Monday, October 7, 2013

യോജിച്ച പ്രക്ഷോഭമുയരണം: സിഐടിയു

രാഷ്ട്രീയ പാര്‍ടികള്‍ യോജിക്കുകയാണെങ്കില്‍ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുമെന്ന സിവില്‍ വ്യോമയാന മന്ത്രി അജിത് സിങ്ങിന്റെ പ്രസ്താവനയെ സിഐടിയു അപലപിച്ചു. എയര്‍ ഇന്ത്യ രാജ്യത്തിന്റെ സ്വത്താണെന്നും അല്ലാതെ കേന്ദ്രമന്ത്രിസഭയുടെയോ യുപിഎ സര്‍ക്കാരിന്റെയോ അല്ലെന്നും സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു.

എയര്‍ഇന്ത്യയെയും ഇന്ത്യന്‍ എയര്‍ലൈന്‍സിനെയും ലയിപ്പിച്ച് വ്യോമയാന മന്ത്രാലയം നടത്തിയ നിരുത്തരവാദ പരീക്ഷണമാണ് എയര്‍ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചത്. പഠനമൊന്നുമില്ലാതെ പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനവും തിരിച്ചടിയായി. എയര്‍ഇന്ത്യക്ക് വന്‍നഷ്ടം വരുത്തിവച്ചതിന്റെ ഉത്തരവാദികള്‍ സര്‍ക്കാരും വ്യോമയാന മന്ത്രാലയവുമാണെന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായുള്ള സമിതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിസന്ധി മറികടക്കാനുള്ള സമിതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചതും പ്രതിസന്ധി രൂക്ഷമാക്കി. ഈ സാഹചര്യത്തിലാണ് സ്വകാര്യവല്‍ക്കരണമെന്ന നിര്‍ദേശവുമായി മന്ത്രി എത്തുന്നത്. സ്വകാര്യവല്‍ക്കരണത്തിന് രാഷ്ട്രീയ ഇച്ഛാശക്തി വേണമെന്നാണ് മന്ത്രി പറയുന്നത്. എയര്‍ഇന്ത്യ മാത്രമല്ല ഉല്‍പ്പാദനപരമായ സ്വത്തുക്കളെല്ലാം വില്‍ക്കുകയെന്ന രാഷ്ട്രീയ നയസമീപനമാണ് കേന്ദ്രവും കോണ്‍ഗ്രസും കൈക്കൊള്ളുന്നത്. വരുമാനം പങ്കിടല്‍അടിസ്ഥാനത്തില്‍ രാജ്യത്തെ 20 വിമാനത്താവളങ്ങള്‍ സ്വകാര്യ കരങ്ങളില്‍ ഏല്‍പ്പിക്കുന്നതില്‍നിന്ന് സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ താല്‍പ്പര്യം വ്യക്തമാണ്. കേന്ദ്ര ഉടമസ്ഥതയിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇരുപതിനായിരം കോടി മൂലധന നിക്ഷേപമിറക്കി ഈ വിമാനത്താവളങ്ങള്‍ നവീകരിച്ചിരുന്നു. വ്യോമയാന മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാരും തൊഴിലാളികളും മുന്നോട്ടുവരണം- സിഐടിയു ആഹ്വാനംചെയ്തു.

deshabhimani

No comments:

Post a Comment