്ദ്രത്തിന്റെ കാര്‍ഷികമേഖലയോടുള്ള അവഗണനയാണ് താഴേക്കുള്ള വര്‍ച്ചയ്ക്കു കാരണം. കാര്‍ഷിക രംഗത്തെ ഗവണ്‍മെന്റ് ചെലവഴിക്കല്‍ വര്‍ധിപ്പിക്കുന്നതിനായി കഴിഞ്ഞ ബജറ്റില്‍ വകയിരുത്തല്‍ കാര്യമായിട്ടുണ്ടായിട്ടില്ല. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 0.18 ശതമാനവും മൊത്തം ബജറ്റ് ചെലവഴിക്കലിന്റെ 1.12 ശതമാനവുമാണ് ഏതാനും വര്‍ഷങ്ങളായി കാര്‍ഷിക രംഗത്തിനായി വകയിരുത്താറുള്ളത്. അതിന്റെഫലമായി 2007-08ലെ മൊത്തം ആഭ്യന്തരോല്‍പ്പാദന വളര്‍ച്ചയില്‍ കൃഷിയും അനുബന്ധമേഖലകളും കൂടി സംഭാവന ചെയ്തത് 17.8 ശതമാനം ആയിരുന്നെങ്കില്‍ 2008-09ല്‍ അത് 17.1 ശതമാനമായി കുറഞ്ഞു. 2003 -04ല്‍ അത് 21.7 ശതമാനമായിരുന്നു എന്നത് വിസ്മരിക്കരുത്. കേന്ദ്രത്തിന്റെ തലതിരിഞ്ഞ സമീപനംകാരണം ഏകദേശം 40 ശതമാനം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാനാഗ്രിക്കുന്നതായി കേന്ദ്ര ഗവണ്‍മെന്റിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.
നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിയതു മുതല്‍ കാര്‍ഷികരംഗത്തിനു തിരിച്ചടി നേരിട്ടു തുടങ്ങി. ഗവണ്‍മെന്റു ചെലവഴിക്കല്‍ ഗണ്യമായി കുറച്ചതിനാല്‍ കൃഷി, ഗ്രാമീണവികസനം തുടങ്ങിയരംഗങ്ങള്‍ തളരാന്‍ തുടങ്ങി. കൃഷിക്കാവശ്യമായ വസ്തുക്കളുടെ വില കൂടി, കൃഷിച്ചെലവേറി. കാര്‍ഷിക സബ്സിഡികള്‍ വെട്ടിക്കുറച്ചു. ധനപരമായ പരിഷ്കാരങ്ങള്‍ കാരണം ബാങ്കുകളില്‍നിന്നും ലഭിച്ചിരുന്ന വായ്പകളില്‍ കുറവുണ്ടായി. ഈയൊരു കുരുക്ക് കര്‍ഷകരെ കടക്കെണിയിലേക്കാണെത്തിച്ചത്. ലോകവ്യാപാരക്കരാറിന്റെ നിബന്ധനകള്‍ നടപ്പിലാക്കുകവഴി അനിയന്ത്രിതമായ ഇറക്കുമതിക്കവസരമൊരുങ്ങി. ഈ സാഹചര്യത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാതെ വന്ന കര്‍ഷകര്‍ കടക്കെണിയിലായി. രാജ്യത്തെ കര്‍ഷകകുടുംബങ്ങളില്‍ 48.6 ശതമാനവും കടക്കെണിയിലാണ്. കര്‍ഷക ആത്മഹത്യകള്‍ പെരുകി. ഓരോ അരമണിക്കൂറിനുള്ളിലും ഒരു കര്‍ഷകന്‍ എന്ന നിലയില്‍ ഇപ്പോഴും കര്‍ഷക ആത്മഹത്യ തുടരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുലക്ഷത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍. വളത്തിന്റെ സബ്സിഡി എടുത്തുകളഞ്ഞത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കുകയേയുള്ളൂ.
പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശകസമിതി, കൂടിവരുന്ന ധനക്കമ്മി കുറയ്ക്കണമെന്നു നിര്‍ദ്ദേശിക്കുന്നുണ്ട്. അതിനായി സബ്സിഡികള്‍ കുറയ്ക്കണം, ചലവുകള്‍ കുറയ്ക്കണം, പൊതുനിക്ഷേപങ്ങള്‍ വെട്ടിക്കുറയ്ക്കണം എന്നീ നിര്‍ദ്ദേശങ്ങള്‍ വയ്ക്കുന്നു. ഈ വര്‍ഷം ധനക്കമ്മി ദേശീയവരുമാനത്തിന്റെ 2.2 ശതമാനമാണ്. അത് അടുത്ത സാമ്പത്തികവര്‍ഷം ഒരു ശതമാനത്തിനും ഒന്നര ശതമാനത്തിനുമിടയിലാക്കലാണ് ലക്ഷ്യം. നടപ്പുവര്‍ഷം വളംസബ്സിഡിക്കായി വകയിരുത്തിയത് 45,000 കോടി രൂപയായിരുന്നു. 2006-07ല്‍ 28019.55 കോടി രൂപയും 2009 -10ല്‍ 38759.69 കോടി രൂപയുമായിരുന്നു വളം സബ്സിഡിക്കായി മാറ്റിവെച്ചിരുന്നത്. യൂറിയയുടെ വിലവര്‍ധിപ്പിക്കുന്നതും സബ്സിഡി ഘടനയില്‍ മാറ്റംവരുത്തുന്നതും ഇതിനായുള്ള ഗവണ്‍മെന്റിന്റെ ചെലഴിക്കല്‍ വലിയതോതില്‍ കുറയ്ക്കും.
രാജ്യത്തെ ഭൂരിപക്ഷവും ആശ്രയിക്കുന്ന കൃഷിക്കാവശ്യമായ വളത്തിന് സബ്സിഡി നല്‍കിവന്നത് ഭക്ഷ്യസുരക്ഷ, ന്യായവിലക്ക് ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കല്‍, കാര്‍ഷികോല്‍പ്പാദനച്ചെലവ് കുറയ്ക്കല്‍ എന്നീഉദ്ദേശ്യത്തോടെയായിരുന്നു. എന്നാല്‍ ഇന്ന് ഈ പരിഗണനകളെല്ലാം മാറി. കൃഷിച്ചെലവുകൂടിയാലും കര്‍ഷകര്‍ ആത്മഹത്യ ചെയ്താലും ഭക്ഷ്യസുരക്ഷ അപകടത്തിലായാലും ന്യായവിലക്ക് ഭക്ഷണസാധനങ്ങള്‍ കിട്ടാതെവന്നാലും തങ്ങള്‍ക്ക് പ്രശ്നമില്ലെന്ന നിലപാടിലാണ് മന്‍മോഹന്‍സിംഗ് ഗവണ്‍മെന്റ്. അതാണ് രാസവളവിലയുടെ കാര്യത്തില്‍ എടുത്തതീരുമാനത്തിന്റെ ഉള്ളടക്കം. ശക്തമായ പ്രക്ഷോഭങ്ങളിലൂടെമാത്രമേ ജനദ്രോഹനടപടികളില്‍നിന്നും അതിന്റെ ദാര്‍ശനിക അടിത്തറയായ നവലിബറല്‍ നയത്തില്‍നിന്നും കേന്ദ്ര ഗവണ്‍മെന്റിനെ പിന്തിരിപ്പിക്കാനാവു.
രഘു ചിന്ത വാരിക 050310
രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്ന കാര്‍ഷികമേഖലയെ എരിതീയില്‍ നിന്നും വറചട്ടിയിലേക്കെന്ന കണക്കെ എടുത്തെറിയുന്ന സമീപനമാണ് കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ചുവരുന്നത്. ആഗോളവത്കരണ നയങ്ങള്‍ നടപ്പിലാക്കിയതു മുതല്‍ കൃഷിയും അനുബന്ധ മേഖലകളും തകരാന്‍ തുടങ്ങി. സാധാരണക്കാരായ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും മറന്ന് രാജ്യത്തെയും വിദേശത്തെയും കുത്തകകള്‍ക്കുവേണ്ടി നിലക്കൊള്ളുകയാണ് കേന്ദ്രം. ഇപ്പോള്‍ രാസവളങ്ങളുടെ വില സംബന്ധിച്ചും സബ്സിഡി സംബന്ധിച്ചും കേന്ദ്രം എടുത്ത തീരുമാനം കാര്‍ഷികരംഗത്തിനു ദോഷകരമാണ്. വിലക്കയറ്റവും ഭക്ഷ്യപ്രതിസന്ധിയും അസഹനീയമായിക്കൊണ്ടിരിക്കുമ്പോഴാണ് രാസവളത്തിന്റെ വിലകൂട്ടാനുള്ള തീരുമാനം ഉണ്ടാവുന്നത്.
ReplyDelete