ഇന്ത്യയിലെ സാധാരണക്കാരുടെ വാങ്ങല്‍ കഴിവ് വര്‍ധിച്ചതുകൊണ്ടാണ് ഭക്ഷ്യധാന്യ വിലക്കയറ്റമുണ്ടാകുന്നതെന്നും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നിര്‍ലജ്ജം പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്, രാജ്യത്തിന്റെ ഹൃദയഭൂമിയിലെ പ്രതാപ്ഗഢ് ജില്ലയില്‍ മാന്‍ഗര്‍ എന്ന സ്ഥലത്ത് രണ്ടു റൊട്ടിക്കും ഒരു തവി ദാളിനുംവേണ്ടി തിക്കിത്തിരക്കിയ പതിനായിരക്കണക്കിനാളുകളില്‍ മുപ്പത്തിയേഴു കുട്ടികളും 26 സ്ത്രീകളുമടക്കം 63 പേര്‍ ദാരുണമായി ചവിട്ടിയരച്ചു കൊല്ലപ്പെട്ടത്. പണ്ഡിറ്റ് രാം കൃപാല്‍ ത്രിപാഠി എന്ന കൃപാലു മഹാരാജിന്റെ ഭാര്യയുടെ ശ്രാദ്ധദിനത്തില്‍ അന്നദാനമുണ്ടെന്നു കേട്ട് ഒത്തുകൂടിയതായിരുന്നു വമ്പിച്ച ജനക്കൂട്ടം. ഭക്ഷണവും ഒരു തോര്‍ത്തു മുണ്ടും പത്തു രൂപ ദക്ഷിണയും കിട്ടുമെന്ന കൊതിയോടെ മാര്‍ച്ച് 4ന് തിരക്കിയെത്തിയവരുടെ മേലേയ്ക്ക് ഗെയ്റ്റിന്റെ ഒരു പാളി മറിഞ്ഞുവീണുവെന്നും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് ഹൃദയഭേദകമായ സംഭവം ഉണ്ടായതെന്നും ആണ് വാര്‍ത്ത. കൃപാലുവിന്റെ വീടിന് ചുറ്റും നാല് കിലോമീറ്ററോളം വ്യാസാര്‍ധത്തിലുള്ള പ്രദേശത്തു കിടക്കുന്ന ആറ് ഗ്രാമങ്ങളിലെ പാവങ്ങളായ ആളുകളാണ് അന്നദാന ചടങ്ങിന് എത്രയോ മുമ്പു തന്നെ, ഗെയ്റ്റ് തുറക്കുന്നതും കാത്ത് പ്രതീക്ഷയോടെ നിലയുറപ്പിച്ചത്.
തന്റെ ആറു കൊല്ലത്തെ ഭരണത്തിന്‍കീഴില്‍ രാജ്യം വമ്പിച്ച സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്ന് കൊട്ടിഘോഷിക്കുന്ന മന്‍മോഹന്‍ സിങ്ങിന്റെ അവകാശവാദം എത്രമാത്രം പൊള്ളയാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല താനും. വിലകുറഞ്ഞ ഒരു സാരിക്കുവേണ്ടിയും കൊല്ലത്തിലൊരിക്കല്‍ കിട്ടുന്ന സക്കാത്തിനുവേണ്ടിയും തിക്കിത്തിരക്കിയെത്തി, ഒടുവില്‍ അത് ക്രമസമാധാന പ്രശ്നമാകുന്നതും ലാത്തിചാര്‍ജ് നടക്കുന്നതും തിരക്കില്‍പ്പെട്ട പാവങ്ങള്‍ മരിക്കുന്നതുമായ സംഭവങ്ങള്‍ യുപി, ബീഹാര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നെല്ലാം മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. "തിളങ്ങുന്ന ഇന്ത്യ''യെക്കുറിച്ച് ആറുകൊല്ലം മുമ്പ് ബിജെപി കൊട്ടിഘോഷിച്ചിരുന്ന വേളയിലും, ഒരു പിടി ഭക്ഷണത്തിനുവേണ്ടി തിരക്കു കൂട്ടിയ പാവങ്ങള്‍ക്ക് ഈ ഗതികേട് സംഭവിച്ചിട്ടുണ്ട്. സമൂഹത്തിലെ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് മുമ്പും ഭീകരമായിരുന്നുവെങ്കിലും 1991ല്‍ നരസിംഹറാവു സര്‍ക്കാര്‍ ആരംഭിച്ച ഉദാരവല്‍ക്കരണ - സ്വകാര്യവല്‍ക്കരണ നടപടികള്‍ക്കുശേഷമാണ് അതിത്രമാത്രം മൂര്‍ച്ഛിച്ചത്. രാജ്യത്തെ നൂറ്റിയിരുപതോളം കോടി ജനങ്ങളില്‍ 78 ശതമാനംപേരും ദിവസം 20 രൂപയില്‍ കുറഞ്ഞ വരുമാനം കൊണ്ട് ജീവിക്കാന്‍ നിര്‍ബന്ധിതരായിത്തീരുമ്പോള്‍, അവരില്‍ പകുതിയിലേറെ പേരും പത്തുരൂപയില്‍ താഴെയുള്ള വരുമാനംകൊണ്ട് ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ടപ്പോള്‍, രാജ്യത്തെ 500ഓളം വരുന്ന സമ്പന്നരുടെ ആസ്തി ആറുലക്ഷം കോടിയില്‍പ്പരം രൂപയാണ്. കഴിഞ്ഞ പത്തുകൊല്ലംകൊണ്ടാണ് അത് നൂറ് ഇരട്ടി വര്‍ധിച്ചത്.
കഴിഞ്ഞ അഞ്ചു കൊല്ലത്തിനുള്ളില്‍ ഒരു ലക്ഷത്തില്‍പരം കൃഷിക്കാര്‍ ദാരിദ്ര്യം മൂലം ആത്മഹത്യ ചെയ്തുവെന്നും രണ്ടുകോടിയില്‍പ്പരം തൊഴിലാളികള്‍ക്ക് ഉള്ള തൊഴില്‍ നഷ്ടപ്പെട്ടുവെന്നും ഗ്രാമീണ മേഖലയിലെ കുട്ടികളില്‍ അമ്പതുശതമാനംപേരും പോഷകാഹാരക്കുറവുള്ളവരും സ്ത്രീകളില്‍ 60 ശതമാനം പേരും വിളര്‍ച്ച അനുഭവപ്പെടുന്നവരും ആണെന്നും കേന്ദ്ര ഗവണ്‍മെന്റിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. സമൂഹത്തിലെ ഒരു ശതമാനം ആളുകളെ മാത്രം കൂടുതല്‍ സമ്പന്നരാക്കുന്ന പുത്തന്‍ ഉദാരവല്‍ക്കരണനയം, മഹാഭൂരിപക്ഷം ജനങ്ങളെയും ദിനംപ്രതി കൂടുതല്‍ കൂടുതല്‍ ദരിദ്രരാക്കുകയാണ്. സമ്പദ്വ്യവസ്ഥ കുതിച്ച് വളരുമ്പോഴും പ്രതിശീര്‍ഷ പ്രതിദിന ഭക്ഷ്യലഭ്യത ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. തിളങ്ങുന്ന ഇന്ത്യ, കുപ്രസിദ്ധമായ ബംഗാള്‍ ക്ഷാമത്തിന്റെ ഇരുണ്ട നാളുകളിലേക്ക്, പട്ടിണി മൂലം ജനങ്ങള്‍ നടുറോഡില്‍ മരിച്ചു വീഴുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ അവസ്ഥയിലേക്ക് അനുദിനം നീങ്ങിക്കൊണ്ടിരിക്കുകയാണ്. രാജ്യം സ്ഫോടനാത്മകമായ ഒരു അഗ്നിപര്‍വതത്തിന്റെ മുകളിലാണെന്ന് ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ തന്നെ തുറന്നു പറഞ്ഞു തുടങ്ങിയിരിക്കുന്നു. എന്നിട്ടും തത്തമ്മ പറയുംപോലെ മന്‍മോഹന്‍സിങ്, വളര്‍ച്ചയുടെ പ്രതാപം പാടിക്കൊണ്ടിരിക്കുന്നു. അതിനിടയില്‍ പ്രതാപ്ഗഢിനെപ്പറ്റി അദ്ദേഹം മൌനം പാലിക്കുന്നത് അര്‍ഥഗര്‍ഭമാണ്.
എന്‍ പി ചിന്ത വാരിക 190310

ReplyDelete