Saturday, October 5, 2013

ഉന്നതവിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രപദ്ധതി

യുജിസിയെ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ചു. രാഷ്ട്രീയ ഉച്ഛതര്‍ ശിക്ഷാ അഭിയാന്‍ (റുസ) എന്ന പദ്ധതിക്കാണ് മന്ത്രിസഭയുടെ രാഷ്ട്രീയകാര്യസമിതി അംഗീകാരം നല്‍കിയത്. 12-ാംപദ്ധതിയുടെ ശിഷ്ടകാലത്തും 13-ാംപദ്ധതിയിലുമായി നടപ്പാക്കുന്ന പരിപാടിക്ക് 98,134 കോടി രൂപയാണ് ചെലവ്്. ഇതില്‍ 69,675 കോടി കേന്ദ്രസഹായമാണ്. 28,459 കോടി സംസ്ഥാനങ്ങളുടെ വിഹിതവും. സര്‍വകലാശാലകളുടെയും കോളേജുകളുടെയും പ്രകടനം വിലയിരുത്തിയാണ് ധനസഹായം നിശ്ചയിക്കുകയെന്ന് കേന്ദ്ര മാനവശേഷിവികസന സഹമന്ത്രി ശശി തരൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ജമ്മു കശ്മീര്‍, സിക്കിം, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര ധനസഹായ അനുപാതം 90:10 ആയിരിക്കും. മറ്റ് സംസ്ഥാനങ്ങള്‍ക്ക് 65:35 എന്ന അനുപാതമാണ്. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മുഖേനയാണ് ധനസഹായം. സംസ്ഥാനങ്ങള്‍പദ്ധതിക്കായി ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിക്കണം. ആസൂത്രണം, നിര്‍വഹണം, വിലയിരുത്തല്‍ എന്നിവ ഈ കൗണ്‍സിലിന്റെ ചുമതലയാണ്. കൗണ്‍സില്‍ ശുപാര്‍ശപ്രകാരമാണ് ധനസഹായം നിശ്ചയിക്കുക. ഇതിനായി സര്‍വകലാശാലകളുടെ നിലവിലുള്ള അക്കാദമിക്, ഭരണ സംവിധാനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരും. സെനറ്റ്, സിന്‍ഡിക്കറ്റ് എന്നിവയുടെ ഘടനയിലും മാറ്റമുണ്ടാകും. സംസ്ഥാനങ്ങള്‍ പദ്ധതിക്ക് ബജറ്റില്‍ തുക വകയിരുത്തണം. കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്ക് സ്ഥലം സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി ഏറ്റെടുത്ത് നല്‍കണം. പന്ത്രണ്ടാംപദ്ധതിയില്‍ 80 സര്‍വകലാശാലകള്‍ സ്ഥാപിക്കുകയോ സ്വയംഭരണ കോളേജുകളെ സര്‍വകലാശാലകളാക്കി മാറ്റുകയോ ചെയ്യും. പ്രൊഫഷണല്‍/സാങ്കേതികവിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ 100 പുതിയ കോളേജ് സ്ഥാപിക്കും. നിലവിലുള്ള 54 കോളേജുകളെ മോഡല്‍ ഡിഗ്രി കോളേജുകളാക്കും. അടിസ്ഥാനസൗകര്യവികസനത്തിന് 150 സര്‍വകലാശാലകള്‍ക്കും 3500 കോളേജുകള്‍ക്കും ധനസഹായം നല്‍കും. 13-ാംപഞ്ചവത്സരപദ്ധതി പൂര്‍ത്തിയാകുന്നതോടെ 278 പുതിയ സര്‍വകലാശാലകളും 388 കോളേജുകളും സ്ഥാപിക്കും. 266 കോളേജുകള്‍ മോഡല്‍ കോളേജുകളാക്കും. സംസ്ഥാന സര്‍വകലാശാലകള്‍ക്കും 8500 കോളേജുകള്‍ക്കും പശ്ചാത്തലസൗകര്യങ്ങള്‍ക്ക് ധനസഹായം നല്‍കും.

യുജിസിവഴി സര്‍വകലാശാലകള്‍ക്ക് ധനസഹായം നല്‍കുന്ന നിലവിലുള്ള സംവിധാനം ഫലപ്രദമല്ലെന്ന് ശശി തരൂര്‍ പറഞ്ഞു. എന്നാലും യുജിസി നിലവിലുള്ള ചുമതലകള്‍ നിര്‍വഹിക്കും. 11-ാം പഞ്ചവത്സരപദ്ധതിയില്‍ 22,000 കോടി രൂപ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി യുജിസിക്ക് നല്‍കിയിരുന്നു. ഇതില്‍ 7000 കോടി രൂപമാത്രമാണ് ചെലവഴിച്ചത്. റുസ മിഷന്‍ അതോറിറ്റിക്കാണ് പദ്ധതിയുടെ മേല്‍നോട്ടം. ടെക്നിക്കല്‍ സപ്പോര്‍ട്ട് ഗ്രൂപ്പും ദേശീയ പ്രോജക്ട് ഡയറക്ടറേറ്റും സംസ്ഥാനതല ഡയറക്ടറേറ്റുകളും നിര്‍വഹണത്തില്‍ പങ്കുവഹിക്കും. പൊതുമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാത്രമാണ് സഹായം ലഭ്യമാവുക.

വി ജയിന്‍ deshabhimani

No comments:

Post a Comment