ഒറ്റപ്പാലം: ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ സംഘപരിവാറിന്റെ വാദം പൊലീസ് ഏറ്റുപിടിക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍ പറഞ്ഞു. സംഘപരിവാറിന്റെ കൊലപാതകരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് അമ്പലപ്പാറയില്‍ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തികച്ചും ആസൂത്രിതമായാണ് സംഘപരിവാര്‍ ദീപുവിനെ കൊലപ്പെടുത്തിയത്. എന്നാല്‍, വസ്തുത മറച്ചുവച്ച് കുറ്റവാളികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമം. തങ്ങള്‍ക്കു സംഭവത്തില്‍ പങ്കില്ലെന്ന സംഘപരിവാര്‍നേതാക്കളുടെ കള്ളവാദത്തിനു പൊലീസ് അംഗീകാരം നല്‍കുന്നത് പ്രതികളെ രക്ഷിക്കാനാണ്. ദീപുവിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കഴിയണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭവുമായി സിപിഐ എം മുന്നോട്ടുപോകും. കൊലപാതക രാഷ്ട്രീയം നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കും. വര്‍ഗീയവാദികള്‍ ബോധപൂര്‍വം അക്രമം സൃഷ്ടിക്കുകയാണ്. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷം മാത്രമാണ്. അതിനാലാണ് ഇടതുപക്ഷ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കു കഴിയണം.
നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയാക്കുകയെന്നത് രാജ്യത്തെ കോര്‍പറേറ്റുകളുടെ താല്‍പ്പര്യമാണ്. ആയിരങ്ങളെ കൊലപ്പെടുത്തിയ അക്രമരാഷ്ട്രീയത്തിന്റെ നേതാവിനെ തങ്ങളുടെ നേതാവായി അംഗീകരിച്ച് മുന്നോട്ടുപോകുന്ന സംഘപരിവാറിനെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണം. ഇതിന് ഇടതുപക്ഷത്തെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും വിജയരാഘവന്‍ പറഞ്ഞു. ദീപുവിന്റെ കൊലപാതകത്തിലൂടെ സംഘപരിവാര്‍ അവരുടെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കുകയായിരുന്നുവെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എംപി പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെയാണ് ഇവര്‍ അക്രമം നടത്തുന്നത്. ജില്ലയിലെമ്പാടും ഇത്തരത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നു. ഇതിന് പൊലീസ് ഒത്താശ ചെയ്യുകയാണ്. കൊലപാതകം നടത്തുന്നവരെ സംരക്ഷിക്കുകയും അക്രമത്തിന് ഇരയാകുന്ന ഡിവൈഎഫ്ഐ-സിപിഐ എം പ്രവര്‍ത്തകരെ വേട്ടയാടുകയുമാണ് പൊലീസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധയോഗത്തില്‍ സിപിഐ എം ഒറ്റപ്പാലം ഏരിയ സെക്രട്ടറിചുമതലയുള്ള സി വിജയന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി കെ നാരായണദാസ്, എം ഹംസ എംഎല്‍എ, പി മമ്മിക്കുട്ടി, ജില്ലാ കമ്മിറ്റിയംഗം എസ് അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍സെക്രട്ടറി കെ രാധാകൃഷ്ണന്‍ സ്വാഗതവും ഏരിയകമ്മിറ്റിയംഗം യു രാജഗോപാല്‍ നന്ദിയും പറഞ്ഞു.
deshabhimani
No comments:
Post a Comment