വനിതാ സംവരണബില്‍ പാസ്സാക്കേണ്ടത് ജനാധിപത്യ ശാക്തീകരണത്തിന് അനിവാര്യം
നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് 1910 ആഗസ്റ്റ് 17ന് കോപ്പന്‍ഹേഗനില്‍ ചേര്‍ന്ന അന്താരാഷ്ട്ര വനിതാസമ്മേളനം പൌരാവകാശത്തിനായി ലോകമെമ്പാടുമുള്ള സ്ത്രീകള്‍ സോഷ്യലിസ്റ്റുചേരിയില്‍ സംഘടിക്കേണ്ടതുണ്ടെന്ന് പ്രഖ്യാപിച്ചു. മൌലികാവകാശമെന്നനിലയില്‍ വോട്ടവകാശം നേടിയെടുക്കുകയായിരുന്നു അന്ന് പ്രധാന ലക്ഷ്യം. സ്ത്രീകളുടെ അവകാശരാഹിത്യമോ അപൂര്‍ണ്ണമായ അവകാശമോ നിലനില്‍ക്കുന്നിടത്തോളം ജനാധിപത്യവും തുല്യതയും സംരക്ഷിക്കാനാവില്ലെന്ന് തിരിച്ചറിയാന്‍ പൊതുസമൂഹം പലപ്പോഴും 'നിര്‍ബന്ധിത'മാവുകയായിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. ലളിതമായ ഈ യുക്തി പക്ഷേ, നിര്‍വ്വഹണഘട്ടത്തില്‍ സങ്കീര്‍ണ്ണമാണ്. പതിനാലുവര്‍ഷത്തെ സംഭവബഹുലമായ നാടകീയതയ്ക്കൊടുവില്‍ വനിതാസംവരണബില്‍ രാജ്യസഭ പാസാക്കിയെങ്കിലും കടമ്പകളിനിയും ഏറെയാണ്.
1996 സെപ്തംബറില്‍ എച്ച്ഡി ദേവഗൌഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരാണ് വനിതാ സംവരണബില്‍ ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ലാലുപ്രസാദിന്റെ രാഷ്ട്രീയജനതാദളും മുലായംസിങ്ങിന്റെ സമാജ്വാദി പാര്‍ട്ടിയുമായിരുന്നു അന്ന് ബില്ലിന്റെ പ്രധാന എതിരാളികള്‍. ഇരുപാര്‍ടികളും സര്‍ക്കാരിന്റെ ഭാഗമായിരുന്നതുകൊണ്ടുതന്നെ ബില്ല് പാസാക്കാനായില്ല. വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 1998ലും 1999ലും ബില്ല് അവതരിപ്പിക്കപ്പെട്ടെങ്കിലും സര്‍ക്കാരില്‍ പങ്കാളികളായിരുന്ന ജനതാദള്‍ (യു), ലോക്ജനശക്തി എന്നീ പാര്‍ടികളുടെ ശക്തമായ എതിര്‍പ്പിനെ അതിജീവിക്കാന്‍ കഴിഞ്ഞില്ല. 2002ലും 2003ലും ബില്ല് അവതരിപ്പിക്കാനുള്ള ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. 2004ലെ യുപിഎ ഗവണ്‍മെന്റ് പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും മറ്റു പലതുമെന്നപോലെ വനിതാ സവരണബില്ലും വെളിച്ചംകണ്ടില്ല. ഒടുവില്‍ 2010 മാര്‍ച്ച് 8നും 9നും നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കിടയില്‍ രാജ്യസഭാ ബില്ല് പാസാക്കുകയായിരുന്നു. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യണമെന്ന് വ്യവസ്ഥചെയ്യുന്ന ഭരണഘടനയുടെ 108-ാം ഭേദഗതിക്ക് രാജ്യസഭ അംഗീകാരം നല്‍കിയിരിക്കുന്നു.
വനിതാബില്ലിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ച് ബഹളമുണ്ടാക്കാന്‍ നേതൃത്വം നല്‍കിയ ഏഴ് ജനപ്രതിനിധികളെ സഭയില്‍നിന്ന് സസ്പെന്റുചെയ്തുകൊണ്ടാണ് ബില്ല് പാസാക്കപ്പെട്ടത്. ഇന്ത്യന്‍ സമൂഹത്തില്‍ വോട്ടവകാശമുള്ളവരില്‍ പകുതിയോളം സ്ത്രീകളാണ്. സ്ത്രീകളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചതിലൂടെ ലഭിച്ച പദവി സ്ത്രീകള്‍ക്കെതിരെയുള്ള പ്രതിഷേധത്തിനും സ്ത്രീകളുടെ അവകാശനിഷേധത്തിനുംവേണ്ടി ഉപയോഗിക്കുന്ന വികൃത ജനാധിപത്യബോധമാണ് ബില്ലിനെ എതിര്‍ത്ത എം പിമാരില്‍ പ്രവര്‍ത്തിക്കുന്നത്.
ഇടതുപക്ഷത്തിന്റെ ആത്മാര്‍ത്ഥവും ശക്തവുമായ ഇടപെടലാണ് ഇക്കാലയളവിലെല്ലാം ബില്ലിനെ ചര്‍ച്ചാവിഷയമാക്കി പൊതു സമൂഹത്തില്‍ നിലനിര്‍ത്തിയത്. ഓരോതവണയും അധികാരം നഷ്ടപ്പെടുമെന്ന ഭീതിയില്‍ ഭരണാധികാരികള്‍ ബില്ലിനെ പരിഗണിക്കാന്‍ വിമുഖത കാട്ടിയപ്പോഴെല്ലാം ബില്ലിനെ അനുകൂലിക്കുന്ന സമീപനമായിരുന്നു ഇടതുപക്ഷത്തിന്റേത്. തെരഞ്ഞെടുപ്പുഘട്ടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് വനിതാസംവരണത്തെക്കുറിച്ച് വാചാലമായിരുന്നത്. അധികാരം കയ്യില്‍കിട്ടുമ്പോള്‍ അവര്‍ ബില്ലിനെ മറക്കുകയും ചെയ്തിരുന്നു. ബിജെപിയാകട്ടെ തങ്ങളുടെ സംഘടനാഘടകങ്ങളില്‍ വനിതാ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് സ്ത്രീകള്‍ക്കനുകൂലമാണ് എന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു. ബിജെപി അധികാരത്തിലെത്തിയാല്‍ വനിതാസംവരണബില്‍ പാസാക്കുമെന്ന് വിശ്വസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. എന്നാല്‍, പ്രധാനപ്പെട്ടതും നയപരവുമായ തീരുമാനങ്ങള്‍ എടുക്കുന്ന പാര്‍ലമെന്ററികാര്യ സമിതിയില്‍ ഈ സംവരണം ബാധകമല്ലെന്ന് അവര്‍ പറയുകയും ചെയ്തു. തീരുമാനമെടുക്കല്‍ പ്രക്രിയയില്‍നിന്ന് സ്ത്രീകളെ അകറ്റിനിര്‍ത്തുകതന്നെയാണ് ബിജെപിയുടെ നയമെന്ന് അവിടെ വ്യക്തമാകുന്നു. അതേസമയം വനിതാസംവരണത്തിന്റെ അനിവാര്യതയെക്കുറിച്ച് പാര്‍ലമെന്റിനകത്തും പുറത്തും കഴിഞ്ഞ പതിനാലുവര്‍ഷക്കാലമായി ഇടതുപക്ഷം ശബ്ദമുയര്‍ത്തിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. വിവിധമഹിളാ സംഘടനകളുടെയും ഇടതുപക്ഷത്തിന്റെയും തുടര്‍ച്ചയായ പ്രക്ഷോഭത്തിന്റെ ഫലമായിട്ടാണ് ബില്‍ പാസാക്കാന്‍ കഴിഞ്ഞത് എന്നര്‍ത്ഥം.
ലോകത്തെ രണ്ടാം സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിക്കുകയാണ് എന്ന് അവകാശവാദമുന്നയിക്കുന്ന യുപിഎ ഗവണ്‍മെന്റ് ഇന്ത്യയിലെ സ്ത്രീകളുടെ ദാരുണാവസ്ഥയ്ക്കുനേരെ കണ്ണടയ്ക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ മാനവവികസന സൂചകത്തില്‍ ഇന്ത്യ 134-ാം സ്ഥാനത്താണ്. കഴിഞ്ഞ റിപ്പോര്‍ട്ടില്‍ 128 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയുടെ വികസനത്തിന്റെ തോത് ഇടിഞ്ഞുകൊണ്ടിരിക്കുന്നുവെന്നര്‍ത്ഥം. ലോക സാമ്പത്തികഫോറം പ്രസിദ്ധീകരിച്ച സ്ത്രീകളുടെ അവസ്ഥയെ സംബന്ധിക്കുന്ന പട്ടികയില്‍ 114-ാം സ്ഥാനത്താണ് ഇന്ത്യ. സ്ത്രീകളുടെ വിദ്യാഭ്യാസം, ആരോഗ്യം, ഭരണരംഗത്തെ പങ്കാളിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് ആ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഈ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമുണ്ടാകണമെങ്കില്‍ സ്ത്രീകളുടെ അവസ്ഥയും പദവിയും മെച്ചപ്പെടേണ്ടതുണ്ട്. തീരുമാനങ്ങളെടുക്കുന്ന സമിതികളിലും നിയമനിര്‍മ്മാണ സഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉണ്ടാവുകയെന്നത് വളരെ പ്രധാനമാണ്. ആ പ്രാതിനിധ്യം ഉറപ്പാക്കാന്‍ വനിതാസംവരണത്തിലൂടെ മാത്രമേ കഴിയൂ എന്നതാണ് ഇന്ത്യന്‍ സമൂഹത്തിന്റെ സമൂര്‍ത്തമായ സാഹചര്യം വ്യക്തമാക്കുന്നത്. അതായത്, വനിതാസംവരണത്തെ എതിര്‍ക്കുകയെന്നാല്‍ സമൂഹത്തിന്റെ പുരോഗതിയെയും വികസനത്തെയും ആത്യന്തികമായി ജനാധിപത്യത്തെയും നിഷേധിക്കുകയാണ് എന്ന് അര്‍ത്ഥം.
നാഷണല്‍ പാര്‍ലമെന്റുകളില്‍നിന്ന് 2010 ജനുവരി 31 വരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പാര്‍ലമെന്ററി സഭകളിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. 187 രാജ്യങ്ങളുള്‍പ്പെടുന്ന പട്ടികയില്‍ 99-ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 545 പേരടങ്ങുന്ന പാര്‍ലമെന്റില്‍ 59 പേര്‍ മാത്രമാണ് സ്ത്രീകള്‍-10.8%. മുപ്പതുശതമാനത്തിലധികം സ്ത്രീ പ്രാതിനിധ്യമുള്ള 25 രാഷ്ട്രങ്ങള്‍ പട്ടികയിലുണ്ട്. പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള റുവാന്‍ഡയില്‍ 56.3% ആണ് സ്ത്രീ പ്രാതിനിധ്യം. എന്നാല്‍ ശക്തമായ ജനാധിപത്യസംവിധാനം നിലനില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇന്ത്യയിലെ സ്ഥിതി ലജ്ജാകരമാണെന്ന് കാണുക.
ഇന്ത്യയില്‍ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ നിലനില്‍ക്കുന്ന യാഥാസ്ഥിതിക മൂല്യങ്ങളെല്ലാം സ്ത്രീവിരുദ്ധമാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുബോധത്തില്‍ അന്തര്‍ലീനമായ ഈ സ്ത്രീവിരുദ്ധതയെ പൊളിച്ചെഴുതാന്‍ വനിതാസംവരണം സഹായകമാവും. ആ പൊളിച്ചെഴുത്ത് സ്ത്രീകളുടെ പുരോഗതിയും മുന്നേറ്റവും സാധ്യമാക്കും എന്നതിനപ്പുറം സമൂഹത്തിന്റെ പുരോഗതിയെയും വികസനത്തെയും അര്‍ത്ഥവത്താക്കുമെന്നുകൂടി കാണേണ്ടതുണ്ട്. സ്ത്രീകള്‍കൂടി ഉള്‍പ്പെടുന്ന പ്രക്ഷോഭകാരികളുടെ പടനീക്കങ്ങളാണ് നമ്മുടെ സമൂഹത്തെ മുന്നോട്ടുനയിച്ചത്. അത് തിരിച്ചറിഞ്ഞുകൊണ്ടാണ് മാര്‍ക്സ് പ്രസ്താവിച്ചത്, 'ചരിത്രത്തെക്കുറിച്ച് എന്തെങ്കിലും ബോധമുള്ളവര്‍ക്കെല്ലാം അറിവുള്ള വസ്തുതയാണ് സ്ത്രീകളുടെ പ്രക്ഷോഭമുണ്ടാവാതെ മഹത്തായ സാമൂഹ്യവിപ്ളവങ്ങള്‍ സാധ്യമല്ലായെന്ന്''.
സാമ്പത്തികവും ജാതീയവും ലിംഗപരവും മതപരവുമെന്നിങ്ങനെ എല്ലാത്തരം അസമത്വങ്ങളും വര്‍ദ്ധിച്ചുവരുന്ന ഇന്ത്യന്‍ സമൂഹത്തില്‍ അനിവാര്യമായ മാറ്റത്തിന് രാഷ്ട്രീയബോധവും ഇച്ഛാശക്തിയുമുള്ള സ്ത്രീകളുടെ മുന്നേറ്റം സൃഷ്ടിക്കേണ്ടതുണ്ട്. പ്രതികൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും കാണണം. വനിതാസംവരണബില്ല് അവതരിപ്പിച്ച് പാസാക്കിയതിലൂടെ സ്ത്രീകള്‍ക്കനുകൂലമാണ് തങ്ങള്‍ എന്ന് ധരിപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങള്‍ സ്ത്രീ ജീവിതത്തെ കൂടുതല്‍ മുരടിപ്പിക്കുന്നതാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. സ്ത്രീകള്‍ക്ക് ഗുണകരമായ പദ്ധതികള്‍ക്കായുള്ള സര്‍ക്കാരിന്റെ പ്രതിശീര്‍ഷ വകയിരുത്തല്‍ 1200 രൂപയില്‍ താഴെ മാത്രമാണ്. ഒരു സ്ത്രീക്ക് ഒരു വര്‍ഷത്തേക്കുള്ള വകയിരുത്തലാണിത്. ബഡ്ജറ്റിനെ സംബന്ധിച്ച് വിലയിരുത്തുന്ന സെന്റര്‍ ഫോര്‍ ബഡ്ജറ്റ് ആന്റ് ഗവേണന്‍സ് അക്കൌണ്ടബിലിറ്റി (സിബിസിഎ)യുടെ റിപ്പോര്‍ട്ടനുസരിച്ച് 2007-08ല്‍ ഇത് കേവലം 410 രൂപയായിരുന്നു. 2009-2010ല്‍ അത് 1000 രൂപയായി ഉയര്‍ന്നു. ഇപ്പോള്‍ 1190 രൂപയാണ്. ഈ തുകയില്‍ ഭൂരിഭാഗവും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി നീക്കിവയ്ക്കുന്നു. സ്ത്രീകളുടെ സാമ്പത്തിക-രാഷ്ട്രീയ പങ്കാളിത്തം അവഗണിച്ചുകൊണ്ടുള്ള ആസൂത്രണവും വകയിരുത്തലുമാണ് നടക്കുന്നതെന്നര്‍ത്ഥം. വിദ്യാഭ്യാസത്തിന് 31.62 ശതമാനവും ആരോഗ്യത്തിന് 27.28 ശതമാനവും വിനിയോഗിക്കുമ്പോള്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് സാമ്പത്തിക-രാഷ്ട്രീയ പങ്കാളിത്തത്തിനായി വകയിരുത്തുന്നത് (രാഷ്ട്രീയബോധവല്‍ക്കരണം-0.07%, സാമ്പത്തിക ശാക്തീകരണം-0.49%). അധികാര പ്രക്രിയയില്‍ സ്ത്രീപങ്കാളിത്തം അനിവാര്യമാണെന്നുതന്നെയാണ് വസ്തുതകള്‍ വ്യക്തമാക്കുന്നത്. വനിതാസംവരണബില്ലിനെ ലോക്സഭയില്‍ കാത്തിരിക്കുന്ന എതിര്‍പ്പുകളും നടപ്പിലാക്കുന്നതിലെ സങ്കീര്‍ണ്ണതകളും അതിജീവിക്കുമ്പോള്‍ മാത്രമേ ഇന്ത്യന്‍ സമൂഹത്തിന്റെ ജനാധിപത്യം സംരക്ഷിക്കപ്പെടുകയും അതിന് സ്ത്രീ ശക്തി കാവലാവുകയുമുള്ളൂവെന്നത് വസ്തുതയാണ്.
ഡോ. പി എസ് ശ്രീകല ചിന്ത വാരിക 190310
നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് 1910 ആഗസ്റ്റ് 17ന് കോപ്പന്‍ഹേഗനില്‍ ചേര്‍ന്ന അന്താരാഷ്ട്ര വനിതാസമ്മേളനം പൌരാവകാശത്തിനായി ലോകമെമ്പാടുമുള്ള സ്ത്രീകള്‍ സോഷ്യലിസ്റ്റുചേരിയില്‍ സംഘടിക്കേണ്ടതുണ്ടെന്ന് പ്രഖ്യാപിച്ചു. മൌലികാവകാശമെന്നനിലയില്‍ വോട്ടവകാശം നേടിയെടുക്കുകയായിരുന്നു അന്ന് പ്രധാന ലക്ഷ്യം. സ്ത്രീകളുടെ അവകാശരാഹിത്യമോ അപൂര്‍ണ്ണമായ അവകാശമോ നിലനില്‍ക്കുന്നിടത്തോളം ജനാധിപത്യവും തുല്യതയും സംരക്ഷിക്കാനാവില്ലെന്ന് തിരിച്ചറിയാന്‍ പൊതുസമൂഹം പലപ്പോഴും 'നിര്‍ബന്ധിത'മാവുകയായിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. ലളിതമായ ഈ യുക്തി പക്ഷേ, നിര്‍വ്വഹണഘട്ടത്തില്‍ സങ്കീര്‍ണ്ണമാണ്. പതിനാലുവര്‍ഷത്തെ സംഭവബഹുലമായ നാടകീയതയ്ക്കൊടുവില്‍ വനിതാസംവരണബില്‍ രാജ്യസഭ പാസാക്കിയെങ്കിലും കടമ്പകളിനിയും ഏറെയാണ്.
ReplyDelete