Friday, October 11, 2013

"കൊച്ചി അന്ന് ഇരുപ്പൂകൃഷി ചെയ്യുന്ന പാടമായിരുന്നു"

ഇന്ന് വാഹനങ്ങളുടെ ഒഴുക്കു നിലയ്ക്കാത്ത പനമ്പിള്ളി നഗര്‍ പണ്ട് ഇരുപ്പൂകൃഷി നടത്തിയിരുന്ന പാടശേഖരമായിരുന്നു. ഈ പ്രദേശത്തിന്റെ അന്നത്തെ പേര് പുതുച്ചിറ. ഇപ്പോഴത്തെ അറ്റ്ലാന്റിസിനു കിഴക്കുവശം മുഴുവന്‍ നോക്കെത്താ ദൂരത്തോളം പരന്നുകിടന്ന പാടങ്ങള്‍. സമീപത്തുള്ള പേരണ്ടൂര്‍ കനാലില്‍ ഒഴുകിയിരുന്നത് കണ്ണീര്‍പോലെ തെളിഞ്ഞ വെള്ളം. അതിലൂടെ നീങ്ങിയിരുന്ന നെല്ലുകയറ്റിയ കൂറ്റന്‍വഞ്ചികള്‍. പാടത്തുനിന്ന് പണി കഴിഞ്ഞ് കനാലില്‍ കുളിച്ചുകയറിയിരുന്ന കര്‍ഷകത്തൊഴിലാളികള്‍... ഇതായിരുന്നു 1970നു മുമ്പുവരെ എറണാകുളം നഗരത്തിലെ ഭൂപ്രകൃതി. ഇന്നത്തെ തലമുറയ്ക്ക് ഇതൊക്കെ കൗതുകമാകും. എന്നാല്‍ 108 വയസ്സു പൂര്‍ത്തിയായ കാര്‍ത്യായനി കൊച്ചിലാന്‍ ഇതു മുഴുവന്‍ ഓര്‍ക്കുന്നു. അതും ഒട്ടും തെളിമചോരാതെ.

1906ല്‍ ചിറ്റൂരില്‍ ജനിച്ച കാര്‍ത്യായനി വാക്കാട്ട് കൊച്ചിലാനെ വിവാഹം ചെയ്തതോടെയാണ് പുതുച്ചിറയില്‍ എത്തിയത്. ഇപ്പോള്‍ പാസ്പോര്‍ട്ട് ഓഫീസ് സ്ഥിതിചെയ്യുന്ന പ്രദേശത്തായിരുന്നു താമസം. കര്‍ഷകത്തൊഴിലാളിയായ ഭര്‍ത്താവിനൊപ്പം കാര്‍ത്യായനിയും പാടത്തിറങ്ങി. ഇപ്പോഴത്തെ വളഞ്ഞമ്പലമായ പെരുമാനൂര്‍ക്കാവ് ദേവസ്വത്തിന്റെ അധീനതയിലായിരുന്നു കൃഷിഭൂമി മുഴുവന്‍. അത് മുതലാളിമാര്‍ പാട്ടത്തിനെടുത്താണ് കൃഷിചെയ്തിരുന്നത്. പിന്നീട് എം എം ലോറന്‍സ്, ടി കെ രവീന്ദ്രന്‍, വി സി കണ്ണന്‍, പി സി ജോസഫ്, പി ഡി വര്‍ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇവിടെ കമ്യൂണിസ്റ്റ്പ്രസ്ഥാനം ശക്തമാവുകയും കര്‍ഷകത്തൊഴിലാളികള്‍ സംഘടിതരാവുകയും ചെയ്തപ്പോള്‍ കാര്‍ത്യായനിയും അതിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. ആറു തൂണി നെല്ലിന് ഒരു തൂണി പതം ആവശ്യപ്പെട്ട് കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയ പറമ്പിത്തറ സമരത്തില്‍ പങ്കെടുത്തു. ആറു രൂപ ദിവസക്കൂലി 6.50 ആയി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ എളംകുളം ഇടത്താമരമന സമരത്തിലും സജീവമായിരുന്നു. രണ്ടു സമരങ്ങളും വിജയംകണ്ടാണ് നിര്‍ത്തിയതെന്നു പറയുമ്പോള്‍ 108 വര്‍ഷം കണ്ട കണ്ണുകളില്‍ആവേശം. ഇപ്പോഴും കെഎസ്കെടിയു അംഗമാണ് കാര്‍ത്യായനി.

ഇവിടത്തെ പാടങ്ങള്‍ 1970 ഓടെയാണ് നികത്തിത്തുടങ്ങിയത്. ക്രമേണ കൃഷിയും ഇല്ലാതെയായി. ഇതോടെ കാര്‍ത്യായനി പുല്ലുചെത്തുന്ന ജോലിക്ക് പോയിത്തുടങ്ങി. ആരോഗ്യത്തിന്റെ രഹസ്യംചോദിച്ചാല്‍ ഒരുനിമിഷംപോലും വൈകാതെ മറുപടിയെത്തും. ""അത് പണിയെടുത്തിട്ടുതന്നെയാ""... ഭര്‍ത്താവ് കൊച്ചിലാന്‍ 24 വര്‍ഷം മുമ്പ് മരിച്ചു. ഇളയമകന്‍ വേണുവിനൊപ്പം പെരുമാനൂര്‍ കണ്ണര്‍കാട്ടുപറമ്പ് വാക്കാട്ട് വീട്ടിലാണ് താമസിക്കുന്നത്. 108 വയസ്സു പൂര്‍ത്തിയായ കാര്‍ത്യായനി മുത്തശ്ശിയെ കഴിഞ്ഞദിവസം കെപിഎംഎസ് ജ്ഞാനോദയ സഭയുടെ നേതൃത്വത്തില്‍ ആദരിച്ചിരുന്നു. കൂടാതെ ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷനും പുരസ്കാരം നല്‍കി.

deshabhimani

No comments:

Post a Comment