Sunday, March 21, 2010

സ്ത്രീകളെ മുന്‍നിരയില്‍ എത്തിക്കും - സി.ഐ.ടി.യു

ജ്യോതിബസുനഗര്‍ (ചണ്ഡീഗഢ്): തൊഴിലെടുക്കുന്ന സ്ത്രീകളെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്താന്‍ സിഐടിയു ദേശീയ സമ്മേളനം തീരുമാനിച്ചു. ജനുവരിയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന തൊഴിലെടുക്കുന്ന വനിതകളുടെ അഖിലേന്ത്യാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സമ്മേളനം മുന്നോട്ടുവച്ച നിര്‍ദേശങ്ങളും തൊഴിലെടുക്കുന്ന സ്ത്രീകളെ സംഘടിപ്പിക്കുന്നതിന് സിഐടിയു ഏറ്റെടുക്കേണ്ട കടമകള്‍സംബന്ധിച്ച പ്രഖ്യാപനവും സമ്മേളനം അംഗീകരിച്ചു. എല്ലാ സംസ്ഥാനത്തും 'ആശ' പ്രവര്‍ത്തകര്‍, ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ എന്നിവരെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഹിന്ദി സംസ്ഥാനങ്ങളില്‍നിന്നുള്ള വനിതാപ്രവര്‍ത്തകര്‍ക്ക് ട്രേഡ് യൂണിയന്‍ ക്ളാസ് സംഘടിപ്പിക്കും. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കിടയില്‍ സിഐടിയുവിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ദേശീയ ശില്‍പ്പശാല സംഘടിപ്പിക്കും. വനിതകളുടെ അംഗസംഖ്യ കാര്യമായുള്ള എല്ലാ സിഐടിയു യൂണിയനുകളും ഫെഡറേഷനുകളും ഒരുവര്‍ഷത്തിനകം വനിതാ സബ്കമ്മിറ്റികള്‍ക്ക് രൂപംനല്‍കും. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കായി എല്ലാ സംസ്ഥാനത്തും ഏകോപനസമിതികള്‍ രൂപീകരിക്കും- പ്രഖ്യാപനത്തില്‍ പറഞ്ഞു.

എ കെ പത്മനാഭന്‍ പ്രസിഡന്റ് തപന്‍സെന്‍ ജനറല്‍ സെക്രട്ടറി

ജ്യോതിബസുനഗര്‍ (ചണ്ഡീഗഢ്): സിഐടിയു പ്രസിഡന്റായി എ കെ പത്മനാഭനെയും (തമിഴ്നാട്) ജനറല്‍ സെക്രട്ടറിയായി തപന്‍ സെന്നിനെയും (ബംഗാള്‍) തെരഞ്ഞെടുത്തു. സിഐടിയു സെന്ററില്‍ പ്രവര്‍ത്തിക്കുന്ന രഞ്ജന നിരുലയാണ് (ഡല്‍ഹി) ട്രഷറര്‍. ആദ്യമായാണ് ഒരു വനിത ട്രഷററാകുന്നത്. 16 വൈസ് പ്രസിഡന്റുമാരും 16 സെക്രട്ടറിമാരുമടക്കം 35 പേരെ കേന്ദ്ര ഭാരവാഹികളായി ദേശീയ സമ്മേളനം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. പ്രസിഡന്റുസ്ഥാനം ഒഴിഞ്ഞ എം കെ പന്ഥെയും ജനറല്‍ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞ മുഹമ്മദ് അമിനും വൈസ് പ്രസിഡന്റുമാരായി തുടരും. മലയാളിയായ എ കെ പത്മനാഭന്‍ സിഐടിയു ദേശീയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമാണ്.

കേരളത്തില്‍നിന്ന് കെ എന്‍ രവീന്ദ്രനാഥ്, പി കെ ഗുരുദാസന്‍, മേഴ്സിക്കുട്ടിയമ്മ എന്നിവരെ വൈസ് പ്രസിഡന്റുമാരായും എം എം ലോറന്‍സ്, കെ ഒ ഹബീബ്, കെ കെ ദിവാകരന്‍ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ഭാരവാഹികളില്‍ ട്രഷററടക്കം ഏഴുപേര്‍ വനിതകളാണ്. ആകെ ഭാരവാഹികളുടെ 30 ശതമാനം വനിതാപ്രാതിനിധ്യമുണ്ട്. 420 അംഗ ജനറല്‍ കൌസിലിനെയും 122 അംഗ വര്‍ക്കിങ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കേരളത്തില്‍നിന്ന് 104 പേര്‍ ജനറല്‍ കൌസിലിലുണ്ട്. ഇവരില്‍ 30 പേര്‍ വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളാണ്. മുഹമ്മദ് അമിന്‍ അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ട് സമ്മേളനം അംഗീകരിച്ചു. ഞായറാഴ്ച പഞ്ചാബിലെ തൊഴിലാളികളുടെ ഉജ്വലറാലിയോടെ ദേശീയ സമ്മേളനം സമാപിക്കും

പുതിയ നേതൃത്വം

ജ്യോതിബസു നഗര്‍ (ചണ്ഡീഗഢ്): ഇ ബാലാനന്ദനു ശേഷം വീണ്ടുമൊരു മലയാളി സിഐടിയു ദേശീയ പ്രസിഡന്റ് സ്ഥാനത്ത്. തമിഴ്നാടാണ് പ്രവര്‍ത്തനകേന്ദ്രമെങ്കിലും പുതിയ പ്രസിഡന്റ് എ കെ പത്മനാഭന്റെ സ്വദേശം കണ്ണൂരാണ്. പാപ്പിനിശ്ശേരി ആമന്ദ്ര കേളോത്ത് കുടുംബാംഗമാണ്. അച്ഛന്‍ പരേതനായ എ വി കുഞ്ഞിരാമന്‍ നമ്പ്യാര്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെയും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയുടെയും സജീവപ്രവര്‍ത്തകനായിരുന്നു. അമ്മ: ജാനകിയമ്മ. ചെന്നൈയില്‍ പ്രീ യൂണിവേഴ്സിറ്റി ചെയ്ത പത്മനാഭന്‍ 1963ല്‍ 16-ാംവയസ്സില്‍ ചെന്നൈയിലെ അശോക്ലൈലന്‍ഡ് കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. സിഐടിയുവിന്റെ സജീവപ്രവര്‍ത്തകനായി. ജീവനക്കാരെ സംഘടിപ്പിച്ചതിന് 1972ല്‍ പിരിച്ചുവിട്ടു. സിഐടിയു സ്ഥാപനസമ്മേളനത്തില്‍ പ്രതിനിധിയായിരുന്നു. 1973ല്‍ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയായും 1980ല്‍ സംസ്ഥാന ഭാരവാഹിയായും തെരഞ്ഞെടുക്കപ്പെട്ടു. 1991 മുതല്‍ ദേശീയ സെക്രട്ടറിയാണ് ഈ 63കാരന്‍. മൂന്നുവര്‍ഷമായി സിഐടിയു തമിഴ്നാട് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. 1986 മുതല്‍ സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമാണ്. 2005ല്‍ ഡല്‍ഹി പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായിരുന്ന പി ആര്‍ പരമേശ്വരന്റെ മകള്‍ ഉഷാദേവിയാണ് ഭാര്യ. അഡ്വ. മനോജ്കുമാര്‍, സുനിത എന്നിവര്‍ മക്കളാണ്.

പുതിയ ജനറല്‍ സെക്രട്ടറിയായ തപന്‍സെന്‍ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗം കൂടിയാണ്. കൊല്‍ക്കത്തയില്‍ ജനിച്ച അമ്പത്തൊമ്പതുകാരനായ തപന്‍സെന്നിന്റെ അച്ഛന്‍ ബങ്കിംസെന്നും അമ്മ അമിയ സെന്നും സ്വാതന്ത്ര്യസമര സേനാനികളായിരുന്നു. കൊല്‍ക്കത്തയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. യുവജനസംഘടനയില്‍ പ്രവര്‍ത്തിക്കവേ 1971ല്‍ സെയിലില്‍ ജീവനക്കാരനായി ചേര്‍ന്നു. സെയിലില്‍ ജോലിയെടുക്കുന്ന കാലത്ത് സിഐടിയുവില്‍ സജീവമായി. സ്റ്റീല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതാവായിരിക്കേ 1987ല്‍ ഡല്‍ഹിയില്‍ സിഐടിയു സെന്ററില്‍ പ്രവര്‍ത്തിക്കാനെത്തി. 1994 മുതല്‍ സിഐടിയു ദേശീയ സെക്രട്ടറിയാണ്. 2008ല്‍ കോയമ്പത്തൂര്‍ പാര്‍ടി കോണ്‍ഗ്രസില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം. അറുപത്തിനാലുകാരിയായ രഞ്ജന നിരുല സിഐടിയു ട്രഷറര്‍ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയാണ്. 1964ല്‍ ഡല്‍ഹിയിലെ സമ്പന്ന കുടുംബത്തില്‍ ജനനം. വിയത്നാം യുദ്ധകാലത്ത് അമേരിക്കയില്‍ ഇടതുപക്ഷ പ്രവര്‍ത്തകയായി. 1978 മുതല്‍ സിഐടിയുവിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തക. സിഐടിയു ഡല്‍ഹി ഘടകം ട്രഷററായിരുന്നു. ജനാധിപത്യ മഹിള അസോസിയേഷന്റെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമാണ്. 1998ല്‍ സിഐടിയു സെന്ററില്‍ അംഗമായി. വോയിസ് ഓഫ് വര്‍ക്കിങ് വുമണിന്റെ എഡിറ്ററും ആശ വര്‍ക്കേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറുമാണ്. സിഐടിയു വര്‍ക്കിങ് കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

കുടിയേറ്റ തൊഴിലാളിക്ഷേമം: കേന്ദ്രം നടപടിയെടുക്കണം- സിഐടിയു

ജ്യോതിബസുനഗര്‍ (ചണ്ഡീഗഢ്): കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ക്രിയാത്മകനടപടികള്‍ സ്വീകരിക്കാന്‍ സിഐടിയു ദേശീയസമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുടിയേറ്റത്തൊഴിലാളികള്‍ പലയിടത്തും കടുത്ത പീഡനമാണ് അനുഭവിക്കുന്നത്. ഇന്ത്യയില്‍ ലക്ഷക്കണക്കിനാളുകള്‍ നാടും വീടുമുപേക്ഷിച്ച് അന്യനാട്ടില്‍ ജോലിയെടുക്കുന്നു. ഇവരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി നിയമം നിലവിലുണ്ടെങ്കിലും അത് കടലാസില്‍ മാത്രമാണ്. കേന്ദ്രം നിസ്സംഗത അവസാനിപ്പിച്ച്, കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമത്തിനുള്ള പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കണം. നിശ്ചിതവേതനം, ശരിയായ തൊഴില്‍സാഹചര്യങ്ങള്‍, പാര്‍പ്പിടം, വൈദ്യസംവിധാനങ്ങള്‍ എന്നിവ ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലില്ലായ്മ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കണം. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആസൂത്രണപ്രക്രിയയില്‍ തൊഴില്‍ ഉല്‍പ്പാദനത്തിന് മുഖ്യസ്ഥാനം നല്‍കണം. സംഘടിത- അസംഘടിത മേഖലകളിലെ തൊഴിലും തൊഴിലില്ലായ്മയും സംബന്ധിച്ച പൊതുരേഖ പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കണം. വിലക്കയറ്റം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പെട്രോള്‍, ഡീസല്‍, വളം, കല്‍ക്കരി എന്നിവയുടെ വിലവര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുകയും എല്ലാ അവശ്യവസ്തുക്കളുടെയും അവധിവ്യാപാരം നിരോധിക്കുകയും വേണം. പൊതുവിതരണ സംവിധാനം സാര്‍വത്രികമാക്കണമെന്നും പൂഴ്ത്തിവയ്പ്പുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം, തൊഴിലില്ലായ്മ-വിലക്കയറ്റം- കാര്‍ഷികപ്രതിസന്ധി തുടങ്ങി രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍, ട്രേഡ്യൂണിയന്‍ ഐക്യം, ബംഗാളിലെ മാവോയിസ്റ്റ്- തൃണമൂല്‍ ആക്രമണങ്ങള്‍, ക്യൂബന്‍വിപ്ളവത്തിന്റെ അമ്പതാംവാര്‍ഷികം, അന്താരാഷ്ട്ര വനിതാദിനത്തിന്റെ നൂറാംവാര്‍ഷികം എന്നീ വിഷയങ്ങളിലും സമ്മേളനം പ്രമേയങ്ങള്‍ അംഗീകരിച്ചു. സിഐടിയുവിന്റെ 40-ാംവാര്‍ഷികം സമുചിതം ആചരിക്കുമെന്ന് മുഹമ്മദ് അമിന്‍ അറിയിച്ചു. സിഐടിയു സ്ഥാപകദിനമായ മെയ് 30 മുതല്‍ ഒരുവര്‍ഷം നീളുന്നതായിരിക്കും വാര്‍ഷികാചരണ പരിപാടികള്‍. പി രാമമൂര്‍ത്തിയുടെ പേരില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ട്രേഡ് യൂണിയന്‍ സ്കൂളിന്റെ നിര്‍മാണപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സമ്മേളനം തീരുമാനിച്ചു. സുകോമള്‍ സെന്നായിരിക്കും സ്കൂള്‍ ഡയറക്ടര്‍.

ഓഹരിവില്‍പ്പന: ഏഴര ലക്ഷം കല്‍ക്കരി തൊഴിലാളികള്‍ പണിമുടക്കിലേക്ക്

ജ്യോതിബസുനഗര്‍ (ചണ്ഡിഗഡ്): രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി ഉല്‍പ്പാദന കമ്പനിയായ കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ 10 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കല്‍ക്കരി ഖനന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏഴര ലക്ഷത്തോളം തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് . സിഐടിയു നേതൃത്വത്തില്‍ അഞ്ച് കേന്ദ്ര ട്രേഡ്യൂണിയനുകളാണ് പണിമുടക്കാന്‍ തീരുമാനിച്ചത്. ഐഎന്‍ടിയുസിയും സമരത്തില്‍ അണിനിരക്കും. എഐടിയുസി, ബിഎംഎസ്, എച്ച്എംഎസ് എന്നിവരാണ് മറ്റു പങ്കാളികള്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കോള്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയ്ക്ക് പച്ചകൊടി കാട്ടിയത്. ഓഹരിവില്‍പ്പന തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇത്ര വിപുലമായ തൊഴിലാളി സമരം ആദ്യമാണ്. 27 ന് റാഞ്ചിയില്‍ ചേരുന്ന ട്രേഡ്യൂണിയന്‍ നേതാക്കളുടെ യോഗം പണിമുടക്ക് ആരംഭിക്കുന്ന തീയതി നിശ്ചയിക്കും. ഓഹരിവില്‍പ്പന തീരുമാനം പിന്‍വലിക്കുന്നത് വരെ പണിമുടക്ക് തുടരുമെന്ന് സിഐടിയു ജനറല്‍സെക്രട്ടറി തപന്‍ സെന്‍ അറിയിച്ചു. കോള്‍ഇന്ത്യാ ലിമിറ്റഡാണ് 82 ശതമാനം കല്‍ക്കരിയും രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്നത്. പണിമുടക്കിനെ തുടര്‍ന്ന് കോള്‍ഇന്ത്യയുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നതോടെ രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദനം കടുത്ത പ്രതിസന്ധിയിലാകും. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന ആകെ വൈദ്യുതിയുടെ 55 ശതമാനവും കല്‍ക്കരിയില്‍ നിന്നാണ്. പണിമുടക്ക് നീണ്ടാല്‍ കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി കുറയും. ഇത് കേരളത്തെയും ബാധിക്കും. കോള്‍ ഇന്ത്യക്ക് കീഴില്‍ ഒമ്പത് കല്‍ക്കരി കമ്പനികളും 450 ഓളം കല്‍ക്കരി ഖനികളുമാണ് പ്രവര്‍ത്തിക്കുന്നത്. നാലരലക്ഷത്തോളം സ്ഥിരം ജീവനക്കാരും മൂന്നു ലക്ഷത്തോളം താല്‍കാലിക ജീവനക്കാരും ഖനികളില്‍ പ്രവര്‍ത്തിക്കുന്നു. പ്രതിവര്‍ഷം നാനൂറ് ദശലക്ഷം ട കല്‍ക്കരിയാണ് കോള്‍ഇന്ത്യയുടെ ഉല്‍പ്പാദനം. രാജ്യത്ത് പൂര്‍ണമായും പൊതുമേഖലയിലുള്ള കല്‍ക്കരി ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക സ്ഥാപനമാണ് കോള്‍ഇന്ത്യ. കല്‍ക്കരി മേഖലയില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ പലവട്ടം ശ്രമിച്ചിരുന്നു. മൂന്നുതവണ ഇതിനായി പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും പിന്‍വാങ്ങേണ്ടി വന്നു. തുടര്‍ന്നാണ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത് ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കം. ഏതാണ്ട് 63.16 കോടി ഓഹരികളാകും ആദ്യ ഘട്ടത്തില്‍ വിറ്റഴിക്കുക.
(എം പ്രശാന്ത്)

ആഗോളമാന്ദ്യം മാറുകയാണെന്ന പ്രചാരണം വ്യാജം: സിഐടിയു

ജ്യോതിബസുനഗര്‍ (ചണ്ഡീഗഢ്): സാമ്പത്തികമാന്ദ്യത്തില്‍നിന്ന് ആഗോളസമ്പദ്ഘടന കരകയറുകയാണെന്ന പ്രചാരണം സാമ്രാജ്യത്വ ഏജന്‍സികള്‍ ബോധപൂര്‍വം ഉയര്‍ത്തുന്ന കോലാഹലം മാത്രമാണെന്ന് സിഐടിയു ദേശീയസമ്മേളനം വ്യക്തമാക്കി. ഊഹക്കച്ചവടത്തില്‍ അധിഷ്ഠിതമായ നവഉദാരവല്‍ക്കരണ പാതയില്‍നിന്ന് ലോകരാജ്യങ്ങള്‍ പിന്നോക്കം പോകാതിരിക്കാനുള്ള അടവിന്റെ ഭാഗമായാണ് ഇത്തരം പ്രചാരണങ്ങളെന്ന് ജനറല്‍സെക്രട്ടറി മുഹമ്മദ് അമിന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെ ആഗോളതലത്തില്‍ നിശിത വിമര്‍ശം ഉയരുന്ന ഘട്ടത്തിലാണ് ഈ പ്രചാരണം. വികസ്വരരാജ്യങ്ങളെ ഇത്തരം നയങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്തുകയാണ് സാമ്രാജ്യത്വശക്തികളുടെ ലക്ഷ്യം. വ്യാജമായി സമ്പദ്വ്യവസ്ഥയില്‍ കൃത്രിമഉണര്‍വ് സൃഷ്ടിക്കാനാണ് ആധുനിക മുതലാളിത്തം ശ്രമിക്കുന്നത്. സമ്പദ്വ്യവസ്ഥയില്‍ ഉണര്‍വുണ്ടാകുമ്പോള്‍ നിയന്ത്രണങ്ങള്‍ ഇല്ലാതാകും. ഇത് ഊഹക്കച്ചവടക്കാര്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കും. കൃത്രിമഉണര്‍വിന്റെ കുമിളകള്‍ പൊട്ടുമ്പോള്‍ തകരുന്ന കുത്തകസ്ഥാപനങ്ങളെ പൊതുപണം ഉപയോഗിച്ച് സര്‍ക്കാര്‍ സംരക്ഷിക്കും. എന്നാല്‍, സാധാരണക്കാരുടെ സമ്പാദ്യവും തൊഴിലുമെല്ലാം നഷ്ടപ്പെടും. ഇത് ജനങ്ങളെ കൊള്ളയടിക്കല്‍മാത്രമാണ്. നവ ഉദാര ആഗോളവല്‍ക്കരണത്തില്‍ ആധുനിക മുതലാളിത്തത്തിന്റെ യഥാര്‍ഥ മുഖമാണിത്. ആഗോളസമ്പദ്ഘടന തിരിച്ചുവരികയാണെന്ന് ആദ്യം പ്രതീക്ഷ പ്രകടിപ്പിച്ചത് ഐഎംഎഫാണ്. അവരുടെ 2010 ജനുവരിയിലെ സാമ്പത്തികാവലോകനത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. എന്നാല്‍, ഇത്തരം അമിത പ്രതീക്ഷകളെ പോള്‍ ക്രൂഗ്മാനെപ്പോലുള്ള സാമ്പത്തികവിദഗ്ധര്‍ തള്ളിക്കളയുന്നു. സാമ്പത്തികമാന്ദ്യം ഇന്ത്യക്ക് ഒരുപരിധിവരെ അതിജീവിക്കാന്‍ കഴിഞ്ഞത് അമിത സ്വകാര്യവല്‍ക്കരണത്തെ ഇടതുപക്ഷം തടഞ്ഞതുകൊണ്ടുമാത്രമാണ്. തുടര്‍ന്നും സ്വകാര്യല്‍ക്കരണനയങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളേണ്ടതുണ്ട്- റിപ്പോര്‍ട്ടില്‍ പറഞ്ഞു. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച വെള്ളിയാഴ്ചയും തുടര്‍ന്നു. കേരളത്തില്‍നിന്ന് കാര്‍ത്യായനി പങ്കെടുത്തു. ചര്‍ച്ചയ്ക്ക് ജനറല്‍സെക്രട്ടറി ശനിയാഴ്ച മറുപടി നല്‍കും. തുടര്‍ന്ന് പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും. ഞായറാഴ്ച റാലിയോടെ സമ്മേളനം സമാപിക്കും. വിവിധ വിഷയങ്ങളില്‍ ആറു കമീഷനായി തിരിഞ്ഞ് വെള്ളിയാഴ്ച സമ്മേളനനഗറില്‍ ചര്‍ച്ച നടന്നു. തൊഴിലാളിവര്‍ഗത്തിന്റെ വിപ്ളവ സിദ്ധാന്തം, തൊഴിലാളിവര്‍ഗ ഐക്യവും സിഐടിയുവിന്റെ സമീപനവും, അസംഘടിത തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലെ വെല്ലുവിളികള്‍, ആരോഗ്യവും പരിസ്ഥിതിയും, വാര്‍ത്താമാധ്യമങ്ങളും തൊഴിലാളിവര്‍ഗവും, തൊഴിലെടുക്കുന്ന സ്ത്രീകളെ സംഘടിപ്പിക്കല്‍ എന്നീ വിഷയങ്ങളിലാണ് പ്രത്യേകചര്‍ച്ച നടന്നത്.
(എം പ്രശാന്ത്)

ദേശാഭിമാനി വാര്‍ത്ത

1 comment:

  1. തൊഴിലെടുക്കുന്ന സ്ത്രീകളെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്താന്‍ സിഐടിയു ദേശീയ സമ്മേളനം തീരുമാനിച്ചു. ജനുവരിയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന തൊഴിലെടുക്കുന്ന വനിതകളുടെ അഖിലേന്ത്യാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സമ്മേളനം മുന്നോട്ടുവച്ച നിര്‍ദേശങ്ങളും തൊഴിലെടുക്കുന്ന സ്ത്രീകളെ സംഘടിപ്പിക്കുന്നതിന് സിഐടിയു ഏറ്റെടുക്കേണ്ട കടമകള്‍സംബന്ധിച്ച പ്രഖ്യാപനവും സമ്മേളനം അംഗീകരിച്ചു. എല്ലാ സംസ്ഥാനത്തും 'ആശ' പ്രവര്‍ത്തകര്‍, ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ എന്നിവരെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഹിന്ദി സംസ്ഥാനങ്ങളില്‍നിന്നുള്ള വനിതാപ്രവര്‍ത്തകര്‍ക്ക് ട്രേഡ് യൂണിയന്‍ ക്ളാസ് സംഘടിപ്പിക്കും. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കിടയില്‍ സിഐടിയുവിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ദേശീയ ശില്‍പ്പശാല സംഘടിപ്പിക്കും. വനിതകളുടെ അംഗസംഖ്യ കാര്യമായുള്ള എല്ലാ സിഐടിയു യൂണിയനുകളും ഫെഡറേഷനുകളും ഒരുവര്‍ഷത്തിനകം വനിതാ സബ്കമ്മിറ്റികള്‍ക്ക് രൂപംനല്‍കും. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കായി എല്ലാ സംസ്ഥാനത്തും ഏകോപനസമിതികള്‍ രൂപീകരിക്കും- പ്രഖ്യാപനത്തില്‍ പറഞ്ഞു.

    ReplyDelete