Thursday, March 25, 2010

8 പുതിയ പൊതുമേഖലാ വ്യവസായം ഒരുവര്‍ഷത്തിനകം

എട്ട് പുതിയ പൊതുമേഖലാ വ്യവസായസംരംഭങ്ങള്‍ ഒരു വര്‍ഷത്തിനകം യാഥാര്‍ഥ്യമാക്കാന്‍ വ്യവസായവകുപ്പ് നടപടിയാരംഭിച്ചു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളുടെ മിച്ചഫണ്ടും പുതിയ നിക്ഷേപവും ഉപയോഗപ്പെടുത്തിയാകും പുതിയ വ്യവസായ സംരംഭങ്ങള്‍. 129 കോടി മുതല്‍മുടക്കില്‍ ആരംഭിക്കുന്ന ഈ സ്ഥാപനങ്ങള്‍ ആയിരക്കണക്കിനു തൊഴിലവസരം സൃഷ്ടിക്കും. വ്യവസായങ്ങളുടെ പ്രോജക്ട് റിപ്പോര്‍ട്ട് അടക്കമുള്ള കാര്യങ്ങള്‍ തയ്യാറാക്കാന്‍ വ്യവസായവകുപ്പ് ഉന്നതതലയോഗം തീരുമാനിച്ചു. കോമളപുരത്ത് സ്ഥാപിക്കുന്ന സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലിനാണ് ഏറ്റവും കൂടുതല്‍ മുതല്‍മുടക്ക് കണക്കാക്കുന്നത്, 36 കോടി രൂപ. കണ്ണൂരില്‍ 20 കോടി വിനിയോഗിച്ച്് ആധുനിക നെയ്ത്ത് ഫാക്ടറിയും. കാസര്‍കോട്ട് 20 കോടി രൂപ നിക്ഷേപത്തോടെ ടെക്സ്റ്റൈല്‍ മില്ലുമാണ് തുടങ്ങുന്നത്. കണ്ണൂരില്‍ ട്രാക്കോ കേബിള്‍സിന്റെ യൂണിറ്റ് ആരംഭിക്കും. 12 കോടിയാണ് മുതല്‍മുടക്ക്്. കോഴിക്കോട്ട് 12 കോടി ചെലവില്‍ സിഡ്കോയുടെ ടൂള്‍ റൂം, കുറ്റിപ്പുറത്ത് 12 കോടി വിനിയോഗിച്ച് കെല്‍ട്രോണിന്റെ കെല്‍ട്രാക് ടൂള്‍ റൂം, ഷൊര്‍ണൂരില്‍ 12 കോടി ചെലവില്‍ ഫോര്‍ജിങ് യൂണിറ്റ്, പാലക്കാട്ട് അഞ്ചു കോടി മുതല്‍മുടക്കില്‍ യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന്റെ മീറ്റര്‍ ഫാക്ടറി എന്നിവയാണ് തുടങ്ങുന്നത്.

കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് വ്യവസായമേഖലയ്ക്ക് പുതിയ പ്രതീക്ഷ നല്‍കി എട്ട് പുതിയ സ്ഥാപനത്തിനു തുടക്കം കുറിക്കുന്നത്. ഒരുവര്‍ഷത്തിനകം ഇവ കമീഷന്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. വ്യവസായങ്ങള്‍ സ്ഥാപിക്കാനാവശ്യമായ ഭൂമി, നിക്ഷേപം തുടങ്ങിയവയെക്കുറിച്ച് വിശദമായ തുടര്‍ചര്‍ച്ച നടക്കും. സമയബന്ധിതമായി പുതിയ സംരംഭങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ ഉന്നതതല യോഗത്തില്‍ ധാരണയായി. സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനവും ലാഭമാക്കാനുള്ള നടപടികളിലാണ് വ്യവസായവകുപ്പും സര്‍ക്കാറും. യുഡിഎഫ് ഭരണകാലത്ത് പൂട്ടുകയും വില്‍പ്പനയ്ക്ക് വയ്ക്കുകയും ചെയ്തവ അടക്കം പുനരുജ്ജീവിപ്പിക്കാനും ലാഭത്തിലേക്ക് നയിക്കാനും വ്യവസായവകുപ്പിനായി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം ഉയരുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ എട്ടു വ്യവസായംകൂടി ആരംഭിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാനാവശ്യമായ സാഹചര്യം ഒരുക്കുന്നതിന് നിലവിലുള്ള സ്ഥാപനങ്ങളുടെ മിച്ചഫണ്ട് നിക്ഷേപനയത്തില്‍ മാറ്റംവരുത്തുകയും ചെയ്തു. ഇതോടെ മിച്ചമുള്ള ഫണ്ട് പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാനോ നിലവിലുള്ളവയുടെ വിപുലീകരണത്തിനോ നല്‍കാം. ഓഹരിയായോ വായ്പയായോ മിച്ചമുള്ള തുക നല്‍കാന്‍ കഴിയും. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരണത്തിനായി 275 കോടി നീക്കിവച്ചിട്ടുമുണ്ട്.

deshabhimani 250310

1 comment:

  1. എട്ട് പുതിയ പൊതുമേഖലാ വ്യവസായസംരംഭങ്ങള്‍ ഒരു വര്‍ഷത്തിനകം യാഥാര്‍ഥ്യമാക്കാന്‍ വ്യവസായവകുപ്പ് നടപടിയാരംഭിച്ചു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളുടെ മിച്ചഫണ്ടും പുതിയ നിക്ഷേപവും ഉപയോഗപ്പെടുത്തിയാകും പുതിയ വ്യവസായ സംരംഭങ്ങള്‍. 129 കോടി മുതല്‍മുടക്കില്‍ ആരംഭിക്കുന്ന ഈ സ്ഥാപനങ്ങള്‍ ആയിരക്കണക്കിനു തൊഴിലവസരം സൃഷ്ടിക്കും. വ്യവസായങ്ങളുടെ പ്രോജക്ട് റിപ്പോര്‍ട്ട് അടക്കമുള്ള കാര്യങ്ങള്‍ തയ്യാറാക്കാന്‍ വ്യവസായവകുപ്പ് ഉന്നതതലയോഗം തീരുമാനിച്ചു.

    ReplyDelete