Saturday, October 12, 2013

മുഖ്യമന്ത്രിയുടെ മടിയില്‍ കനമുണ്ട്

പറഞ്ഞുപഴകിയ പ്രയോഗമാണ്. പക്ഷെ അതുവീണ്ടും പറയേണ്ടിവരുന്നു. മടിയില്‍ കനമുള്ളവര്‍ക്കേ  വഴിയില്‍ പേടിക്കേണ്ടതുള്ളു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്ഥിതി അതാണ്. അദ്ദേഹത്തിന്റെ മടിയില്‍ നിറയെ കനമാണ്. വഴിനീളെ ഓരോ ചുവടുവയ്ക്കുമ്പോഴും അതുകൊണ്ട് അദ്ദേഹത്തിനു ഭയമാണ്. അസാധാരണമായ മെയ്‌വഴക്കത്തോടെ തന്റെ ഭയപ്പാട് മൂടിവയ്ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുണ്ട്. പക്ഷെ ഓരോ ദിവസവും ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ അദ്ദേഹത്തിന്റെ പരിശ്രമത്തെ അതിജീവിക്കുന്ന ഭയപ്പാടിന്റെ മുനയാണ് ജനങ്ങള്‍ കാണുന്നത്. സോളാര്‍ തട്ടിപ്പ് സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാവിഷയങ്ങള്‍ പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഭയപ്പാടിന്റെ പൂച്ചയാണ് പുറത്തുചാടിയത്.

കേരളം കണ്ട ഏറ്റവും വലിയ ആ തട്ടിപ്പിന്റെ നാള്‍വഴി വിവരണത്തിന്റെ ആവശ്യമില്ല. ലോകവും കേരളവും ഊര്‍ജത്തിന്റെ ബദല്‍സാധ്യത ആരായുന്ന സാഹചര്യം മുതലാക്കി ആര്‍ത്തിപൂണ്ട കുറേ ക്രിമിനലുകള്‍ നടത്തിയ അഴിഞ്ഞാട്ടവും അഴിമതിയുമാണ് സോളാര്‍ തട്ടിപ്പ്. എത്ര കോടിയെന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ലാത്ത ആ അഴിമതി പരമ്പരയില്‍ കൊലപാതകവും സെക്‌സും വിശ്വാസവഞ്ചനയും ആള്‍മാറാട്ടവും ഗൂഢാലോചനയും എല്ലാം വേണ്ടുവോളമുണ്ട്. അതിനെല്ലാം രാസത്വരകം കണക്കെ വര്‍ത്തിച്ച രാഷ്ട്രീയ ഇടപെടലുകളാണ് സോളാര്‍ തട്ടിപ്പിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. ആ രാഷ്ട്രീയ ഇടപെടലിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു. നാടിനെ നടുക്കിയ ആ ഇടപാടുകളുടെ തലതൊട്ടപ്പനായി ഒരാളുണ്ടെങ്കില്‍ അതു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണെന്ന് ദിനേന പുറത്തുവന്ന ഓരോരോ കാര്യങ്ങളും വിളിച്ചു പറഞ്ഞതാണ്.

സുതാര്യതയെന്ന ഓമനപ്പേരിട്ട് ഇവിടെ നടന്ന പകല്‍ക്കൊള്ളകളുടേയും നാണക്കേടുകളുടേയും കഥകള്‍ കേട്ട് കേരളം ഇപ്പോഴും തലകുനിച്ചുനില്‍പ്പാണ്. ''എമ്പ്രാനല്‍പം കട്ടുഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും'' എന്ന കുഞ്ചന്‍നമ്പ്യാരുടെ വരികള്‍ എത്ര അന്വര്‍ത്ഥമാണെന്ന് ഈ ദിനങ്ങളില്‍ ജനങ്ങള്‍ കണ്ടു. മുഖ്യമന്ത്രിയുടെ ഓഫീസും അവിടത്തെ കാര്യസ്ഥന്മാരും ഇടപെടാത്ത കറുത്ത ഇടപാടുകളൊന്നും കേരളത്തിലില്ല. അവര്‍ക്ക് അതിനു ധൈര്യം പകര്‍ന്നതാരാണ്? സലിം രാജിനെപ്പോലെ ഒരു ഒന്നാം നമ്പര്‍ ക്രിമിനലിനു വേണ്ടി ഹൈക്കോടതിയില്‍ എ ജിയെ ഹാജരാക്കിയതാരാണ്? ജിക്കു,  ജോപ്പന്‍, ഡല്‍ഹിയിലെ പാവം പയ്യന്‍ തുടങ്ങിയവരൊക്കെ നടത്തിയ കല്ലുവച്ച കൊള്ളകള്‍ക്ക് ഊര്‍ജം കിട്ടിയത് എവിടെനിന്നാണ്? മുഖ്യമന്ത്രിയുടെ കാര്‍മികത്വമാണ് ഈ തീവെട്ടിക്കൊള്ളകള്‍ക്കെല്ലാം കളമൊരുക്കിയത്. കൂടെയുള്ള സഹചാരികള്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് അവരുടെ മേലാളന് ഒഴിഞ്ഞുമാറാനാവില്ലെന്ന് സീറോ മലബാര്‍ സഭയുടെ വക്താക്കള്‍ തന്നെ ചൂണ്ടിക്കാട്ടുകയുണ്ടായി. തന്റെ കുശിനിക്കാരന്റെ വീഴ്ചകളുടെ പേരിലാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പക്ക് സ്ഥാനം ഒഴിയേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നാനാ കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്ന ഇത്തരം നിരീക്ഷണങ്ങളാണ് മുഖ്യമന്ത്രിയുടെ തീരാപ്പേടിയുടെ കാരണമെന്ന് കേരളത്തിന് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ കണ്ണില്‍ നിന്ന് മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ഒളിപ്പിച്ചു നിര്‍ത്തണമെന്ന് അദ്ദേഹം ശാഠ്യം പിടിക്കുന്നത്.

ജുഡീഷ്യല്‍ അന്വേഷണം തന്നെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി നടത്തിയ കരുനീക്കങ്ങള്‍ രഹസ്യമല്ല. താന്‍ നിയോഗിച്ച പൊലീസുകാര്‍ തന്നെ ഈ കേസ് അന്വേഷിച്ചാല്‍ മതിയെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ശാഠ്യം. എല്‍ ഡി എഫ് നടത്തിയ ഐതിഹാസികമായ പ്രക്ഷോഭ പരമ്പരകള്‍ ഇല്ലായിരുന്നെങ്കില്‍ പൊലീസിന്റെ സല്യൂട്ടടിയില്‍ ആ അന്വേഷണം ഒതുങ്ങുമായിരുന്നു. സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്ന ആവശ്യത്തെയും ഭയപ്പാടോടെയാണ് ഉമ്മന്‍ചാണ്ടി സമീപിച്ചത്. പരിഗണനാവിഷയങ്ങളൊന്നും തന്നെ തന്റെ ഭയപ്പാട് വര്‍ധിപ്പിക്കുന്നതാകരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. സ്വയം നിശ്ചയിച്ച ആറിന വിഷയങ്ങളെചുറ്റിപ്പറ്റി അന്വേഷണം നടന്നാല്‍ തന്റെമേല്‍ മുറുകുന്ന കുരുക്കില്‍ നിന്ന് രക്ഷപ്പെടാമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. ഇടതുപക്ഷം ഉന്നയിച്ച ആവശ്യങ്ങളെല്ലാം ആറിനങ്ങളില്‍ ഒതുങ്ങുമത്രെ.

ഈ വിദണ്ഡവാദം മുഖ്യമന്ത്രിക്കു പോലും ചിരി ഉണ്ടാക്കുന്നതാണ്. ഉപ്പ് ചോദിച്ചയാളിന് കടല്‍ ചൂണ്ടിക്കാട്ടും പോലെയാണിത്. കടല്‍വെള്ളത്തില്‍ ഉപ്പുണ്ടെന്നു വാദിച്ചു ജയിക്കാന്‍ കഴിഞ്ഞേക്കാമെങ്കിലും ഉപ്പിനു പകരമാകില്ല കടല്‍വെള്ളമെന്ന് ആര്‍ക്കാണറിയാത്തത്?

സോളാര്‍ തട്ടിപ്പു കേസില്‍ അന്വേഷണസംഘം മുഖ്യമന്ത്രിയെ ചോദ്യം ചെയ്തുവെന്നു ഹൈക്കോടതിയില്‍ വെളിപ്പെടുത്തിയത് അഡ്വക്കേറ്റ് ജനറല്‍ തന്നെയാണ്. ആ മുഖ്യമന്ത്രിയെയും ഓഫീസിനെയും ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് ഈ ചോദ്യം ചെയ്യല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. എന്തുകാരണത്താലാണോ അന്വേഷണ പരിധിയില്‍ നിന്നു കുതറിയോടാന്‍ മുഖ്യമന്ത്രി പിടയ്ക്കുന്നത്. അതേകാരണം കൊണ്ടുതന്നെയാണ് ആ പിടച്ചില്‍ അംഗീകരിക്കാനാവില്ലെന്ന് ജനങ്ങള്‍ പറയുന്നത്. രാഷ്ട്രീയ മാന്യതയുടെ കണികയെങ്കിലുമുണ്ടെങ്കില്‍ മുഖ്യമന്ത്രി ജനവികാരം അംഗീകരിക്കണം. ഇതു കേരളത്തിന്റെ മാനാഭിമാനങ്ങളുടെ പ്രശ്‌നമാണ്.

janayugom editorial

No comments:

Post a Comment