കേന്ദ്രഗവണ്‍മെന്റിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും ആഭിമുഖ്യത്തില്‍ വര്‍ഷാരംഭത്തില്‍ത്തന്നെ അതാതിന്റെ പ്രൌഢിക്കനുസരിച്ച ശാസ്ത്രസമ്മേളനങ്ങള്‍ നടക്കുക പതിവാണ്. ഇക്കുറി രണ്ടും കേരളത്തിലാണ് നടന്നത്. നടത്തിപ്പിന്റെ കൊഴുപ്പുകൊണ്ടും വാര്‍ത്തകളിലെ പ്രാധാന്യം കൊണ്ടും മികച്ചുനിന്നത് തിരുവനന്തപുരത്തുനടന്ന തൊണ്ണൂറ്റേഴാമത് ശാസ്ത്ര കോണ്‍ഗ്രസായിരുന്നു. അത് സ്വാഭാവികവുമാണ്. ഭക്ഷണം, ഊര്‍ജം, ആരോഗ്യം, ആഗോളതാപനം തുടങ്ങിയ പൊതുവിഷയങ്ങളെക്കുറിച്ച് നയരൂപീകരണാത്മകമായ പര്യാലോചനകളുണ്ടായി. അതിന് പുറമെ വിഷയങ്ങളെ പതിമൂന്നായി വിഭജിച്ച് ഓരോന്നിനെയും ഇഴകീറി പരിശോധിക്കുന്ന മൂവായിരത്തോളം അവതരണങ്ങളുമുണ്ടായി. കാലം അവയിലെ നെല്ലും പതിരും വേര്‍തിരിക്കും.
ആഗോളീകരണത്തിന്റെ പശ്ചാത്തലത്തില്‍ വികസിത രാജ്യങ്ങള്‍ രൂപീകരിക്കുന്ന നയങ്ങള്‍ക്കനുസരണമായ ഒരു പാത സ്വീകരിക്കുകയും അതിനനുസരിച്ച് വിഷയങ്ങളെ പരുവപ്പെടുത്തുകയുമാണ് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന് ചെയ്യുവാനുണ്ടായിരുന്നത്. ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ രാജ്യം നേരിടുവാന്‍ പോകുന്ന വെല്ലുവിളികളെ വിശാലമായി മുന്നില്‍ക്കണ്ടുകൊണ്ട് നയരൂപീകരണം നടത്തുവാനാണ് ശ്രമമുണ്ടായത്. അതിനുള്ള ഉദ്ഘോഷണമാണ് പ്രധാനമന്ത്രിയുടെ ഉദ്ഘാടനപ്രസംഗത്തിലുണ്ടായത്.
ഇരുപത്തിരണ്ടാം കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രധാന പ്രതിപാദ്യവിഷയം ബൌദ്ധിക സ്വത്തവകാശമായിരുന്നു. എങ്കിലും കൃഷി, ജൈവം, രാസം, ഭൌമം, സാങ്കേതികം, ഭൌതികം തുടങ്ങിയ വിഷയങ്ങളില്‍ നാനൂറിലധികം അവതരണങ്ങളുണ്ടായി. മുന്‍കാലങ്ങളെ അപേക്ഷിച്ച് കേരള ശാസ്ത്രകോണ്‍ഗ്രസും മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യപ്പെട്ടു.
ശാസ്ത്രം സമൂഹത്തിന് രണ്ടുതരം സംഭാവനകള്‍ നല്‍കുന്നുണ്ട്. ഒന്ന്, ഭൌതിക സുഖസൌകര്യങ്ങളുടെ വികസനം. രണ്ട്, ചിന്തയിലും ദര്‍ശനത്തിലും വരുത്തിത്തീര്‍ക്കുന്ന പരിഷ്കരണം. ഇതില്‍ ആദ്യത്തേത് പ്രായോഗികശാസ്ത്രത്തിലൂടെയും സാങ്കേതിക പരിജ്ഞാനത്തിലൂടെയുമാണ് മുന്നേറുന്നത്. വ്യാവസായിക മൂല്യമുള്ളതും അതിനുതന്നെ. കച്ചവട സാധ്യതകള്‍കൂടി പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും. ശാസ്ത്ര കോണ്‍ഗ്രസിലുടനീളം നടക്കുന്ന ചര്‍ച്ചകള്‍ ശാസ്ത്രത്തിന്റേതല്ല, സാങ്കേതികതയുടേതാണ്. ശാസ്ത്രത്തെ പ്രായോഗിക- സാങ്കേതിക ശാസ്ത്രത്തില്‍നിന്ന് വേര്‍തിരിച്ചുകാണുവാന്‍ സാധാരണക്കാര്‍ക്ക് പൊതുവെ ബുദ്ധിമുട്ടായി മാറിയിരിക്കുന്നു.
ഇതഃപര്യന്തമുള്ള മനുഷ്യചരിത്രത്തെ വിവിധ ദശാസന്ധികളില്‍ മാറ്റിമറിച്ചിട്ടുള്ളത് സാങ്കേതിക വ്യതിയാനങ്ങളാണ്. ശിലായുഗം, ലോഹയുഗം, ചക്രയുഗം, കല്‍ക്കരി/എണ്ണയുഗം, ബഹിരാകാശയുഗം, ആണവയുഗം എന്നിങ്ങനെ കാലഘട്ടങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നതുതന്നെ അതിന് തെളിവാണ്. ഉപകരണങ്ങളിലുണ്ടാകുന്ന പരിഷ്കരണമാണ് വ്യവസ്ഥിതികളുടെ മാറ്റത്തിനാധാരമെന്ന മാര്‍ക്സിയന്‍ സിദ്ധാന്തത്തിന്റെ അന്തസ്സാരവും ഇതുതന്നെ.
വ്യാവസായിക വിപ്ളവത്തിനുശേഷമാണ് എന്തിനെയും ചരക്കായി കാണുവാനുള്ള മുതലാളിത്ത വീക്ഷണം സമൂഹത്തിലുടലെടുത്തത്. വായുവും വെള്ളവും പോലെ സ്വാഭാവികമായിരുന്ന 'ചിന്ത'യും ചരക്കായതും വിലപേശലിന് വിയേമായതും അതോടെയാണ്. ബൌദ്ധികസ്വത്തവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക എന്നത് ഇന്ന് ചിന്തിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായി. നമ്മുടെ പരമ്പരാഗതമായ അറിവുകളുടെ അവകാശംപോലും മറ്റുള്ളവര്‍ തട്ടിയെടുത്ത് അധികാരം സ്ഥാപിച്ചേക്കും എന്ന പരിതഃസ്ഥിതിയില്‍ കേരള ശാസ്ത്ര കോണ്‍ഗ്രസ് ഈ പ്രശ്നം പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തത് ഉചിതമായി.
ആഗോള പരിതഃസ്ഥിതിയില്‍ ഭാരതം ഈ നൂറ്റാണ്ടില്‍ അഭിമുഖീകരിക്കുവാന്‍ പോകുന്ന വിപത്തുകളെന്തൊക്കെ? എങ്ങനെയാണ് അതെല്ലാം നേരിടുവാന്‍ പോകുന്നത്? ഇതിനുത്തരം കണ്ടെത്തുക എന്നതിലൂന്നിയായിരുന്നു ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രധാന ചര്‍ച്ചകള്‍. അബ്ദുള്‍കലാം, സ്വാമിനാഥന്‍, അനില്‍ കാകോട്കര്‍, സിഎന്‍ ആര്‍ റാവു, മാധവന്‍ നായര്‍, സാരസ്വത് തുടങ്ങിയ ഭാരതീയ സാങ്കേതിക പ്രതിഭകള്‍ എഴുന്നള്ളി അണിനിരന്ന സമ്മേളനത്തില്‍ ജയന്ത് നള്‍ളിക്കര്‍, താണു പദ്മനാഭന്‍ തുടങ്ങിയ ശാസ്ത്ര പ്രതിഭകള്‍ക്ക് സ്ഥാനം ലഭിക്കാതെ പോയത് യാദൃച്ഛികമാകാനിടയില്ല.
വ്യാവസായിക വിപ്ളവത്തെ തുടര്‍ന്നുണ്ടായ സാങ്കേതിക വിജ്ഞാന സ്ഫോടനം ജീവിതത്തിന്റെ നാനാതുറകളെ ഒരു മായയാലെന്നവണ്ണം കണ്‍മുന്നില്‍ മാറ്റിമറിച്ചു. ഭക്ഷ്യോത്പാദനം, വിവരവിനിമയം, ഗതാഗതം, പൊതുവിദ്യാഭ്യാസം തുടങ്ങി ജീവിതത്തോടൊട്ടിനിന്നിരുന്ന എല്ലാ രംഗങ്ങളെയും അത് പരിഷ്കരിക്കുകയും പുഷ്കലമാക്കുകയും ചെയ്തു. വീടുകളുടെ അകങ്ങള്‍പോലും അതിന്റെ മാന്ത്രികശക്തിക്ക് വിധേയമായി. എല്ലാ പ്രവര്‍ത്തനത്തിനും എതിരായി തുല്യമായ പ്രതിപ്രവര്‍ത്തനമുണ്ടാകുമെന്ന ന്യൂട്ടന്റെ തത്വശാസ്ത്രത്തെ അന്വര്‍ഥമാക്കുംവിധം അത് സമൂഹത്തില്‍ തിന്മയും വിതറി. വലിയ ഒരു സാമൂഹ്യപരിഛേദത്തെ അത് പാര്‍ശ്വവല്‍ക്കരിക്കുകയും കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തു. മറ്റൊരു വിഭാഗത്തെ സുഖലോലുപതയുടെ പാരമ്യത്തിലേക്കും നയിച്ചു. രാജ്യങ്ങളെയും അത് അത്തരത്തില്‍ വിഭജിച്ചു.
സുഖത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലില്‍ ലോകത്തിന്റെ വിഭവശേഷി അനുദിനം കുറഞ്ഞുവരികയാണ്. ഇന്ധനഖനികളെ മാത്രമല്ല ധാതുഖനികളെയും അത് ശോഷിപ്പിക്കുന്നു. കല്‍ക്കരിയും എണ്ണയും എരിഞ്ഞു തീരുന്നതോടൊപ്പം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അനുപാതം ക്രമാതീതമായി വര്‍ധിക്കുന്നു. കാര്‍ബണ്‍ ഡൈ ഓക്സൈഡിന് സൂര്യതാപത്തെ നഷ്ടപ്പെടാതെ പിടിച്ചുവയ്ക്കുന്ന സ്വഭാവമുണ്ട്. ഇതുമൂലം അന്തരീക്ഷത്തിന്റെ താപം ക്രമേണ വര്‍ധിച്ചുവരുന്നു. ഇത് നിയന്ത്രിക്കാതെ വന്നാല്‍ ലോകത്തിന്റെ കാലാവസ്ഥാ സന്തുലനത്തെ അത് തകര്‍ക്കും. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകും. സമുദ്രനിരപ്പുയരും. താഴ്ന്ന ഭൂവിഭാഗങ്ങള്‍ വെള്ളത്തിനടിയിലാകും. ഉയരങ്ങളിലേക്ക് ഭാണ്ഡക്കെട്ടുകളുമായി നീങ്ങുന്ന അഭയാര്‍ഥി പ്രവാഹത്തിന് അതു കാരണമാകും. കൃഷിസ്ഥലങ്ങളുടെ വിസ്തീര്‍ണം ഗണ്യമായി കുറയും. ഈവിധ പ്രശ്നങ്ങളെ ലോകം എങ്ങനെയാണ് അഭിമുഖീകരിക്കുവാന്‍ പോകുന്നത് എന്ന ചോദ്യമാണ് ഉച്ചകോടി സമ്മേളനങ്ങളില്‍ മുഴങ്ങുന്നത്. അതിന്റെ അനുരണനങ്ങളാണ് ശാസ്ത്ര കോണ്‍ഗ്രസുകളിലും അലയടിക്കുന്നത്.
നമ്മുടെ സുഖഭോഗങ്ങളില്‍ കുറവുവരുത്താതെ തലമുറകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുകയില്ല. 'ഇനി ഞാന്‍ സുഖിക്കട്ടെ' എന്ന വികസ്വരരാജ്യങ്ങളുടെ വാദഗതികളും നിലനില്‍ക്കുന്നതല്ല. ലോകത്തിന് മുന്നില്‍ ഇതിനുള്ള പോംവഴികള്‍ മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. ഈ പോംവഴികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിലെ ചര്‍ച്ചകളില്‍ മുന്‍തൂക്കം ലഭിച്ചു. എന്താണ് പ്രധാന പോംവഴികള്‍. 1. ഇന്ധന ഉപഭോഗം കുറയ്ക്കുക. 2. പകരമുപയോഗിക്കാവുന്ന ഫലപ്രദമായ ഒന്ന് കണ്ടെത്തുക. 3. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അനുപാതം കുറയ്ക്കുവാന്‍ തക്കവണ്ണം ഭൌമോപരിതലത്തില്‍ ജൈവഹരിതം വളര്‍ത്തുക.
ഫോസില്‍ ഇന്ധനത്തിന് പകരം ഇന്ധനം കണ്ടെത്താത്തിടത്തോളം അതിന്റെ ഉപഭോഗം കുറയുകയില്ല. അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വന്തം സുഖങ്ങളില്‍ കുറവുവരുത്തുവാന്‍ ആരാണ് തയാറാകുക. ഫോസില്‍ ഇന്ധനങ്ങള്‍ക്കും വിറകിനും പകരം വയ്ക്കാവുന്ന ഇന്ധനം കണ്ടെത്തിയിട്ടുണ്ടെങ്കിലും അതെല്ലാം ഫലപ്രദമായി, സാമ്പത്തികമായി വഴങ്ങുംവിധം, പ്രയോജനപ്പെടുത്താനുള്ള സാങ്കേതിക വിദ്യ വികസിച്ചിട്ടില്ല. ജലവൈദ്യുതി നിലയങ്ങളെ സംബന്ധിച്ചിടത്തോളം പരിസ്ഥിതിയെ ഒരുതരത്തിലും ബാധിക്കാതെ ഒരു അണക്കെട്ടോ, തടയണയോ നിര്‍മിക്കുക അസാധ്യമാണ്. സൂര്യതാപം, കാറ്റ്, തിരമാല എന്നിവയില്‍നിന്നുത്പാദിപ്പിക്കാവുന്ന വൈദ്യുതി ഇന്നത്തെ നിലയില്‍ അപര്യാപ്തമാണ്. ഇതിനെ മുന്‍നിര്‍ത്തിയുള്ള ഗവേഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. എന്നാല്‍ ഊര്‍ജം വൈദ്യുതിയായി ലഭിച്ചതുകൊണ്ട് മാത്രമായില്ല. പെട്രോള്‍പോലെയും ഡീസല്‍പോലെയും കൈകാര്യം ചെയ്യാനും കൊണ്ടുനടക്കാനും പറ്റുന്ന ഒരു ഊര്‍ജ സ്രോതസ് കൂടി ഉണ്ടായിരിക്കണം. കരിമ്പു കൃഷിയുള്ളിടത്ത് ചാരായം ഉല്പാദിപ്പിച്ച് അത് പെട്രോളുമായി കലര്‍ത്തി ഉപയോഗിക്കുന്ന ഒരു സംവിധാനമുണ്ട്. ഇത് സാര്‍വത്രികമായി ഉപയോഗത്തിലാക്കാന്‍വേണ്ടുംവിധം ഉല്പാദനമില്ല. മാത്രമല്ല കത്തിച്ചാല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉണ്ടാകാതിരിക്കുന്നതുമില്ല.
ഇന്ന് മുന്നിലുള്ള ഒരു പോംവഴി ഇതാണ്. സൂര്യതാപത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുക. ഈ വൈദ്യുതി ഉപയോഗിച്ച് ജലത്തെ വിശ്ളേഷണം ചെയ്ത് ഹൈഡ്രജനും ഓക്സിജനുമായി വേര്‍തിരിക്കുക. ഹൈഡ്രജന്‍ ദ്രവീകരിച്ച് ഇപ്പോള്‍ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ എന്നപോലെ ഉപയോഗിക്കുക. ഹൈഡ്രജന്‍ എരിയുമ്പോള്‍ ജലം തന്നെയാണുണ്ടാകുന്നത്. അത് അന്തരീക്ഷത്തെ മലിനീകരിക്കുന്നില്ല. ഈ ആശയം പ്രായോഗികമായി പ്രവൃത്തിപഥത്തിലെത്തിക്കാനുള്ള ഗവേഷണമാണ് ഊര്‍ജിതമായി നടപ്പിലാക്കാനുള്ളത്. ഭാവിയിലെ ഇന്ധനം ദ്രവ ഹൈഡ്രജന്‍ തന്നെയായിരിക്കുമെന്നാണ് ശാസ്ത്രം കരുതുന്നത്.
ഇതൊന്നും വിജയിക്കാത്ത ഒരു പരിതഃസ്ഥിതിയില്‍ എന്താകും സ്ഥിതി? ധ്രുവങ്ങളിലെ മഞ്ഞുരുകി, സമുദ്രനിരപ്പുയര്‍ന്നും, തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി, അഭയാര്‍ഥികള്‍ പ്രവഹിച്ചു.... നാം കരുതിയിരിക്കണം. അല്ലെങ്കില്‍ സുനാമി വന്നപ്പോഴുണ്ടായ പരിഭ്രാന്തിക്കും പലായനത്തിനും കാരണമാകും. ശാസ്ത്രലോകം എന്തുചെയ്തു എന്ന് പഴിയുയരും. പുനരധിവാസ സ്ഥലങ്ങള്‍ കണ്ടുവയ്ക്കണം. വെള്ളത്തില്‍ കൃഷിചെയ്യാവുന്ന വിത്തുകള്‍ കണ്ടെത്തണം, വിത്തുകളുടെ ഉല്പാദനശേഷി വര്‍ധിപ്പിക്കണം, ജനസംഖ്യ നിയന്ത്രിക്കണം, ആര്‍ഭാടമില്ലാത്ത ഒരു ജീവിതശൈലി കണ്ടെത്തണം. ജനസംഖ്യ കുറയാതിരിക്കുക, കൃഷിസ്ഥലങ്ങളുടെ വിസ്തൃതി കുറയുക, കൃഷിചെയ്യാന്‍ താല്‍പ്പര്യം കുറയുക എന്ന പരിതഃസ്ഥിതിയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതെങ്ങനെ? ഇതിനല്ലൊം പരിഹാരം കാണാന്‍ ബാധ്യസ്ഥതയുള്ള, പ്രതിബദ്ധതയുള്ള ഒരു തലമുറയെ അതിന് തക്ക വിദ്യാഭ്യാസം നല്‍കി വാര്‍ത്തെടുക്കുക എന്നതാണ് ഇതിനോടൊപ്പമുള്ള ദൌത്യം.
മേധാവിത്വപരമായ ഇന്നത്തെ ഭരണസമ്പ്രദായത്തിലെ മാറ്റമാണ് സമ്മേളനം മുന്നോട്ടുവച്ച മറ്റൊരു പ്രധാന നിര്‍ദേശം. അധികാര ശ്രേണീബദ്ധമായ നിലവിലുള്ള സ്ഥിതി പൊളിച്ചെഴുതുകയെന്നത് എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തും. ഭരണസംവിധാനത്തിന്റെ ഘടന പരിഷ്കരിക്കുന്നതിന് മൂന്ന് മാനസികമായ തയാറെടുപ്പുകളാണ് ആവശ്യമായി വരിക.
ആഗോളീകരണത്തിനും മുതലാളിത്ത -സാമ്രാജ്യത്വ സംവിധാനങ്ങള്‍ക്കും അനുസരണമായി മുന്നേറുവാന്‍ ഉപകരിക്കുന്ന നയത്തിലധിഷ്ഠിതമായതാണ് ഇന്നത്തെ ശാസ്ത്രകോണ്‍ഗ്രസുകള്‍. നേരത്തെ സൂചിപ്പിച്ചതുപോലെ ഇവിടെ സാങ്കേതികശാസ്ത്രം മാത്രമാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. മാത്രമല്ല, ശാസ്ത്രത്തില്‍നിന്ന് ഉരുത്തിരിയുന്ന ഉള്‍ക്കാഴ്ചയും ദര്‍ശനവും ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നതുമില്ല. അതുകൊണ്ടാണ് ശാസ്ത്രജ്ഞ പദവിധാരികള്‍ ഉദ്ദിഷ്ടകാര്യസാധ്യത്തിനായി നേര്‍ച്ചകളും വഴിപാടുകളുമായി ആരാധനാലയങ്ങളിലും, കാഴ്ചകളും കാണിക്കകളുമായി ആള്‍ദൈവങ്ങള്‍ക്ക് മുന്നിലും അണിനിരക്കുന്നത്.
ബൌദ്ധികസ്വത്തവകാശം മാത്രമല്ല, ശാസ്ത്രത്തിന്റെ ബൌദ്ധികവും ദര്‍ശനപരവുമായ എല്ലാ വശങ്ങളും ചര്‍ച്ചചെയ്യുന്ന ശാസ്ത്രസമ്മേളനങ്ങള്‍ വേണ്ടിവന്നാല്‍ പ്രത്യേകം നടത്തണം. അതിന് ഗവണ്‍മെന്റുകള്‍ മുന്‍കൈ എടുക്കുന്നില്ലെങ്കില്‍ ജനകീയമായി ഏറ്റെടുക്കണം. കേരള വികസന സെമിനാര്‍ വിജയകരമായി നടത്തിയ പരിചയവും നമുക്കുണ്ട്. കംപ്യൂട്ടറുകളും റോബോട്ടുകളും മിസൈലുകളും ആണവായുധങ്ങളും പിന്‍ഗണനയിലേക്ക് വലിയുകയും വിശപ്പും ആഹാരവും മുന്‍ഗണനയിലേക്ക് വരികയുംചെയ്യുന്ന ഒരു കാലമാണ് നമ്മെ കാത്തിരിക്കുന്നത്; കാതോര്‍ത്തിരിക്കുക.
സി രാമചന്ദ്രന്‍ ദേശാഭിമാനി 260210
കേന്ദ്രഗവണ്‍മെന്റിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും ആഭിമുഖ്യത്തില്‍ വര്‍ഷാരംഭത്തില്‍ത്തന്നെ അതാതിന്റെ പ്രൌഢിക്കനുസരിച്ച ശാസ്ത്രസമ്മേളനങ്ങള്‍ നടക്കുക പതിവാണ്. ഇക്കുറി രണ്ടും കേരളത്തിലാണ് നടന്നത്. നടത്തിപ്പിന്റെ കൊഴുപ്പുകൊണ്ടും വാര്‍ത്തകളിലെ പ്രാധാന്യം കൊണ്ടും മികച്ചുനിന്നത് തിരുവനന്തപുരത്തുനടന്ന തൊണ്ണൂറ്റേഴാമത് ശാസ്ത്ര കോണ്‍ഗ്രസായിരുന്നു. അത് സ്വാഭാവികവുമാണ്. ഭക്ഷണം, ഊര്‍ജം, ആരോഗ്യം, ആഗോളതാപനം തുടങ്ങിയ പൊതുവിഷയങ്ങളെക്കുറിച്ച് നയരൂപീകരണാത്മകമായ പര്യാലോചനകളുണ്ടായി. അതിന് പുറമെ വിഷയങ്ങളെ പതിമൂന്നായി വിഭജിച്ച് ഓരോന്നിനെയും ഇഴകീറി പരിശോധിക്കുന്ന മൂവായിരത്തോളം അവതരണങ്ങളുമുണ്ടായി. കാലം അവയിലെ നെല്ലും പതിരും വേര്‍തിരിക്കും.
ReplyDelete