ആണവ ദുരന്തങ്ങളുടെ പ്രത്യാഘാതം അവര്‍ണനീയമാണ്. അങ്ങനെയൊരു ദുരന്തമുണ്ടായാല്‍ അതിന് അടിപ്പെടുന്നവരെ എത്രമേല്‍ സഹായിക്കാം എന്നാണ് ഏതു സര്‍ക്കാരും ആലോചിക്കുക. ഇവിടെ, മന്‍മോഹന്‍ സിങ് നേതൃത്വം നല്‍കുന്ന യുപിഎ ഗവമെന്റ് മറ്റൊരു രീതിയിലാണ് ചിന്തിച്ചു കാണുന്നത്. അമേരിക്കയുമായി ഒപ്പിട്ട സിവില്‍ ആണവകരാര്‍ ഇന്ത്യയുടെ പരമാധികാരത്തെ തകര്‍ക്കുമെന്ന മുന്നറിയിപ്പു നല്‍കിയാണ് ഇടതുപക്ഷം എതിര്‍പ്പുയര്‍ത്തിയത്. ഇടതുപക്ഷത്തിന്റെ ആ വീക്ഷണം ശരിവയ്ക്കുന്ന ഏറ്റവുമൊടുവിലത്തെ സംഭവമാണ് പ്രധാനമന്ത്രികാര്യാലയ സഹമന്ത്രി പൃഥ്വിരാജ് ചൌഹാന്‍ തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച ആണവദുരന്തങ്ങള്‍ സംബന്ധിച്ച സിവില്‍ ബാധ്യതാനിയമം. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പും സഭയില്‍ പരാജയപ്പെടുമെന്ന ഭീതിയുംമൂലം ബില്‍ അവതരിപ്പിക്കുന്നതില്‍നിന്ന് പിന്മാറേണ്ടിവന്നു. എന്നാല്‍, ആണവസഹകരണ കരാറിലൂടെ തുറന്ന അമേരിക്കന്‍ വിധേയത്വത്തിന്റെ വഴിയില്‍ യുപിഎ സര്‍ക്കാര്‍ എത്ര ആവേശത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും അതിനിടയില്‍ ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ എത്ര നീചമായി അടിച്ചമര്‍ത്തപ്പെടുന്നുവെന്നും ഈ ബില്‍ ബോധ്യപ്പെടുത്തുന്നു.
കഴിഞ്ഞ വര്‍ഷം എന്‍ഡ്യൂസര്‍ മോണിറ്ററിങ് എഗ്രിമെന്റ് എന്ന 'അന്ത്യോപയോഗ കരാര്‍' ഒപ്പിട്ടിരുന്നു. അമേരിക്കയില്‍നിന്ന് വാങ്ങിയ യുദ്ധോപകരണങ്ങളും മറ്റും അവര്‍ക്ക് ഏത് സമയവും വന്ന് പരിശോധിക്കാനും അവര്‍ നല്‍കിയ ആവശ്യത്തിനു തന്നെയാണോ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാനും അനുമതി നല്‍കുന്നതാണ് ആ കരാര്‍. അമേരിക്കക്കാര്‍ക്ക് ഇന്ത്യയുടെ ഏത് സൈനികത്താവളത്തിലും കയറിവരാനുള്ള ലൈസന്‍സാണത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പരമാധികാരത്തെ തകര്‍ക്കുന്നതും. അതിന് ശേഷമാണ് പുതിയ ബില്ലുമായി വരുന്നത്.
അമേരിക്കന്‍ ആണവ റിയാക്ടര്‍ കമ്പനികളായ വെസ്റിങ്ഹൌസിനും ജനറല്‍ഇലക്ട്രിക്കല്‍സിനും ശതകോടികള്‍ ലാഭം കൊയ്യാനുള്ളതാണ് ഇന്ത്യന്‍ പാര്‍ലമെന്റിനു മുമ്പാകെ അവതരിപ്പിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാക്കിയ ബില്‍. ആണവദുരന്തങ്ങളുണ്ടായാല്‍ അതിന്റെ നിയമപരമായ ഉത്തരവാദിത്തത്തില്‍നിന്നും നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയില്‍നിന്നും അമേരിക്കന്‍ റിയാക്ടര്‍ കമ്പനികളെ പൂര്‍ണമായും ഒഴിവാക്കുന്നതാണ് ഇതിലെ വ്യവസ്ഥകള്‍. സിവില്‍ ആണവകരാറിന്റെ തുടര്‍ച്ചയായി അമേരിക്കന്‍ റിയാക്ടര്‍ ബിസിനസ് ലോബിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യമാണിതിന്. പ്രസിഡന്റ് ബറാക് ഒബാമ അടുത്തമാസം വാഷിങ്ടണില്‍ ആതിഥ്യമരുളുന്ന ആണവസുരക്ഷാ സമ്മേളനത്തിനു മുമ്പ് പാസാക്കിയെടുക്കണമെന്ന അമേരിക്കന്‍ ആജ്ഞയാണ് തിടുക്കപ്പെട്ട് ബില്‍ അവതരിപ്പിച്ച് പാസാക്കാനുള്ള ശ്രമത്തിനുപിന്നില്‍.
ഈ ബില്ലിലെ ഒരു വ്യവസ്ഥപോലും അംഗീകരിക്കാനാവില്ലെന്നും ബില്‍ അവതരണത്തെ ശക്തമായി എതിര്‍ക്കുമെന്നും ഇടതുപക്ഷ പാര്‍ടികള്‍ നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍, എതിര്‍പ്പുകള്‍ മറികടന്ന് ബില്‍ പാസാക്കാനുള്ള നീക്കമാണ് പ്രധാന മന്ത്രിയില്‍നിന്നുണ്ടായത്. സിപിഐ എം നേതാവ് സീതാറാം യെച്ചൂരി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് എന്നിവരുമായി പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലിയെ കണ്ട് സംസാരിച്ചിരുന്നു. ബില്ലിനെ പിന്തുണയ്ക്കാനാവില്ലെന്നാണ് എല്ലാവരും അറിയിച്ചത്. വനിത സംവരണ ബില്ലിന്റെ കാര്യത്തില്‍ കാണിക്കാത്ത താല്‍പ്പര്യവും ഉത്സാഹവും ഈ ബില്‍ അവതരിപ്പിക്കാനുള്ള വെമ്പലില്‍ ദൃശ്യമായി. എങ്ങനെയെങ്കിലും അവതരിപ്പിച്ച് പാര്‍ലമെന്ററി സ്റാന്‍ഡിങ് കമ്മിറ്റിക്കു വിടാതെ ബില്‍ പാസാക്കാനാണ് പ്രധാനമന്ത്രി ഒരുങ്ങിയത്. സ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുമെന്ന് ഉറപ്പ് ലഭിച്ചാല്‍മാത്രമേ ബില്‍ അവതരിപ്പിക്കാന്‍ അനുവദിക്കൂവെന്നാണ് ഇതിനോട് സിപിഐ എം പ്രതികരിച്ചത്. പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ എതിര്‍ക്കുകയാണ്.
ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ ആണവകരാറിന് പിന്തുണ നല്‍കി രംഗത്തുവന്ന സമാജ്വാദി പാര്‍ടിയും ആര്‍ജെഡിയും മറ്റും വനിതാസംവരണ ബില്‍ പ്രശ്നത്തില്‍ യുപിഎ നേതൃത്വവുമായി ഭിന്നതയിലാണ്. രാജ്യസഭയില്‍ യുപിഎ സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമില്ല. ഈ സ്ഥിതിയില്‍, പാര്‍ലമെന്റിന്റെ ഇരുസഭയിലും ബില്ലിന്റെ ഭാവി ശോഭനമാകില്ലെന്ന യാഥാര്‍ഥ്യമാണ് ഇപ്പോള്‍ അവതരണത്തില്‍നിന്ന് ഗവമെന്റിനെ പിന്തിരിപ്പിച്ചത്.
യുപിഎ സര്‍ക്കാരിനകത്തുതന്നെ കടുത്ത എതിര്‍പ്പാണ് ഈ ബില്ലിനെതിരെ ഉയര്‍ന്നത്. നവംബര്‍ ഇരുപതിന് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയതുതന്നെ ധന, പരിസ്ഥിതി മന്ത്രാലയങ്ങളുടെ വിയോജിപ്പ് കണക്കിലെടുക്കാതെയാണ്. ആണവ ദുരന്തങ്ങളുണ്ടായാല്‍ ബില്ലിലെ വ്യവസ്ഥയനുസരിച്ച് മൊത്തം നഷ്ടപരിഹാരത്തുകയുടെ പരിധി 2085 കോടി രൂപയാണ്. അതില്‍ 500 കോടി അമേരിക്കന്‍ കമ്പനികള്‍ നല്‍കിയാല്‍ മതി. ആ തുകതന്നെ ആണവനിലയങ്ങളുടെ മേല്‍നോട്ടമുള്ള പൊതുമേഖലാ സ്ഥാപനമായ എന്‍പിസിഐഎല്‍ ആയിരിക്കും ആദ്യം നല്‍കേണ്ടിവരിക. പിന്നീട് ഈ തുക അമേരിക്കന്‍ കമ്പനിയില്‍നിന്ന് പിരിച്ചെടുത്താല്‍മതി. ഫലത്തില്‍ 2085 കോടിയും രാജ്യത്തെ നികുതിദായകരില്‍നിന്ന് ഈടാക്കും. ഇത്ര വലിയ ബാധ്യത ഏറ്റെടുക്കാനാവില്ലെന്നു മാത്രമല്ല, നഷ്ടപരിഹാരത്തിന് പരിധി നിശ്ചയിക്കുന്നത് ശരിയല്ലെന്നുമാണ് ധനമന്ത്രാലയം വാദിച്ചത്. പരിസ്ഥിതിക്കുണ്ടാകുന്ന നഷ്ടം കണക്കിലെടുക്കാനോ അതിനുള്ള നഷ്ടപരിഹാരം ആരു നല്‍കുമെന്ന് നിശ്ചയിക്കാനോ ബില്ലില്‍ വകുപ്പില്ലെന്ന് പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടി. അതൊന്നും കണക്കിലെടുക്കാന്‍ യുപിഎ നേതൃത്വം തയ്യാറായില്ല. അമേരിക്കയ്ക്കുവേണ്ടി എന്തും ചെയ്യാനുള്ള സന്നദ്ധതയാണ് അവര്‍ കാണിച്ചത്.
അത്തരമൊരു നീക്കത്തിനാണ് താല്‍ക്കാലികമായെങ്കിലും തിരിച്ചടിയേറ്റിരിക്കുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ രാജ്യത്തുനടന്ന കുതിരക്കച്ചവടം മറക്കാവുന്നതല്ല. അത്തരത്തിലുള്ള നീക്കങ്ങള്‍ ഈ ബില്ലിന്റെ കാര്യത്തിലും ഉണ്ടായിക്കൂടെന്നില്ല. എന്നിരുന്നാലും, താല്‍ക്കാലികമായെങ്കിലും ബില്ലവതരണം മാറ്റിവയ്പിക്കാന്‍ കഴിഞ്ഞത് പ്രതിപക്ഷത്തിന്റെ വിജയമാണ്. ശക്തമായ പ്രതിരോധം ഇനിയും ഉയരേണ്ടതുണ്ട്.
ദേശാഭിമാനി മുഖപ്രസംഗം 160310

ReplyDelete