മാധ്യമങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്തരാഹിത്യത്തെക്കുറിച്ച് ഗൌരവമായ ചര്‍ച്ചയും വിമര്‍ശവും നാനാകോണില്‍ നിന്നുയരുമ്പോഴും കൂടുതല്‍ ഗുരുതരമായ തെറ്റുകളിലേക്ക് കൂപ്പുകുത്തുകയാണ് മുഖ്യധാരയില്‍ നില്‍ക്കുന്ന പല മാധ്യമങ്ങളും എന്നത് ഉല്‍ക്കണ്ഠാജനകമാണ്. മതതീവ്രവാദം, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി കേരളത്തില്‍ സമീപകാലത്തുനടന്ന മാധ്യമ കോലാഹലം വ്യക്തമായ രാഷ്ട്രീയ-വര്‍ഗീയ ലക്ഷ്യങ്ങളോടെയാണെന്ന് അനുഭവത്തില്‍നിന്ന് തെളിഞ്ഞതാണ്. 'ലവ് ജിഹാദ്' എന്ന പ്രയോഗം ആവര്‍ത്തിച്ചുകൊണ്ട് ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടാണ് കെട്ടിച്ചമച്ച; സ്തോഭജനകമായ വാര്‍ത്തകള്‍ വക്രീകരണത്തിന്റെയും പര്‍വതീകരണത്തിന്റെയും അകമ്പടിയോടെ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചത്. തെളിവുകളുടെയോ യുക്തിയുടെയോ വസ്തുതകളുടെയോ ബലമില്ലാതെയാണ് ഈ പ്രചാരണം മുന്നേറിയത്.
രാഷ്ട്രീയമായ സങ്കുചിത ലക്ഷ്യങ്ങളോടെയുള്ള മാധ്യമ ഇടപെടല്‍ സമൂഹത്തില്‍ പലപ്പോഴും അസ്വസ്ഥത സൃഷ്ടിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ സിപിഐ എം -ആര്‍എസ്എസ് സംഘര്‍ഷം നിലനിന്ന ഘട്ടത്തില്‍ ഏതോ മത്സരത്തിലെ സ്കോര്‍നില എന്നമട്ടില്‍ ഒന്നാംപേജില്‍ കൊലപാതകത്തിന്റെ കണക്ക് പ്രസിദ്ധീകരിച്ച് എരിതീയില്‍ എണ്ണ പകര്‍ന്ന പത്രം കേരളത്തിലുണ്ടായിരുന്നു. സിപിഐ എമ്മിനെ തകര്‍ക്കാന്‍ വളര്‍ന്നുവരുന്ന പ്രതിശക്തിയായി ആര്‍എസ്എസിനെ ഓമനിച്ചതും അതേ പത്രംതന്നെയാണ്. പ്രകോപനത്തിന്റെയും അക്രമ പ്രേരണയുടെയും വിഷം പ്രസരിപ്പിക്കുന്ന അധമവൃത്തി മേല്‍പ്പറഞ്ഞ പത്രം അവസാനിപ്പിച്ചിട്ടില്ല.
കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തില്‍ സിപിഐ എമ്മിന്റെയും ബിജെപിയുടെയും അഭിപ്രായം ഒന്നായത് മാതൃഭൂമിയെ പ്രകോപിപ്പിച്ചിരിക്കുന്നു. സിപിഐ എം-ബിജെപി കൂട്ടുകെട്ട് എന്ന 'പുതിയ കാഴ്ച'യായി അതിനെ അവതരിപ്പിച്ച്, ആ പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷം നിരന്തരം നടക്കണം എന്ന താല്‍പ്പര്യം പരസ്യമായി പ്രകടിപ്പിച്ചിരിക്കയാണ് ആപത്രം.
"പാനൂരിലെ ട്രാഫിക് പരിഷ്കാരത്തെക്കുറിച്ച് സര്‍വകക്ഷികളും ഉള്‍പ്പെട്ട ടൌണ്‍ വികസനസമിതി 2009 സപ്തംബറില്‍ ചില തീരുമാനങ്ങളെടുത്തിരുന്നു. സ്ഥലം എം.എല്‍.എ. ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്റ് കണ്‍വീനറുമായുള്ള വികസനസമിതി അംഗീകരിച്ച ട്രാഫിക് നിര്‍ദേശങ്ങള്‍ ഒരു കാരണവശാലും മാറ്റേണ്ടതില്ലെന്ന് എല്ലാവരും തീരുമാനിച്ചതുമാണ്. എന്നാല്‍ പിന്നീട് ഒരുവിഭാഗം വ്യാപാരികള്‍ ഇത് മാറ്റണമെന്ന ആവശ്യമായി രംഗത്തുവന്നു. ബി.ജെ.പി.യും സി.പി.എമ്മും അവര്‍ക്ക് പിന്തുണയുമായി എത്തിയതോടെ യു.ഡി.എഫ്. നേരത്തെയെടുത്ത തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതോടെ രൂപപ്പെട്ട രണ്ട് ചേരിയില്‍ സി.പി.എമ്മിനൊപ്പമാണ് ബി.ജെ.പി.''
ഇതാണ് അവര്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്ത.
പ്രാദേശികമായ വികസനപ്രശ്നങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിന്റെ അതിരുകള്‍ മാറ്റിയുള്ള സഹകരണമുണ്ടാകുമ്പോള്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ അയവുവരുമെന്നും സമാധാനഭംഗം അകലുമെന്നുമുള്ള യാഥാര്‍ഥ്യത്തെ മറച്ചുവച്ച്, വികസന പ്രശ്നത്തില്‍പോലും സിപിഐ എമ്മും എല്‍ഡിഎഫ് ആകെയും ഒറ്റതിരിഞ്ഞു നില്‍ക്കണം; മറ്റെല്ലാ ശക്തികളും ഒന്നിച്ച് അതിനെതിരെ നില്‍ക്കണം; ബിജെപി-സിപിഐ എം സംഘര്‍ഷം അനന്തമായി തുടരണം എന്നാണ് ദേശീയപത്രം എന്നവകാശപ്പെടുന്ന മാതൃഭൂമിയുടെ ഇംഗിതം. നാട്ടില്‍ കലാപമുണ്ടാക്കാനുള്ളതാണ് ഈ ശ്രമം എന്നതില്‍ തര്‍ക്കത്തിന് അവകാശമില്ല.
കര്‍ണാടകത്തിലെ ഷിമോഗയില്‍ കലാപം സൃഷ്ടിച്ച വ്യാജലേഖനം പ്രസിദ്ധീകരിച്ച മാധ്യമ കുതന്ത്രത്തിന്റെ മറ്റൊരു പതിപ്പാണിതും. രണ്ടു പത്രത്തിന്റെ വിഷലിപ്തമായ പ്രവര്‍ത്തനമാണ് രണ്ടു മരണത്തിനും അനേകര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കോടികളുടെ നഷ്ടമുണ്ടാക്കുന്നതിനും കാരണമായ ഷിമോഗയിലെ കുഴപ്പങ്ങള്‍. തസ്ളിമ നസ്റിന്‍ മുസ്ളിം സ്ത്രീകള്‍ പര്‍ദ ധരിക്കുന്നതിനെ വിമര്‍ശിച്ച് പണ്ടെന്നോ എഴുതിയതായി പറയുന്ന ലേഖനം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഉടമസ്ഥതയിലുള്ള 'കന്നട പ്രഭ' പ്രസിദ്ധീകരിച്ചു. കന്നട പ്രഭ കലാപത്തിനു ശ്രമിക്കുന്നുവെന്ന ആരോപണവുമായി തിങ്കളാഴ്ച ഒരു ഉറുദു പത്രം രംഗത്തുവന്നു. അതോടെ, ഷിമോഗ കലാപഭരിതമായി. വാഹനങ്ങള്‍ക്ക് തീവയ്പ്, പൊലീസ് വെടിവയ്പ്, കര്‍ഫ്യൂ ,കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്-കലാപത്തിന്റെ എല്ലാ ഘടകങ്ങളും ഒത്തുവന്നു. നൊടിയിടയില്‍ ഹസന്‍, ബിജാപ്പുര്‍, ഗദക് തുടങ്ങിയ നഗരങ്ങളിലേക്കും കുഴപ്പം പടര്‍ന്നു.
കര്‍ണാടകത്തിലെ ഒരു പത്രത്തിനുവേണ്ടിയും ഇന്നേവരെ ലേഖനം എഴുതിയിട്ടില്ലെന്നാണ് വിവരമറിഞ്ഞ് തസ്ളിമ നസ്റിന്‍ പ്രതികരിച്ചത്. പ്രവാചകന്‍ മുഹമ്മദ് ബുര്‍ഖയ്ക്ക് എതിരായിരുന്നെന്ന് താന്‍ ഒരിടത്തും സൂചിപ്പിച്ചിട്ടില്ല എന്നും അതൊരു കെട്ടിച്ചമച്ച ലേഖനമാണെന്നും അവര്‍ വ്യക്തമാക്കി. ഇതിനര്‍ഥം, തസ്ളിമയുടേതെന്ന പേരില്‍ പ്രസിദ്ധീകരിച്ചത് വ്യാജലേഖനമാണ് എന്നാണ്. അതാകട്ടെ കലാപം സൃഷ്ടിക്കുക എന്ന കൃത്യമായ ഉദ്ദേശ്യംവച്ചുമാണ്.
പണം വാങ്ങി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് പതിവായ ഈ കാലഘട്ടത്തില്‍ ഇത്തരം ഹീനമായ പ്രവൃത്തികള്‍ അത്ഭുതകരമല്ല. എന്നാല്‍, മാധ്യമങ്ങളുടെ ഈ നികൃഷ്ടമായ രീതിക്കെതിരെ വായനക്കാരില്‍നിന്ന് പ്രതികരണമുയര്‍ന്നില്ലെങ്കില്‍, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെങ്കില്‍ പ്രത്യാഘാതം അചിന്ത്യമാകും. സമൂഹത്തില്‍ സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സംരക്ഷകരാകേണ്ട മാധ്യമങ്ങള്‍ നശീകരണത്തിന്റെ വഴിയിലേക്കു തിരിയുമ്പോള്‍ പിടിച്ചു ചങ്ങലയ്ക്കിടാനുള്ള ബാധ്യത ജനങ്ങളുടേതുതന്നെയാണ്.
ദേശാഭിമാനി മുഖപ്രസംഗം 040310
പ്രാദേശികമായ വികസനപ്രശ്നങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിന്റെ അതിരുകള്‍ മാറ്റിയുള്ള സഹകരണമുണ്ടാകുമ്പോള്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ അയവുവരുമെന്നും സമാധാനഭംഗം അകലുമെന്നുമുള്ള യാഥാര്‍ഥ്യത്തെ മറച്ചുവച്ച്, വികസന പ്രശ്നത്തില്‍പോലും സിപിഐ എമ്മും എല്‍ഡിഎഫ് ആകെയും ഒറ്റതിരിഞ്ഞു നില്‍ക്കണം; മറ്റെല്ലാ ശക്തികളും ഒന്നിച്ച് അതിനെതിരെ നില്‍ക്കണം; ബിജെപി-സിപിഐ എം സംഘര്‍ഷം അനന്തമായി തുടരണം എന്നാണ് ദേശീയപത്രം എന്നവകാശപ്പെടുന്ന മാതൃഭൂമിയുടെ ഇംഗിതം. നാട്ടില്‍ കലാപമുണ്ടാക്കാനുള്ളതാണ് ഈ ശ്രമം എന്നതില്‍ തര്‍ക്കത്തിന് അവകാശമില്ല.
ReplyDeletejanmabhumi kku patiya oru amali ..
ReplyDeletehttp://njankasmalan.blogspot.com/2010/03/blog-post.html