Saturday, October 12, 2013

സോളാര്‍ അഴിമതി: മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ

സോളാര്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തുവെന്ന് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ഹൈക്കോടതിയെ ബോധിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടത്തിന്റെ തെളിവാണെന്നും അദ്ദേഹം ദുര്‍ബലനായിരിക്കയാണെന്നും ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം. മുഖ്യമന്ത്രിയെ പൊലീസ് സംഘം ചോദ്യംചെയ്തതായി ഹൈക്കോടതിയില്‍ എജി ബോധിപ്പിച്ചതിനെക്കുറിച്ച് ഒന്നാം പേജില്‍ നല്‍കിയ മുഖ്യവാര്‍ത്തയോടൊപ്പമുള്ള "ടൈംസ് വ്യൂ"(ടൈംസിന്റെ കാഴ്ചപ്പാട്) എന്ന തലക്കെട്ടോടെയുള്ള കുറിപ്പിലാണ് ഈ ദേശീയ ദിനപത്രം മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

സോളാര്‍ അഴിമതിയില്‍ ചോദ്യംചെയ്യലിന് വിധേയമാകാനുള്ള മുഖ്യമന്ത്രിയുടെ സന്നദ്ധത ജനങ്ങളോടുള്ള ഉത്തരവാദിത്തത്തോടോ നിഷ്പക്ഷമായ അന്വേഷണത്തോടോ ഉള്ള പ്രതിബദ്ധതയുടെ തെളിവല്ല. സൗരോര്‍ജം പ്രോത്സാഹിപ്പിക്കാന്‍ മുഖ്യമന്ത്രി അനാവശ്യ താല്‍പ്പര്യമാണ് കാണിച്ചതെന്ന് തട്ടിപ്പിന് ഇരയായ ഒരാള്‍ മജിസ്ട്രേറ്റിന് നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിച്ച സാഹചര്യത്തില്‍ ഇതല്ലാതെ മറ്റ് മാര്‍ഗമില്ല. പൊലീസിന്റെ ചോദ്യം ചെയ്യലിനെക്കുറിച്ച് ജനങ്ങളോട് തുറന്നുപറയാന്‍ താന്‍ പ്രാപ്തനല്ലെന്ന് മുഖ്യമന്ത്രി കരുതുന്നതുതന്നെ ഈ അഴിമതിയില്‍ അദ്ദേഹം കൂടുതല്‍ പ്രതിരോധത്തിലായെന്നതിന്റെ പ്രബലമായ തെളിവാണ്. ചോദ്യം ചെയ്യലിനെക്കുറിച്ച് പറയാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടതുകൊണ്ടു മാത്രമാണ് എ ജി ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ സംഭവഗതികള്‍ പ്രത്യക്ഷമായി ഹാനികരല്ല. എന്നാല്‍,പരാതിയില്ലെങ്കില്‍ സുതാര്യതയുടെ മധ്യസ്ഥപുണ്യാളനായ മുഖ്യമന്ത്രിയെ തുടക്കത്തില്‍ എന്തിന് ചോദ്യം ചെയ്യേണ്ടിവന്നുവെന്ന കോടതിയുടെ ചോദ്യം അങ്ങേയറ്റം വാചാലമാണ്-പത്രം പറയുന്നു.

deshabhimani

No comments:

Post a Comment