സര്‍ക്കാര്‍ ഒളിച്ചോടി; വനിതാബില്‍ പാസാക്കാനായില്ല
നിയമനിര്‍മാണ സഭകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്‍ വനിതാദിനത്തില്‍ പാസാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെ രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചെങ്കിലും പ്രക്ഷുബ്ധരംഗങ്ങളും സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്ലായ്മയും കാരണം ബില്‍ ചര്‍ച്ചയ്ക്കെടുക്കാനോ വോട്ടെടുപ്പ് നടത്താനോ സാധിക്കാതെ സഭ പിരിഞ്ഞു. യുപിഎ സര്‍ക്കാര്‍ വീണ്ടും നാടകീയമായി പിന്തിരിഞ്ഞതോടെ ഐതിഹാസികമായ വനിതാബില്‍ സ്വപ്നമായി തുടരുന്നു. ഇതിനിടെ, ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്ന സമാജ്വാദി പാര്‍ടി, ആര്‍ജെഡി കക്ഷികള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചു. 233 അംഗ സഭയില്‍ പത്തംഗങ്ങള്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്ത് നടുത്തളത്തിലിറങ്ങിയത്. എന്നാല്‍, ഇവരുടെ ഭീഷണിക്ക് സര്‍ക്കാര്‍ വഴങ്ങി. ഇടതുപക്ഷവും ബിജെപിയും പിന്തുണക്കുന്നതിനാല്‍ ഭരണഘടനാഭേദഗതി ബില്‍ പാസാക്കാനുള്ള മൂന്നില്‍രണ്ട് ഭൂരിപക്ഷം ഉറപ്പായിട്ടും സര്‍ക്കാര്‍ ആര്‍ജവം കാട്ടിയില്ല. ബില്ല് ചൊവ്വാഴ്ച ചര്‍ച്ചക്കെടുക്കാന്‍ ശ്രമിക്കുമെന്ന് നിയമമന്ത്രി വീരപ്പ മൊയ്ലി പറഞ്ഞെങ്കിലും സാധ്യത കുറവാണ്.
നാടകീയമായ രംഗങ്ങള്‍ക്കാണ് രാജ്യസഭ സാക്ഷ്യംവഹിച്ചത്. രാവിലെ സഭ ചേര്‍ന്നപ്പോള്‍ എസ്പി, ആര്‍ജെഡി, ജെഡിയു അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങി. രംഗനാഥ് മിശ്ര കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നായിരുന്നു ആവശ്യം. സഭാധ്യക്ഷന്‍ വനിതാദിന സന്ദേശം വായിച്ചശേഷം ബഹളം കാരണം 12വരെ സഭ നിര്‍ത്തി. തുടര്‍ന്ന് ചേര്‍ന്നപ്പോള്‍ വനിതാശാക്തീകരണ മന്ത്രി കൃഷ്ണ തീര്‍ഥ് വനിതാബില്ലടക്കം വനിതാക്ഷേമത്തിനായി സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍, എസ്പി, ആര്‍ജെഡി അംഗങ്ങള്‍ വീണ്ടും നടുത്തളത്തിലിറങ്ങിയതോടെ രണ്ടുവരെ സഭ നിര്‍ത്തി. ഇതിനിടെ, ലോക്സഭയും വനിതാബില്ലിനെ ചൊല്ലിയുള്ള ബഹളം കാരണം പലവട്ടം നിര്‍ത്തി. മുലായവും ലാലുവുമടക്കമുള്ളവര്‍ ലോക്സഭയുടെ നടുത്തളത്തിലിറങ്ങി.
രാജ്യസഭ പകല്‍ രണ്ടിന് ചേര്‍ന്നപ്പോള്‍ നിയമമന്ത്രി വീരപ്പ മൊയ്ലി വനിതാബില്‍ പരിഗണിച്ചുകൊണ്ട് പ്രമേയം അവതരിപ്പിച്ചു. ഇതോടെ നടുത്തളത്തില്‍ മുദ്രാവാക്യം വിളിക്കുകയായിരുന്ന എസ്പി, ആര്‍ജെഡി അംഗങ്ങള്‍ ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞു. തുടര്‍ന്ന് സഭാധ്യക്ഷനായ ഹമീദ് അന്‍സാരിയുടെ കൈയില്‍നിന്ന് കടലാസുകള്‍ പിടിച്ചുവാങ്ങി കീറി. ആര്‍ജെഡി അംഗം രാജ്നീതി പ്രസാദ് സഭാധ്യക്ഷനുമുന്നിലെ മൈക്ക് ഊരിയെടുത്തു. എസ്പി അംഗം കമല്‍ അക്തര്‍ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറി മുദ്രാവാക്യം വിളിച്ചു. ഡോ. ഇജാസ് അലി, അമിര്‍ അലം ഖാന്‍, നന്ദ്കിഷോര്‍ യാദവ് തുടങ്ങിയവര്‍ സഭാധ്യക്ഷന്റെ അടുത്തെത്തി കടലാസുകള്‍ വാരിയെറിഞ്ഞു. ഈ സമയം രണ്ട് മാര്‍ഷല്‍മാര്‍ മാത്രമാണ് സഭാധ്യക്ഷനെ സംരക്ഷിക്കാന്‍ ഉണ്ടായിരുന്നത്. ഇതോടെ ഹമീദ് അന്‍സാരി മൂന്നുമണിവരെ സഭ നിര്‍ത്തി.
സഭാധ്യക്ഷനുനേരെ കൈയേറ്റശ്രമം രാജ്യസഭയുടെ ചരിത്രത്തില്‍ ആദ്യമാണ്. മൂന്നുമണിക്കും നാലുമണിക്കും വീണ്ടും സഭ ചേര്‍ന്നെങ്കിലും നടപടികളിലേക്ക് കടന്നില്ല. തുടര്‍ന്ന് ആറുമണിവരെ സഭ നിര്‍ത്തി. ഇതിനിടെ പ്രധാനമന്ത്രി ബില്ലിനെ പിന്തുണയ്ക്കുന്നവരുടെ യോഗം വിളിച്ചു. ഇടതുപക്ഷവും ബിജെപിയും പിന്തുണ ആവര്‍ത്തിച്ചു. ചര്‍ച്ച വേണോ എന്ന് തീരുമാനിക്കാനാകാതെ കുഴങ്ങിയ സര്‍ക്കാര്‍ ഒടുവില്‍ തിടുക്കത്തില്‍ ബില്‍ പാസാക്കേണ്ടെന്ന നിലപാടിലെത്തി. ഫിനാന്‍സ് ബില്ലടക്കമുള്ള സുപ്രധാന ബജറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ എസ്പിയെയും ആര്‍ജെഡിയെയും പിണക്കുന്നത് ശരിയല്ലെന്ന് ധനമന്ത്രി പ്രണബ്മുഖര്‍ജി അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ആറുമണിക്ക് ചേര്‍ന്നപ്പോള്‍ സഭ അടുത്തദിവസം ചേരാനായി പിരിയുകയാണെന്ന് അധ്യക്ഷ പദവിയിലിരുന്ന പി ജെ കുര്യന്‍ അറിയിച്ചു.
(എം പ്രശാന്ത്)
സ്ത്രീസമൂഹത്തെ വീണ്ടും കോണ്‍ഗ്രസ് വഞ്ചിച്ചു
സാര്‍വദേശീയ മഹിളാ ദിനത്തിന്റെ ശതാബ്ദി നാളില്‍ ഇന്ത്യന്‍ സ്ത്രീസമൂഹത്തെ യുപിഎ സര്‍ക്കാര്‍ അപമാനിച്ചു. വനിതകള്‍ക്ക് ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്നു സംവരണം നല്‍കുന്ന ബില്‍ പാസാക്കിയെടുക്കുന്നതില്‍ കോണ്‍ഗ്രസിനും സോണിയഗാന്ധിക്കും ആത്മാര്‍ഥതയില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. ഐതിഹാസികമായ ബില്‍ പാസാക്കാന്‍ ഒരു മുന്നൊരുക്കവും നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അഭിമുഖീകരിച്ചത്. വിലക്കയറ്റപ്രശ്നത്തില്‍ പ്രതിപക്ഷത്ത് രൂപപ്പെട്ട ഐക്യം തകര്‍ക്കുക എന്നതിലപ്പുറം കോണ്‍ഗ്രസിന് ലക്ഷ്യമൊന്നുമുണ്ടായിരുന്നില്ല. ബില്‍ തടയാന്‍ എസ്പി, ആര്‍ജെഡി തുടങ്ങിയ കക്ഷികള്‍ ഏതറ്റംവരെയും പോകുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും അതു മറികടക്കാന്‍ ഒരു തന്ത്രവും കോണ്‍ഗ്രസ് ആവിഷ്കരിച്ചില്ല. 233 അംഗ രാജ്യസഭയില്‍ 200ല്‍ അധികം അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചിരുന്നു. ബിജെപിയും ഇടതുപക്ഷവും ബില്ലിന് വിപ്പും ഇറക്കി. രാത്രി പന്ത്രണ്ടുവരെ ഇരുന്നായാലും ബില്‍ പാസാക്കാന്‍ തയ്യാറാണെന്ന് ഇരുകക്ഷികളും വ്യക്തമാക്കിയതുമാണ്. ഇത്ര അനുകൂല സാഹചര്യമുണ്ടായിട്ടും പാസാകാതിരുന്നത് കോണ്‍ഗ്രസിന് താല്‍പ്പര്യമില്ലാത്തതുകൊണ്ടുമാത്രം.
ബിജെപിയുടെയും ഇടതുപക്ഷത്തിന്റെയും പിന്തുണയില്ലാഞ്ഞിട്ടും അമേരിക്കയുമായുള്ള ആണവകരാര്‍ അംഗീകരിക്കാന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസും അമിത താല്‍പ്പര്യം കാട്ടിയിരുന്നു.
കഴിഞ്ഞാഴ്ചത്തെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി യോഗത്തിലും വനിതാബില്‍ തിങ്കളാഴ്ച പാസാക്കുമെന്ന് സോണിയഗാന്ധി പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാത്തതിനാല്‍ അത് പാഴ്വാക്കായി. ബില്‍ അവതരിപ്പിക്കുംമുമ്പ് രാഷ്ട്രീയ പാര്‍ടികളുമായി പ്രധാനമന്ത്രിയോ യുപിഎ നേതൃത്വമോ പേരിനുപോലും ചര്‍ച്ച നടത്തിയില്ല. യുപിഎ ഘടകകക്ഷികളുമായും ചര്‍ച്ചയുണ്ടായില്ല. പാര്‍ലമെന്റിന്റെ ഇരു സഭയും തുടര്‍ച്ചയായി തടസ്സപ്പെട്ടപ്പോഴാണ് മുഖ്യപ്രതിപക്ഷ കക്ഷിയായ ബിജെപിയുമായും സിപിഐ എമ്മുമായും ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി തയ്യാറായത്. ഈ ഘട്ടത്തില്‍ ഇരു കക്ഷികളും ബില്‍ പാസാക്കാന്‍ പിന്തുണ ഉറപ്പുനല്‍കി. എന്നാല്‍, ഭരണഘടനാഭേദഗതിയായതിനാല്‍ ചര്‍ച്ച കൂടാതെ പാസാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ബിജെപി വ്യക്തമാക്കി. യോഗത്തില്‍ സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത സീതാറാം യെച്ചൂരി ചര്‍ച്ച കൂടാതെ പാസാക്കാനും സഹകരിക്കാമെന്ന് വാഗ്ദാനംചെയ്തു. 543 അംഗ ലോക്സഭയില്‍ വനിതാസംവരണത്തിലൂടെ 181 സീറ്റ് മാറ്റപ്പെടുമ്പോള്‍ മൊത്തം സംവരണ സീറ്റ് 270 ആകും. ബാക്കിയുള്ള സീറ്റില്‍നിന്ന് ഒബിസി, മുസ്ളിം സീറ്റ് വളരെ കുറവാകുമെന്നാണ് യാദവരുടെ പരാതി. മുസ്ളിംവോട്ട് സ്വന്തമാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ബില്‍ പാസായാല്‍ യുപിയിലും ബിഹാറിലും തിരിച്ചടിയുണ്ടാകുമെന്ന് ഭയക്കുന്നതും ഒളിച്ചുകളിക്ക് കാരണമായി.
(വി ബി പരമേശ്വരന്‍)
രാജ്യസഭ 2010 മാര്‍ച്ച് 8: ജനാധിപത്യത്തിന് കളങ്കം
*11 മണി: സഭ ചേര്‍ന്നു. അധ്യക്ഷന്‍ ഹമീദ് അന്‍സാരി വനിതാദിനസന്ദേശം വായിച്ചു. രംഗനാഥ്മിശ്ര റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എസ്പി- ആര്‍ജെഡി- ജെഡിയു അംഗങ്ങള്‍ നടുത്തളത്തില്‍.
*11.05: ബഹളത്തെതുടര്‍ന്ന് 12 വരെ സഭ നിര്‍ത്തി. അംഗങ്ങള്‍ പിരിഞ്ഞുപോകാതെ തിരക്കിട്ട ചര്‍ച്ചകളില്‍. വനിതാ സംവരണ ബില്‍ പാസാക്കാന്‍ സഹകരിക്കണമെന്ന് വൃന്ദ കാരാട്ട് അടക്കമുള്ള വനിതാനേതാക്കളുടെ അഭ്യര്‍ഥന.
*12.00: വീണ്ടും ചേര്‍ന്നപ്പോഴും ബഹളം. എസ്പി- ആര്‍ജെഡി- ജെഡിയു പാര്‍ടികളില്‍പ്പെട്ട പത്തുപേര്‍ നടുത്തളത്തില്‍. വനിതാക്ഷേമത്തിനായി സര്‍ക്കാര്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ വിവരിച്ച് വനിതാശാക്തീകരണ മന്ത്രി കൃഷ്ണതീര്‍ഥിന്റെ പ്രസ്താവന. വനിതാബില്‍ പാസാക്കുമെന്ന് പ്രഖ്യാപനം.
*12.05: ബഹളം കാരണം രണ്ടുമണിവരെ സഭ നിര്‍ത്തി. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ലാലുവും മുലായവും മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ തിരക്കിട്ട് ചര്‍ച്ചകള്‍. ബില്ലുമായി മുന്നോട്ടുപോകാന്‍ തീരുമാനം.
*2.00: രാജ്യസഭ വീണ്ടും ചേര്‍ന്നു. ലോക്സഭയില്‍നിന്നുള്ള ചില വനിതാ അംഗങ്ങളും രാജ്യസഭയുടെ ഗ്യാലറിയില്‍. നടുത്തളത്തില്‍ മുദ്രാവാക്യങ്ങളുമായി എസ്പി- ആര്‍ജെഡി അംഗങ്ങള്‍. വനിതാബില്‍ പാസാക്കാനായി പരിഗണിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിക്കാന്‍ നിയമമന്ത്രി വീരപ്പ മൊയ്ലിയെ സഭാധ്യക്ഷന്‍ ക്ഷണിച്ചു. മൊയ്ലി ബില്‍ പരിഗണനയ്ക്ക് വച്ചു. എസ്പി- ആര്‍ജെഡി അംഗങ്ങള്‍ ബില്ലിന്റെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞു. അന്‍സാരിക്കുനേരെ കുതിച്ച് മൈക്ക് ഊരിയെടുത്തു. എസ്പിയുടെ കമല്‍ അക്തര്‍ സെക്രട്ടറിജനറലിന്റെ മേശപ്പുറത്ത് കയറി. സഭാധ്യക്ഷനുനേരെയും കൈയേറ്റശ്രമം. തടയാന്‍ രണ്ട് മാര്‍ഷല്‍മാര്‍മാത്രം. അഞ്ച് മിനിറ്റ് നീണ്ട ബഹളത്തിനുശേഷം സഭ മൂന്നുവരെ നിര്‍ത്തി.
*2.30: കൂടുതല്‍ മാര്‍ഷല്‍മാര്‍ രംഗത്ത്. സെക്രട്ടറി ജനറലിന്റെയും സഭാധ്യക്ഷന്റെയും മേശപ്പുറത്തുനിന്ന് കടലാസുകളും പേന, പെന്‍സില്‍, പുസ്തകങ്ങള്‍ തുടങ്ങിയവയും നീക്കി.
*2.45: അംഗങ്ങള്‍ പിരിഞ്ഞുപോകാതെ ചര്‍ച്ചയില്‍. എസ്പി- ആര്‍ജെഡി അംഗങ്ങള്‍ക്ക് സഭയ്ക്കുപുറത്ത് ലാലുവിന്റെയും മുലായത്തിന്റെയും ക്ളാസ്. 3.00: അധ്യക്ഷക്കസേരയിലെത്തിയത് പി ജെ കുര്യന്‍. മുദ്രാവാക്യങ്ങള്‍ക്കുള്ള അവസരം കിട്ടുന്നതിനുമുമ്പ് നാലുവരെ സഭ നിര്‍ത്തിയതായി കുര്യന്റെ അറിയിപ്പ്.
*3.30: അനൌദ്യോഗികചര്‍ച്ചകള്‍ തുടരുന്നു. കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. ആര്‍ജെഡിയെയും എസ്പിയെയും പിണക്കരുതെന്ന് ചില മുതിര്‍ന്ന അംഗങ്ങള്‍. പ്രധാനമന്ത്രിക്കും വനിതാബില്ലിനോട് താല്‍പ്പര്യക്കുറവ്.
*4.00: സഭ വീണ്ടും ചേര്‍ന്നു. അധ്യക്ഷപദവിയില്‍ പി ജെ കുര്യന്‍. ആറുമണിക്ക് ചേരാന്‍ പിരിയുന്നതായി അറിയിപ്പ്. സര്‍ക്കാര്‍ പിന്നോക്കം പോവുകയാണെന്ന സൂചന ശക്തമായി.
*4.15: ബില്ലിനെ പിന്തുണയ്ക്കുന്ന പാര്‍ടികളുടെ നേതാക്കളുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച. ഇടതുപക്ഷവും ബിജെപിയും പിന്തുണ ആവര്‍ത്തിച്ചു. ബില്‍ പാസാക്കുംമുമ്പ് ചര്‍ച്ച വേണമെന്ന് ബിജെപി. ചര്‍ച്ചയ്ക്ക് സാഹചര്യമില്ലെങ്കില്‍ നേരിട്ട് വോട്ടിങ്ങിലേക്ക് നീങ്ങുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇടതുപക്ഷം.
*5.00: കോണ്‍ഗ്രസ് പാര്‍ടിനേതൃത്വത്തില്‍ കൂടിയാലോചനകള്‍. പ്രധാനമന്ത്രിയും ധനമന്ത്രിയും ചേര്‍ന്ന് സോണിയയെ കണ്ടു. ബില്‍ പാസാക്കുന്നത് മാറ്റിവയ്ക്കാന്‍ തീരുമാനം.
*6.00: അധ്യക്ഷക്കസേരയില്‍ വീണ്ടും പി ജെ കുര്യന്‍. സഭ നാളത്തേക്ക് ചേരാന്‍ പിരിയുന്നതായി അറിയിപ്പ്. സര്‍ക്കാരിനെതിരെ ഇടതുപക്ഷ അംഗങ്ങളുടെ മുദ്രാവാക്യം. ആര്‍ജെഡി- എസ്പി അംഗങ്ങളുടെ ആഹ്ളാദപ്രകടനം. പത്തുപേരുടെ എതിര്‍പ്പിനുമുന്നില്‍ സര്‍ക്കാരിന്റെ കീഴടങ്ങല്‍.
വനിതാബില്‍: മറനീക്കിയത് സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്ലായ്മ
വനിതാബില്‍ പാസാക്കുന്ന കാര്യത്തില്‍ യുപിഎ സര്‍ക്കാരിന് അല്‍പ്പംപോലും ആത്മാര്‍ഥതയില്ലെന്നു ബോധ്യപ്പെടുന്ന കാര്യങ്ങളാണ് തിങ്കളാഴ്ച പാര്‍ലമെന്റില്‍ അരങ്ങേറിയത്. ബില്ലിനെതിരെ എതിര്‍പ്പുണ്ടാകുമെന്ന് തീര്‍ച്ചയായിട്ടും അതിനെ നേരിടാന്‍ ഒരു തയ്യാറെടുപ്പും കോണ്‍ഗ്രസ് നേതൃത്വം നടത്തിയിരുന്നില്ല. ഇരുനൂറ്റി മുപ്പത്തിമൂന്ന് അംഗ രാജ്യസഭയില്‍ എസ്പി- ആര്‍ജെഡി- ജെഡിയു പാര്‍ടികളുടെ 28 എംപിമാര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തത്. ബില്ലിന്റെ കാര്യത്തില്‍ ജെഡിയു നേതൃത്വത്തിലുണ്ടായ ഭിന്നതകാരണം അവരുടെ എല്ലാ എംപിമാരും എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നില്ല. ചുരുക്കത്തില്‍ നടുത്തളത്തിലിറങ്ങിയത് പത്തുപേര്‍ മാത്രം. സഭാധ്യക്ഷനെ സംരക്ഷിക്കാന്‍ കൂടുതല്‍ പേരെ നിയോഗിച്ചിരുന്നെങ്കില്‍ സഭയിലെ സംഭവവികാസങ്ങള്‍ മറ്റൊരു വിധത്തിലാകുമായിരുന്നു. എന്നാല്‍, പാര്‍ലമെന്ററികാര്യവകുപ്പിന്റെ ചുമതലയുള്ള പി കെ ബന്‍സലിന് ഇക്കാര്യത്തില്‍ പൂര്‍ണ വീഴ്ചപറ്റി. കൈയേറ്റമുണ്ടാകുമെന്ന ഘട്ടമെത്തിയപ്പോള്‍ സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി പതറിപ്പോയി.
ഇതാദ്യമാണ് രാജ്യസഭയില്‍ സഭാധ്യക്ഷനു നേരെ കൈയേറ്റമുണ്ടാകുന്നത്. സഭയില്‍ ഇത്ര മോശമായി പെരുമാറിയ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ താല്‍പ്പര്യപ്പെട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധമുണ്ടെന്നാണ് സൂചന. സഭയില്‍ മോശമായി പെരുമാറിയ പത്തുപേരെ പുറത്താക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വനിതാബില്‍ സുഗമമായി പാസാക്കാന്‍ കഴിയുമായിരുന്നെന്ന് കോണ്‍ഗ്രസിലെ ചില വനിതാ അംഗങ്ങള്‍തന്നെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.വനിതാസംവരണമെന്നത് കോണ്‍ഗ്രസിന് വോട്ടുതട്ടാനുള്ള അടവുമാത്രമാണെന്ന് ബോധ്യപ്പെടുന്നതാണ് പാര്‍ലമെന്റില്‍ അരങ്ങേറിയ സംഭവങ്ങള്‍.
പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധക്കൊടുങ്കാറ്റ്
അന്താരാഷ്ട്ര വനിതാദിനത്തിന്റെ നൂറാം വാര്‍ഷികാഘോഷം പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധക്കൊടുങ്കാറ്റായി. രാജ്യസഭയില്‍ വനിതാ സംവരണബില്‍ അവതരണം തടസ്സപ്പെടുത്തിയ രാഷ്ട്രീയ പാര്‍ടികളുടെ നിലപാടിനെതിരെ പാര്‍ലമെന്റിനു മുന്നില്‍ സ്ത്രീകള്‍ വന്‍പ്രതിഷേധപ്രകടനം നടത്തി. കേന്ദ്രസര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ആത്മാര്‍ഥതയില്ലായ്മയ്ക്കെതിരെ മുദ്രാവാക്യം മുഴക്കിയ സ്ത്രീകളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. 33 ശതമാനം സംവരണം പ്രാവര്‍ത്തികമാക്കാനുള്ള പോരാട്ടം തുടരുമെന്ന് വനിതാസംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വനിതാദിനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാനാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് പുരോഗമന വനിതാ സംഘടനകള്‍ തലസ്ഥാനത്ത് ഒത്തുചേര്‍ന്നത്. സാമ്രാജ്യത്വത്തിനും യുദ്ധങ്ങള്‍ക്കുമെതിരായി വിവിധ രാജ്യങ്ങളില്‍ പൊരുതുന്ന സ്ത്രീജനതയെ അവര്‍ അഭിവാദ്യംചെയ്തു. മണ്ഡി ഹൌസിനു മുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനു സ്ത്രീകള്‍ അണിനിരന്നു. തുടര്‍ന്ന് ബംഗഭവനില്‍ യോഗം ചേര്‍ന്നു. പോരാട്ടവീര്യം തുളുമ്പുന്ന ഗാനങ്ങളും തെരുവുനാടകവും മറ്റു കലാപരിപാടികളുമായാണ് അവര്‍ സ്വന്തം ദിവസം ആഘോഷിച്ചത്. ഭക്ഷണവും ജോലിയും സ്വസ്ഥമായ ജീവിതവും അടക്കമുള്ള അവകാശങ്ങള്‍ ഉറപ്പാക്കാന്‍ നിയമനിര്‍മാണസഭകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം അനുവദിക്കണമെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു.
ചൈന, വെനസ്വേല, ദക്ഷിണാഫ്രിക്ക, അറബ് ലീഗ് എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഇന്ത്യന്‍ സ്ത്രീകളുടെ പോരാട്ടത്തിന് പിന്തുണയറിയിച്ചു. സുധ സുന്ദരരാമന്‍ (അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍), ഗാര്‍ഗി ചക്രവര്‍ത്തി (എന്‍എഫ്ഐഡബ്ള്യു), മോഹിനി ഗിരി (ഗില്‍ഡ് ഓഫ് സര്‍വീസ്), ജ്യോത്ന ചാറ്റര്‍ജി (ജെഡബ്ള്യുവി) എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
സര്‍ക്കാര്‍ സമീപനം ലജ്ജാകരം: വൃന്ദ
വനിതാ സംവരണബില്‍ പാസാക്കാനുള്ള ഐതിഹാസിക അവസരമാണ് യുപിഎ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും രാജ്യസഭാംഗവുമായ വൃന്ദ കാരാട്ട് പറഞ്ഞു. സര്‍ക്കാരിന്റെ സമീപനം ലജ്ജാകരമാണ്. രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാത്തതിനാലാണ് ബില്‍ പാസാക്കാതിരുന്നത്. ദൌര്‍ഭാഗ്യകരമായ സംഭവമാണിത്. ബില്ലിനെ എതിര്‍ക്കുന്നവര്‍ അത് തടയാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് കുട്ടികള്‍ക്കുപോലും അറിയാം. എന്നിട്ടും അതിനെ അതിജീവിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാതിരുന്നത് ബില്‍ പാസാക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ്- വൃന്ദ പറഞ്ഞു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മാനേജ്മെന്റിന്റെ പരാജയമാണിതെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. വിലക്കയറ്റപ്രശ്നത്തില്‍ പ്രതിപക്ഷത്തുണ്ടായിരുന്ന ഐക്യം തകര്‍ക്കാന്‍വേണ്ടിമാത്രമാണ് കോണ്‍ഗ്രസ് ബില്ലുമായി വന്നതെന്നുംയെച്ചൂരി കുറ്റപ്പെടുത്തി.
എസ്പിയും ആര്‍ജെഡിയും പിന്തുണ പിന്‍വലിച്ചു
പാര്‍ലമെന്റില്‍ വനിതാ സംവരണബില്‍ അവതരിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സമാജ് വാദി പാര്‍ടിയും ആര്‍ജെഡിയും യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. പിന്നോക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷത്തിനും പ്രത്യേക വനിതാ സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലാണ് പിന്തുണ പിന്‍വലിക്കുന്നതെന്ന് എസ്പി നേതാവ് മുലായംസിങ് യാദവും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവും പറഞ്ഞു. വനിതാ ബില്‍ പ്രശ്നത്തില്‍ ലോക്സഭയില്‍ ചോദ്യോത്തരവേള തടസ്സപ്പെടുത്തിയശേഷം പുറത്തുവന്നാണ് പിന്തുണ പിന്‍വലിക്കല്‍ പ്രഖ്യാപിച്ചത്. ബില്‍ പാസാക്കിയാലുടന്‍ പിന്തുണ പിന്‍വലിച്ച് രാഷ്ട്രപതിക്ക് കത്ത് നല്‍കുമെന്ന് ഇരു നേതാക്കളും അറിയിച്ചു. പാവപ്പെട്ടവര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കുമെതിരായ ബില്ലാണിതെന്ന് ഇവര്‍ ആരോപിച്ചു. ഈ വിഭാഗത്തില്‍ നിന്നുള്ളവര്‍ അധികാരത്തിലെത്തരുതെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ഇന്നത്തെ രൂപത്തില്‍ ബില്‍ പാസാക്കാന്‍ അനുവദിക്കില്ല.
എസ്പിക്ക് ലോക്സഭയില്‍ 22 ഉം ആര്‍ജെഡിക്ക് നാലും അംഗങ്ങളുണ്ട്. ബില്ലിനെ എതിര്‍ക്കുന്ന ബഹുജന്‍ സമാജ് പാര്‍ടിക്ക് 21 അംഗങ്ങളും. എസ്പിയും ആര്‍ജെഡിയും പിന്തുണ പിന്‍വലിച്ചതോടെ ലോക്സഭയില്‍ യുപിഎയുടെ പിന്‍ബലം 290 ആയി കുറഞ്ഞു. കോണ്‍ഗ്രസ്-208, തൃണമൂല്‍ കോണ്‍ഗ്രസ്-19, ഡിഎംകെ-18, എന്‍സിപി-9, നാഷണല്‍ കോണ്‍ഫറന്‍സ്-3, മുസ്ളിംലീഗ്-2 എന്നിങ്ങനെയുപിഎയില്‍ 259 അംഗങ്ങളാണുള്ളത്. ബിഎസ്പിയുടെ 21, ജെഡിഎസ്, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, സ്വതന്ത്രര്‍ എന്നിവരടക്കമാണ് 290. ബിഎസ്പി പിന്തുണ പിന്‍വലിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. അവര്‍ പിന്‍വലിച്ചാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് അപകടത്തിലാകും.
(വി ജയിന്‍)
ദേശാഭിമാനി വാര്‍ത്ത 090310
233 അംഗ രാജ്യസഭയില്‍ 200ല്‍ അധികം അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചിരുന്നു. ബിജെപിയും ഇടതുപക്ഷവും ബില്ലിന് വിപ്പും ഇറക്കി. രാത്രി പന്ത്രണ്ടുവരെ ഇരുന്നായാലും ബില്‍ പാസാക്കാന്‍ തയ്യാറാണെന്ന് ഇരുകക്ഷികളും വ്യക്തമാക്കിയതുമാണ്. ഇത്ര അനുകൂല സാഹചര്യമുണ്ടായിട്ടും പാസാകാതിരുന്നത് കോണ്‍ഗ്രസിന് താല്‍പ്പര്യമില്ലാത്തതുകൊണ്ടുമാത്രം.
ReplyDeleteബിജെപിയുടെയും ഇടതുപക്ഷത്തിന്റെയും പിന്തുണയില്ലാഞ്ഞിട്ടും അമേരിക്കയുമായുള്ള ആണവകരാര്‍ അംഗീകരിക്കാന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസും അമിത താല്‍പ്പര്യം കാട്ടിയിരുന്നു.
ഒളിച്ചോടിയ സർക്കാർ തിരിച്ചുവന്നു!!
ReplyDelete---
രാജ്യസഭയിൽ സംവരണമുണ്ടാകുമൊ? ഏയ് സ്ത്രീകൾക്കുണ്ടാവില്ല. എന്തേയെന്ന് മാത്രം ചോദിക്കരുത്. അത് മുഴുവനായും സംവരണം ചെയ്യപ്പെട്ടിരിക്കുന്നത്‌കൊണ്ട്‌തന്നെ! ഇപ്പോൾ തന്നെ പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ലോകസഭ തിരഞ്ഞെടുപ്പിൽ തോറ്റവർ എന്നിവർക്കായി സംവരണം ചെയ്തിട്ടുണ്ടല്ലോ? പിന്നെ കുറച്ച് പേയ്മെന്റ് സീറ്റുകളും, അതിൽ കള്ള് കച്ചവടക്കാർ, ഗൾഫ് ബിസിനസ്സുകാർ എന്നിവരും! ഇനി സ്ത്രീ സംവരണം കൂടി വരുമ്പോൾ സീറ്റ് നഷ്ടപ്പെടുന്ന പുരുഷകേസരികൾക്കും വേണ്ടേ ഇരിക്കാൻ ഒരു കസേര. ഇതിനിടയിൽ എവിടെ സ്ത്രീക്ക് സംവരണം?
കൂടുതൽ വായനയ്‌ക്ക്
http://georos.blogspot.com/2010/03/333-56.html
33.3% കൂടിയാൽ സംവരണം 56 ശതമാനം?
കണക്കെങ്കിലും ശരിയായി മനസ്സിലാക്കിയിട്ട് മതിയായിരുന്നു പോസ്റ്റിടലും വിമര്‍ശനവും. തിരുത്തിയത് നന്നായി.
ReplyDelete