Saturday, October 12, 2013

സംസ്ഥാനം സമ്പൂര്‍ണ നിയമനനിരോധനത്തിലേക്ക്

 ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷകള്‍ അരിഞ്ഞുവീഴ്ത്തി സംസ്ഥാനം സമ്പൂര്‍ണ നിയമനനിരോധനത്തിലേക്ക്. കെടുകാര്യസ്ഥതയും ഭരണസ്തംഭനവുംമൂലമുണ്ടായ സാമ്പത്തികപ്രതിസന്ധിയുടെ മറവിലാണ് എല്ലാ പുതിയ നിയമനവും നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒഴിവ് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യരുതെന്ന് വകുപ്പുതലവന്മാര്‍ക്ക് നിര്‍ദേശം നല്‍കിത്തുടങ്ങി. ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി പുതിയ തസ്തിക സൃഷ്ടിക്കുന്നത് നിര്‍ത്തിവയ്ക്കാനും 30,000 താല്‍ക്കാലിക തസ്തിക ഇല്ലാതാക്കാനും കഴിഞ്ഞദിവസത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. പുതിയ നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കല്‍ ഉള്‍പ്പടെയുള്ള കടുത്തനടപടികള്‍ വേണമെന്ന എക്സ്പെന്റീച്ചര്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം പൂര്‍ണമായി അംഗീകരിക്കുകയായിരുന്നു.

നിയമനനിരോധനം രഹസ്യമായി നടപ്പാക്കാനാണ് തീരുമാനം. ഇതിന് ധന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും എക്സ്പെന്റീച്ചര്‍ സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. താല്‍ക്കാലിക തസ്തികകള്‍ നിര്‍ത്തലാക്കുന്നതിനുള്ള റിപ്പോര്‍ട്ട് ഉടന്‍ നല്‍കാന്‍ ഇവരോട് നിര്‍ദേശിച്ചു. സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തസ്തികകള്‍ നിര്‍ത്തലാക്കുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലും സര്‍ക്കാര്‍ തീരുമാനമെടുക്കും. സെക്രട്ടറിയറ്റിലെ ഭരണപരിഷ്കാരവകുപ്പിലെ പത്ത് സെക്ഷന്‍ നിര്‍ത്തലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇത് കൂടുതല്‍ വകുപ്പിലേക്ക് വ്യാപിപ്പിച്ചേക്കും. രണ്ടായിരത്തിമുന്നൂറിലധികം പിഎസ്സി റാങ്ക്ലിസ്റ്റുകളിലെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ നിയമനപ്രതീക്ഷകളാണ് സര്‍ക്കാര്‍ തീരുമാനത്തോടെ അസ്തമിക്കുന്നത്. ഏറ്റവുംകൂടുതല്‍ പേര്‍ ഉള്‍പ്പെടുന്ന 14 ജില്ലയിലെ എല്‍ഡിസി, ലാസ്റ്റ് ഗ്രേഡ്, കെഎസ്ഇബി മസ്ദൂര്‍ തുടങ്ങിയ റാങ്ക്ലിസ്റ്റുകളാണ് ഇവയില്‍ പ്രധാനം. ഈ ലിസ്റ്റുകളില്‍ നിന്നുള്ള നിയമനം ഇഴഞ്ഞുനീങ്ങുകയാണ്. കെഎസ്ആര്‍ടിസി റിസര്‍വ്് കണ്ടക്ടര്‍ നിയമനവും എങ്ങുമെത്തിയിട്ടില്ല. 9,300 പേര്‍ക്ക് പിഎസ്സി ശുപാര്‍ശ അയച്ചിട്ടും ആര്‍ക്കും നിയമനം നല്‍കാനായില്ല. ഇതിനിടെ, പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചിലെ മിനിസ്റ്റീരിയല്‍ സ്റ്റാഫ് തസ്തികയിലെ പരീക്ഷ 28നു നടക്കാനിരിക്കെ നിയമനം പിഎസ്സിയില്‍നിന്നു മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയതും വിവാദമായി. രണ്ടു ലക്ഷത്തിലേറെപ്പേരാണ് ഈ പരീക്ഷയ്ക്ക് അപേക്ഷിച്ചത്.

deshabhimani

No comments:

Post a Comment