Monday, March 8, 2010

അഫ്ഗാനും പാകിസ്ഥാനും ഇന്ത്യയേക്കാള്‍ മുന്നില്‍

വനിത സംവരണ ബില്‍ ഇന്ന് പാസാക്കാനായില്ല

വനിത സംവരണ ബില്‍ പാസാക്കാനുള്ള ശ്രമത്തില്‍നിന്ന് യുപിഎ സര്‍ക്കാര്‍ അവസാന നിമിഷം പിന്തിരിഞ്ഞു. വൈകിട്ട് ആറിന് ബില്‍ പാസാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ആര്‍ജെഡി, ജെഡിയു, എസ്പി പാര്‍ടികളുടെ ഭീഷണികളെ തുടര്‍ന്നാണ് സര്‍ക്കാര്‍ പിന്തിരിഞ്ഞത്. നേരത്തെ സഭ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. ഏതാനും ചില അംഗങ്ങളുടെ എതിര്‍പ്പിനിടെ വനിതാ സംവരണ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ആര്‍ജെഡി, എസ്പി, എല്‍ജെപി അംഗങ്ങളുടെ എതിര്‍പ്പിനിടെ നിയമമന്ത്രി വീരപ്പ മൊയ്ലിയാണ് ബില്‍ അവതരിപ്പിച്ചത്. ആര്‍ജെഡി അംഗം സാധുയാദവ് ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞു. എസ് പി അംഗം കമാല്‍ അക്തര്‍ ചെയര്‍മാന്റെ ചേമ്പറില്‍ കയറി മുദ്രാവാക്യം മുഴക്കി. രാജ്യസഭാ അധ്യക്ഷനുനേരെ കയ്യേറ്റ ശ്രമവും ഉണ്ടായി. ലോകസഭയിലും സമാന സംഭവങ്ങള്‍ അരങ്ങേറി. ഇതേതുടര്‍ന്ന് സഭ അഞ്ചുതവണ നിര്‍ത്തിവെച്ചിരുന്നു. എസ്പി, ആര്‍ജെഡി കക്ഷികള്‍ പിന്തുണ പിന്‍വലിച്ചതും ബിഎസ്പി ബില്ലിനെ എതിര്‍ത്തതുമായ സാഹചര്യത്തില്‍ ബജറ്റ് പ്രക്രിയയ്ക്ക് തടസം നേരിടുമോ എന്ന ആശങ്കയുമാണ് അവസാനനിമിഷം ബില്‍ പാസാക്കുന്നതില്‍നിന്ന് യുപിഎ സര്‍ക്കാരിനെ പിന്തിരിപ്പിച്ചത്.

അഫ്ഗാനും പാകിസ്ഥാനും ഇന്ത്യയേക്കാള്‍ മുന്നില്‍

ജനസംഖ്യയില്‍ പകുതിയും സ്ത്രീകളുള്ള ഇന്ത്യയില്‍ലോക്സഭാ പ്രാതിനിധ്യം കേവലം 59 മാത്രം. 543 അംഗ ലോക്സഭയില്‍ 10.86 ശതമാനം. പത്തിലൊന്ന് സംവരണം. ലോകമാകെയുള്ള പാര്‍ലമെന്ററി സ്ഥാപനങ്ങളിലെ വനിതാ പ്രാതിനിധ്യം ശരാശരി 17.1 ശതമാനമാണ്. അഫ്ഗാനിസ്ഥാനിലെ ദേശീയ അസംബ്ളിയായ വോളസി ജിര്‍ഗയില്‍ 186 സീറ്റില്‍ 65 എണ്ണം വനിതകള്‍ക്കാണ്. ഇത് 34.9 ശതമാനം വരും. പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ 342 അംഗങ്ങളില്‍ 60 പേര്‍ വനിതകളാണ്. 17 ശതമാനം. പ്രവിശ്യ അസംബ്ളികളിലും ഇതേ തോതില്‍ വനിതാ പ്രാതിനിധ്യമുണ്ട്. റുവാണ്ടയിലെ അധോസഭയില്‍ 48.8 ശതമാനം അംഗങ്ങളും ഉപരിസഭയില്‍ 34.6 ശതമാനം അംഗങ്ങളും വനിതകളാണ്. അര്‍ജന്റീനയില്‍ പാര്‍ലമെന്റ് അംഗങ്ങളില്‍ 34.1 ശതമാനവും സ്ത്രീകളാണ്. ഉഗാണ്ടയില്‍ 292 അംഗ നിയമനിര്‍മാണസഭയില്‍ 56 പേര്‍(19.1 ശതമാനം) സ്ത്രീകളാണ്. ദക്ഷിണാഫ്രിക്കയില്‍ കുറഞ്ഞത് 30 ശതമാനം സംവരണം വേണമെന്ന് നിയമമുണ്ട്. അവിടെ ഇപ്പോള്‍ 34.8 ശതമാനം പ്രാതിനിധ്യം വനിതകള്‍ക്കുണ്ട്. ഫിന്‍ലന്‍ഡില്‍ 1980ല്‍ വനിതാ പ്രാതിനിധ്യം 25 ശതമാനമായിരുന്നു. 1996ല്‍ ഇത് 48 ശതമാനമായി ഉയര്‍ന്നു. കുറഞ്ഞത് 40 ശതമാനം അംഗങ്ങള്‍ വനിതകളായിരിക്കണമെന്നാണ് നിയമം. അമേരിക്കന്‍ കോണ്‍ഗ്രസില്‍ 16.3 ശതമാനമാണ് വനിതകള്‍.

ഇന്ത്യന്‍ പാര്‍ലമെന്റിലെ 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയാല്‍ അംഗത്വം 181 ആയി ഉയരും. ചില രാജ്യങ്ങളില്‍ പാര്‍ടികള്‍ക്കുതന്നെ നിശ്ചിത എണ്ണം സീറ്റ് വനിതകള്‍ക്ക് സംവരണംചെയ്യാന്‍ വ്യവസ്ഥയുണ്ട്. അവിടങ്ങളില്‍ ആനുപാതിക പ്രാതിനിധ്യനിയമം ഉള്ളതിനാല്‍ നിശ്ചിത എണ്ണം സീറ്റുകള്‍ വനിതകള്‍ക്ക് ലഭിക്കും. 1910ല്‍ വനിതാ ദിനത്തിന്റെ ആവിര്‍ഭാവത്തോടെ ശക്തിപ്പെട്ട വോട്ടവകാശത്തിനും വനിതാ പ്രാതിനിധ്യത്തിനുമുള്ള പോരാട്ടം ഇന്ത്യയില്‍ എഴുപതുകളോടെയാണ് ആരംഭിച്ചത്. വനിതകളുടെ സാമൂഹ്യപദവിയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നിയമനിര്‍മാണസഭകളില്‍ വനിതാ സംവരണമെന്ന ആശയം ശക്തമായി. 1996ല്‍ 81-ാം ഭരണഘടനാ ഭേദഗതി ബില്ലായി വനിതാബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുവെങ്കിലും ലാലുപ്രസാദ് യാദവ്, മുലായംസിങ് യാദവ് ശക്തികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നടപടികള്‍ മുന്നോട്ടുപോയില്ല. തുടര്‍ന്ന് ബില്‍ ഗീതാ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. 1996 ഡിസംബറില്‍ത്തന്നെ സമിതി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും 1998 ജൂണ്‍ 28ന് പന്ത്രണ്ടാം ലോക്സഭയിലാണ് അവതരിപ്പിക്കാന്‍ കഴിഞ്ഞത്. പക്ഷേ, പരിഗണനക്കെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് 1999, 2002 വര്‍ഷങ്ങളിലും ബില്ലവതരണത്തിന് ശ്രമം നടന്നെങ്കിലും നടപടിയുണ്ടായില്ല. 2004ലും 2008ലും ബില്‍ അവതരിപ്പിച്ചെങ്കിലും സമവായമായില്ലെന്ന് പറഞ്ഞ് ബില്‍ പാസാക്കിയില്ല.
(വി ജയിന്‍)

ദേശാഭിമാനി 080310

1 comment:

  1. വനിത സംവരണ ബില്‍ പാസാക്കാനുള്ള ശ്രമത്തില്‍നിന്ന് യുപിഎ സര്‍ക്കാര്‍ അവസാന നിമിഷം പിന്തിരിഞ്ഞു. വൈകിട്ട് ആറിന് ബില്‍ പാസാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ആര്‍ജെഡി, ജെഡിയു, എസ്പി പാര്‍ടികളുടെ ഭീഷണികളെ തുടര്‍ന്നാണ് സര്‍ക്കാര്‍ പിന്തിരിഞ്ഞത്. നേരത്തെ സഭ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. ഏതാനും ചില അംഗങ്ങളുടെ എതിര്‍പ്പിനിടെ വനിതാ സംവരണ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ആര്‍ജെഡി, എസ്പി, എല്‍ജെപി അംഗങ്ങളുടെ എതിര്‍പ്പിനിടെ നിയമമന്ത്രി വീരപ്പ മൊയ്ലിയാണ് ബില്‍ അവതരിപ്പിച്ചത്. ആര്‍ജെഡി അംഗം സാധുയാദവ് ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞു. എസ് പി അംഗം കമാല്‍ അക്തര്‍ ചെയര്‍മാന്റെ ചേമ്പറില്‍ കയറി മുദ്രാവാക്യം മുഴക്കി. രാജ്യസഭാ അധ്യക്ഷനുനേരെ കയ്യേറ്റ ശ്രമവും ഉണ്ടായി.

    ReplyDelete