രാജ്യദ്രോഹപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും ഭീകരവിരുദ്ധ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ വിധിയോടെ ജഡ്ജി എസ് വിജയകുമാര്‍ സര്‍വീസില്‍നിന്നു വിരമിച്ചു.
പ്രതികള്‍ക്ക് ജയിലില്‍ സമത്വവും മതേതരത്വവും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭരണഘടനയുടെ സാരാംശം പഠിക്കാന്‍ അവസരം നല്‍കണമെന്നും അറുന്നൂറോളം പേജുള്ള വിധിന്യായത്തിലുണ്ട്. ഭരണഘടന മനസ്സിലാക്കുന്നതില്‍ പ്രതികള്‍ കൈവരിക്കുന്ന പുരോഗതി വിലയിരുത്താന്‍ രണ്ടുവര്‍ഷത്തിലൊരിക്കലെങ്കിലും കൗണ്‍സിലര്‍മാരുടെയും മറ്റും സേവനം ഉറപ്പാക്കണം. ഇതുവഴി സ്വയം നവീകരണത്തിന് പ്രതികള്‍ക്ക് അവസരമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികള്‍ ഏര്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഇരയായതായി പ്രോസിക്യൂഷന്‍ വാദിച്ചു. ഇതു പരിഗണിക്കുമ്പോള്‍ പ്രതികള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ട്. രാജ്യത്തിനെതിരെ യുദ്ധം ചെയ്ത 15-ാം പ്രതി അബ്ദുള്‍ ജലീലിന് വധശിക്ഷയും മറ്റു പ്രതികള്‍ക്ക് പരമാവധി ശിക്ഷയും നല്‍കണമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കശ്മീരില്‍ വനത്തില്‍ സൈന്യത്തിനെതിരെ യുദ്ധംചെയ്ത അബ്ദുള്‍ ജബ്ബാര്‍ അവിടെനിന്നു രക്ഷപ്പെട്ടത് പശ്ചാത്താപംകൊണ്ടാകാമെന്നും ഇയാള്‍ കശ്മീരിലെത്തിയതിനു പിന്നിലെ സാഹചര്യങ്ങളെക്കുറിച്ച് കോടതി ഇപ്പോഴും ഇരുട്ടിലാണെന്നും ഇതു പരിഗണിച്ച് പ്രതിയെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നും അബ്ദുള്‍ ജബ്ബാറിന്റെ അഭിഭാഷകന്‍ വാദിച്ചു. യൗവനാരംഭത്തില്‍ കേസിലുള്‍പ്പെട്ട ഷഫാസിന് സ്വയം നവീകരണത്തിന് അവസരം നല്‍കണമെന്ന് അഭിഭാഷകന്‍ വാദിച്ചു. പ്രായമായ മാതാപിതാക്കളും പിഞ്ചുകുഞ്ഞുമുണ്ടെന്ന് സര്‍ഫ്രാസ് നവാസ് പറഞ്ഞു. ഗൂഢാലോചനയില്‍ പങ്കെടുത്തതിന് രണ്ടുശിക്ഷ നല്‍കരുതെന്നും നവാസിന്റെ അഭിഭാഷകന്‍ വാദിച്ചു.
റിക്രൂട്ട്മെന്റ് കേസില്‍ ശിക്ഷിക്കപ്പെട്ടവരില്‍ മുഹമ്മദ് നവാസ് ഒഴികെ 12 പേരും എന്‍ഐഎ അന്വേഷിക്കുന്ന ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ വിചാരണ നേരിടുകയാണ്. ഈ സാഹചര്യത്തില്‍ ശിക്ഷ ബംഗളൂരുവില്‍ അനുഭവിക്കാന്‍ അവസരം നല്‍കണമെന്ന് തടിയന്റവിട നസീര്‍ കോടതിയോട് ആവശ്യപ്പെട്ടു. ജയിലില്‍ തൊപ്പിവയ്ക്കാനും താടി വളര്‍ത്താനും അനുവദിക്കണമെന്ന നസീര്‍, അബ്ദുള്‍ ജബ്ബാര്‍, സൈനുദ്ദീന്‍ എന്നിവരുടെ ആവശ്യം കോടതി അംഗീകരിച്ചു. ആകെ 24 പ്രതികളുണ്ടായിരുന്ന കേസില്‍ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലുപേരെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ലഷ്കര്‍ ഇ തോയ്ബ കമാന്‍ഡര്‍ വാലി എന്ന അബ്ദുള്‍ ഖാദര്‍, കണ്ണൂര്‍ മരക്കാര്‍കണ്ടി കൊച്ചുപീടികയില്‍ മുഹമ്മദ് സാബിര്‍ എന്നിവരെയും ഒഴിവാക്കി 18 പേരാണ് എന്‍ഐഎ കോടതിയില്‍ രഹസ്യവിചാരണ നേരിട്ടത്. അഞ്ചുപേരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി ഒക്ടോബര്‍ ഒന്നിന് കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
വിട്ടയച്ചവരില്‍നിന്നു പിടിച്ചെടുത്ത തൊണ്ടിമുതലുകള്‍ തിരികെനല്‍കാനും കോടതി ഉത്തരവിട്ടു. തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചതിന് അന്വേഷണ ഏജന്‍സി പിടിച്ചെടുത്ത കറന്‍സിനോട്ടുകള്‍ തിരികെ നല്‍കരുതെന്നും ഉത്തരവിലുണ്ട്. പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി. എന്‍ഐഎക്കുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ എന്‍ രവീന്ദ്രന്‍ ഹാജരായി.
deshabhimani
No comments:
Post a Comment