Tuesday, October 8, 2013

മൂട്ടയ്ക്കും കൊതുകിനും കൂട്ട്

തടാകങ്ങളുടെയും ജലപാതങ്ങളുടെയും നാടായ റാഞ്ചി. അവിടത്തെ ആദിവാസിപോരാട്ടങ്ങള്‍ നയിച്ച ബിര്‍സ മുണ്ടയ്ക്ക് സ്മാരകമായി ഒരു സെന്‍ട്രല്‍ ജയില്‍. ആ ജയില്‍ ഇപ്പോള്‍ കൊതുകിന്റെയും മൂട്ടയുടെയും ആവാസകേന്ദ്രം. അവിടെയെത്തിയ നവാതിഥിയെ സ്നേഹിക്കാന്‍ കൊതുകും മൂട്ടയും മത്സരിച്ചു. രാവേറെ ചെന്ന സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടി പുലര്‍കാലത്തുമാത്രം അതിഥി ഒന്ന് മയങ്ങി. ഇന്നലെവരെ ശീതീകൃതമുറിയില്‍ കഴിഞ്ഞതുകൊണ്ട് ഒരു ദിവസത്തെ ഉറക്കമില്ലായ്മയില്‍ ലാലു പ്രസാദ് യാദവിന് ക്ഷീണമില്ല. ടിവി കണ്ടും പത്രംവായിച്ചും പുറത്തുനിന്നെത്തിയ ഭക്ഷണം കഴിച്ചും ബിഹാറിന്റെ സിംഹം അങ്ങനെ ജയില്‍ജീവിതം തുടങ്ങി. അറുപത്താറേ ആയുള്ളൂ പ്രായം. 66 പൗണ്ട് തൂക്കമുള്ള കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചതിന്റെ ആലസ്യം മാറിയില്ല. കന്നുകാലികളെയാണ് എന്നും സ്നേഹിച്ചത്. ആ കന്നുകാലികള്‍ക്കുള്ള തീറ്റ ഇങ്ങനെ ചതിക്കുമെന്നു കരുതിയതല്ല.

ആയിരക്കണക്കിനു കോടി വെട്ടിവിഴുങ്ങിയവര്‍ അധികാരത്തിന്റെ മണിമേടയില്‍ വിരാജിക്കുമ്പോള്‍ കന്നുകാലിപ്രിയന് കാരാഗൃഹം എന്നത് വിരോധാഭാസംതന്നെ. തടവറ പൂമെത്തയാക്കിയ കാലം മുമ്പുമുണ്ടായിരുന്നു. അന്ന് മുഖ്യമന്ത്രിപദത്തില്‍നിന്ന് ഇറങ്ങേണ്ടിവന്നപ്പോള്‍ പ്രിയ പത്നിക്ക് അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് പ്രൊമോഷന്‍ നല്‍കി. എല്ലാ വേഷവും കെട്ടും. ഒറ്റനോട്ടത്തില്‍ നിരക്ഷരകുക്ഷിയാണെന്നു തോന്നും. നിയമം കലക്കിക്കുകിടിച്ചാണ് പക്ഷേ യാദവ രാഷ്ട്രീയം കളിക്കാനിറങ്ങിയത്. പലതിലും ഒന്നാമനായി. ബിഹാറില്‍ കോണ്‍ഗ്രസിനെയും കാവിപ്പാര്‍ടിയെയും ഒരുപോലെ ഞെട്ടിച്ചു. അടിയന്തരാവസ്ഥയുടെ കറുത്ത നാളിലാണ് ബിഹാറിന്റെ ജെപി ടീമില്‍നിന്ന് ഉദയതാരകം പാര്‍ലമെന്റില്‍ ജ്വലിച്ചുയര്‍ന്നത്. എവിടെയും ശ്രദ്ധ പിടിച്ചുപറ്റും. എല്ലാവര്‍ക്കും സ്വന്തക്കാരനെന്നു തോന്നും. അന്ന് പ്രായംകുറഞ്ഞ എംപി. പ്രായം കൂടുന്തോറും പ്രാമുഖ്യവും കനത്തു. തിരിച്ച് പട്നയില്‍പോയി യാദവ രാഷ്ട്രീയം കളിച്ച് മുഖ്യമന്ത്രിപദത്തിലെത്തി. അദ്വാനി രഥമുരുട്ടിയെത്തിയപ്പോള്‍ സമസ്തിപുരില്‍ തടഞ്ഞത് ലാലു. അതുവരെ യാദവരുടെ പ്രണയഭാജനമെങ്കില്‍ അതോടെ സമസ്ത മതേരവാദികളുടെയും പ്രിയങ്കരന്‍. സരസഭാഷയില്‍ പ്രസംഗിച്ച് സാധാരണക്കാരനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ലാലു അജയ്യയാത്ര തുടര്‍ന്നു.

കാലിത്തീറ്റ സ്വന്തം തീറ്റയില്‍ മണ്ണിടുമെന്നായപ്പോഴും ലാലു വ്യത്യസ്തനായി. സിബിഐ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ സൈക്കിള്‍ റിക്ഷയില്‍ ലാലു എത്തിയത് വാര്‍ത്തയായി. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഒരിക്കല്‍ ചെന്നത് ആനപ്പുറത്തേറി. റെയില്‍മന്ത്രിയായപ്പോള്‍ കണ്ടത് ലാലുസര്‍ക്കസ്. ബിഹാറിലേക്ക് തീവണ്ടികളുടെ ഘോഷയാത്ര. യാത്രക്കൂലിക്കും ചരക്കുകൂലിക്കും അനക്കമില്ലാതെ ലാഭക്കണക്കില്‍ കൂറ്റന്‍ വര്‍ധന. പലരും അതിനെ ലാലുമാജിക്ക് എന്നുവിളിച്ചു. എല്ലാം തികഞ്ഞ വേളയിലാണ്, എന്നും സ്നേഹിച്ച കന്നുകാലികള്‍ തിരിഞ്ഞുകുത്തിയത്. കാലിത്തീറ്റ വെട്ടിച്ച് പണംമാറിയ കറുത്ത കരങ്ങള്‍ പലതുമുണ്ട്. ഖദറിട്ട ജഗന്നാഥ മിശ്രമുതല്‍ കൃഷി ഓഫീസിലെ ശിപായിവരെ. അഴിമതിയൊന്നും കോണ്‍ഗ്രസിന് വിഷയമല്ല. അവര്‍ക്ക് ലാലുവിനെ വേണം. ആവശ്യത്തിന് മെരുക്കാനും തളയ്ക്കാനുമാണ് കാലിത്തീറ്റക്കേസ് ചൂടുപിടിപ്പിച്ചത്. കേസ് കത്തിക്കയറിയപ്പോള്‍ തെളിവുകളും കനത്തു. ഒടുവില്‍ പിടിവിട്ടുപോകുമെന്നായി. വിചാരണക്കോടതി ജഡ്ജി പി കെ സിങ് പക്ഷപാതിയെന്നും നിതീഷ് കുമാറിന്റെ വിദ്യാഭ്യാസമന്ത്രി പി കെ സാഹിയുടെ ബന്ധുവെന്നും നീതികിട്ടില്ലെന്നും ലാലുവിന്റെ പരാതി സുപ്രീംകോടതിവരെയെത്തി. ആരും ചെവിക്കൊണ്ടില്ല. ഒടുവിലിതാ വിധി വന്നിരിക്കുന്നു. ഇനി 11 വര്‍ഷം തെരഞ്ഞെടുപ്പില്ല. അഞ്ചുവര്‍ഷം വീടില്ല-തടവറയില്‍ ത്യാഗജീവിതം.

ബിഹാറിലെ കച്ചിത്തുരുമ്പ് പോകുന്നതില്‍ കോണ്‍ഗ്രസിന് സങ്കടമുണ്ട്. രക്ഷപ്പെടുത്താന്‍ നോക്കി. ശിക്ഷിച്ചാലും എംപിസ്ഥാനം പോകാതിരിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. അതും ഒരു ദുരന്തനാടകമായി. അങ്ങനെ ലാലുയുഗത്തിന് അന്ത്യം. ഇനി രാബ്റി യുഗം വരും. ബിര്‍സ മുണ്ട ജയിലില്‍ രാബ്റിയെയും പാര്‍ടിയെയയും ലാലു നയിക്കും. പിന്തുണയ്ക്കും സഹായത്തിനുമായി കോണ്‍ഗ്രസ് അങ്ങോട്ട് ചെല്ലും. ചെറിയ അഴിമതിക്കാരും വലിയ അഴിമതിക്കാരും അങ്ങനെ അവിടെ സന്ധിക്കും. അതിനുമുമ്പ് നിതീഷ് കുമാര്‍ കോണ്‍ഗ്രസ് കൂടാരത്തിലെത്തിയാല്‍ ലാലുവിന് ശരിക്കും വിശ്രമിക്കാം. അടുത്ത പിറന്നാളിന് 67 പൗണ്ട് തൂക്കത്തില്‍ കേക്കുമായി രാബ്റി ദേവിയെത്തും.

സൂക്ഷ്മന്‍ deshabhimani

No comments:

Post a Comment