Wednesday, March 3, 2010

വിഭിന്ന ശേഷിയുള്ളവര്‍

വലിയ പന്തിനു മുകളില്‍ അതേ രൂപത്തില്‍ ഒരു കുട്ടി കിടക്കുന്ന കാഴ്ച കണ്ടാണ് എടവനക്കാട്ടെ സര്‍വശിക്ഷാ അഭിയാന്‍ കേന്ദ്രത്തിലേക്ക് ചെന്നത്. ജിംനാസ്റ്റിക്സിന്റെ പരിശീലനമല്ല അവിടെ നടക്കുന്നത്. വലിയ പന്തിനു മുകളില്‍ കിടക്കുന്ന കുട്ടിക്ക് എഴുന്നേറ്റുനില്‍ക്കാന്‍ ശേഷിയില്ല. ബുദ്ധിക്ക് വളര്‍ച്ചയുണ്ട്. പക്ഷേ ശരീരം വളരുന്നില്ല. പന്തിനു മുകളില്‍നിന്നു കുട്ടിയെ അമ്മ എടുത്താണ് കൊണ്ടുപോകുന്നത്. ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള സംവിധാനമാണ് ഇവിടെ എസ്എസ്എ ഒരുക്കിയിരിക്കുന്നത്. പല തരത്തിലുള്ള സൌകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരു പരിശീലകനെ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനത്തിന്റെ ഉദ്ഘാടനത്തിനാണ് അവിടെ ചെന്നത്. ഒറ്റനോട്ടത്തില്‍ മനസ്സ് വല്ലാതെയായിപ്പോകുന്ന രൂപത്തിലുള്ള ഒരു കുട്ടിയാണ് ഒരു കുടന്ന പൂക്കളുമായി സ്വീകരിച്ചത്. വല്ലാതെ കഷ്ടപ്പെട്ടാണ് നടക്കുന്നത്. എങ്കിലും ഓരോ ചുവടുവെപ്പിലും വിജയത്തിന്റെ പുഞ്ചിരിയുണ്ട്. ഓരോചുവടുവെപ്പും ജീവിതത്തിലേക്കുള്ള സമരമാണ്. ആരുടെയും സഹായം തേടാതെ നടക്കാനുള്ള ആഗ്രഹം ആ കുട്ടിയുടെ ചലനങ്ങളിലുണ്ട്. ഈ കുട്ടികള്‍ക്ക് വലിയ ആത്മവിശ്വാസമാണ് ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ നല്‍കുന്നത്.

നാട്ടിലെ നല്ല വ്യക്തികളുടെ സഹായവും ഈ സംവിധാനത്തിനുണ്ട്. ഇങ്ങനെയൊരു പദ്ധതി ആദ്യം അവരുടെ മനസില്‍ ഉണ്ടായിരുന്നില്ലെന്ന് കോര്‍ഡിനേറ്റര്‍ പറഞ്ഞു. നടക്കാന്‍ കഴിയാത്ത ഒരു പെണ്‍കുട്ടി അവിടെ ക്ളാസെടുക്കുന്നതിനായി ഇടക്കാലത്ത് ചെന്നിരുന്നു. കുട്ടിക്കാലത്ത് അവര്‍ക്ക് കിടക്ക മാത്രമായിരുന്നു ശരണം. എഴുന്നേറ്റിരിക്കാന്‍ പോലും കഴിയില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ യാദൃച്ഛികമായി പ്രത്യേക ഫിസിയോതെറാപ്പിയെക്കുറിച്ച് അറിയുകയും അതു പരിശീലിക്കുന്നതിന് സൌകര്യം ലഭിക്കുകയും ചെയ്തു. ഇതോടെ സ്വപ്നംകാണാന്‍പോലും കഴിയാതിരുന്ന മാറ്റമാണ് അവരുടെ ജീവിതത്തില്‍ ഉണ്ടായത്. ഉന്നത ബിരുദങ്ങള്‍ നേടുന്നതിനു കഴിഞ്ഞു. പല വിദേശരാജ്യങ്ങളിലും പോയി. എല്ലാം ഒറ്റക്കാണ്. നിശ്ചയദാര്‍ഢ്യം കൊണ്ട് പര്‍വതങ്ങളെ കീഴടക്കാന്‍ കഴിയുമോയെന്നാണ് അവര്‍ നോക്കുന്നത്. ഇവരുടെ അനുഭവകഥ കേട്ടപ്പോഴാണ് എടവനക്കാട്ടെ കേന്ദ്രത്തിന്റെ ചുമതലക്കാര്‍ക്ക് ഇങ്ങനെയൊരു സ്ഥാപനം തുടങ്ങണമെന്ന ചിന്തയുണ്ടായത്.

അംഗവൈകല്യം വന്നവര്‍ എന്ന പദം ഇപ്പോള്‍ ഉപയോഗിക്കാറില്ല. ഓരോ മനുഷ്യനും പല തരത്തിലുള്ള കഴിവുകള്‍ ഉണ്ടായിരിക്കും. ചിലര്‍ക്ക് ചില കാര്യങ്ങളില്‍ കഴിവുണ്ടെങ്കില്‍ മറ്റു ചില കാര്യങ്ങളില്‍ അതേ കഴിവുണ്ടാകണമെന്നില്ല. ഇതെല്ലാം പരിഗണിച്ചാണ് വിഭിന്നശേഷിയുള്ളവര്‍ എന്ന വാക്ക് പ്രയോഗിക്കുന്നത്. മഹാരാജാസിലെ ഹോസ്റ്റലില്‍ അന്ധവിദ്യാര്‍ഥികള്‍ കുറേപ്പേരുണ്ടായിരുന്നു. അവരില്‍ മിക്കവാറുംപേര്‍ എസ്എഫ്ഐ പ്രവര്‍ത്തകരായിരുന്നു. ഹോസ്റ്റലില്‍ ചെന്നാല്‍ ശബ്ദം കേള്‍ക്കുമ്പോഴേ അവര്‍ തിരിച്ചറിഞ്ഞിരിക്കും. കാലൊച്ചയില്‍നിന്നുപോലും ആളെ തിരിച്ചറിയുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. മഹാരാജാസില്‍ ചെയര്‍മാനായി ഒരു പ്രിയേഷുണ്ടായിരുന്നു. അന്ധതയെ എല്ലാതരത്തിലും വെല്ലുവിളിച്ച് ബിരുദത്തിലും ബിരുദാനന്തരബിരുദത്തിലും റാങ്ക് നേടിയാണ് പ്രിയേഷ് വിജയിച്ചത്. എന്നിട്ടും ഇപ്പോള്‍ തൊഴില്‍തേടിയുള്ള ഓട്ടത്തിലാണ്.

അംഗവൈകല്യം വന്നവര്‍ എന്നു കേള്‍ക്കുമ്പോള്‍ ഒരു സഹതാപമായിരിക്കും തോന്നുക. എന്നാല്‍, വിഭിന്ന ശേഷിയുള്ളവര്‍ എന്ന വാക്കില്‍നിന്നും രൂപം കൊള്ളുന്ന അവബോധം വ്യത്യസ്തമായിരിക്കും. ഇവര്‍ക്ക് ആരുടേയും സഹതാപത്തിന്റെ ആവശ്യമില്ല. ജീവിക്കാനുള്ള സൌകര്യങ്ങള്‍ മനുഷ്യന്റെ അവകാശമാണ്. ഇത് ഉറപ്പുവരുത്താന്‍ ആധുനിക ഭരണസംവിധാനത്തിനു പ്രാഥമിക ഉത്തരവാദിത്തമുണ്ട്. നമ്മുടെ രാജ്യം ഇക്കാര്യത്തില്‍ വളരെ പുറകിലാണ്. പല കാര്യങ്ങളിലും മുമ്പില്‍ നില്‍ക്കുന്ന കേരളത്തിലെ സ്ഥിതിയിലും വലിയ വ്യത്യാസമില്ല. വിദേശരാജ്യങ്ങളില്‍ എല്ലാ കെട്ടിടങ്ങളിലും നടക്കാന്‍ കഴിയാത്തവര്‍ക്ക് മുകളിലേക്ക് കയറാന്‍ കഴിയുന്ന പ്രത്യേക സൌകര്യങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കും. കേരളത്തില്‍ എവിടെയും അങ്ങനെയൊന്ന് കാണാന്‍ കഴിയില്ല. വല്ല അപവാദങ്ങളുമുണ്ടെങ്കില്‍ അത് ആരുടെയെങ്കിലും വ്യക്തിപരമായ താല്‍പര്യമായിരിക്കും. കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനു പല തരത്തിലുള്ള ചട്ടങ്ങളും നിര്‍മിക്കുന്നതില്‍ വിദഗ്ധരാണ് നമ്മള്‍. എന്നാല്‍, വിഭിന്നശേഷിയുള്ളവര്‍ക്കുള്ള സൌകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ഒരു സംവിധാനവുമില്ല. സര്‍ക്കാര്‍ ഓഫീസുകള്‍, പ്രാദേശിക ഭരണസംവിധാനങ്ങളുടെ കെട്ടിടങ്ങള്‍ എന്നിവയില്‍ എല്ലാം ഇങ്ങനെയുള്ളവര്‍ക്കും പോകേണ്ടിവരും. അതിനുള്ള സൌകര്യം ഒരുക്കാന്‍ കഴിയാത്തത് എത്രമാത്രം കുറ്റകരമാണ്. റെയില്‍വേയുടെ ഫൂട്ഓവര്‍ ബ്രിഡ്ജിലൂടെ എങ്ങനെയാണ് നടക്കാന്‍ കഴിയാത്ത ഒരാള്‍ സഞ്ചരിക്കുന്നത്. ആരുടെയും സഹായമില്ലാതെതന്നെ സഞ്ചരിക്കാന്‍ അവര്‍ക്ക് കഴിയേണ്ടതല്ലേ. വിദേശരാജ്യങ്ങളില്‍ മിക്കയിടങ്ങളിലും ഇതിനായി പ്രത്യേക സൌകര്യങ്ങള്‍ കാണാം.

ഇങ്ങനെയുള്ള രാജ്യങ്ങളില്‍ പലരും ഒറ്റക്ക് വീല്‍ചെയറില്‍ സഞ്ചരിക്കുന്നതു കാണാം. പാര്‍ക്കിങ് സ്ഥലങ്ങളില്‍ ഇവര്‍ വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിതസ്ഥലം അതിനായി മാറ്റിവെയ്ക്കും. സോഷ്യലിസറ്റ് നിര്‍മാണത്തിന്റെ നാളുകളില്‍ സോവിയറ്റ് യൂണിയനില്‍ സര്‍ക്കാര്‍ ചുമതല എന്ന നിലയില്‍ നടത്തിയ പരിപാടികള്‍ മാതൃകാപരമായിരുന്നു. വികസിത രാജ്യങ്ങളില്‍നിന്നും പകര്‍ത്താവുന്ന മാതൃകകളുണ്ട്. സ്റ്റീഫന്‍ഹോക്കിങ്സ് ലോകപ്രശസ്തനായ ശാസ്ത്രജ്ഞനാണല്ലോ. സമയത്തിന്റെ സംക്ഷിപ്ത ചരിത്രം ലോകത്തിനു സമ്മാനിച്ച അദ്ദേഹം ശാരീരികമായ പരിമിതികളെ വെല്ലുവിളിച്ച് വളര്‍ന്നയാളാണ്. അദ്ദേഹത്തിന്റ പ്രതിഭയും നിശ്ചയദാര്‍ഢ്യവും വിവരണാതീതമാണ്.

നമ്മുടെ രാജ്യത്തെ ഒരു നിയമത്തിലും വിഭിന്നശേഷിയുള്ളവരുടെ പ്രശ്നം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ കാണാന്‍ കഴിയില്ല. സമീപകാലത്ത് ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് വിദ്യാഭ്യാസാവകാശ നിയമം. നിയമനിര്‍മാണപ്രക്രിയയുടെ ഭാഗമായി ആദ്യമായി രാജ്യസഭയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് ഇതിലാണ്. സ്കൂളുകളില്‍ ഒരുക്കേണ്ട നിരവധി കാര്യങ്ങള്‍ നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍, വീല്‍ചെയറിലോ ക്രച്ചസിലോ വരുന്ന കുട്ടികള്‍ക്ക് ആവശ്യമായ സൌകര്യങ്ങളെക്കുറിച്ച് ഒന്നുംതന്നെ പറയുന്നില്ല. ഓട്ടിസം കുട്ടികളില്‍ കാണുന്ന പ്രധാന പ്രശ്നമാണ്. ഇവരുടെയും സെറിബ്രല്‍ പൈറസി ബാധിച്ചവരുടെയും കാര്യങ്ങള്‍ ഒന്നുംതന്നെ നിയമത്തിലില്ല. ഈ പ്രശ്നം ഗൌരവമായി ചര്‍ച്ചയില്‍ ഉയര്‍ത്തുകയുണ്ടായി. ഇക്കാര്യം ആദ്യമായി അങ്ങനെയാണ് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍, മന്ത്രിയുടെ മറുപടി തൃപ്തികരമായിരുന്നില്ല. മാനവവിഭവശേഷി മന്ത്രി കപില്‍ സിബലിനെ നേരില്‍ കണ്ട് ഈ പ്രശ്നത്തിന്റെ മാനുഷികമായ വശംകൂടി വിശദീകരിച്ചു. ഡിസെബിലിറ്റി ആക്ട് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അപ്പോള്‍ ഇതിനും പരിഹാരമാകുമെന്നുമുള്ള യാന്ത്രിക മറുപടിയാണ് അദ്ദേഹം നല്‍കിയത്. ഇതിനുശേഷം ലോക്സഭയില്‍ നടന്ന ചര്‍ച്ചയിലും ചില അംഗങ്ങള്‍ ഈ പ്രശ്നം ഉന്നയിച്ചു. വിവിധ സംഘടനകള്‍ ഇക്കാര്യത്തില്‍ പ്രക്ഷോഭവും നടത്തി. ഇപ്പോള്‍ സര്‍ക്കാര്‍ ആ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുകയാണ്. രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ ഈ പ്രശ്നം ഉന്നയിച്ചപ്പോള്‍ത്തന്നെ മന്ത്രി ജനാധിപത്യമര്യാദ കാണിച്ചിരുന്നെങ്കില്‍ അനാവശ്യമായ ചെലവും കാലതാമസവും ഒഴിവാക്കാമായിരുന്നു.

ഓട്ടിസം തുടങ്ങിയ പ്രശ്നങ്ങള്‍ പൊതുശ്രദ്ധയിലേക്ക് വരുന്നത് സമീപകാലത്താണ്. പലപ്പോഴും പഠനത്തില്‍ പിന്നിലാകുന്ന കുട്ടികള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകും. അതാരുടെയും ശ്രദ്ധയില്‍പ്പെടാറില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പഠനവൈകല്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിന് ശാസ്ത്രീയമായ പഠനം നടക്കുന്നത്.

പി രാജീവ് ചിന്ത വാരിക 260210

1 comment:

  1. വലിയ പന്തിനു മുകളില്‍ അതേ രൂപത്തില്‍ ഒരു കുട്ടി കിടക്കുന്ന കാഴ്ച കണ്ടാണ് എടവനക്കാട്ടെ സര്‍വശിക്ഷാ അഭിയാന്‍ കേന്ദ്രത്തിലേക്ക് ചെന്നത്. ജിംനാസ്റ്റിക്സിന്റെ പരിശീലനമല്ല അവിടെ നടക്കുന്നത്. വലിയ പന്തിനു മുകളില്‍ കിടക്കുന്ന കുട്ടിക്ക് എഴുന്നേറ്റുനില്‍ക്കാന്‍ ശേഷിയില്ല. ബുദ്ധിക്ക് വളര്‍ച്ചയുണ്ട്. പക്ഷേ ശരീരം വളരുന്നില്ല. പന്തിനു മുകളില്‍നിന്നു കുട്ടിയെ അമ്മ എടുത്താണ് കൊണ്ടുപോകുന്നത്. ....

    ReplyDelete