1950ലെ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത ധര്‍മ സ്ഥാപന നിയമഭേദഗതിബില്‍ നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഹിന്ദു ഐക്യവേദിയും മറ്റും പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലെ ചില മുഖ്യധാരാമാധ്യമങ്ങള്‍ ഹിന്ദുമത വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള പരിശ്രമത്തിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്.
തിരുവിതാംകൂര്‍- കൊച്ചി പ്രദേശത്തെ അസംഖ്യം ക്ഷേത്രങ്ങളുടെ ഭരണനിര്‍വഹണം നടത്തുന്നത് മൂന്നംഗ ബോര്‍ഡാണ്. അറുപതോളം വര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ ബോര്‍ഡുകളുടെ ഉത്തരവാദിത്തങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരമൊരു അവസ്ഥയില്‍ ഹിന്ദുസമുദായങ്ങളുടെ മിക്കവാറും എല്ലാ പ്രധാന വിഭാഗങ്ങളില്‍നിന്നുമുള്ള പ്രാധിനിധ്യം ഉറപ്പാക്കിക്കൊണ്ടും സാമൂഹ്യനീതി നടപ്പില്‍വരുത്തുന്നതിനും ബോര്‍ഡിലെ അംഗസംഖ്യ മൂന്നില്‍നിന്ന് ഏഴാക്കി വര്‍ധിപ്പിക്കുന്നതിനാണ് ഒരു ഭേദഗതി. നിലവിലുള്ള നിയമത്തില്‍ ദേവസ്വംഭരണവുമായി ബന്ധപ്പെട്ട് ദുര്‍വിനിയോഗമുണ്ടാകുന്ന സന്ദര്‍ഭത്തില്‍ അന്വേഷണകമീഷനെ നിയമിക്കുന്നതിനു മാത്രമേ സര്‍ക്കാരിന് അധികാരം ഉള്ളൂ. ഇതിന്റെ ഫലമായി പരാതികള്‍ പരിശോധിക്കുന്നതിനും ബോര്‍ഡിനു നിര്‍ദേശം നല്‍കുന്നതിനും സര്‍ക്കാരിന് സാധിക്കാത്ത അവസ്ഥയാണുള്ളത്. എല്ലാ പരാതികളും കോടതി മുമ്പാകെ ഉന്നയിക്കേണ്ടിവരുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് സര്‍ക്കാരിന് റിവിഷണല്‍ അധികാരം നല്‍കുന്ന ഒരു വ്യവസ്ഥകൂടി ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇതിനെതിരെ ഹിന്ദു ഐക്യവേദിക്കൊപ്പം യുഡിഎഫും പ്രക്ഷോഭത്തിനു കോപ്പുകൂട്ടുന്നത് എന്തിനെന്നു മനസിലാകുന്നില്ല. ഈ ബില്‍ പാസാകുന്നതുതടയാന്‍ നിയമസഭയ്ക്കകത്ത് യുഡിഎഫ് എല്ലാ അടവും പ്രയോഗിച്ചു. 1949ല്‍ തിരുവിതാംകൂര്‍- കൊച്ചി നാട്ടുരാജ്യങ്ങളുടെ ലയന സമയത്തുണ്ടാക്കിയ ഉടമ്പടി ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ ബില്ലിനെതിരെ സംസാരിച്ചത്. 1950ല്‍ ഭരണഘടന നിലവില്‍ വരുന്നതിനുമുമ്പേയുള്ള ഉടമ്പടിയായതിനാല്‍ അതില്‍ മാറ്റംവരുത്താന്‍ നിയമനിര്‍മാണസഭയ്ക്ക് അധികാരം ഉണ്ടെന്ന് ഭരണപക്ഷം വാദിച്ചു. പ്രസ്തുത ഉടമ്പടിയിലെ 14-ാം വകുപ്പനുസരിച്ച് നാട്ടുരാജാക്കന്മാര്‍ക്ക് 'മാലിഖാന്‍' ലഭിക്കാന്‍ അവകാശമുണ്ട്. പക്ഷേ, അതു നിര്‍ത്തലാക്കാന്‍ പിന്നീട് പാര്‍ലമെന്റ് നിയമം പാസാക്കിയ കാര്യവും പ്രതിപക്ഷ അംഗങ്ങള്‍ ഓര്‍ത്തില്ല. അങ്ങനെ തിരുവിതാംകൂര്‍ മഹാരാജാവും കൊച്ചി മഹാരാജാവും തമ്മിലുണ്ടാക്കിയ ഉടമ്പടിയില്‍ പിടിച്ചുകൊണ്ടാണ് കുമ്മനം രാജശേഖരന്‍ നിയമസഭയ്ക്കു പുറത്തുനടത്തുന്ന പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണ നല്‍കിയത്.
2005ല്‍ യുഡിഎഫ് ഗവമെന്റ് കൊണ്ടുവന്ന് നിയമസഭ പാസാക്കിയ പഴയ കൊച്ചി സ്റ്റേറ്റിലെ കൂടല്‍മാണിക്യം ദേവസ്വം നിയമത്തില്‍ ഭരണസമിതിയുടെ അംഗസംഖ്യ ഏഴുതന്നെയാണ്. ഗുരുവായൂര്‍ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിയിലും ഒമ്പത് അംഗങ്ങളാണ്. ഈ ദേവസ്വങ്ങളേക്കാള്‍ കൂടുതല്‍ ക്ഷേത്രങ്ങളുടെ ഉത്തരവാദിത്തമുള്ള തിരുവിതാംകൂര്‍- കൊച്ചി ദേവസ്വംബോര്‍ഡുകളില്‍ ഏഴ്അംഗങ്ങള്‍ ഉള്ള ഭരണസമിതി വേണമെന്ന ബില്ലിലെ വ്യവസ്ഥ അതുകൊണ്ടുതന്നെ തികച്ചും ന്യായമാണ്.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴില്‍ 1210 ക്ഷേത്രവും കൊച്ചി ദേവസ്വംബോര്‍ഡിന്റെ കീഴില്‍ 402 ക്ഷേത്രവുമാണുള്ളത്. അംഗസംഖ്യ വര്‍ധിപ്പിച്ചുകൊണ്ട് രാഷ്ട്രീയക്കാരും കൂടുതല്‍ നിയന്ത്രണാധികാരം നല്‍കിക്കൊണ്ട് സര്‍ക്കാരും ക്ഷേത്രങ്ങളുടെമേല്‍ പിടിമുറുക്കുന്നുവെന്നാണ് കുമ്മനവും കൂട്ടരും വാദിക്കുന്നത്. എന്നാല്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിലവിലുള്ള ഹിന്ദുമത- ധര്‍മ സ്ഥാപനനിയമങ്ങള്‍ പരിശോധിച്ചാല്‍ ഈ വാദം വെറും പൊള്ളയാണെന്നു മനസിലാക്കാന്‍ കഴിയും.
ആന്ധ്രപ്രദേശിലെ 1987ലെ നിയമപ്രകാരം ബോര്‍ഡിലെ അംഗസംഖ്യ 10 ലക്ഷത്തില്‍കൂടുതല്‍ വരുമാനമുള്ള ക്ഷേത്രത്തില്‍ ഒമ്പതുപേരും 10 ലക്ഷത്തില്‍ കുറവു വരുമാനമുള്ള ക്ഷേത്രത്തില്‍ ഏഴുപേരുമാക്കി നിജപ്പെടുത്തുകയും സര്‍ക്കാര്‍ നിയോഗിക്കുന്ന കമീഷണര്‍ ഈ അംഗങ്ങളെ നിയമിക്കുകയും ചെയ്യുന്നു. ശാന്തിക്കാരുടെമേല്‍ കമീഷണര്‍ക്കാണ് നിയന്ത്രണാധികാരം. ദേവസ്വം ഫണ്ടുപയോഗിച്ച് വിദ്യാലയങ്ങള്‍ നിര്‍മിക്കുന്നതിനും റോഡു നിര്‍മിക്കുന്നതിനും പൊതുവായ സദ്പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഉപയോഗിക്കാവുന്നതാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖമായ ഒന്നാണ് തിരുമല- തിരുപ്പതി ദേവസ്ഥാനം. ഇവിടെ ബോര്‍ഡിന്റെ അംഗസംഖ്യ 13 ആണ്. എല്ലാവരെയും ഗവമെന്റാണ് നോമിനേറ്റ് ചെയ്യുന്നത്. മുംബൈ പബ്ളിക് ട്രസ്റ്റ് നിയമമനുസരിച്ച് ബോര്‍ഡിന്റെ അംഗസംഖ്യ ഏഴ് ആണ്. സംസ്ഥാന ഗവമെന്റിനാണ് എല്ലാ നിയന്ത്രണാധികാരങ്ങളും. ബിജെപി ഭരിക്കുന്ന കര്‍ണാടക സംസ്ഥാനത്ത് ഗവമെന്റ് നിശ്ചയിക്കുന്ന യോഗ്യതയ്ക്കനുസരിച്ചാണ് ശാന്തിക്കാരെപ്പോലും നിയമിക്കുന്നത്. മാത്രവുമല്ല, രാഷ്ട്രീയക്കാരനായ മന്ത്രിതന്നെയാണ് അവിടെ നിലവിലുള്ള ഉപദേശകസമിതിയുടെ ചെയര്‍മാന്‍. ക്ഷേത്രത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സേവകന്മാരുടെ യോഗ്യതപോലും നിശ്ചയിക്കുന്നത് ഗവമെന്റാണ്. കേരളത്തിലെ ഏതെങ്കിലും ഹിന്ദുക്ഷേത്രത്തിലോ ദേവസ്വത്തിലോ ശാന്തിക്കാരെയും മറ്റും നിയമിക്കാനുള്ള അധികാരം ഗവമെന്റിനില്ല. മധ്യപ്രദേശില്‍ ദേവസ്വത്തിന്റെ പേരിലുള്ള പണം പോസ്റ്റ് ഓഫീസ് സേവിങ്ബാങ്കില്‍ നിക്ഷേപിക്കണമെന്നാണ് നിയമ വ്യവസ്ഥ. ബിജെപി ഭരണത്തില്‍ ഇതിലൊരു മാറ്റവും വരുത്തിയിട്ടില്ല. ഒറീസയില്‍ പാരമ്പര്യ ട്രസ്റ്റിമാരെയും പാരമ്പര്യയിതര ട്രസ്റ്റിമാരെയും നിശ്ചയിക്കുന്നത് സര്‍ക്കാര്‍ അധികാരപ്പെടുത്തിയ കമീഷണര്‍തന്നെയാണ്. മാത്രമല്ല, ക്ഷേത്ര സേവകന്മാരെ നിശ്ചയിക്കാന്‍ ഇതുവഴി ഗവമെന്റിന് അധികാരം ലഭിക്കുന്നുണ്ട്. ഒറീസയിലെ ദേവസ്വം ഭരണസമിതിയില്‍ ഒരു എംഎല്‍എകൂടി അംഗമാണ്.
ഇന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് പുരിയിലെ ജഗന്നാഥ ക്ഷേത്രം. ഇതിന്റെ ഭരണസമിതിയിലെ 15 അംഗങ്ങളില്‍ 12 പേരെയും സര്‍ക്കാരാണ് നോമിനേറ്റ്ചെയ്യുന്നത്. ഈ ഭരണസമിതിയെ പിരിച്ചുവിടാനടക്കം ഗവര്‍മെന്റിന് അധികാരമുണ്ട്. ഈ ക്ഷേത്രത്തിലെ വരുമാനം വര്‍ധിപ്പിക്കുന്നതിന് വാണിജ്യാടിസ്ഥാനത്തിലുള്ള സംരംഭങ്ങള്‍ നടത്താനും നിയമം അനുവദിക്കുന്നുണ്ട്. കേരളത്തിലെ ദേവസ്വംബോര്‍ഡുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതുപോലും സഹിക്കാത്ത വിശ്വഹിന്ദുക്കള്‍ ഇതേക്കുറിച്ച് എന്തുപറയുമെന്നറിയാന്‍ താല്‍പ്പര്യമുണ്ട്.
തമിഴ്നാട്ടിലെ സംസ്ഥാനതല ഉപദേശക സമിതിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാന്‍ ബന്ധപ്പെട്ട വകുപ്പ്മന്ത്രിയുമാണ്. ഇങ്ങനെ ഗവമെന്റും രാഷ്ട്രീയ നേതൃത്വവും ദേവസ്വം ഭരണത്തില്‍ നേരിട്ടു നേതൃത്വം കൊടുക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നും കാണാത്ത പ്രക്ഷോഭം കേരളത്തില്‍ ഉയര്‍ത്തുന്നതിന്റെ കാരണമെന്താണ്?
യുഡിഎഫ് ഭരണകാലത്ത് അവര്‍ കൊണ്ടുവന്ന കൂടല്‍മാണിക്യം ദേവസ്വം നിയമത്തില്‍ 33-ാംവകുപ്പില്‍ നിര്‍ണയിച്ച രേഖകള്‍ ആവശ്യപ്പെടുന്നതിനും ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങള്‍ അതേപടി ഈ ബില്ലിലും ചേര്‍ക്കുകയാണുണ്ടായത്. ഇതേ വ്യവസ്ഥതന്നെയാണ് മലബാര്‍ ദേവസ്വം നിയമത്തിലും 76(സി) ആയി രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ദേവസ്വംഭരണത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണം കേരളത്തില്‍ തുലോം പരിമിതമാണെന്നിരിക്കെ ഈ നിയമനിര്‍മാണത്തിനെതിരെ പ്രക്ഷോഭം നടത്തുന്നതിന് എന്ത് യുക്തിയാണുള്ളത്?
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തില്‍ നാനാമതങ്ങളില്‍പ്പെട്ട വിശ്വാസികളുടെ താല്‍പ്പര്യം ഫലപ്രദമായി സംരക്ഷിച്ചിട്ടുണ്ട്. തിരു-കൊച്ചി ദേവസ്വംബോര്‍ഡുകള്‍ക്ക് സംസ്ഥാന ഗവമെന്റ് നല്‍കുന്ന ബജറ്റ് വിഹിതം ഒട്ടും കുറച്ചിട്ടില്ല. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുവരെ വന്നെത്തുന്ന കോടിക്കണക്കിന് ഭക്തജനങ്ങള്‍ക്കുവേണ്ട സൌകര്യങ്ങള്‍ ഒരുക്കുന്നതിന് ഇടതുപക്ഷ ഗവമെന്റ് ഫലപ്രദമായി പ്രവര്‍ത്തിക്കുകയുണ്ടായി. സംസ്ഥാന ഗവമെന്റ് നിശ്ചയിച്ച ദേവസ്വം ഭരണസമിതികളും ഇക്കാര്യത്തില്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ദേവസ്വം ഭരണത്തിലെ അഴിമതിയുടെ ഒരു പ്രധാനമേഖലയാണ് ഉദ്യോഗസ്ഥ നിയമനം. അത് പബ്ളിക് സര്‍വീസ് കമീഷന് വിടുകയാണ് ഈ ഗവമെന്റ് ചെയ്തത്.
മുന്‍ ഗവമെന്റുകള്‍ കൊണ്ടുവരാന്‍ തയ്യാറാകാതിരുന്ന മലബാര്‍ ദേവസ്വം നിയമം സഭയില്‍ അവതരിപ്പിച്ച് പാസാക്കിയതും ദേവസ്വംബോര്‍ഡ് രൂപീകരിച്ചതും ഇടതുപക്ഷ സര്‍ക്കാരാണ്. തുച്ഛമായ വേതനം കിട്ടിയിരുന്ന മലബാറിലെ ക്ഷേത്രജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സാമ്പത്തിക ആനുകൂല്യം ലഭിച്ചതും ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്. ഇത്തവണത്തെ ബജറ്റില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് 16.5 കോടി രൂപയാണ് ഗവമെന്റ് അനുവദിച്ചത്. കൂടാതെ മലബാറിലെ കാവുകളിലെ കോലധികാരികള്‍ക്കും കോമരങ്ങള്‍ക്കും പെന്‍ഷന്‍ നല്‍കുന്നതിന് ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഗവമെന്റിനെതിരെയാണ് വിശ്വാസികളുടെ വികാരം കുത്തിയിളക്കാന്‍ ഹിന്ദു ഐക്യ വേദിക്കാരും മറ്റും പരിശ്രമിക്കുന്നത്. മത വര്‍ഗീയത ആളിക്കത്തിക്കുന്നതിന് സംഘപരിവാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെ കോണ്‍ഗ്രസ്. ഇതേക്കുറിച്ച് മതനിരപേക്ഷ വാദികള്‍ പ്രതികരിക്കേണ്ടിയിരിക്കുന്നു.
ഇതോടൊപ്പം ഒരു കാര്യംകൂടി. മറ്റ് മതസ്ഥാപനങ്ങളുടെ മേല്‍ ഇല്ലാത്ത നിയമവ്യവസ്ഥ എന്തുകൊണ്ട് ഹിന്ദുമത ധര്‍മ സ്ഥാപനങ്ങളുടെമേല്‍ വരുന്നുവെന്ന ചോദ്യമാണ് കുമ്മനവും മറ്റും ഉയര്‍ത്തുന്നത്. ചരിത്രപരമായ കാരണങ്ങളാല്‍ എന്ന ഒറ്റ വാക്കിലുള്ള മറുപടിയാണ് അതിനുള്ളത്. അതിന്റെ ഫലമായാണല്ലോ നമ്മുടെ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 17 ചേര്‍ത്തിട്ടുള്ളത്. തൊട്ടുകൂടായ്മ നിര്‍ത്തലാക്കുകയും അങ്ങനെ ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമായും ആര്‍ട്ടിക്കിള്‍ 17 പറയുന്നു. ഇത് ഏത് മതത്തില്‍ നിലനിന്നിരുന്നതാണ് എന്ന് കുമ്മനം വിശദീകരിച്ചാലും. ഹിന്ദുമത- ധര്‍മ സ്ഥാപനങ്ങളില്‍ നിലനിന്ന തര്‍ക്കങ്ങളും ക്രമക്കേടുകളുമാണ് സര്‍ക്കാരിന്റെ നിയന്ത്രണം ക്ഷണിച്ചുവരുത്തിയത്. ആദ്യകാലത്ത് രാജാക്കന്മാര്‍ക്കുണ്ടായിരുന്ന നിയന്ത്രണാധികാരം പിന്നീട് ഗവമെന്റുകള്‍ക്കു കൈവന്നു. 1949ലെ തിരു-കൊച്ചി രാജാക്കന്മാര്‍ ചേര്‍ന്നുണ്ടാക്കിയ ഉടമ്പടിയിലെ വ്യവസ്ഥയനുസരിച്ച് ദേവസ്വംബോര്‍ഡ് അംഗങ്ങളായി മൂന്നുപേരെ നിയമിക്കണം. ഒരാളെ രാജപ്രമുഖനും ഒരാളെ മന്ത്രിമാരും ഒരാളെ നിയസഭാംഗങ്ങളും നോമിനേറ്റ്ചെയ്യണം എന്നാണ് വ്യവസ്ഥ. അതിന്റെ തുടര്‍ച്ചയെന്നോണം കേരള സര്‍ക്കാരുകള്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള അംഗങ്ങളെ നാമനിര്‍ദേശം ചെയ്തുവരികയാണ്. രാജ്യത്തുടനീളം ഏറിയും കുറഞ്ഞും ഇതേ സ്ഥിതിയാണുള്ളത്. അത്തരമൊരു സാഹചര്യത്തില്‍ ദേശീയ പാര്‍ടിയായ കോണ്‍ഗ്രസ് കേരളത്തില്‍മാത്രം ദേവസ്വം ഭരണത്തില്‍ 'സര്‍ക്കാര്‍ നിയന്ത്രണം' എന്ന് മുറവിളി കൂട്ടുന്നതില്‍ എന്ത് യുക്തിയാണുള്ളത്?
പി ജയരാജന്‍ ദേശാഭിമാനി 270310
1950ലെ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത ധര്‍മ സ്ഥാപന നിയമഭേദഗതിബില്‍ നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഹിന്ദു ഐക്യവേദിയും മറ്റും പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലെ ചില മുഖ്യധാരാമാധ്യമങ്ങള്‍ ഹിന്ദുമത വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള പരിശ്രമത്തിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്.
ReplyDelete