Tuesday, October 8, 2013

സെക്യൂരിറ്റി ഹോളോഗ്രാം ലേബല്‍ നിര്‍മാണം സ്വകാര്യകമ്പനിയിലേക്ക്

എക്സൈസിന്റെ സെക്യൂരിറ്റി ഹോളോഗ്രാം ലേബല്‍നിര്‍മാണം സ്വകാര്യ കുത്തക കമ്പനിക്ക് നല്‍കാനുള്ള സര്‍ക്കാരിന്റെയും സി-ഡിറ്റിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സെക്രട്ടറിയറ്റിനുമുന്നില്‍ ജനകീയകൂട്ടായ്മ സംഘടിപ്പിക്കും. സി-ഡിറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കൂട്ടായ്മ രാവിലെ 10ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്യുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സി-ഡിറ്റ് സംരക്ഷണസമിതിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന കൂട്ടായ്മയില്‍ വിവിധ മേഖലകളില്‍നിന്നുള്ള ബഹുജനങ്ങളും പങ്കെടുക്കും.

സംസ്ഥാന ബിവറേജസ് കോര്‍പറേഷനുവേണ്ടി 12 വര്‍ഷമായി സി-ഡിറ്റാണ് സെക്യൂരിറ്റി ലേബല്‍ നിര്‍മിക്കുന്നത്. എന്നാല്‍,യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ എക്സൈസ്മന്ത്രിയുടെ നേതൃത്വത്തില്‍ ലേബല്‍നിര്‍മാണം സി-ഡിറ്റില്‍നിന്ന് മാറ്റി സ്വകാര്യസ്ഥാപനത്തിന് നല്‍കുന്നതിനുള്ള ശ്രമം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ചുരുങ്ങിയ കാലയളവിലേക്കുമാത്രമാണ് ലേബല്‍നിര്‍മാണ ചുമതല സി-ഡിറ്റിനെ ഏല്‍പ്പിച്ചുവരുന്നത്. കൂടാതെ എക്സൈസ് വകുപ്പിലെ ഐഎഎസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഒരു റിപ്പോര്‍ട്ടും തയ്യാറാക്കി. കര്‍ണാടകയിലെ സ്വകാര്യ കുത്തക കമ്പനി നിര്‍മിച്ച് വിതരണം നടത്തുന്ന ലേബല്‍ കേരളത്തിലും നിര്‍മിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്. എതിര്‍പ്പുയര്‍ന്നതിനെതുടര്‍ന്ന് എക്സൈസ് വകുപ്പ് നേരിട്ട് ഇടപെടുന്നത് അവസാനിപ്പിച്ചു.

ഇപ്പോള്‍ സി-ഡിറ്റിന്റെ മറവില്‍ സ്വകാര്യകമ്പനിയെ ഏല്‍പ്പിക്കുന്നതിന് ശ്രമിക്കുകയാണ്. ഇതിനായി സി-ഡിറ്റ് താല്‍പ്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്ന ഇന്റാഗ്ലിയോ പ്രിന്റിങ് സാങ്കേതികവിദ്യയില്‍ ലേബല്‍ നിര്‍മിച്ചുനല്‍കാന്‍ സി-ഡിറ്റ് ഒരുകോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം പണിതിട്ടുണ്ട്. പുതിയ യന്ത്രം സ്ഥാപിക്കുന്നതിന് വിദേശകമ്പനിയും സാമ്പത്തികവായ്പ നല്‍കാന്‍ ദേശസാല്‍കൃതബാങ്കും സന്നദ്ധത അറിയിച്ചിട്ടുണ്ട്. പുതിയ സംവിധാനത്തിലേക്ക് മാറുന്നതിനായി സി-ഡിറ്റ് എക്സൈസ് വകുപ്പിന് സമര്‍പ്പിച്ച രൂപകല്‍പ്പനയ്ക്ക് അടുത്തിടെ അന്തര്‍ദേശീയ അംഗീകാരവും ലഭിച്ചിരുന്നു. എന്നിട്ടും സ്വകാര്യസ്ഥാപനങ്ങളില്‍നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചതിനുപിന്നില്‍ വന്‍ അഴിമതിയാണ് ലക്ഷ്യം. സി-ഡിറ്റിന്റെ മൂന്നില്‍ രണ്ട് വരുമാനമാര്‍ഗമായ ലേബല്‍നിര്‍മാണ പദ്ധതി ഇല്ലാതാക്കുന്നതിലൂടെ സ്ഥാപനം പൂട്ടുമെന്നും വ്യാജമദ്യ വിപണനം സംസ്ഥാനത്ത് വ്യാപകമാകുമെന്നും കടകംപള്ളി ചൂണ്ടിക്കാട്ടി.

deshabhimani

No comments:

Post a Comment